2011 ഏപ്രിൽ 14-നാണ് ചിത്രയുടെയും ഭർത്താവ് വിജയശങ്കറിന്റെയും ജീവിതത്തെ മാറ്റിമറിച്ച ആ ദുരന്തം സംഭവിച്ചത്. എട്ടുവയസ്സുകാരിയായ മകൾ നന്ദന ദുബായിൽ മുങ്ങിമരിക്കുകയായിരുന്നു. വർഷങ്ങൾ കാത്തിരുന്ന് ലഭിച്ച മകളുടെ വേർപാട് ചിത്രയെ മാനസികമായി തകർത്തു. സംഗീതപരിപാടികളിൽനിന്നും പൊതുവേദികളിൽനിന്നും അകന്നുനിന്ന ഗായികയ്ക്ക് ജോലിയിലേക്ക് മടങ്ങിവരാൻ പോലും ഏറെ സമയമെടുത്തു. പാട്ടുകളിലൂടെ മറ്റുള്ളവർക്ക് സന്തോഷം പകർന്നിരുന്ന ചിത്രയ്ക്ക് സ്വന്തം ജീവിതത്തിലെ വേദനയോട് പൊരുത്തപ്പെടുക എന്നത് അത്ര എളുപ്പമായിരുന്നില്ല.
വിമർശനങ്ങൾക്ക് മറുപടിയായി വെട്രിമാരൻ ; ഞാൻ പ്രാധാന്യം കൊടുക്കുന്നത് കഥക്കാണ്
ധന്യ വർമ്മയ്ക്ക് നൽകിയ അഭിമുഖത്തിൽ, തന്നെ വീണ്ടും പൊതുവേദികളിലേക്ക് എത്തിക്കാൻ പലരും ശ്രമിച്ചിരുന്നുവെന്ന് കെ.എസ്. ചിത്ര വെളിപ്പെടുത്തി. അക്കൂട്ടത്തിൽ പ്രധാനപ്പെട്ട ഒരാളായിരുന്നു ഗായിക ലതാ മങ്കേഷ്‌കർ. ലതാ മങ്കേഷ്‌കറുടെ പേരിലുള്ള പുരസ്‌കാരച്ചടങ്ങിൽ പങ്കെടുക്കാൻ ഹൈദരാബാദിലേക്ക് പോകാൻ ആദ്യം ചിത്രയ്ക്ക് താൽപര്യമുണ്ടായിരുന്നില്ല. എന്നാൽ ലതാ മങ്കേഷ്‌കർ നേരിട്ട് വിളിച്ച് ചടങ്ങിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെടുകയും താനും അവിടെയെത്തുമെന്ന് അറിയിക്കുകയും ചെയ്തു. ലതാ മങ്കേഷ്‌കറിന്റെ ഈ വാക്കുകളാണ് ഒടുവിൽ ചടങ്ങിൽ പങ്കെടുക്കാൻ ചിത്രയ്ക്ക് പ്രേരണയായത്.
എന്നാൽ ചിത്രയുടെ സംഗീതത്തിലേക്കുള്ള തിരിച്ചുവരവിൽ നിർണായകമായ ഒരു പങ്കു വഹിച്ചത് ഇളയരാജ യുടെ ഉറച്ച നിലപാടായിരുന്നു. ചെന്നൈയിൽ സംഘടിപ്പിച്ച സംഗീതപരിപാടിയിൽ പങ്കെടുക്കാൻ അദ്ദേഹം ചിത്രയോട് ആവശ്യപ്പെട്ടു. മാനസികമായി തയ്യാറാകാത്തതിനാൽ ചിത്ര ആദ്യം മടിച്ചുനിന്നു. എന്നാൽ ഗായിക എത്തിയില്ലെങ്കിൽ പരിപാടി റദ്ദാക്കുമെന്നുപോലും ഇളയരാജ പറഞ്ഞു. പുറത്തുനിന്ന് കേൾക്കുമ്പോൾ അതൊരു ഭീഷണിയായി തോന്നാമെങ്കിലും, ചിത്രയെ വീണ്ടും സംഗീതവേദിയിലേക്ക് കൊണ്ടുവരാനുള്ള അദ്ദേഹത്തിന്റെ ആത്മാർഥമായ ശ്രമമായിരുന്നു അതിനു പിന്നിൽ.
