2033ല്‍ നാട്ടിലെത്തണം: 2.5 കോടി രൂപ സമാഹരിക്കാന്‍ എത്രതുകയുടെ എസ്‌ഐപി വേണ്ടിവരും?

6 months ago 7

12 വര്‍ഷമായി ഹൈദരാബാദിലെ ഒരു പ്രമുഖ കമ്പനിയില്‍ ജോലി ചെയ്തുവരുന്നു. എട്ട് വര്‍ഷം കഴിഞ്ഞാല്‍ (2033ല്‍) ജോലി രാജിവെച്ച് നാട്ടില്‍ സ്ഥിരതാമസമാക്കാനാണ് ഉദ്ദേശിക്കുന്നത്. 24 ലക്ഷം രൂപയാണ് നിലവിലെ വാര്‍ഷിക ശമ്പളം. ഹൈദരാബാദില്‍ സ്വന്തമായി ഒരു ഫ്‌ളാറ്റ് ഉണ്ട്. അത് വാങ്ങാനെടുത്ത വായ്പയിനത്തില്‍ 10 ലക്ഷം രൂപ കൂടി തിരിച്ചടയ്ക്കാനുണ്ട്.

നിലവില്‍ പ്രതിമാസം 50,000 രൂപ വീതം മ്യൂച്വല്‍ ഫണ്ടില്‍ എസ്‌ഐപിയായി നിക്ഷേപിക്കുന്നുണ്ട്. അത് 28 ലക്ഷം രൂപയായി. ഓഹരിയിലാകട്ടെ ഏഴ് ലക്ഷം രൂപയുടെ നിക്ഷേപവുമുണ്ട്. എട്ട് വര്‍ഷം കഴിയുമ്പോള്‍ രണ്ടര കോടി രൂപയെങ്കിലും സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. അതിന് നിലവിലെ നിക്ഷേപം തുടര്‍ന്നാല്‍ മതിയോ? അതോ നിക്ഷേപ തുകയില്‍ വര്‍ധനവരുത്തണോ? മറുപടി പ്രതീക്ഷിക്കുന്നു.

എട്ട് വര്‍ഷത്തിനുള്ളില്‍ രണ്ടര കോടി രൂപയുടെ റിട്ടര്‍മെന്റ് തുക സമാഹരിക്കുന്നതിന് നിലവിലെ നിക്ഷേപ രീതി തുടര്‍ന്നാല്‍ മതിയാകില്ല. മികച്ച പ്ലാന്‍തന്നെ വേണം. നിലവിലെ സാമ്പത്തിക സ്ഥിതി അവലോകനം ചെയ്യുകയാണ് ആദ്യം വേണ്ടത്. അതിനുശേഷം 6-9 മാസത്തെ ജീവിത ചെലവിനുള്ള തുക എമര്‍ജന്‍സി ഫണ്ടായി സേവിങ്‌സ് അക്കൗണ്ടിലോ ലിക്വിഡ് ഫണ്ടിലോ കരുതിവെയ്ക്കാം. ആവശ്യത്തിന് കവറേജുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് ഉറപ്പുവരുത്തുക.

ഇപ്പോഴത്തെ എസ്‌ഐപി തുകയില്‍ വര്‍ധനവരുത്തേണ്ടിവരും. ജീവിത ചെലവിന് പുറമെ ഭവന വായ്പയുടെ ഇഎംഐയും കുട്ടികളുടെ സ്‌കൂള്‍ ഫീസ് ഉള്‍പ്പടെയുള്ള ചെലവുകളുമാണുള്ളത്. അതു കഴിഞ്ഞുള്ള പരമാവധി തുക എസ്‌ഐപിയായി നിക്ഷേപിക്കാന്‍ ശ്രദ്ധിക്കുക. നിലവില്‍ 35 ലക്ഷം രൂപയാണ് മ്യൂച്വല്‍ ഫണ്ടിലും ഓഹരിയിലുമായി നിക്ഷേപമുള്ളത്. അതോടൊപ്പം 50,000 രൂപ എസ്‌ഐപിയായി നിക്ഷേപിച്ചുവരുന്നു. എസ്‌ഐപി തുക 75,000 രൂപയാക്കി ഉയര്‍ത്തുന്നതോടൊപ്പം പ്രതിവര്‍ഷം 10 ശതമാനം വര്‍ധനവരുത്തുകയും ചെയ്യുക.

എട്ട് വര്‍ഷം മുന്നിലുള്ളതിനാല്‍ മികച്ച രീതിയില്‍ നിക്ഷേപം വൈവിധ്യവത്കരിക്കാം. ലാര്‍ജ് ക്യാപ്, ഫ്‌ളക്‌സി ക്യാപ്, മിഡ്ക്യാപ് എന്നിങ്ങനെ വിവിധ കാറ്റഗറികളിലെ ഫണ്ടുകള്‍ നിക്ഷേപത്തിനായി തിരഞ്ഞെടുക്കാം.

ലാര്‍ജ് ക്യാപില്‍ 30 ശതമാനവും ഫ്‌ളക്‌സി ക്യാപില്‍ 35 ശതമാനവും മിഡ് ക്യാപില്‍ 35 ശതമാനവും എസ്‌ഐപി ക്രമീകരിക്കാം.

35 ലക്ഷത്തിന്റെ നിക്ഷേപം നിലനിര്‍ത്തുക്കൊണ്ടുതന്നെ പ്രതിമാസം 75,000 രൂപ എസ്ഐപി ക്രമീകരിക്കാം. ശമ്പളം കൂടുന്നതിന് അനുസരിച്ച് ഈതുകയില്‍ വര്‍ഷംതോറും 10 ശതമാനം വര്‍ധനവരുത്താം. 12 ശതമാനം വാര്‍ഷിക ആദായ പ്രകാരം 2.47 കോടി രൂപയെങ്കിലും ഇതുവഴി സമാഹരിക്കാന്‍ കഴിയും. നിക്ഷേപത്തിന് 15 ശതമാനം റിട്ടേണ്‍ ലഭിച്ചാല്‍ ഈ തുക 2.93 കോടിയായി വളരുകയും ചെയ്യും.

നിക്ഷേപ പോര്‍ട്ട്‌ഫോളിയോ പതിവായി അവലോകനം ചെയ്യുക. ആവശ്യമെങ്കില്‍ പുനക്രമീകരിച്ച് മുന്നോട്ടുപോയാല്‍ മികച്ച ആദായം നേടാം. കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം ഉള്‍പ്പടെയുളള ആവശ്യങ്ങള്‍ക്കായി നിക്ഷേപം തുടരാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

Content Highlights: How to Accumulate ₹2.5 Crore successful 8 Years with SIPs

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article