Sanju Samson: സെഞ്ചുറി നേടാമായിരുന്നു, പക്ഷെ എന്തുകൊണ്ട് അതിന് ശ്രമിച്ചില്ല? സഞ്ജു പറഞ്ഞത് കേട്ടോ, ചേട്ടൻ അല്ലാതെ മറ്റാരിത് ചെയ്യും

3 weeks ago 21

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam6 May 2026, 7:29 americium IST

IPL 2026: സഞ്ജു സാംസൺ ഈ സീസണിൽ തകർപ്പൻ പ്രകടനം നടത്തുന്ന താരങ്ങളിലൊരാളാണ്. രണ്ട് സെഞ്ചുറിയും ഒരു അർധ സെഞ്ചുറിയും സഞ്ജു സാംസൺ നേടിക്കഴിഞ്ഞു. സഞ്ജുവിന്റെ മികവിലാണ് സിഎസ്കെയുടെ മുന്നേറ്റം

ഹൈലൈറ്റ്:

  • സഞ്ജു സാംസൺ ഡൽഹിക്കെതിരേ മിന്നിച്ചു
  • സിഎസ്കെയ്ക്ക് അഞ്ചാം ജയം
  • പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്തി സഞ്ജു സാംസൺ
sanju samson, kartik sharma, axar patelസഞ്ജു സാംസൺ, കാർത്തിക് ശർമ, അക്ഷർ പട്ടേൽ(ഫോട്ടോസ്- AP)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിൽ സഞ്ജു സാംസൺ വീണ്ടും ചെന്നെെ സൂപ്പർ കിങ്സിനായി കരുത്തുകാട്ടിയിരിക്കുകയാണ്. ഡൽഹി ക്യാപിറ്റൽസിനെ എട്ട് വിക്കറ്റിന് സിഎസ്കെ തകർത്തപ്പോൾ പുറത്താവാതെ 87 റൺസുമായി സഞ്ജു സാംസൺ കസറുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഡൽഹി ക്യാപിറ്റൽസ് ഏഴ് വിക്കറ്റിന് 155 റൺസെടുത്തപ്പോൾ 17.3 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ സിഎസ്കെ വിജയത്തിലേക്ക് എത്തുകയായിരുന്നു. സഞ്ജു 52 പന്തിൽ ഏഴ് ഫോറും ആറ് സിക്സും ഉൾപ്പെടെയാണ് മിന്നിച്ചത്. 167.31 സ്ട്രെെക്ക് റേറ്റിലായിരുന്നു സഞ്ജുവിന്റെ പ്രകടനം. ഓപ്പണറായി ഇറങ്ങിയ സഞ്ജുവിന് ഈ സീസണിലെ മൂന്നാം സെഞ്ചുറി നേടാനുള്ള അവസരം മുന്നിലുണ്ടായിരുന്നു. എന്നാൽ സഞ്ജു അതിന് ശ്രമിക്കാതെ ടീമിന്റെ വിജയം ലക്ഷ്യമാക്കിയാണ് മുന്നോട്ട് പോയത്. ഇപ്പോഴിതാ സെഞ്ചുറിക്ക് ശ്രമിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് സഞ്ജു തുറന്ന് പറ‍ഞ്ഞിരിക്കുകയാണ്.

നായകനായി നാണക്കേടിൻ്റെ റെക്കോഡിൽ ഹാർദിക്; രോഹിത്തിൻ്റെ കണക്കുകൾ മോഹിപ്പിക്കും


'സെഞ്ചുറി നേട്ടങ്ങൾ എപ്പോഴും സവിശേഷമായതാണ്. ഞാൻ അങ്ങനെയാണ് കരുതുന്നത്. എന്നാൽ ഇന്ന് സെഞ്ചുറി നേടാൻ ഞാൻ അൽപ്പം സ്വാർത്ഥനായി ചിന്തിക്കേണ്ടി വരുമായിരുന്നു. അതുകൊണ്ടുതന്നെ മത്സരം ജയിക്കട്ടേയെന്നാണ് ചിന്തിച്ചത്. എന്റെ പങ്കാളിയായി ക്രീസിലുണ്ടായിരുന്ന താരം മികച്ച ബാറ്റിങ് പ്രകടനമാണ് കാഴ്ചവെച്ചത്.

