പൊതുമേഖല കമ്പനികളില്‍ മാത്രം വിശ്വാസം പുലര്‍ത്തുന്നയാളാണ് ദേവാനന്ദ്. അതില്‍തന്നെ ഏറ്റവും കൂടുതല്‍ നിക്ഷേപമുള്ളത് ഭാരത് പെട്രോളിയം കോര്‍പറേഷനിലാണ്. മൂന്നു വര്‍ഷം മുമ്പ് പലപ്പോഴായി ആയിരത്തോളം ഓഹരികള്‍ ശരാശരി 364 രൂപ നിലവാരത്തിലാണ് അദ്ദേഹം സ്വന്തമാക്കിയത്. അതിന് മുടക്കിയതാകട്ടെ 3.64 ലക്ഷം രൂപയും. നിലവില്‍ അതിന്റെ മൂല്യം 6.64 ലക്ഷം രൂപയായിരിക്കുന്നു. അതിനിടെ ബോണസ് ഓഹരികൂടി ലഭിച്ചപ്പോള്‍ എണ്ണം 2,000 ആയി. ഇതിന് പുറമെ മൂന്ന് വര്‍ഷത്തിനിടെ 56000 രൂപ ലാഭവീതവും കിട്ടി. ഈ ഓഹരിയില്‍നിന്നുമാത്രം ലഭിച്ച നേട്ടം 43.2 ശതമാനമാണ്.
കുറഞ്ഞ വിലയിലുള്ള ഓഹരികളില്‍ നിക്ഷേപിക്കാനാണ് ചെറുകിട നിക്ഷേപകര്‍ക്ക് താത്പര്യം. വന്‍കിട ഓഹരികളില്‍ നിക്ഷേപമുണ്ടെങ്കില്‍ തന്നെ ഓഹരികളുടെ എണ്ണം വളരെ കുറവുമായിരിക്കും. സ്ഥിരതയാര്‍ന്ന നേട്ടത്തോടൊപ്പം വിപണിയിലെ തകര്‍ച്ചയില്‍ പിടിച്ചുനില്‍ക്കാനുള്ള കരുത്ത് പ്രകടിപ്പിക്കാനും ലാര്‍ജ് ക്യാപ് ഓഹരികള്‍ക്കാകും. വിലയില്‍ പെട്ടെന്ന് കുതിപ്പോ, താഴ്ചയോ ഉണ്ടാകില്ലെന്നതാണ് സവിശേഷത. അതേസമയം, സ്ഥിരതയാര്‍ന്ന നേട്ടം ഓഹരികളില്‍ പ്രകടമാകുകയും ചെയ്യും.
അതുകൊണ്ടുതന്നെ ഒരു വര്‍ഷത്തിനിടെ വിപണിയിലുണ്ടായ തകര്‍ച്ച വന്‍കിട ഓഹരികളില്‍ പലതിനെയും ബാധിച്ചിട്ടില്ലെന്ന് കാണാം. ആകര്‍ഷകമായ മൂല്യമുള്ള വന്‍കിട ഓഹരികള്‍ കണ്ടെത്തി നിക്ഷേപിച്ചാല്‍ ദീര്‍ഘകാലയളവില്‍ മികച്ച നേട്ടമുണ്ടാക്കാം. അത്തരത്തിലുള്ള മൂന്ന് ഓഹരികള്‍ ഇതാ.
ആക്‌സിസ് ബാങ്ക്
ധനകാര്യ മേഖലയിലെ ഓഹരികളില്‍ നിക്ഷേപം നടത്താത്തവര്‍ അപൂര്‍വമാണ്. എക്കാലത്തും നേട്ടത്തില്‍ മുന്നില്‍ ഈ വിഭാഗത്തിലെ ഓഹരികളാണെന്നു കാണാം. മ്യൂച്വല്‍ ഫണ്ടുകളുടെ നിക്ഷേപ പോര്‍ട്ട്‌ഫോളിയോ പരിശോധിച്ചാലും ഇത് വ്യക്തമാകും. കൂടുതല്‍ വിഹിതവും ധനകാര്യ-ബാങ്ക് ഓഹരികളിലാകും.
ഇന്ത്യയിലെ സ്വകാര്യ മേഖലയിലെ മൂന്നാമത്തെ വലിയ വായ്പാദാതാവാണ് ആക്‌സിസ് ബാങ്ക്. സിറ്റി ബാങ്കിന്റെ ഇന്ത്യയിലെ ആസ്തികള്‍ ഏറ്റെടുത്ത് പ്രീമിയം ബാങ്കിങ് വിഭാഗത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നു. ക്രെഡിറ്റ് കാര്‍ഡ് വിഭാഗത്തില്‍ സ്ഥാനം മെച്ചപ്പെടുത്താന്‍ ആക്‌സിസ് ബാങ്കിന് ഇതിലൂടെ കഴിഞ്ഞു. 2020ലെ 5.8 ലക്ഷം കോടിയില്‍നിന്ന് 2025 സാമ്പത്തിക വര്‍ഷമായപ്പോള്‍ ബാങ്കിന്റെ വായ്പാ മൂല്യം(Loan Book) 10.8 ലക്ഷം കോടിയായി. ബാങ്കിന്റെ പലിശ മാര്‍ജിന്‍(വായ്പയില്‍നിന്നുള്ള പലിശയും നിക്ഷേപങ്ങള്‍ ഉള്‍പ്പടെയുള്ള ബാധ്യതയില്‍നിന്നുള്ള പലിശയും തമ്മിലുള്ള വ്യത്യാസം) വന്‍കിട ബാങ്കുകള്‍ക്ക് തുല്യമാണ്.
