അടിമുടി മാറാന്‍ ജിഎസ്ടി: ഉപഭോഗം വര്‍ധിക്കും, സാമ്പത്തികരംഗം മെച്ചപ്പെടും, വളര്‍ച്ചക്ക് വേഗംകൂടും

4 months ago 5

താരിഫ് അനിശ്ചിതത്വം രാജ്യത്തെ സ്വകാര്യ നിക്ഷേപത്തെയും തൊഴില്‍ സാധ്യതകളെയും ബാധിച്ച സാഹചര്യത്തില്‍ ഉപഭോഗം വര്‍ധിപ്പിച്ച് വളര്‍ച്ചയെ പിന്താങ്ങുകയെന്ന ലക്ഷ്യത്തോടെയാകും ജിഎസ്ടി കൗണ്‍സില്‍ തീരുമാനമെടുക്കുക. രണ്ട് ദിവസം നീണ്ട യോഗം ബുധനാഴ്ച ആരംഭിച്ചു. ഏഴ് വര്‍ഷം മുമ്പ് നിലവില്‍വന്ന നികുതി ഘടനയിലെ ഏറ്റവും വലിയ അഴിച്ചുപണിയാണ് വ്യാഴാഴ്ച വൈകീട്ട് പ്രഖ്യാപിക്കുക.

ചെലവ് കുറയ്ക്കുക, ഉത്പാദനം വര്‍ധിപ്പിക്കുക, സാമ്പത്തിക മേഖലയെ ഉത്തേജിപ്പിക്കുക എന്നീ ലക്ഷ്യങ്ങളാണ് കൗണ്‍സിലിന് മുന്നിലുള്ളത്. അതിനായി കൃഷി, തുണിത്തരങ്ങള്‍, രാസവളങ്ങള്‍, നിര്‍മാണം, ഗതാഗതം, പുനരുപയോഗ ഊര്‍ജം, കരകൗശല വസ്തുക്കള്‍, ഇന്‍ഷുറന്‍സ് തുടങ്ങിയ മേഖലകള്‍ക്കാകും ഊന്നല്‍ നല്‍കുക.

വില കുറയാന്‍ സാധ്യത

എയര്‍ കണ്ടീഷണറുകള്‍, ടെലിവിഷന്‍, ഡിഷ് വാഷറുകള്‍ തുടങ്ങി ഉപഭോക്തൃ ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങള്‍ക്ക് വിലകുറയാന്‍ സാധ്യതയുണ്ട്. രോഗനിര്‍ണയ കിറ്റുകള്‍, സര്‍ജിക്കല്‍ ഗ്ലൗസുകള്‍, മെഡിക്കല്‍ ഗ്രേഡ് ഓക്‌സിജന്‍, ശ്വസന സഹായികള്‍ എന്നിവയുള്‍പ്പടെ ആരോഗ്യ മേഖലയിലെ നിരവധി ഉത്പന്നങ്ങള്‍ക്ക് നികുതിയിളവ് ലഭിച്ചേക്കും. സാധാരണക്കാരുടെ ഉപഭോഗ സാമഗ്രികളായ സൈക്കിളുകള്‍, അടുക്കളയില്‍ ഉപയോഗിക്കുന്ന പാത്രങ്ങള്‍ തുടങ്ങിയ ഇനങ്ങളുടെ നികുതി നിരക്ക് 12 ശതമാനത്തില്‍നിന്ന് അഞ്ച് ശതമാനമായി കുറച്ചേക്കും. ഹെയര്‍ ഓയില്‍, ഷാംപൂ തുടങ്ങിയവയുടേതാകട്ടെ 18 ശതമാനത്തില്‍നിന്ന് അഞ്ച് ശതമാനവുമാക്കിയേക്കും.

ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം ജിഎസ്ടിയില്‍നിന്ന് ഒഴിവാക്കുക, 12 ശതമാനം സ്ലാബിലുള്ള പാല്‍ ഉത്പന്നങ്ങള്‍, ഉണക്കിയ പഴങ്ങള്‍, സംസ്‌കരിച്ച മത്സ്യം, പച്ചക്കറികള്‍ ഉള്‍പ്പടെ 50 ഓളം ഉത്പന്നങ്ങളെ അഞ്ച് ശതമാനം സ്ലാബിലേക്ക് മാറ്റുക, 18 ശതമാനം സ്ലാബിലുള്ള ചോക്‌ലേറ്റ്, ഐസ്‌ക്രീം, കേക്ക്, കോണ്‍ഫ്‌ളേക്‌സ് എന്നിവ ഉള്‍പ്പടെയുള്ള 25 ശതമാനത്തോളം ഇനങ്ങളെ അഞ്ച് ശതമാനം വിഭാഗത്തിലേക്കാക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് കൗണ്‍സിലിന്റെ പരിഗണനയിലുള്ളത്.

