അഞ്ച് വര്‍ഷംകൊണ്ട് മൂന്നിരട്ടി; ഒരു ലക്ഷം 3.5 ലക്ഷമായി, നിക്ഷേപിക്കാം ഫ്‌ളക്‌സി ക്യാപില്‍

5 months ago 7

എസ്.ഐ.പിയായി മാസം ഒരു ലക്ഷത്തിലേറെ രൂപ നിക്ഷേപിക്കുന്ന അഭിലാഷ് ഫണ്ടുകളുടെ റിട്ടേണ്‍ കണ്ട് അസ്വസ്ഥനായി. അഞ്ച് വര്‍ഷത്തിനുശേഷം നാട്ടില്‍ സ്ഥിര താമസമാക്കുകയെന്ന ലക്ഷ്യത്തോടെ 2022ലാണ് അദ്ദേഹം നിക്ഷേപം ആരംഭിച്ചത്. അതുകൊണ്ടുതന്നെ കൂടുതല്‍ റിട്ടേണ്‍ നല്‍കിയവ തേടിപ്പിടിക്കാനും മറന്നില്ല. അന്ന് നിക്ഷേപം തുടങ്ങിയ ഫണ്ടുകളില്‍ പലതിനും മുന്‍നിരയിലെ സ്ഥാനം നഷ്ടമായിരിക്കുന്നു. ഇടക്കിടെയുണ്ടാകുന്ന റിട്ടേണിലെ വ്യതിയാനം കണ്ട് പല ഫണ്ടുകളും മാറിമാറി പരീക്ഷിക്കുകയും ചെയ്തു. ആദ്യംതുടങ്ങിവയില്‍ ഒരു ഫണ്ടില്‍ മാത്രമാണ് ഇപ്പോഴും നിക്ഷേപം തുടരുന്നത്. ബാക്കിയുള്ളവയിലെ നിക്ഷേപം പലപ്പോഴായി പിന്‍വലിക്കുകുയും അപ്പപ്പോള്‍ മികച്ച പ്രകടനം കാണിച്ച ഫണ്ടുകളില്‍ വീണ്ടും നിക്ഷേപിക്കുകയും ചെയ്തു.

ഏറെക്കാലമായി നിക്ഷേപകരുടെ ഇഷ്ട ഫണ്ടുകളിലൊന്നായ പരാഗ് പരീഖ് ഫ്‌ളക്‌സി ക്യാപ് ഫണ്ടിലാണ് ഇപ്പോഴും നിക്ഷേപം തുടരുന്നത്. ഫണ്ടുകളുടെ കാറ്റഗറികളെക്കുറിച്ചൊന്നും ബോധവാനല്ലാത്ത അദ്ദേഹത്തിന് അടിപതറിയത് മിഡ് ക്യാപ് സ്‌കീമുകളിലാണ്. ഒന്നര വര്‍ഷത്തിനിടെ തുടങ്ങിയ പല ഫണ്ടുകളും പത്ത് ശതമാനംവരെ നഷ്ടത്തിലാണ് ഓടിക്കൊണ്ടിരിക്കുന്നത്. മറ്റ് പല ഫണ്ടുകളിലും കാര്യമായ മുന്നേറ്റമില്ല.

ഫ്‌ളക്‌സി ക്യാപ്
അടുത്തകാലത്തായി നിക്ഷേപക ശ്രദ്ധ പിടിച്ചുപറ്റിയ മ്യൂച്വല്‍ ഫണ്ട് കാറ്റഗറിയാണ് ഫ്‌ളക്‌സി ക്യാപ്. മള്‍ട്ടി ക്യാപ് ഫണ്ടുകളിലെ വ്യവസ്ഥകളില്‍ സെബി മാറ്റംവരുത്തിയതിനെ തുടര്‍ന്നുള്ള ആശങ്കയാണ് ഫ്‌ളക്‌സി ക്യാപ് ഫണ്ടുകളുടെ തുടക്കത്തിന് നിമിത്തമായത്. യാതൊരു നിയന്ത്രണവുമില്ലാതെ മൊത്തം ആസ്തിയുടെ 65 ശതമാനംവരെ ഓഹരിയില്‍ നിക്ഷേപിക്കാന്‍ മള്‍ട്ടി ക്യാപ് ഫണ്ടുകള്‍ക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നു. 2020 സെപ്റ്റംബറില്‍ സെബിയുടെ പുതുക്കിയ വ്യവസ്ഥ പ്രകാരം മൊത്തം ആസ്തിയുടെ 75 ശതമാനം(ലാര്‍ജ് ക്യാപ്, മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് ഓഹരികളില്‍ 25ശതമാനം വീതം) നിക്ഷേപം ഈ ഫണ്ടുകളില്‍ വേണമെന്ന നിബന്ധന വെച്ചു.