സ്വന്തം ജീവിതത്തിലും വലിയൊരു നഷ്ടം നേരിട്ട സാഹചര്യത്തിലാണ് ഇളയരാജ ചിത്രയോട് ഈ വാക്കുകൾ പറഞ്ഞത്. ഭാര്യ ജീവയെ നഷ്ടപ്പെട്ട് മൂന്ന് മാസം മാത്രമായിരുന്നുവെങ്കിലും അദ്ദേഹം സംഗീതപരിപാടിയിൽ പങ്കെടുക്കാൻ തീരുമാനിച്ചിരുന്നു. 30 വർഷത്തിലേറെയായി കൂടെയുണ്ടായിരുന്ന വ്യക്തിയെ നഷ്ടപ്പെട്ടിട്ടും താൻ വേദിയിലെത്തിയില്ലേയെന്നും അതുപോലെ ചിത്രയും തിരിച്ചുവരണമെന്നുമാണ് അദ്ദേഹം ഓർമിപ്പിച്ചു. സ്വന്തം ദുഃഖത്തിനിടയിലും മറ്റൊരാളുടെ വേദന മനസ്സിലാക്കി അവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ ശ്രമിച്ച ഇളയരാജയുടെ സമീപനം ചിത്രയുടെ ജീവിതത്തിലെ നിർണായക നിമിഷമായി മാറി.
എന്നാൽ സംഗീതത്തിലേക്കുള്ള തിരിച്ചുവരവിന്റെ അർഥം തന്റെ വേദന പൂർണമായി അവസാനിച്ചു എന്നല്ലായെന്നു ചിത്ര വ്യക്തമാക്കുന്നു. പണ്ട് നൽകിയ അഭിമുഖത്തിലും മകളുടെ വേർപാടിൽനിന്ന് താൻ പൂർണമായി പുറത്തുകടന്നിട്ടില്ലെന്ന് അവർ പറഞ്ഞിരുന്നു. നന്ദനയുടെ ഓർമകൾ ഇന്നും തന്നെ വേട്ടയാടുന്നുണ്ടെന്നും അവയിൽനിന്ന് അകന്നുനിൽക്കാൻ ജോലികളിൽ മുഴുകുകയാണെന്നും ചിത്ര വെളിപ്പെടുത്തി.
ആരാധകർക്ക് ചിത്രയുടെ ശബ്ദം എന്നും ആശ്വാസത്തിന്റെയും സന്തോഷത്തിന്റെയും അനുഭവമാണ് നൽകുന്നത്. എന്നാൽ ആ ശബ്ദത്തിനു പിന്നിൽ മായാത്തൊരു നഷ്ടത്തിന്റെ വേദനയുമുണ്ട്. ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തത്തിനുശേഷം സംഗീതത്തിലേക്ക് തിരിച്ചെത്താൻ ചിത്രയെ സഹായിച്ചത് ചുറ്റുമുള്ളവരുടെ കരുതലും പ്രോത്സാഹനവുമായിരുന്നു. മകളുടെ ഓർമകൾ ഇന്നും മനസ്സിൽ സൂക്ഷിക്കുമ്പോഴും പാട്ടിലൂടെ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന ചിത്രയുടെ അനുഭവം, ചില വേദനകൾ മറക്കാനാവില്ലെങ്കിലും അവയ്ക്കൊപ്പം ജീവിക്കാൻ മനുഷ്യർ പഠിക്കണം എന്നതിന്റെ ഉദാഹരണമാണ്.




English (US) ·