
ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിലെ ദൃശ്യം.| Getty Images
ട്രംപിന്റെ ഭാഗത്തുനിന്ന് എന്തും സംഭവിക്കാം. ഒരു പ്രത്യേക നീക്കത്തിലൂടെ ചൈന ഒഴികെയുള്ള രാജ്യങ്ങള്‍ക്ക് പകരച്ചുങ്കത്തില്‍ 90 ദിവസത്തെ താത്കാലിക വിരാമം പ്രഖ്യാപിച്ചിരിക്കുന്നു. ബുധനാഴ്ച ഏറെ വൈകിയാണ് തീരുമാനം പുറത്തുവന്നത്. ചൈനയ്ക്കുമേലുള്ള താരിഫ് 125 ശതമാനമായി ഉയര്‍ത്തുകയാണെന്ന് ട്രംപ് പ്രഖ്യാപിക്കുകയും ചെയ്തു.
ആഗോള വിപണികള്‍ക്ക് ആഹ്ലാദിക്കാന്‍ മറ്റൊന്നും ആവശ്യമില്ലല്ലോ. യുഎസ് വിപണികള്‍ ഉള്‍പ്പടെയുള്ളവ സമീപകാലത്തൊന്നുമുണ്ടാകാത്ത രീതിയില്‍ നേട്ടമുണ്ടാക്കി. കടപ്പത്ര ആദായം കുത്തനെ ഇടിയുകയും ചെയ്തു. മഹാവിര്‍ ജയന്തി പ്രമണിച്ച് ഇന്ത്യന്‍ വിപണികള്‍ക്ക് അവധിയായതിനാല്‍ പെട്ടന്നുള്ള നേട്ടത്തിന്റെ പ്രതിധ്വനികള്‍ സ്വീകരിക്കാന്‍ രാജ്യത്തെ നിക്ഷേപകര്‍ക്കായില്ല. എങ്കിലും വലിയൊരു മുന്നേറ്റത്തിന്റെ സാധ്യത താത്കാലികമായെങ്കിലും വിപണിയിലുണ്ട്.
ട്രംപിന്റെ ട്രിപ്പീസ്
90 ദിവസത്തെ താത്കാലിക വെടിനിര്‍ത്തലാണ് ട്രംപിന്റെ പുതിയ കാര്‍ഡ്. കൂടുതല്‍ കാലത്തേയ്ക്ക് താരിഫ് നടപ്പാക്കല്‍ നീട്ടിയില്ലെങ്കില്‍ വീണ്ടും അനിശ്ചിതത്വത്തിന്റെ കാലംവരും. നീക്കുപോക്കിന്റെ ഇടവേളയായി വേണമെങ്കില്‍ ഇതിനെ കാണാം. താരിഫിന്റെ കാര്യത്തില്‍ ഒരു തീരുമാനമായില്ലെങ്കില്‍ കയറ്റുമതി രാജ്യങ്ങളും ഇറക്കുമതി രാജ്യങ്ങളും ആഘാതം ഏറ്റെടുക്കേണ്ടിവരും. കയറ്റുമതിക്കാര്‍ക്ക് ഉത്പാദന ചെലവില്‍ കാര്യമായ വര്‍ധനവുണ്ടാകും. ഇന്ത്യയിലെ മാനുഫാക്ചറിങ് കമ്പനികളുടെ ഉത്പാദന ചെലവ് ഉയരും. സോഫ്റ്റ്‌വെയര്‍ കമ്പനികള്‍ക്ക് നേരിട്ട് ആഘാതമേല്‍ക്കില്ലെങ്കിലും പരോക്ഷമായ പ്രതിഫലനങ്ങള്‍ വിട്ടൊഴിയുകയില്ല.
യുഎസിലെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ പണം ചെലവഴിക്കേണ്ട സാഹചര്യമുണ്ടാകും. വിലക്കയറ്റത്തിന്റെ ഭീകരരൂപം വീണ്ടും ശക്തിയാര്‍ജിക്കും. ഈ സാധ്യതകളാണ് വരുംദിവസങ്ങളില്‍ വിപണിയെ സ്വാധീനിക്കുക. പുതിയൊരു സാഹചര്യമാണ് വിപണിയില്‍ രൂപപ്പെട്ടിരിക്കുന്നത്. നിരവധി തകര്‍ച്ചകള്‍ നേരിട്ടിട്ടുണ്ടെങ്കിലും സമാനമായ സാഹചര്യം വിപണിക്ക് അന്യമാണ്. അതുകൊണ്ടുതന്നെ ചരിത്രം വിലയിരുത്തിക്കൊണ്ടുള്ള അനുമാനത്തിന് പ്രസക്തിയില്ല.
