ജയ്പുർ ∙ ഐപിഎൽ സീസണിൽ രാജസ്ഥാൻ റോയൽസ് പ്ലേഓഫിലേക്ക് കുതിക്കുന്നതിനിടെയാണ് ഫ്രാഞ്ചൈസിയുടെ ഉടമസ്ഥ കൈമാറ്റം സംബന്ധിച്ച വാർത്തകളും പുറത്തുവരുന്നത്. രണ്ടു മാസത്തിനിടെ ഇതു രണ്ടാം തവണയാണ് രാജസ്ഥാന്റെ ‘വിൽപന’ നടക്കുന്നത്. മാർച്ചിൽ, പുതിയ സീസണ് കൊടിയേറാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ രാജസ്ഥാനെ വിറ്റതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
യുഎസ് വ്യവസായി കൽ സോമാനിയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യമാണ് ഐപിഎലിലെ പ്രഥമ ചാംപ്യന്മാരായ രാജസ്ഥാൻ റോയൽസിനെ 15,290 കോടി രൂപയ്ക്ക് ഏറ്റെടുക്കുന്നതെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ മേയ് 3ന് അപ്രതീക്ഷിതമായിട്ടാണ് സ്റ്റീൽ വ്യവസായി ലക്ഷ്മി മിത്തൽ, മകൻ ആദിത്യ മിത്തൽ, ഒപ്പം സീറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനവാലെയും ചേർന്നുള്ള കൺസോർഷ്യം രാജസ്ഥാൻ റോയൽസിനെ ഏറ്റെടുക്കാൻ പോകുന്നതായി വാർത്ത വന്നത്. 165 കോടി ഡോളറിനാണ് (ഏകദേശം 15,600 കോടി രൂപ) ഏറ്റെടുക്കൽ എന്നാണ് വിവരം.
∙ കൽ സോമാനി ഡീലിന് എന്തു സംഭവിച്ചു?
2008ൽ ഏറ്റവും കുറഞ്ഞ വിലയ്ക്ക് വിറ്റുപോയ ഐപിഎൽ ടീമുകളിലൊന്നായിരുന്നു രാജസ്ഥാൻ റോയൽസ്. ബ്രിട്ടിഷ് വ്യവസായി മനോജ് ബദാലെയുടെ നേതൃത്വത്തിലുള്ള എമർജിങ് മീഡിയ ഏകദേശം 67 മില്യൻ ഡോളറിനാണ് (അന്ന് ഏകദേശം 268-320 കോടി രൂപ) ജയ്‌പുർ ആസ്ഥാനമായുള്ള രാജസ്ഥാൻ ടീമിനെ സ്വന്തമാക്കിയത്. ബദാലെയുടെ പേരിലായിരുന്നു രാജസ്ഥാൻ റോയൽസിന്റെ 65 ശതമാനം ഓഹരികളും. 2021 മുതൽ ടീമിൽ നിക്ഷേപമുണ്ടായിരുന്ന ആളാണ് കൽ സോമാനി. സ്പോർട്സ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ടെക്നോളജി മേഖലകളിൽ യുഎസ് കേന്ദ്രമായി പ്രവർത്തിക്കുന്ന സംരഭകനായ കൽ സോമാനി, മോട്ടർ സിറ്റി ഗോൾഫ് ക്ലബ്ബിന്റെ സഹ ഉടമകൂടിയാണ്.