അതുവരെയുണ്ടായിരുന്ന പല ഫണ്ടുകള്‍ക്കും നിക്ഷേപ സ്ട്രാറ്റജിവെച്ച് മള്‍ട്ടി ക്യാപില്‍ തുടരാന്‍ കഴിയാത്ത സാഹചര്യമുണ്ടായി. കാരണം, മിക്കവാറും മള്‍ട്ടി ക്യാപ് ഫണ്ടുകള്‍ ലാര്‍ജ് ക്യാപ് ഓഹരികളിലായരുന്നു പ്രധാനമായും നിക്ഷേപം നടത്തിയിരുന്നത്. തുടര്‍ന്നാണ് പഴയ മള്‍ട്ടി ക്യാപ് ഫണ്ടുകളുടെ സ്ട്രാറ്റജിയില്‍ പുതിയ ഫ്‌ളക്‌സി ക്യാപ് ഫണ്ടുകള്‍ പിറന്നത്.

നിക്ഷേപക ലോകത്ത് ഏറെ ശ്രദ്ധപിടിച്ചുപറ്റിയ മ്യൂച്വല്‍ ഫണ്ട് കാറ്റഗറിയാണ് ഫ്‌ളക്‌സി ക്യാപ്. വളര്‍ച്ചാ സാധ്യതയുള്ള മികച്ച ഓഹരികള്‍ സെക്ടര്‍ ഭേദമോ വന്‍കിട-ചെറുകിട വ്യത്യാസമോ ഇല്ലാതെ തിരഞ്ഞെടുത്ത് നിക്ഷേപിക്കാന്‍ കഴിയുന്നതിനാലാണ് ഈ വിഭാഗത്തിലെ ഫണ്ടുകള്‍ക്ക് മികച്ച നേട്ടം നിക്ഷേപകര്‍ക്ക് കൈമാറാനായത്. വിപണി സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് വന്‍കിട, ഇടത്തരം, ചെറുകിട ഓഹരികളില്‍ നിക്ഷേപിക്കാനുള്ള അവസരം ഫണ്ട് മാനേജര്‍മാര്‍ക്ക് ലഭിച്ചു.

മൊത്തം കൈകാര്യം ചെയ്യുന്ന ആസ്തിയുടെ കാര്യത്തിലും നേട്ടത്തിന്റെ കാര്യത്തിലും മുന്‍പന്തിയിലുള്ള പരാഗ് പരീഖ് ഫ്‌ളക്‌സി ക്യാപും എച്ച്ഡിഎഫ്‌സി ഫ്‌ളക്‌സി ക്യാപും ഈ വിഭാഗത്തിലാണല്ലോ. പരാഗ് പരീഖ് ഫ്‌ളക്‌സി ക്യാപ് ഫണ്ടിന്റെ എയുഎം 1.10 ലക്ഷം കോടി പിന്നിട്ടു. 79,000 കോടി രൂപയാണ് എച്ച്ഡിഎഫ്‌സി ഫ്‌ളക്‌സി ക്യാപ് കൈകാര്യം ചെയ്യുന്നത്.

മികച്ചവ ഏതൊക്കെ?

നേട്ടത്തിന്റെയും പ്രവര്‍ത്തന മികവിന്റെയും അടിസ്ഥാനത്തില്‍ അഞ്ച് ഫണ്ടുകളാണ് ഈ വിഭാഗത്തില്‍നിന്ന് തിരഞ്ഞെടുത്തിട്ടുള്ളത്.