അവനോട് നീ സിംഗിളെടുക്ക് ഞാൻ സെഞ്ചുറി അടിക്കട്ടേയെന്ന് പറയാൻ സാധിക്കില്ലായിരുന്നു. അതുകൊണ്ടുതന്നെ ഞാനത് പറഞ്ഞില്ല. മത്സരം വളരെയധികം ആസ്വദിച്ചാണ് കളിച്ചത്. നോട്ടൗട്ടാവുകയും മത്സരം പൂർത്തിയാക്കുകയും ചെയ്തത് കൂടുതൽ സംതൃപ്തി നൽകുമെന്നാണ് ഞാൻ കരുതുന്നത്. ഇനിയും കുറച്ച് മത്സരങ്ങ‍ൾ കൂടി ബാക്കിയുണ്ട്. അതുകൊണ്ടുതന്നെ മൂന്നക്കം നേടാൻ വീണ്ടും സാധിക്കുമോയെന്നത് കാത്തിരുന്ന് കാണാം' എന്നാണ് സഞ്ജു പറഞ്ഞത്.
Samayam MalayalamIPL 2026: ടി20യിൽ കിടിലൻ കളി, പക്ഷെ വെെഭവിന് ബഹുമാനം കിട്ടില്ല, അതിന് ഒരു കാര്യം തെളിയിക്കണം; സഞ്ജയ് മഞ്ജരേക്കർ പറയുന്നു
നാലാം നമ്പറിലെത്തിയ കാർത്തിക് ശർമ സ‍ഞ്ജുവിനെ മികച്ച പിന്തുണയാണ് നൽകിയത്. കൃത്യമായി സ്ട്രെെക്ക് കെെമാറി റൺസുയർത്താൻ സഞ്ജുവിനെ താരം സഹായിച്ചു. 31 പന്തിൽ 41 റൺസാണ് കാർത്തിക് ശർമക്ക് നേടാനായത്. നാല് ഫോറും രണ്ട് സിക്സുമാണ് കാർ‌ത്തിക് നേടിയത്. 132.26 സ്ട്രെെക്ക് റേറ്റിൽ കളിച്ച താരവും വലിയ പ്രതീക്ഷയോടെയാണ് ബാറ്റ് ചെയ്തത്. തുടർച്ചയായ രണ്ടാം അർധ സെഞ്ചുറി കാർത്തിക് സ്വപ്നം കണ്ടിരുന്നു. എന്നാൽ ഇത് സാധിച്ചില്ലെങ്കിലും സിഎസ്കെയുടെ ജയത്തിൽ കാർത്തിക് നിർണ്ണായക പങ്ക് വഹിച്ചു.

സഞ്ജുവിന്റെ തകർപ്പൻ പ്രകടനത്തിന് പിന്നാലെ ഡൽഹിയിലെ അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ നിറഞ്ഞത് ചേട്ടാ വിളിയായിരുന്നു. എന്നാൽ തന്നെ ചേട്ടാ എന്ന് വിളിക്കുന്നതിലും ഇഷ്ടം സഞ്ജു എന്ന് വിളിക്കുന്നതാണെന്നാണ് അദ്ദേഹം തുറന്ന് പറഞ്ഞത്. 'അവർ എന്നെ ചേട്ടാ എന്നാണ് വിളിക്കുന്നത്. എന്നാൽ എനിക്ക് സഞ്ജുവെന്ന് വിളിക്കുന്നതാണ് ഇഷ്ടം. ക്രീസിൽ പിടിച്ചുനിന്ന് മത്സരത്തിന്റെ സാഹചര്യത്തിനനുസരിച്ച് കളിക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നതെന്നാണ് സഞ്ജു പറഞ്ഞത്.

IPL 2026: 13 പന്തിൽ 13, അവസരം മുതലാക്കാതെ കരുൺ നായർ; സിഎസ്കെയ്ക്കെതിരേ ഫ്ളോപ്പ്, സ്പിൻ കെണിയിൽ വീണു

ഞാൻ ഇപ്പോൾ കൂടുതൽ ശാന്തനായെന്ന് ഞാൻ പറയില്ല. കാരണം ഞാൻ നേരത്തെ മുതൽ ഇങ്ങനെയാണ്. ഇപ്പോൾ കൂടുതൽ സമയം എന്നെ അവർക്ക് ക്രീസിൽ കാണാൻ സാധിക്കുന്നുണ്ട്. അതുകൊണ്ടാണ് ഞാൻ കൂടുതൽ ശാന്തനാണെന്ന് അവർ പറയുന്നത്. മത്സരത്തിന്റെ സാഹചര്യത്തിൽ 30-35 റൺസ് ഒന്നാം വിക്കറ്റിൽ സൃഷ്ടിക്കാനായാൽ വലിയ പ്രയാസമില്ലാതെ ജയിക്കാമെന്നാണ് കരുതിയിരുന്നത്. എന്റെ ഗെയിം പ്ലാൻ കൃത്യമായിരുന്നു. അത് ഇത്തവണ ശരിയായി നടപ്പിലായതിൽ കൂടുതൽ സന്തോഷം' സഞ്ജു പറഞ്ഞു.

ഈ സീസണിൽ മികച്ച ഫോമിലുള്ള സഞ്ജു 10 ഇന്നിങ്സിൽ നിന്ന് 402 റൺസ് നേടിക്കഴിഞ്ഞു. 57.43 ശരാശരിയിലും 167.50 സ്ട്രെെക്ക് റേറ്റിലുമാണ് സ‍ഞ്ജു മുന്നോട്ട് പോകുന്നത്. രണ്ട് സെഞ്ചുറിയും ഒരു അർധ സെഞ്ചുറിയും സഞ്ജു നേടിക്കഴിഞ്ഞു. മൂന്ന് കളിയിലെ താരമാവുകയും ചെയ്ത സഞ്ജു സിഎസ്കെയിലേക്ക് താൻ വന്നത് വെറുതെയല്ലെന്ന് വീണ്ടും തെളിയിക്കുകയാണ്.
വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article