ഭൗമരാഷ്ടീയ സംഘര്‍ഷങ്ങളും താരിഫ് യുദ്ധവും ഉള്‍പ്പെടുന്ന ലോക സമ്പദ്‌വ്യവസ്ഥ അനിശ്ചിതാവസ്ഥയില്‍തന്നയാണ്. ആഘാതം താല്‍ക്കാലികമായി കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും പോക്ക് എങ്ങോട്ടാണെന്ന് അനുമാനിക്കാന്‍ കഴിയാത്ത സാഹചര്യം. ട്രംപിന്റെ രോഷം രാജ്യങ്ങളിലും വ്യവസായങ്ങളിലും വിതരണ ശൃംഖലകളിലും എപ്രകാരം പ്രതിഫലിക്കുമെന്ന് മനസിലാക്കുക എളുപ്പമല്ല. ട്രംപ് താരിഫുകളുടെ സമയക്രമം കണക്കാക്കാന്‍ കഴിയാത്ത സാഹചര്യവുമാണല്ലോ. ക്രമരഹിതമായ തീരുമാനങ്ങള്‍ ട്രംപില്‍ മാത്രം ഒതുങ്ങിക്കിടക്കുകയാണ്. അതുകൊണ്ടുതന്നെ ഇന്നത്തെ സാഹചര്യമല്ല നാളെയുണ്ടാകുന്നത്. തീരുമാനങ്ങള്‍ മാറിമറിയുന്നു.
മൂല്യനിര്‍ണയം അനിവാര്യം
ട്രംപ് താരിഫിനെപോലെ വിപണിയുടെ നീക്കവും പ്രവചനാതീതമാണ്. താത്കാലികമായുള്ള പ്രതികരണം അവഗണിക്കുന്നതാകും ഉചിതം. മികച്ച മൂല്യത്തില്‍ നിക്ഷേപിക്കുന്നതിനോടൊപ്പം പണലഭ്യത ഉറപ്പാക്കാന്‍ നിക്ഷേപകര്‍ ശ്രദ്ധിക്കണം. അതിനായി ല്വിക്വിഡ്, മണിമാര്‍ക്കറ്റ് ഫണ്ടുകളില്‍ പണം നിക്ഷേപിക്കാം. സ്ഥിര നിക്ഷേപ പദ്ധതികളിലും നിശ്ചിത തുക വകയിരുത്താം. അസ്ഥിരതയുടെ കാലത്ത് പണം കൈവശം ഉണ്ടായിരിക്കുകയെന്നത് നിര്‍ണായകമാണ്.
ഏതായാലും അടുത്ത ദിവസം വിപണിയിലുണ്ടാകാനിടയുള്ള പ്രതികരണം രാജ്യത്തെ വിപണികള്‍ക്ക് അനുകൂലമാണ്. ട്രംപിന്റെ വെടിനിര്‍ത്തലിനെ തുടര്‍ന്നുള്ള ആഗോള വിപണിയിലെ മുന്നേറ്റവും റിസര്‍വ് ബാങ്ക് രണ്ടാം തവണ നിരക്ക് കുറച്ചതും വിപണിയില്‍ പ്രതിഫലിക്കാതിരിക്കില്ല. ട്രംപിന്റെ പ്രഖ്യാപനത്തെ തുടര്‍ന്ന് യുഎസ് സൂചികകളും പിന്നാലെ ഏഷ്യന്‍ വിപണികളും വന്‍കുതിപ്പാണല്ലോ നടത്തിയത്. കനത്ത ചാഞ്ചാട്ടത്തിന്റെ ദിനങ്ങള്‍ വിപണി പിന്നിട്ടുകഴിഞ്ഞുവെന്ന് കരുതേണ്ടതുമില്ല.
Content Highlights: Trump`s Tariff Truce:Analysis of marketplace reactions and concern strategies.
![]()
മാതൃഭൂമി.കോം വാട്സാപ്പിലും








English (US) ·