1.ക്വാണ്ട് ഫ്‌ളക്‌സി ക്യാപ്
2.എച്ച്ഡിഎഫ്‌സി ഫ്‌ളക്‌സി ക്യാപ്
3.പരാഗ് പരീഖ് ഫ്‌ളക്‌സി ക്യാപ്
4.ജെ.എം ഫ്‌ളക്‌സി ക്യാപ്
5.ഡിഎസ്പി ഫ്‌ളക്‌സി ക്യാപ്

1. ക്വാണ്ട് ഫ്‌ളക്‌സി ക്യാപ്

മൂന്ന് വര്‍ഷ കാലയളവിലെ റിട്ടേണ്‍: 21.68%, പരമാവധി റിട്ടേണ്‍ 37.65, നെഗറ്റീവ് റിട്ടേണ്‍ ഇല്ല.

അഞ്ച് വര്‍ഷ കാലയളവിലെ റിട്ടേണ്‍: 31.05 %. പരമാവധി റിട്ടേണ്‍ 41.25%, നെഗറ്റീവ് റിട്ടേണ്‍ ഇല്ല.

20 ശതമാനത്തിലധികം ആദായം നല്‍കുന്നതില്‍ ഫണ്ട് സ്ഥിരത പുലര്‍ത്തിയതായി കാണുന്നു. എന്നിരുന്നാലും ഒരു വര്‍ഷത്തിനിടെ ഫണ്ടിന്റെ പ്രകടനത്തില്‍ നേരിയ വ്യതിയാനം ഉണ്ടായതായി കാണുന്നു. നിക്ഷേപ സ്ട്രാറ്റജിയും ആഗോള വിപണികളിലെ ചാഞ്ചാട്ടവുമാണ് കാരണം. എന്നിരുന്നാലും ദീര്‍ഘകാലയളവില്‍ മികച്ച നേട്ടം നല്‍കി മികച്ച പ്രകടനം നിലനിര്‍ത്താന്‍ ഫണ്ടിന് കഴിഞ്ഞിട്ടുണ്ട്.

2. എച്ചിഡിഎഫ്‌സി ഫ്‌ളക്‌സി ക്യാപ്

മൂന്നു വര്‍ഷ കാലയളവിലെ റിട്ടേണ്‍: 25.43%. പരമാവധി റിട്ടേണ്‍ 24.95%. നെഗറ്റീവ് റിട്ടേണ്‍ ഇല്ല.

അഞ്ച് വര്‍ഷ കാലയളവിലെ റിട്ടേണ്‍: 29.18. പരമാവധി റിട്ടേണ്‍: 32.30. നെഗറ്റീവ് റിട്ടേണ്‍ ഇല്ല.

താരതമ്യേന സ്ഥിരതയാര്‍ന്ന റിട്ടേണ്‍ നല്‍കാന്‍ ഈ ഫണ്ടിന് കഴിഞ്ഞിട്ടുണ്ട്. മികച്ച ഓഹരികള്‍ കുറഞ്ഞ മൂല്യത്തില്‍ തേടിപ്പിടിച്ച് നിക്ഷേപിക്കുന്ന തന്ത്രമാണ് ഫണ്ടിനുള്ളത്. കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി 79,000 കോടി രൂപയ്ക്ക് മുകളിലാണ്.

3. പരാഗ് പരീഖ് ഫ്‌ളക്‌സി ക്യാപ്

മൂന്ന് വര്‍ഷ കാലയളവിലെ റിട്ടേണ്‍: 23.32%. പരമാവധി റിട്ടേണ്‍: 23.61%. നെഗറ്റീവ് റിട്ടേണ്‍ ഇല്ല.

അഞ്ച് വര്‍ഷ കാലയളവിലെ റിട്ടേണ്‍: 25.10% പരമാവധി റിട്ടേണ്‍: 33.95 %. നെഗറ്റീവ് റിട്ടേണ്‍ ഇല്ല.

യുഎസ് ഓഹരികളില്‍ നിക്ഷേപിക്കുന്നതിലൂടെ അന്താരാഷ്ട്ര തലത്തിലുള്ള വൈവിധ്യവത്കരണത്തിനുള്ള സാധ്യത ഫണ്ട് നല്‍കുന്നു. സ്ഥിരതയുള്ള വരുമാനം, നഷ്ടം കുറയ്ക്കാനുള്ള കഴിവ് എന്നിവ ഫണ്ടിനെ ദീര്‍ഘകാല നിക്ഷേപത്തിന് അനുയോജ്യമാക്കുന്നു.