രാജസ്ഥാൻ ടീമിനെ കൽ സോമാനി ഏറ്റെടുക്കുന്നതിനുള്ള തുക സംബന്ധിച്ച് ധാരണയിലെത്തിയിരുന്നെങ്കിലും ടീം വിൽപന പൂർത്തിയായിരുന്നില്ല. ബിസിസിഐയുടെയും ഐപിഎൽ, ഡബ്ല്യുപിഎൽ ഗവേണിങ് കൗൺസിലുകളുടെയും അനുമതി ലഭിച്ചതിനുശേഷമേ അന്തിമ കരാറിൽ ഒപ്പുവയ്ക്കുകയുണ്ടായിരുന്നുള്ളൂ. ഈ ഐപിഎൽ സീസണിനുശേഷം കരാർ പൂർത്തിയാക്കാനായിരുന്നു തീരുമാനം. എന്നാൽ കൺസോർഷ്യത്തിലെ ചില പ്രധാന നിക്ഷേപകർ കരാറിൽ നിന്ന് പിന്മാറിയതും സാങ്കേതികമായ ചില പ്രശ്നങ്ങളും കാരണമാണ് കരാർ നടക്കാതെ പോയതെന്നാണ് വിവരം. തുക സംബന്ധിച്ച തർക്കവുമുണ്ടായി. കൽ സോമാനി 15, 290 കോടിക്കാണ് ഏറ്റെടുക്കാൻ തീരുമാനിച്ചിരുന്നതെങ്കിൽ ഇപ്പോൾ 15,600 കോടിക്കാണ് വിൽപന. 310 കോടി രൂപയുടെ വർധന.
മാർച്ചിൽ ആദിത്യ ബിർള ഗ്രൂപ്പ് നേതൃത്വം നൽകുന്ന കൺസോർഷ്യം മറ്റൊരു ഐപിഎൽ ടീമായ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ മുഴുവൻ ഓഹരികളും സ്വന്തമാക്കിയത് 178 കോടി ഡോളറിന്, ഏകദേശം 16,706 കോടി രൂപയ്ക്കാണ്. ഇതു കഴിഞ്ഞാൽ ഏറ്റവും വലിയ ഏറ്റെടുക്കലാണ് രാജസ്ഥാൻ റോയൽസിന്റേത്. 2021ൽ സഞ്ജീവ് ഗോയങ്കയുടെ ആർപിഎസ്‌ജി ഗ്രൂപ്പ് 7090 കോടി രൂപയ്ക്കു ലക്നൗ സുപ്പർ ജയന്റ്സിനെ സ്വന്തമാക്കിയതാണ് മൂന്നാം സ്ഥാനത്ത്.
∙ മിത്തൽ–പൂനാവാലെ
ആർസലർ മിത്തൽ എന്ന ലോകത്തിലെ ഏറ്റവും വലിയ സ്റ്റീൽ കമ്പനികളിലൊന്നിന്റെ തലവനായ ലക്ഷ്മി എൻ. മിത്തലും മകൻ ആദിത്യ മിത്തലുമാണ് ഇനി രാജസ്ഥാന്റെ പ്രധാന ഉടമകൾ. ലക്ഷ്മി മിത്തലിന്റെ മകൾ വാനിഷ മിത്തൽ ഭാട്ടിയയും ബോർഡംഗമായിരിക്കും. പുതിയ ഘടന പ്രകാരം 75% ഓഹരികൾ മിത്തൽ കുടുംബത്തിനാണ്. രാജസ്ഥാനിലെ സാദുൽപുരിൽ ജനിച്ച ലക്ഷ്മി മിത്തലിന് ഈ ഏറ്റെടുക്കൽ തന്റെ ജന്മനാട്ടിലേക്കുള്ള ഒരു മടങ്ങിവരവു കൂടിയാണ്.
സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സിഇഒ ആയ അദാർ പൂനവാലെയ്ക്ക് 18% ഓഹരിയാകും ഉണ്ടാകുക. നേരത്തെ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു വാങ്ങാൻ പൂനാവാലെ ശ്രമിച്ചിരുന്നെങ്കിലും സാധിക്കാതെ പോയി. അതാണ് മറ്റൊരു ‘റോയൽ’ ടീമിനെ വാങ്ങി അദ്ദേഹം പരിഹരിച്ചത്. നിലവിലുണ്ടായിരുന്ന ഉടമ മനോജ് ബദാലെ തന്റെ 7% ഓഹരികൾ നിലനിർത്തുകയും പുതിയ ബോർഡിൽ അംഗമായി തുടരുകയും ചെയ്യും.
ഈ വിൽപനയോടെ രാജസ്ഥാൻ റോയൽസ് എന്ന ടീമിനൊപ്പം അവരുടെ സഹോദര ടീമുകളായ പാർൾ റോയൽസ് (എസ്എ20), ബാർബഡോസ് റോയൽസ് (സിപിഎൽ) എന്നിവയുടെ ഉടമസ്ഥാവകാശവും മിത്തൽ-പൂനവാലെ സഖ്യത്തിന് ലഭിക്കും. ബിസിസിഐയുടെയും കേംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യയുടെയും (സിസിഐ) അംഗീകാരത്തിനു ശേഷം 2026–2027 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തോടെ പൂർണ്ണമായി നടപ്പിലാകും.
