അതിസമ്പന്നര്‍ വരുമാനം കുറച്ച് കാണിക്കുന്നു: സൂക്ഷ്മ നിരീക്ഷണത്തിന് ഐ.ടി വകുപ്പ്

7 months ago 6

ഒരു കോടി രൂപയില്‍ കൂടുതല്‍ വാര്‍ഷിക വരുമാനമുള്ളവരില്‍ പലരും വരുമാനം മുഴുവന്‍ ആദായ നികുതി റിട്ടേണുകളില്‍ കാണിക്കുന്നില്ല. ഇവരുടെ ചെലവഴിക്കല്‍ ഉള്‍പ്പെടെയുള്ള വിവരങ്ങല്‍ പരിശോധിച്ചു വരികയാണെന്ന് ആദായ നികുതി വകുപ്പുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചു.

ഒരു കോടി രൂപയ്ക്ക് മുകളില്‍ വാര്‍ഷിക വരുമാനമുളളവര്‍ ഏഴ് ലക്ഷത്തില്‍ കൂടുതലുണ്ട്. നിലവില്‍ നാല് ലക്ഷത്തോളം പേരാണ് ഒരു കോടി രൂപയുടെ വരുമാനം കാണിച്ച് ആദായ നികുതി റിട്ടേണ്‍ നല്‍കുന്നത്.

2022-23 സാമ്പത്തിക വര്‍ഷത്തില്‍ 7.97 കോടി റിട്ടേണുകളാണ് ഫയല്‍ ചെയ്തത്. ഇതില്‍ 3.50 ലക്ഷവും ഒരു കോടി രൂപയ്ക്ക് മുകളില്‍ വരുമാനമുള്ളവരുടേതാണ്. അതേസമയം, ചെലവുകള്‍ നിരീക്ഷിച്ചാല്‍ അതിന് അനുസരിച്ചുള്ള വരുമാനം റിട്ടേണില്‍ കാണിക്കുന്നില്ലെന്നാണ് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തല്‍. ഇവരുടെ ഉയര്‍ന്ന മൂല്യമുള്ള ഇടപാടുകള്‍, ടിസിഎസ്, ടിഡിഎസ് എന്നിവയും പരിശോധിച്ചുവരികയാണ്. വിദേശത്തേയ്ക്ക് പണമയക്കുന്നതും ജിഎസ്ടി കണക്കുകളും നിരീക്ഷിക്കുന്നുണ്ടെന്ന് ആദായ നികുതി വകുപ്പുമായി ബന്ധപ്പെട്ടവര്‍ പറയുന്നു.

കൂടുതല്‍ പേരെ നികുതി വലയില്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായി സൂക്ഷ്മ പരിശോധന കര്‍ശനമാക്കാനാണ് ഐടി വകുപ്പിന്റെ നീക്കം. പത്ത് ലക്ഷത്തിന് മുകളില്‍ വിലയുള്ള ആഢംബര വസ്തുക്കള്‍ വാങ്ങുന്നവരില്‍നിന്ന് നിലവില്‍ ടിസിഎസ് ഈടാക്കുന്നുണ്ട്. വില കൂടിയ വാച്ചുകള്‍, സണ്‍ഗ്ലാസുകള്‍, ഹാന്‍ഡ് ബാഗുകള്‍, ഷൂസുകള്‍, ഹോം തിയേറ്റര്‍ സിസ്റ്റം തുടങ്ങിയവ വാങ്ങുമ്പോള്‍ തന്നെ ഉറവിടത്തില്‍നിന്ന് നികുതി(ടിസിഎസ്)ഈടാക്കുന്നുണ്ട്.

ബാങ്കുകള്‍ ഉള്‍പ്പടെയുള്ള ധനകാര്യ-നിക്ഷേപ സ്ഥാപനങ്ങളില്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. മറ്റ് രാജ്യങ്ങളുമായി വിവരങ്ങള്‍ കൈമാറുന്ന സംവിധാനം വഴി വന്‍കിട ഇടപാട് വിവരങ്ങള്‍ കണ്ടെത്താന്‍ ആദായ നികുതി വകുപ്പിന് കഴിയും. എഐ സംവിധാനത്തിലൂടെ നല്‍കിയ റിട്ടേണുമായി താരതമ്യം ചെയ്താകും വെട്ടിപ്പുകള്‍ കണ്ടെത്തുക. ഐടിആറില്‍ കാണിച്ചതിനേക്കാള്‍ കൂടുതല്‍ വരുമാനമുള്ളവരെ കണ്ടെത്തുകയാണ് ലക്ഷ്യം.

വ്യാജ ബില്ലുകള്‍ ഉണ്ടാക്കിയും ചെലവുകള്‍ പെരുപ്പിച്ച് കാണിച്ചും വ്യാപാരികള്‍ ലാഭം കുറച്ച് കാണിക്കാറുണ്ട്. നികുതി ഇളവിനായി വ്യാജ കഴിവുകള്‍ ഉള്‍പ്പെടുത്തി റിട്ടേണ്‍ നല്‍കുന്നത് വ്യാപകമാണെന്നും ആദായ നികുതി വകുപ്പുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. നേരിട്ട് പണമിടപാടുകള്‍ നടക്കുന്ന റിയല്‍ എസ്റ്റേറ്റ്, ചെറികിട വ്യാപാരം എന്നീ മേഖലകളിലേക്കുകൂടി നീരീക്ഷണം വ്യാപിപ്പിക്കാനാണ് ആദായ നികുതി വകുപ്പിന്റെ നീക്കം.

Content Highlights: Income Tax Department Scrutinizes High-Income Earners: A Crackdown connected Underreporting?

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article