99 % സമ്പത്തും ചാരിറ്റിക്ക്: ബഫറ്റ് പടിയിറങ്ങുന്നു, നേട്ടം സ്വന്തമാക്കിയത് ഇങ്ങനെ

8 months ago 7

മികച്ച ഓഹരികള്‍ തിരഞ്ഞെടുത്ത് നിക്ഷേപിച്ച് കോടികള്‍ സ്വന്തമാക്കി ലോകത്തെ ഞെട്ടിച്ച ശതകോടീശ്വരന്‍ വാറന്‍ ബഫറ്റ് വിരമിക്കുന്നതായി കഴിഞ്ഞയാഴ്ചയാണ് പ്രഖ്യാപിച്ചത്. പിന്‍ഗാമിയായി നേരത്തെതന്നെ പ്രഖ്യാപിച്ചിരുന്ന കനേഡിയന്‍ വ്യവസായിയും വൈസ് ചെയര്‍മാനുമായ ഗ്രെഗ് ഏബലിനെ കമ്പനിയുടെ അടുത്ത സിഇഒ ആയി നാമനിര്‍ദേശം ചെയ്തിട്ടുമുണ്ട്.

ഓഹരി നിക്ഷേപങ്ങളിലൂടെ സമ്പത്ത് വാരിക്കൂട്ടിയ അദ്ദേഹത്തിന്റെ മൊത്തം ആസ്തി 16,900 കോടി ഡോളറാണ്. അതായത് 14.29 ലക്ഷം കോടി രൂപ. കനത്ത നഷ്ടംനേരിട്ട ടെക്‌സറ്റൈല്‍ കമ്പനിയായിരുന്ന ബെര്‍ക്ക്‌ഷെയറിനെ ഒരു ലക്ഷം കോടിയിലേറെ മൂല്യമുള്ള കമ്പനിയാക്കിമാറ്റി ബഫറ്റ്.

ബ്ലൂംബര്‍ഗ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 1964 മുതല്‍ 2024വരെയുള്ള 60 വര്‍ഷ കാലയളവില്‍ ബെര്‍ക്ക്‌ഷെയറിന്റെ ഓഹരി വിലയില്‍ 55,02,284 ശതമാനം മുന്നേറ്റമാണുണ്ടായത്. എസ്ആന്‍ഡ്പി 500 സൂചികയിലെ വളര്‍ച്ചയേക്കാള്‍ 39,054 ശതമാനം കൂടുതല്‍. അതായത് ഇതേ കാലയളവില്‍ സൂചിക നല്‍കിയ നേട്ടത്തിന്റെ ഇരട്ടിയോളം.

ടെക് ഭീമനോ എണ്ണ ഉത്പാദക കമ്പനിയോ അല്ലാത്ത, ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയാണ് ബര്‍ക്ക്‌ഷെയര്‍ ഹാത്‌വേ. 1.2 ലക്ഷം കോടി ഡോളറാണ് കമ്പനിയുടെ വിപണി മൂല്യം. ആഗോള വിപണിയില്‍ എട്ടാം സ്ഥാനം. 1967ല്‍ ഒരിക്കല്‍ മാത്രമാണ് കമ്പനി ലാഭവീതം നല്‍കിയതെന്നതും ശ്രദ്ധേയമാണ്. ഓട്ടോ ഡീലര്‍ഷിപ്പ്, കെമിക്കല്‍, ചോക്ലേറ്റ്, ഗ്യാസ് സ്‌റ്റേഷന്‍സ്, വീട് നിര്‍മാണം, പവര്‍ യൂട്ടിലിറ്റി, റെയില്‍വേ, റിയല്‍ എസ്റ്റേറ്റ് ബ്രോക്കേഴ്‌സ്, സ്‌പോര്‍ട്‌സ് ബാന്‍ഡുകള്‍ ഉല്‍പ്പടെ 180 ഓളം മേഖലകളിലേക്ക് അദ്ദേഹം ബിസിനസ് വ്യാപിപ്പിച്ചു.

ഡയറി ക്വീന്‍, സീസ് കാന്‍ഡീസ്, ഡ്യൂറസെല്‍, ഗീക്കോ, ഫ്രൂട്ട് ഓഫ് ദി ലൂം, ഹെല്‍സ്‌ബെര്‍ഗ് ഡയമണ്ട്‌സ് എന്നിവ പ്രശസ്തമായ ബ്രാന്‍ഡുകളാണ്.

വന്‍ കുതിപ്പ് നടത്തിയ ഓഹരികള്‍(ആപ്പിള്‍, ബാങ്ക് ഓഫ് അമേരിക്ക, കൊക്കകോള മുതലായവ) ശ്രദ്ധാപൂര്‍വം തിരഞ്ഞെടുത്ത് നിക്ഷേപിച്ചതിലൂടെയാണ് വാറന്‍ ബഫറ്റ് നിക്ഷേപകരുടെ പ്രിയപ്പെട്ട 'നിക്ഷേപ ഗുരു'വായത്. ഈ ഓഹരികളാണ് ഇപ്പോള്‍ ബെര്‍ക്‌ഷെയറിന്റെ 263 ബില്യണ്‍ ഡോളര്‍ പോര്‍ട്‌ളോളിയോയുടെ 70 ശതമാനവും. യുഎസിലെ ട്രഷറി ബില്ലുകളുടെ അഞ്ച് ശതമാനം കമ്പനി കൈവശംവെച്ചിരിക്കുന്നു. 347.7 ബില്യണ്‍ ഡോളറിന്റെ കരുതല്‍ ധനശേഖരവുമുണ്ട്. 2024 വരെയുള്ള കണക്കുപ്രകാരം ബെര്‍ക്ക്‌ഷെയര്‍ കമ്പനിയില്‍ 3,92,326 ജീവനക്കാരാണുള്ളത്.

11-ാംവയസ്സില്‍ ആദ്യ ഓഹരി വാങ്ങിക്കൊണ്ടാണ് ബഫെറ്റ് നിക്ഷേപക ലോകത്തേയ്‌ക്കെത്തിയത്. ആസ്തിയില്‍ 99 ശതമാനവും ബില്‍ഗേറ്റ്‌സിന്റെ ചാരിറ്റി സ്ഥാപനമായ ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷനും മറ്റും നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

Content Highlights: Warren Buffett Retires After $170B Empire: His Strategy & Legacy

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article