4. ജെ.എം ഫ്‌ളക്‌സി ക്യാപ്

മൂന്ന് വര്‍ഷ കാലയളവിലെ റിട്ടേണ്‍: 25.30% പരമാവധി റിട്ടേണ്‍: 34.22%. നെഗറ്റീവ് റിട്ടേണ്‍ ഇല്ല.

അഞ്ച് വര്‍ഷ കാലയളവിലെ റിട്ടേണ്‍: 26.72. പരമാവധി റിട്ടേണ്‍: 32.30. നെഗറ്റീവ് റിട്ടേണ്‍ ഇല്ല.

അത്രയധികം നിക്ഷേപക ശ്രദ്ധനേടാത്ത ഫണ്ട് ആണിത്. റിട്ടേണില്‍ സ്ഥിരത പുര്‍ത്താന്‍ കഴിഞ്ഞതായി കാണാം. സമീപകാലയളവില്‍ ഫണ്ടിന്റെ പ്രകടനം അല്പം പുറകോട്ട് പോയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഹ്രസ്വകാലയളവിലെ പ്രവണതകള്‍ നിരീക്ഷിച്ചശേഷം നിക്ഷേപം നടത്തുക.

5.ഡിഎസ്പി ഫ്‌ളക്‌സി ക്യാപ്

മൂന്ന് വര്‍ഷ കാലയളവിലെ റിട്ടേണ്‍: 20.08%. പരമാവധി റിട്ടേണ്‍: 20.45%. നെഗറ്റീവ് റിട്ടേണ്‍ ഇല്ല.

അഞ്ച് വര്‍ഷ കാലയളവിലെ റിട്ടേണ്‍: 22%. പരമാവധി റിട്ടേണ്‍: 27.64. നെഗറ്റീവ് റിട്ടേണ്‍ ഇല്ല.

മൂന്ന്, അഞ്ച് വര്‍ഷ കാലയളവില്‍ സ്ഥിരതയാര്‍ന്ന റിട്ടേണ്‍ നല്‍കാന്‍ ഫണ്ടിന് കഴിഞ്ഞിട്ടുണ്ട്. നിരവധി ഫണ്ട് ഹൗസുകള്‍ പുതിയതായി തുടങ്ങുന്നകാലത്ത് ഡിഎസ്പിയുടെ പ്രവര്‍ത്തന ചരിത്രം മുതല്‍ക്കൂട്ടാണ്.

സമീപകാല പ്രവണതകള്‍:

ഒന്നോ രണ്ടോ വര്‍ഷത്തെ റിട്ടേണ്‍ അടിസ്ഥാനമാക്കിയല്ല ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളുടെ പ്രവര്‍ത്തനം വിലയിരുത്തേണ്ടത്. അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തന ചരിത്രവും പ്രകടനവുമെങ്കിലും പരിഗണിക്കണം. അതുകൊണ്ടുതന്ന സമീപകാല ചരിത്രത്തിന് അത്രതന്നെ പ്രസക്തിയില്ലെന്ന് ചരുക്കം. ഭൂരിഭാഗം ചെറുകിട നിക്ഷേപകരും ആറ് മാസത്തെയോ ഒരുവര്‍ഷത്തെയോ റിട്ടേണ്‍ നോക്കിയാണ് നിക്ഷേപത്തിനായി ഫണ്ടുകള്‍ പരിഗണിക്കുന്നത്. ഹ്രസ്വകാല ചലനങ്ങള്‍ നിരീക്ഷിക്കുന്നതോടൊപ്പം സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കായുള്ള ദീര്‍ഘകാല എസ്‌ഐപിയുമായി മുന്നോട്ടുപോകുകയാണ് വേണ്ടത്.

