Published: September 28, 2026 07:53 AM IST
2 minute Read
തിരുവനന്തപുരം ∙ എത്ര സുന്ദരമായ തനിയാവർത്തനം...! അതേ മൈതാനം, അതേ പിച്ച്, അതേ താരങ്ങൾ; വിരാട് കോലിയും ശുഭ്മൻ ഗില്ലും. മൂന്നര വർഷം മുൻപ് ശ്രീലങ്കയ്ക്കെതിരെയായിരുന്നു ഇരട്ട തായമ്പക കണക്കെ ഇരുവരും ഇരട്ട സെഞ്ചറിയുമായി അടിച്ചു തകർത്തതെങ്കിൽ ഇന്നലെ ആ താണ്ഡവത്തിൽ എതിരാളികൾ വെസ്റ്റിൻഡീസ് ആണെന്ന വ്യത്യാസം മാത്രം. 88 പന്തിൽ 139 റൺസുമായി കോലി ഇത്തവണയും പുറത്താകാതെ നിന്നു. ഗിൽ നേടിയത് 108 പന്തിൽ 110 റൺസ്. ഇന്ത്യയ്ക്ക് വീണ്ടും അനായാസ വിജയം.സ്കോർ: വെസ്റ്റിൻഡീസ് – 50 ഓവറിൽ 7ന് 295, ഇന്ത്യ – 41.4 ഓവറിൽ 2ന് 300. ഇതോടെ 3 മത്സര പരമ്പരയിൽ ഇന്ത്യ വിജയത്തുടക്കമിട്ടു (1–0). പരമ്പരയിലെ അടുത്ത മത്സരം 30ന് ഗുവാഹത്തിയിൽ.
What you should work next
ഇരട്ട സിക്സർ പറത്തി ടീമിനെ വിജയത്തിലെത്തിച്ച കോലി അർധ സെഞ്ചറിയും സെഞ്ചറിയും തികച്ചതും സിക്‌സറുകളിലൂടെ തന്നെ. ജസ്റ്റിൻ ഗ്രീവ്സിന്റെ (101) സെഞ്ചറി മികവിൽ വെസ്റ്റിൻഡീസ് 7 വിക്കറ്റ് നഷ്ടത്തിൽ നേടിയ 295 റൺസ് കോലിയുടെ കാർമികത്വത്തിൽ ഇന്ത്യ മറികടന്നത് 8.2 ഓവർ ബാക്കി നിൽക്കെ. ട്രിവാൻഡ്രം സ്പോർട്്സ് ഹബ് സ്റ്റേഡിയത്തെ നീലക്കടലാക്കിയ നാൽപതിനായിരത്തിലേറെ കളിയാരാധകരെ ആവോളം വിരുന്നൂട്ടിയ മത്സരത്തിൽ ആകെ പിറന്നതു 3 സെഞ്ചറിയും 2 അർധ സെഞ്ചറിയും!
പക്ഷേ ബാറ്റർമാർ നിറഞ്ഞാടിയ മത്സരത്തിൽ പ്ലെയർ ഓഫ് ദ് മാച്ചായത് 10 ഓവറിൽ 40 റൺസ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവ്. തുടക്കത്തിൽ 350 റൺസിലേക്കു കുതിക്കുമെന്നു തോന്നിയ വിൻഡീസ് ഇന്നിങ്സിനെ മുന്നൂറിൽ താഴെ പിടിച്ചു കെട്ടിയ മികവിനുള്ള അംഗീകാരം.
കളി തിരിച്ച കുൽദീപ്ഓൾറൗണ്ടർ നമൻ ധീറിന് അരങ്ങേറ്റത്തൊപ്പി സമ്മാനിച്ച ഇന്ത്യ പുതുനിര പേസർമാർക്ക് അവസരമൊരുക്കി മുഹമ്മദ് സിറാജിനെ പുറത്തിരുത്തിയാണ് കളത്തിലിറങ്ങിയത്. ബാറ്റർമാരുടെ പക്ഷം ചേർന്ന പിച്ചിൽ ജോൺ കാംബെലും ഗ്രീവ്സും അനായാസമാണ് നിലയുറപ്പിച്ചത്. പവർ പ്ലേയിൽ 85 റൺസ് നേടിയ വിൻഡീസ് 14–ാം ഓവറിൽ 100 കടന്നു. 20–ാം ഓവറിൽ ഇന്ത്യ ആഗ്രഹിച്ചിരുന്ന ബ്രേക്ക് സമ്മാനിച്ചതു കുൽദീപ് യാദവ്. ബൗണ്ടറി ലക്ഷ്യമാക്കി സ്വീപ് ഷോട്ടിനു ശ്രമിച്ച കാംബെൽ (62) ബാക്‌വേഡ് സ്ക്വയർ ലെഗിൽ പ്രസിദ്ധിന്റെ കൈകളിലൊതുങ്ങി. 135 റൺസിന്റെ ഓപ്പണിങ് പാർട്നർഷിപ് തകർത്തതോടെ ഇന്നിങ്സിന്റെ വേഗവും നഷ്ടപ്പെട്ടു.
ഇതിനിടെ ഗ്രീവ്സ് കരിയറിലെ ആദ്യ സെഞ്ചറി തികച്ചു. ഈ ഗ്രൗണ്ടിൽ ഒരു വിദേശ താരത്തിന്റെ ആദ്യ സെഞ്ചറി. ഇഴഞ്ഞു കളിച്ച കെയ്സി കാർട്ടിയെ (13) പ്രസിദ്ധ് കൃഷ്ണ വീഴ്ത്തി. കളിയുടെ ഗതി മാറ്റിയത് കുൽദീപിന്റെ അടുത്തടുത്ത രണ്ട് ഓവറുകളാണ്. 34–ാം ഓവറിൽ നായകൻ ഷായ് ഹോപ്പിനെ (12) മടക്കിയ കുൽദീപ് ഗ്രീവ്സിനെയും (101), കൗമാര താരം ജ്യുവൽ ആൻഡ്രുവിനെയും (0) 36–ാം ഓവറിലെ അടുത്തടുത്ത പന്തുകളിൽ വീഴ്ത്തി. 108 പന്തിൽ 12 ഫോറുകളടങ്ങുന്നതായിരുന്നു ഗ്രീവ്സിന്റെ ഇന്നിങ്സ്. 31–ാം ഓവറിൽ 1ന് 176 എന്ന നിലയിൽ നിന്നായിരുന്നു 36–ാം ഓവറിൽ 5ന് 198ലേക്കുള്ള കൂപ്പുകുത്തൽ. 14–ാം ഓവറിൽ 100 കടന്ന വിൻഡീസ് ഇന്നിങ്സ് 200ൽ എത്തിയത് 38–ാം ഓവറിൽ. അവിടെനിന്നു ടീമിനെ മുന്നൂറിനടുത്തേക്കു നയിച്ചത് അമീർ ജാങ്കൂവിന്റെ അർധ സെഞ്ചറി (43 പന്തിൽ 58) പ്രകടനമാണ്.
English Summary:






English (US) ·