അഫ്ഗാൻ പരമ്പരയിൽനിന്ന് ഹർഷിത് റാണ പുറത്ത്, പകരക്കാരനായി യുവപേസർ; 2 താരങ്ങൾക്ക് ഫിറ്റ്നസ് കിട്ടി, ബുമ്രയുടെ കാര്യത്തിൽ അനിശ്ചിതത്വം

1 week ago 2

ഓൺലൈൻ ഡെസ്‌ക്

Published: September 10, 2026 01:05 PM IST Updated: September 10, 2026 02:05 PM IST

1 minute Read

ഇംഗ്ലണ്ടിനെതിരായ ട്വന്റി20 മത്സരത്തിനിടെ ഇന്ത്യൻ  താരം ഹർഷിത് റാണ. (Facebook/IndianCricketTeam)
ഇംഗ്ലണ്ടിനെതിരായ ട്വന്റി20 മത്സരത്തിനിടെ ഇന്ത്യൻ താരം ഹർഷിത് റാണ. (Facebook/IndianCricketTeam)

ബെംഗളൂരു ∙ അഫ്ഗാനിസ്ഥാനെതിരായ 3 ട്വന്റി20 മത്സര പരമ്പരയ്ക്കായുള്ള ഇന്ത്യൻ ടീമിൽനിന്ന് പേസർ ഹർഷിത് റാണ പുറത്ത്. ബെംഗളൂരുവിലെ ബിസിസിഐ സെന്റർ ഫോർ എക്സലൻസിൽ പരിശീലനത്തിനിടെ ഹർഷിതിന് വീണ്ടും പരുക്കേറ്റതായാണ് വിവരം. പുതിയ പരുക്ക് ഏതു തരത്തിലുള്ളതാണെന്നു വ്യക്തമല്ലെങ്കിലും താരത്തെ പരമ്പരയിൽനിന്ന് ഒഴിവാക്കുകയായിരുന്നു. പകരം വിദർഭ പേസർ യഷ് ഠാക്കൂറിനെ ടീമിലുൾപ്പെടുത്തി. സിംബാബ്‌വെയ്‌ക്കെതിരായ ട്വന്റി20 പരമ്പരയിൽ യഷ് ഠാക്കൂർ അരങ്ങേറ്റം കുറിച്ചിരുന്നു. ജൂലൈയിൽ, ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി20യിലാണ് ഹർഷിത് റാണ അവസാനമായി കളിച്ചത്. ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിലും ഹർഷിതിനു പകരം യഷ് ഠാക്കൂർ കളിക്കും. 

What you should work next

ഹർഷിതിനെ കൂടാതെ ജസ്പ്രീത് ബുമ്ര, നിതീഷ് കുമാർ റെഡ്ഡി, വാഷിങ്ടൻ സുന്ദർ എന്നിവരെയാണ് കായികക്ഷമത തെളിയിക്കണമെന്ന നിബന്ധനയോടെ ടീമിൽ ഉൾപ്പെടുത്തിയിരുന്നത്. ഇതിൽ നിതീഷ് കുമാർ റെഡ്ഡിയും വാഷിങ്ടൻ സുന്ദറും ഫിറ്റ്‌നസ് തെളിയിച്ചെന്നാണ് വിവരം. ഇരുവരും ഇന്നു ഡൽഹിയിൽ ടീമിനൊപ്പം ചേർന്നേക്കും. ‘‘സുന്ദറും റെഡ്ഡിയും കുറച്ചുനാൾ മുൻപ് തന്നെ പൂർണ്ണ ഫിറ്റ്‌നസ് വീണ്ടെടുത്തിരുന്നു. ഇരുവരും ബെംഗളൂരുവിലെ ബിസിസിഐ സെന്റർ ഓഫ് എക്സലൻസിൽ വച്ച് നടത്തിയ ഫിറ്റ്‌നസ് ടെസ്റ്റുകളും മാച്ച് സിമുലേഷനുകളും വിജയകരമായി പൂർത്തിയാക്കി.’’– ബിസിസിഐയുമായി അടുത്തവൃത്തം പറഞ്ഞു.

സിംബാബ്‌വെയ്‌ക്കെതിരായ ട്വന്റി20 മത്സരത്തിനിടെ യഷ് ഠാക്കൂർ. (Photo by Jekesai NJIKIZANA / AFP)

സിംബാബ്‌വെയ്‌ക്കെതിരായ ട്വന്റി20 മത്സരത്തിനിടെ യഷ് ഠാക്കൂർ. (Photo by Jekesai NJIKIZANA / AFP)

ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിന മത്സരത്തിനിടെയാണ് വാഷിങ്ടൻ സുന്ദറിനു പരുക്കേറ്റത്. തുടർന്ന് ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര താരത്തിന് നഷ്ടമായിരുന്നു. ജൂണിൽ അഫ്ഗാനിസ്ഥാനെതിരെയുള്ള ഏകദിനത്തിലാണ് നിതീഷ് കുമാർ റെഡ്ഡിക്ക് പരുക്കേറ്റത്. ഹാർദിക് പാണ്ഡ്യയുടെ അഭാവത്തിൽ ടീമിൽ നിതീഷ് കുമാർ റെഡ്ഡിയുടെ സാന്നിധ്യം നിർണായകമാണ്. സിഒഇയിൽ ബോളിങ്ങിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച താരം, ബോളിങ് വേഗത വർധിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.

അതേസമയം, സൂപ്പർ താരം ജസ്പ്രീത് ബുമ്രയുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. താരത്തിന് പൂർണമായ ഫിറ്റ്നസ് ക്ലിയറൻസ് ലഭിച്ചിട്ടില്ലെന്നാണ് സൂചന. ഇന്നു താരം ചില ടെസ്റ്റുകൾക്ക് വിധേയനാകുമെന്നും വിവരമുണ്ട്. ഈ മാസം 13, 15, 17 തീയതികളിലാണ് അഫ്ഗാനിസ്ഥാനെതിരായ ട്വന്റി20 പരമ്പര. എല്ലാം മത്സരങ്ങളും ഡൽഹിയിലെ അരുൺ ജയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ്.

പരമ്പരയ്ക്കുള്ള ഇന്ത്യൻ താരങ്ങൾ ഇന്നു ‍ഡൽഹിയിലെത്തും. ഈ മാസം നടക്കാനിരിക്കുന്ന ഏഷ്യൻ ഗെയിംസിനുള്ള അതേ ടീമിനെയാണ് അഫ്ഗാൻ പരമ്പരയ്ക്കും നിയോഗിച്ചിരിക്കുന്നത്.ശ്രേയസ് അയ്യർ നയിക്കുന്ന ടീമിൽ മലയാളി താരം സഞ്ജു സാംസണും കൗമാരതാരം വൈഭവ് സൂര്യവംശിയും ഉൾപ്പെടെയുള്ളവരുമുണ്ട്.

English Summary:

Harshit Rana is reportedly retired of the Indian T20 bid against Afghanistan owed to a caller wounded sustained during grooming successful Bengaluru. While authoritative confirmation is pending from the BCCI, this improvement impacts the squad selection, with Washington Sundar and Nitish Kumar Reddy reportedly clearing their fittingness tests.

Read Entire Article