ഉപഭോക്തൃ ഉത്പന്ന മേഖലയിലെ വന്‍കിട കമ്പനിയായ ഹിന്ദുസ്ഥാന്‍ യുണിലിവറിന്റെ ഓഹരികളില്‍ മുന്നേറ്റം. വെള്ളിയാഴ്ച വ്യാപാരത്തിനിടെ ഓഹരി വില 4.80 ശതമാനം ഉയര്‍ന്ന് 2529 രൂപയിലെത്തി. മലയാളിയായ പ്രിയ നായരെ കമ്പനിയുടെ ആദ്യത്തെ വനിതാ സിഇഒയായി നിയമിച്ചതിന് പിന്നാലെയാണ് മുന്നേറ്റം. കമ്പനിയില്‍ കാര്യമായ മാറ്റം വന്നേക്കുമെന്ന സൂചനയാണ് വിപണി നേട്ടമാക്കിയത്.
മൂന്ന് പതിറ്റാണ്ടിലേറെ അനുഭവപരിചയമുളള 53കാരിയായ പ്രിയ നിലവില്‍ ലണ്ടനില്‍ എച്ച്.യു.എലിന്റെ മാതൃ കമ്പനിയായ യൂണീലിവറിന്റെ ബ്യൂട്ടി ആന്‍ഡ് വെല്‍ബിയിങ് വിഭാഗം പ്രസിഡന്റാണ്.
ഹെയര്‍ കെയര്‍, സ്‌കിന്‍ കെയര്‍, പ്രസ്റ്റീജ് ബ്യൂട്ടി, ഹെല്‍ത്ത് ആന്‍ഡ് വെല്‍ബീയിങ് ബ്രാന്‍ഡുകളിലായി 1.30 ലക്ഷം കോടി (13 ബില്യണ്‍ യൂറോ) മൂല്യമുള്ള ഉത്പന്ന നിരയുടെ മേല്‍നോട്ടമാണ് ഇവര്‍ക്കിപ്പോഴുള്ളത്. ആഗോളതലത്തിലുള്ള ഈ പരിചയം ഇന്ത്യയില്‍ നേട്ടമാക്കാമെന്നാണ് കമ്പനി കരുതുന്നത്.
എന്തുകൊണ്ട് മുന്നേറ്റം?
പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാത്തെ വിഭാഗങ്ങള്‍ കണ്ടെത്തി മികച്ച ലാഭം നേടുന്നവയാക്കി മാറ്റാനുള്ള പ്രിയ നായരുടെ കഴിവാണ് വിപണിയിലെ ആവേശത്തിന് പിന്നില്‍. ഹോം കെയര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എന്ന തസ്തികയില്‍ അവരുണ്ടായിരുന്ന 2014-20 കാലയളവിലെ മാറ്റം ശ്രദ്ധേയമായിരുന്നു. മികച്ച വരുമാനം നേടാന്‍ അന്ന് കമ്പനിക്കായി.
ബ്യൂട്ടി ആന്‍ഡ് വെല്‍ബീയിങ് എക്‌സിക്യൂട്ടീവ് എന്ന നിലയില്‍ 2020-22 കാലയളവില്‍ മൂല്യം കുറഞ്ഞ ഉത്പന്നങ്ങളില്‍നിന്ന് പ്രീമിയം വിഭാഗങ്ങളിലേയ്ക്കുള്ള തന്ത്രപരമായ മാറ്റവും ശ്രദ്ധേയമായി. ഇന്ത്യന്‍ ഉപഭോക്താക്കള്‍ ഉയര്‍ന്ന മൂല്യമുള്ള ഉത്പന്നങ്ങളിലേയ്ക്ക് മാറുന്ന സാഹചര്യത്തിലാണ് പ്രിയയുടെ പുതിയ നിയമനം. സാമ്പത്തിക പ്രതിസന്ധികളും പുതിയ ബ്രാന്‍ഡുകളുടെ കടുത്ത മത്സരവും മൂലം രണ്ട് വര്‍ഷമായി എച്ച്.യു.എലിന്റെ വരുമാനത്തില്‍ 2-3 ശതമാനം മാത്രമാണ് വര്‍ധനവുണ്ടായത്.
2023 ജൂണില്‍ നിയമിതനായ നിലവിലെ എംഡിയും സിഇഒയുമായ രോഹിത് ജാവ അഞ്ച് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുമ്പ് സ്ഥാനമൊഴിയുന്നതിനാലാണ് ഈ നേതൃമാറ്റം.
കേരളത്തില്‍ കുടുംബവേരുകളുള്ള പ്രിയ, പുണെയിലെ സിംബയോസിസില്‍നിന്ന് മാര്‍ക്കറ്റിങില്‍ എംബിഎ പൂര്‍ത്തിയാക്കിയശേഷമാണ് എച്ച്.യു.എലിലെത്തിയത്. 2014ല്‍ എക്‌സിക്യുട്ടീവ് ഡയറക്ടറായി. 2022ല്‍ ലണ്ടനില്‍ യുണീലിവറിന്റെ ബ്യൂട്ടി ആന്‍ഡ് വെല്‍ബീയിങ് വിഭാഗം ആഗോള ചീഫ് മാര്‍ക്കറ്റിങ് ഓഫീസറായി. 2023 മുതല്‍ പ്രസിഡന്റുമായി. ഓഗസ്റ്റ് ഒന്നിനാണ് പ്രിയ പുതിയ തസ്തികയില്‍ ചുമതലയേല്‍ക്കുക. പുതിയ കാലത്തെ ബ്രാന്‍ഡുകളില്‍നിന്ന് കടുത്ത മത്സരം നേരിടുന്ന സമയത്താണ് പ്രിയയുടെ നിയമനമെന്നത് ശ്രദ്ധേയമാണ്.
Content Highlights: Priya Nair Appointed Hindustan Unilever's First Woman CEO: Stock Price Soars
![]()
മാതൃഭൂമി.കോം വാട്സാപ്പിലും








English (US) ·