1200 സിസി വരെ എന്‍ജിന്‍ ശേഷിയുള്ള(ഡീസല്‍ വാഹനങ്ങള്‍ക്ക് 1,500 ശേഷി വരെ) നാല് മീറ്റര്‍ വരെ നീളമുള്ള പെട്രോള്‍, സിഎന്‍ജി, എല്‍പിജി വാഹനങ്ങളുടെ നിരക്ക് 28 ശതമാനത്തില്‍നിന്ന് 18 ശതമാനത്തിലേക്ക് മാറ്റിയേക്കും. 1,500 സിസിയും നാല് മീറ്ററിലും കൂടുതലുള്ള വാഹനങ്ങളുടെ നിരക്ക് 40 ശതമാനത്തിലേക്ക് ഉയര്‍ത്താനും സാധ്യതയുണ്ട്.

ഉയര്‍ന്ന സ്ലാബ്

പന്‍മസാല, പുകയില, കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ എന്നിവയുടെ നിരക്ക് 28 ശതമാനത്തില്‍നിന്ന് 40 ശതമാനവുമാക്കിയേക്കാം. നിലവില്‍ ഈ ഇനങ്ങള്‍ക്ക് മേല്‍ ചുമത്തിയിരുന്ന ജിഎസ്ടി നഷ്ടപരിഹാര സെസ് ഈ വര്‍ഷം അവസാനത്തോടെ ഇല്ലാതാകും.

ട്രക്ടറുകള്‍, ഉന്തുവണ്ടികള്‍, മണ്ണൊരുക്കുന്നതിനും കൃഷിക്കുമുള്ള ഉപകരണങ്ങള്‍ എന്നിവ ഉള്‍പ്പടെള്ള കാര്‍ഷിക ഉപകരണങ്ങള്‍ 12 ശതമാനം നിരക്കില്‍നിന്ന് അഞ്ച് ശതമാനം വിഭാഗത്തിലേക്ക് മാറ്റാനാണ് സാധ്യത. വളം ഉത്പാദനത്തിനുള്ള അസംസ്‌കൃത വസ്തുക്കളായ അമോണിയ പോലുള്ളവയുടെ നികുതി 12 ശതമാനത്തില്‍നിന്ന് അഞ്ച് ശതമാനമായി കുറച്ചേക്കാം.

സംസ്ഥാനങ്ങളുടെ ആശങ്ക

പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്രദിന പ്രസംഗത്തില്‍ പ്രഖ്യാപിച്ച, സാധാരണക്കാര്‍ക്കുള്ള നികുതിയിളവുകളില്‍ പൊതുവായ ധാരണയിലെത്തിയിട്ടുണ്ടെങ്കിലും അത് നടപ്പാക്കുമ്പോഴുണ്ടാകുന്ന വരുമാന നഷ്ടത്തെക്കുറിച്ച് ബിജെപി ഇതര സര്‍ക്കാരുകളുള്ള സംസ്ഥാനങ്ങള്‍ ആശങ്ക അറിയിച്ചിട്ടുണ്ട്. യോഗത്തില്‍ ഇക്കാര്യം അവര്‍ ഉയര്‍ത്തിക്കാണിച്ചേക്കും. അതേസമയം, ഉപഭോക്താക്കള്‍ക്ക് അനുകൂലമായ നടപടിയായതിനാല്‍ കേന്ദ്ര നിര്‍ദേശങ്ങളെ ഇതുവരെ ആരും എതിര്‍ത്തിട്ടില്ല. യോഗത്തിലെ കൊടുക്കല്‍ വാങ്ങലുകളെയും ഒത്തുതീര്‍പ്പുകളെയും ആശ്രയിച്ചായിരിക്കും നികുതി പരിഷ്‌കരണത്തിന്റെ അന്തിമരൂപം രൂപപ്പെടുത്തുക.

ഇന്‍വര്‍ട്ടഡ് ഡ്യൂട്ടി ഘടന

ഇന്‍വര്‍ട്ടഡ് ഡ്യൂട്ടി ഘടനയിലെ അപാകത പരിഹരിക്കുന്ന കാര്യവും യോഗം പരിഗണിച്ചേക്കുമെന്നാണ് അറിയുന്നത്. ഇതിന്റെ ഭാഗമായി, കൃത്രിമ തയ്യല്‍ നൂലുകള്‍ മുതല്‍ പരവതാനികളും ഭിത്തികള്‍ക്കുള്ള ആവരണങ്ങളും ഉള്‍പ്പടെയുള്ള 40ഓളം ഇനങ്ങളുടെ നികുതി നിരക്ക് 12 ല്‍നിന്ന് അഞ്ച് ശതമാനമായി കുറച്ചേക്കും. അസംസ്‌കൃത വസ്തുക്കള്‍ക്ക് കൂടുതല്‍ നികുതിയും അന്തിമ ഉത്പന്നങ്ങള്‍ക്ക് കുറഞ്ഞ നികുതിയുമുള്ളതാണ് നിലവിലെ ഇന്‍വര്‍ട്ടഡ് ഡ്യൂട്ടി ഘടന. ഈ ഘടനയിലെ അപാകം പരിഹരിക്കുന്നതിലൂടെ അസംസ്‌കൃത വസ്തുക്കള്‍ക്ക് നല്‍കിയതും ഉപഭോക്താവില്‍നിന്ന് ഈടാക്കാന്‍ കഴിയാത്തതുമായ നികുതിയുടെ റീഫണ്ടിനായി ബിസിനസുകാര്‍ക്ക് കാത്തിരിക്കേണ്ടിവരില്ല.