ഭാരത് പെട്രോളിയം
പൊതുമേഖലയിലെ എണ്ണ ശുദ്ധീകരണ, വിപണന മേഖലയിലെ വന്‍കിട കമ്പനി. 1.4 കോടി മെട്രിക് ടണ്‍ സംസ്‌കൃത എണ്ണ ഉത്പാദിപ്പിക്കുന്നു. മറ്റ് കമ്പനികളെ അപേക്ഷിച്ച് ഏറ്റവും ഉയര്‍ന്ന അളവാണിത്. പ്രവര്‍ത്തന ശേഷി പരമാവധി ഉപയോഗിക്കുന്നതിനാല്‍ മികച്ച ലാഭത്തിലാണ് കമ്പനി. പെട്രോകെമിക്കല്‍സ്, ഗ്യാസ്, ഹരിത ഊര്‍ജം എന്നിവയ്ക്കായി 1.7 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്താന്‍ കമ്പനി ലക്ഷ്യമിടുന്നു.
ശ്രീറാം ഫിനാന്‍സ്
രാജ്യത്തെ ഏറ്റവും വലിയ ബാങ്കിതര ധനകാര്യ സ്ഥാപനമാണ് ശ്രീറാം ഫിനാന്‍സ്. വാണിജ്യ വാഹന മേഖലയിലെ പ്രധാന വായ്പാദാതാവാണ്. മൊത്തം വായ്പയിലെ 45 ശതമാനവും ഈ വിഭാഗത്തിലാണ്. യാത്രാ വാഹന വിഭാഗത്തില്‍ 21 ശതമാനവും വായ്പ നല്‍കിയിരിക്കുന്നു. തമിഴ്‌നാട്ടിലാണ് ഏറ്റവും കൂടുതല്‍ ശാഖകളുള്ളത്. 775 എണ്ണം. പൊതു നിക്ഷേപം വഴിയാണ് കമ്പനി കൂടുതലും കടമെടുത്തിട്ടുള്ളത്. 24 ശതമാനം. ടേം ലോണാകട്ടെ 21 ശതമാനവുമുണ്ട്. മൂന്ന് വര്‍ഷത്തിനിടെ 45 ശതമാനംവരെ നേട്ടമാണ് ഈ ഓഹരികള്‍ നിക്ഷേപകര്‍ക്ക് നല്‍കിയത്. ആകര്‍ഷകമായ മൂല്യത്തിലാണ് ഇപ്പോഴും ഓഹരിയുള്ളത്.

നേട്ടം ഇപ്രകാരം
മൂന്നു വര്‍ഷം മുമ്പ് ഈ കമ്പനികളില്‍ നിക്ഷേപിച്ചിരുന്നുവെങ്കില്‍ നിക്ഷേപ മൂല്യം ഇരട്ടിയാകുമായിരുന്നു. ഓരോ കമ്പനികളുടെയും 100 ഓഹരികള്‍ക്കായി 3,08,770 രൂപയാകും നിക്ഷേപിച്ചിട്ടുണ്ടാവുക. 2025 ജൂണ്‍ 30ലെ കണക്കുപ്രകാരം 5,34,935 രൂപയാണ് നിക്ഷേപ മൂല്യം. വാര്‍ഷിക ആദായ കണക്കില്‍ നേട്ടം 33.9 ശതമാനമാണ്. ഈ കാലയളവില്‍ രണ്ട് തവണയായി 100 രൂപവീതം (200 രൂപ) ആക്‌സിസ് ബാങ്ക് ലാഭവീതം നല്‍കി. ഭാരത് പെട്രോളിയത്തില്‍നിന്ന് 5,600 രൂപയും ശ്രീറാം ഫിനാന്‍സില്‍നിന്ന് 7,950 രൂപയും ലാഭവീതമായി ലഭിച്ചിട്ടുണ്ടാകും.
ഓഹരിയൊന്നിന് ഒരു ഓഹരിയെന്ന കണക്കില്‍ ഭാരത് പെട്രോളിയം ഈ കാലയളവില്‍ ബോണസ് ഓഹരി നല്‍കി. ഇതോടെ 200 ഓഹരികളായി. സ്‌റ്റോക്ക് സ്പ്ലിറ്റ് വഴി ശ്രീറാം ഫിനാന്‍സിന്റെ 400 ഓഹരികള്‍ അധികമായി ലഭിക്കുകയും ചെയ്തു.
മുന്നറിയിപ്പ്: ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തമായി വിലയിരുത്തി മാത്രം നിക്ഷേപം നടത്തുക. ഓഹരി ശുപാര്‍ശയല്ല, നിക്ഷേപ സാധ്യതകള്‍ വിലയിരുത്തുക എന്ന ലക്ഷ്യം മാത്രമാണ് ഇവിടെ നിര്‍വഹിച്ചിട്ടുള്ളത്.
Content Highlights: Axis Bank, Bharat Petroleum, Shriram Finance: Analyzing Three High-Growth Stocks
![]()
മാതൃഭൂമി.കോം വാട്സാപ്പിലും








English (US) ·