∙ ആദിത്യയും വാനിഷയും
ആർസിബി ഉടമകളായ ആര്യമാൻ ബിർള– അനന്യ ബിർള സഹോദരങ്ങൾക്കു ശേഷം വീണ്ടും സഹോദരങ്ങൾ ഒരു ഐപിഎൽ ടീമിന്റെ തലപ്പത്ത് എത്തുകയാണ്. ലക്ഷ്മി എൻ. മിത്തന്റെ മകൻ ആദിത്യ മിത്തലും മകൾ വാനിഷ മിത്തൽ ഭാട്ടിയയുമാണ് രാജസ്ഥാൻ റോയൽസിന്റെ ടീമിന്റെ ഭാഗമാകുന്നത്. ഇരുവരും ടീമിന്റെ ബോർഡ് അംഗങ്ങളായിരിക്കും.
നിലവിൽ ആർസലർ മിത്തൽ കമ്പനിയുടെ സിഇഒ ആണ് ആദിത്യ മിത്തൽ. പെൻസിൽവേനിയ യൂണിവേഴ്സിറ്റിയിലെ പ്രശസ്തമായ വാർട്ടൺ സ്കൂളിൽ നിന്നാണ് ആദിത്യ ബിരുദം നേടിയത്. രാജസ്ഥാൻ റോയൽസിന്റെ പ്രധാന സാമ്പത്തിക തന്ത്രങ്ങൾ രൂപീകരിക്കുന്നത് ആദിത്യ മിത്തലായിരിക്കുമെന്നാണ് വിവരം. ഒരു ഐപിഎൽ ടീം എന്നതിലുപരി, റോയൽസിനെ ലാഭകരമായ ഒരു ആഗോള സ്പോർട്സ് കമ്പനിയായി മാറ്റുക എന്നതും ആദിത്യയുടെ ചുതലയാണ്.
ലക്ഷ്മി മിത്തലിന്റെ ഏക മകളായ വാനിഷ, ലോകത്തിലെ തന്നെ കരുത്തരായ വനിതാ ബിസിനസ്സുകാരിൽ ഒരാളാണ്. ആർസലർ മിത്തലിന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗമായ വാനിഷ, ലണ്ടനിലെ യൂറോപ്യൻ ബിസിനസ് സ്കൂളിൽനിന്നു ബിരുദവും, സോവാസിൽനിന്ന് ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ടീമിന്റെ ബ്രാൻഡ് ഇമേജ് വർധിപ്പിക്കുന്നതിനും ആഗോളതലത്തിൽ ടീമിനെ ഒരു വലിയ ബിസിനസ്സ് ബ്രാൻഡായി വളർത്തുന്നതിനുമുള്ള ചുമതലയായിരിക്കും വാനിഷ വഹിക്കുക. രാജസ്ഥാൻ റോയൽസിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ (റോയൽ രാജസ്ഥാൻ ഫൗണ്ടേഷൻ) വിപുലീകരിക്കുന്നതും വാനിഷയുടെ ചുമതലയാകും.
2004-ൽ ബ്രിട്ടിഷ്-ഇന്ത്യൻ വ്യവസായിയായ അമിത് ഭാട്ടിയയെയാണ് വാനിഷ വിവാഹം കഴിച്ചത്. പാരിസിലെ കൊട്ടാരങ്ങളിൽ വച്ച് നടന്ന ഇവരുടെ ആറ് ദിവസത്തെ വിവാഹാഘോഷം ലോകത്തിലെ തന്നെ ഏറ്റവും ചെലവേറിയ വിവാഹങ്ങളിലൊന്നായി ഗിന്നസ് ബുക്കിൽ ഇടംപിടിച്ചിട്ടുണ്ട്. ഇവർക്ക് മൂന്നു മക്കളുണ്ട്.
English Summary:







English (US) ·