സാമ്പത്തിരംഗം മെച്ചപ്പെടും

ജിഎസ്ടി പുനഃസംഘടന രണ്ട് തരത്തിലാണ് ഗുണകരമാകുക. ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കുമുള്ള ഡിമാന്‍ഡ് വര്‍ധിപ്പിക്കാനാകും. അതോടൊപ്പം അനുയോജ്യമായ പരോക്ഷ നികുതി ഘടനയിലേയ്ക്ക് നിങ്ങുന്നതിനും സഹായകമാകും. ഇത്തരത്തിലുള്ള ഘടനമാറ്റം സ്വകാര്യ നിക്ഷേപത്തില്‍ കാര്യമായ മുന്നേറ്റമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. ഒരു രാജ്യം ഒരു നികുതി-എന്ന ആശയത്തോട് കൂടുതല്‍ അടുക്കുന്നതിനും നീക്കം ഉപകാരപ്പെടും.

ബിസിനസിന്റെ റിസ്‌ക് പ്രൊഫൈല്‍ അടിസ്ഥാനമാക്കി നികുതി റീഫണ്ടുകള്‍ ഓട്ടോമാറ്റ് ചെയ്യാനുള്ള നിര്‍ദേശവും യോഗത്തിന്റെ പരിഗണനയിലുണ്ട്. റീഫണ്ട് നല്‍കുന്നതിലെ വ്യക്തിപരമായ തീരുമാനങ്ങള്‍ ഒഴിവാക്കാനും ബിസിനസ് ചെയ്യുന്നതിനുള്ള സൗകര്യം മെച്ചപ്പെടുത്താനും നീക്കം ഉപകരിക്കും.

ആര്‍ക്കാണ് കൂടുതല്‍ നേട്ടം?

പലചരക്ക് സാധനങ്ങള്‍ക്കും ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള മറ്റ് വസ്തുക്കള്‍ക്കും വില കുറയുന്നതോടെ ഇടത്തരക്കാര്‍ക്കായിരിക്കും ജിഎസ്ടി പരിഷ്‌കരണത്തില്‍നിന്ന് നേരിട്ടുള്ള നേട്ടം ലഭിക്കുക. ചെലവഴിക്കാനുള്ള വരുമാനത്തില്‍ വര്‍ധനവുണ്ടാകുന്നതോടെ മറ്റ് വാങ്ങലുകള്‍ക്ക് കൂടുതല്‍ സാമ്പത്തിക ഭാരം അനുഭവപ്പെടുകയുമില്ല. ഉപഭോഗം വര്‍ധിക്കുന്നതിലൂടെയാണ് കമ്പനികള്‍ക്ക് നേട്ടമുണ്ടാകുക. ഉത്പന്ന ശ്രേണി വിപുലമാക്കുന്നതിനും അതിലൂടെ വരുമാനം കൂട്ടാനും അവര്‍ക്കാകും. ഗ്രാമീണ മേഖലയിലെ ഉപഭോഗ വര്‍ധന വരുംപാദങ്ങളില്‍ മികച്ച സാധ്യതകളാണ് തുറന്നിടുന്നത്. അസ്ഥിരതയുള്ള വിപണി സാഹചര്യം മറികടക്കാന്‍ കമ്പനികള്‍ക്കാകും.

നികുതി പരിഷ്‌കാരം എന്നതിലുപരി പണപ്പെരുപ്പം കുറയ്ക്കുന്നതിനും ഡിമാന്‍ഡ് സ്ഥിരത കൈവരിക്കാനും കഴിയുമെന്നത് സമ്പദ്ഘടനയെ സംബന്ധിച്ചെടുത്തോളം കരുത്തറ്റ നീക്കമാകും. പരിഷ്‌കരണത്തിന്റെ പ്രയോജനം ജനങ്ങളിലേയ്ക്ക് എത്രത്തോളം എത്തുമെന്നതിനെ ആശ്രയിച്ചിരിക്കും ഇതെല്ലാം. ഉപഭോഗവര്‍ധനവും സര്‍ക്കാരിന്റെ വരുമാനവുമെല്ലാം അടിസ്ഥാനപരമായി വിപണിയിലെ പ്രതിഫലനത്തില്‍നിന്ന് സംഭവിക്കുന്നവയാണ്.

Content Highlights: GST Council to Unveil Tax Cuts Across Multiple Sectors, Boosting Demand.

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article