ഫ്‌ളക്‌സി ക്യാപുകളുടെ നേട്ടങ്ങള്‍:
വൈവിധ്യവത്കരണം: വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തിലാണല്ലോ പ്രധാന കാറ്റഗറികളിലെ ഫണ്ടുകള്‍ വേര്‍തിരിക്കുന്നത്. സെബിയുടെ മാനദണ്ഡപ്രകാരം ഫ്‌ളക്‌സി ക്യാപിന് പേര് സൂചിപ്പിക്കുന്നതുപോലെ എല്ലാ മാര്‍ക്കറ്റ് ക്യാപുകളിലുമുള്ള ഓഹരികളില്‍ നിക്ഷേപിക്കാന്‍ കഴിയും. അതുകൊണ്ടുതന്നെ ദീര്‍ഘകാലയളവില്‍ ലാര്‍ജ് ക്യാപ് ഫണ്ടുകളേക്കാള്‍ പ്രകടനം കാഴ്ചവെക്കാന്‍ സാധ്യതയുണ്ട്. അതോടൊപ്പം വിവിധ ക്യാപുകളിലെ നിക്ഷേപം ചാഞ്ചാട്ടങ്ങളെ ലഘൂകരിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

ഫണ്ടുകളിലെ റിസ്‌ക്: ഓഹരിയുമായി ബന്ധപ്പെട്ടതായതിനാല്‍ വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ക്ക് വിധേയമാണെന്നകാര്യം പ്രത്യേകം ശ്രദ്ധിക്കുക. ഫണ്ട് മാനേജരുടെ നിക്ഷേപ തീരുമാനങ്ങള്‍ പ്രകടനത്തെ ബാധിച്ചേക്കാം. മിഡ്, സ്‌മോള്‍ ക്യാപുകളിലും നിക്ഷേപം നടത്തുന്നതുകൊണ്ട് വിപണിയില്‍ തിരുത്തലുണ്ടാകുമ്പോള്‍ കൂടുതല്‍ ചാഞ്ചാട്ടത്തിന് കാരണമായേക്കാം. വിപണി കുതിക്കുമ്പോഴാകട്ടെ മികച്ച നേട്ടം ലഭിക്കുകയും ചെയ്യാം.

തിരഞ്ഞെടുപ്പ് രീതി: ഫണ്ടുകളുടെ സ്ഥിരതയുള്ള പ്രകടനം കണക്കാക്കുന്നതിനായി മൂന്ന്, അഞ്ച് വര്‍ഷങ്ങളിലെ റിട്ടേണുകളാണ് പരിഗണിച്ചത്. കുറഞ്ഞ നഷ്ടസാധ്യത കണക്കാക്കുന്നതിനായി നെഗറ്റീവ് റിട്ടേണ്‍ നല്‍കിയ കാലയളവുകള്‍ കുറഞ്ഞ ഫണ്ടുകളാണ് പരിഗണിച്ചത്. 15 ശതമാനത്തിന് മുകളില്‍ റിട്ടേണ്‍ നല്‍കിയ ഫണ്ടുകള്‍ക്ക് മുന്‍ഗണന നല്‍കി. 2025 ജൂലായ് 28വരെയുള്ള ഡാറ്റ അടിസ്ഥാനമാക്കിയാണ് ഇക്കാര്യങ്ങള്‍ പരിശോധിച്ചത്. നിശ്ചിത കാലയളവില്‍ അടിസ്ഥാന സൂചികയേക്കാള്‍ കൂടുതല്‍ നേട്ടം നല്‍കിയവയ്ക്കും മുന്‍ഗണന നല്‍കി.

ശ്രദ്ധിക്കാന്‍: മ്യൂച്വല്‍ ഫണ്ടുകളിലെ നിക്ഷേപം വിപണിയിലെ നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. നിക്ഷേപിക്കുന്നതിന് മുമ്പ് സ്‌കീമുമായി ബന്ധപ്പെട്ട രേഖകള്‍ ശ്രദ്ധാപൂര്‍വ്വം വായിക്കുക. പൊതുവായി നല്‍കുന്നതിനേക്കാള്‍ നിക്ഷേപ ഉപദേശങ്ങള്‍ വ്യക്തിപരമാണെന്ന് മനസിലാക്കുക. നിക്ഷേപ സാധ്യതകള്‍ വിശകലനം ചെയ്യുകമാത്രമാണ് ഇവിടെ ചെയ്തിട്ടുള്ളത്. കാലാകാലങ്ങളില്‍ ഫണ്ടുകളുടെ പ്രകടനത്തില്‍ മാറ്റംവരാന്‍ സാധ്യതയുണ്ട്.

antonycdavis@gmail.com

Content Highlights: Investing successful Flexi-Cap Funds: Unlocking Growth Potential Across Market Capitalizations

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article