അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണം; വിസ്മയ മോഹൻലാലിനെതിരായ സൈബർ ആക്രമണത്തെ അപലപിച്ച് സിപിഐ

1 month ago 5

നീറ്റ് ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് രാജ്യത്ത് നടക്കുന്ന വിദ്യാർത്ഥി പ്രതിഷേധങ്ങൾക്ക് പിന്തുണ അറിയിച്ച വിസ്മയ മോഹൻലാലിനെതിരായ സൈബർ ആക്രമണത്തെ ശക്തമായി അപലപിച്ച് സിപിഐ രംഗത്ത്. വിസ്മയയ്‌ക്കെതിരായ ഓൺലൈൻ അധിക്ഷേപങ്ങളും വ്യക്തിപരമായ ആക്രമണങ്ങളും ജനാധിപത്യ മൂല്യങ്ങൾക്കെതിരായ നടപടിയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു.

അനുഗ്രഹീത കലാകാരിയായ വിസ്മയ മോഹൻലാലിനൊപ്പമാണ് സിപിഐ നിലകൊള്ളുന്നതെന്ന് ബിനോയ് വിശ്വം പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യം ഉപയോഗിച്ച ഒരാളെ സംഘടിതമായി ലക്ഷ്യമിട്ട് നടത്തുന്ന സൈബർ വേട്ടയ്‌ക്കെതിരെ ജനാധിപത്യ ബോധമുള്ള സമൂഹം ശക്തമായി പ്രതിഷേധിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തങ്ങൾക്ക് ഇഷ്ടമല്ലാത്ത ആശയങ്ങളെയും അഭിപ്രായങ്ങളെയും സംസ്കാരശൂന്യമായ രീതിയിൽ ആക്രമിക്കുന്നതാണ് സംഘപരിവാർ രാഷ്ട്രീയത്തിന്റെ ശൈലിയെന്ന് ബിനോയ് വിശ്വം ആരോപിച്ചു. അഭിപ്രായ വ്യത്യാസങ്ങളെ സംവാദത്തിലൂടെ നേരിടുന്നതിന് പകരം ഭീഷണിയും അധിക്ഷേപവും പ്രചരിപ്പിക്കുന്ന പ്രവണത അപകടകരമാണെന്നും അദ്ദേഹം വിമർശിച്ചു.

അതേസമയം, മുൻ മന്ത്രി പി. പ്രസാദും വിസ്മയയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. സംഘപരിവാർ അനുകൂല സോഷ്യൽ മീഡിയ ഹാൻഡിലുകൾ നടത്തുന്ന സൈബർ ആക്രമണങ്ങൾ അപലപനീയമാണെന്നും, സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ഭാഷ ഉപയോഗിച്ച് നടത്തുന്ന പ്രചാരണങ്ങൾ സമൂഹത്തിന് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

Read Entire Article