ഏപ്രില്‍ ഏഴു മുതലുള്ള ഒന്നര മാസക്കാലം 13.3 ശതമാനം നേട്ടവുമായി ഇന്ത്യന്‍ ഓഹരി വിപണി ആകര്‍ഷകമായ കുതിപ്പാണ് കാഴ്ചവെച്ചത്. അമേരിക്ക പകരച്ചുങ്കം നിര്‍ത്തിവെച്ചതോടെയായിരുന്നു ഇതിന്റെ തുടക്കമെങ്കിലും ഇന്ത്യാ-പാക് വെടി നിര്‍ത്തല്‍ കരാര്‍ വന്നതോടെ കൂടുതല്‍ പിന്തുണ ലഭിച്ചു. ആറേഴുമാസത്തെ ഇടവേളയ്ക്കു ശേഷം ഏപ്രില്‍ പകുതിയില്‍ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ കരുതലോടെ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ചു. എങ്കിലും മൊത്തത്തിലുള്ള വരവ് അത്രയധികമായിരുന്നില്ല. കൂടുതല്‍ നിക്ഷേപം വരണമെങ്കില്‍ ആഗോള സ്ഥിതിഗതികള്‍ കൂടുതല്‍ മെച്ചപ്പെടണമായിരുന്നു. പകരച്ചുങ്കം ഇല്ലാതായതോടെ വ്യാപാര യുദ്ധ ഭീഷണി കുറഞ്ഞു. വിദേശ നിക്ഷേപകര്‍ക്ക് അത് പ്രോത്സാഹനജനകമായി. എന്നാല്‍, ഇതിന്റെ പ്രഥമിക ഗുണഭോക്താക്കള്‍ ഇതര ഏഷ്യന്‍ രാജ്യങ്ങളായ ചൈന, ജപ്പാന്‍, തായ്വാന്‍ തുടങ്ങിയവയായിരുന്നു. ഇന്ത്യയില്‍ നിന്നു പിന്‍വലിച്ച വിദേശ നിക്ഷേപങ്ങളധികവും പോയത് ഈ രാജ്യങ്ങളിലേക്കാണ്.
വരുംദിവസങ്ങളില്‍ അമേരിക്കയുടെ സാമ്പത്തിക മേഖലയിലുണ്ടാകുന്ന മാറ്റങ്ങള്‍ വിദേശ നിക്ഷേപകര്‍ ജാഗ്രതയോടെ നിരീക്ഷിക്കുമെന്നു വേണം കരുതാന്‍. അമേരിക്കന്‍ ജനപ്രതിനിധി സഭ അംഗീകരിച്ച മെഗാ ബജറ്റിന്മേല്‍ വരാനിരിക്കുന്ന ചര്‍ച്ചയാണ് അതില്‍ പ്രധാനം. യുഎസ് സര്‍ക്കാരിന്റെ കടം പതിറ്റാണ്ടിനിടെ മൂന്ന് ലക്ഷം കോടി ഡോളറായി ഉയരാവുന്ന നികുതിയിളവുകളും ചിലവുകളും മറ്റും ഉള്‍പ്പെടുന്നതായിരിക്കും ഈ ബജറ്റ്. 2024ല്‍ 100 ശതമാനം എന്നുകണക്കാക്കിയിരുന്ന കടം-ജിഡിപി അനുപാതം 124 ശതമാനമാകുമെന്നാണ് വിലയിരുത്തല്‍. നികുതിയിളവുകള്‍ പ്രതിവര്‍ഷ ധന ബാധ്യതകള്‍ വര്‍ധിപ്പിക്കും. ഉല്‍ക്കണ്ഠയോടെയാണ് ഓഹരി വിപണി ഇക്കാര്യം നിരീക്ഷിക്കുന്നതെന്ന് യുഎസ് 10 വര്‍ഷ ബോണ്ട് യീല്‍ഡ് 4.5 ശതമാനത്തിനു മുകളിലേക്കു കുതിച്ചതില്‍ നിന്നു വ്യക്തമാണ്. യുഎസിന്റെ ക്രെഡിറ്റ് റേറ്റിംഗ് താഴ്ത്തിയ മൂഡീസ് കണക്കുകളുടെ ചുവടുപിടിച്ചാണ് ഇതു സംഭവിച്ചത് എന്നത് ശ്രദ്ധേയം. സമയപരിധി തീരാറായ 14 ട്രില്യണ്‍ ഡോളറോളം വരുന്ന യുഎസ് കടം കൂടിയ പലിശ നിരക്കില്‍ പുതുക്കുന്നതു സംബന്ധിച്ച് ആശങ്ക നിലവിലുണ്ട്. ധനപരമായ ഈ സന്ദേഹങ്ങള്‍ യുഎസ് വിപണിയില്‍ പിന്‍വാങ്ങലിന് ഇടയാക്കിയേക്കാം. ഇത് ജാപ്പനീസ് കടപ്പത്രങ്ങളും ഏഷ്യന്‍ ഇക്വിറ്റികളും ഉള്‍പ്പെടുന്ന വികസ്വര വിപണികളുടെ ആകര്‍ഷണീയത വര്‍ധിപ്പിക്കും. വിപണിയിലെ ആശങ്കയകറ്റുന്നതിന് യുഎസ് ബജറ്റ് ബില്‍ മയപ്പെടുത്തേണ്ടത് ആവശ്യമാണ്.
പ്രതീക്ഷിച്ചതിലും മെച്ചമായ മാര്‍ച്ച് പാദ കമ്പനി ഫലങ്ങളെത്തുടര്‍ന്ന് ഇന്ത്യയില്‍ ഈയിടെ ഉണ്ടായ കുതിപ്പ് നിലനില്‍ക്കണമെങ്കില്‍ പ്രതീക്ഷ നല്‍കുന്ന പുതിയ ഘടകങ്ങള്‍ വേണ്ടിവരും. 2025 സാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍ മുന്‍വര്‍ഷത്തെയപേക്ഷിച്ച് ഓഹരി വരുമാനം (EPS) 10 ശതമാനം വര്‍ധിച്ചിട്ടുണ്ട്. ഇത് അത്ഭുതകരമാണെങ്കിലും നിലവില്‍ ഈ വര്‍ഷം കണക്കാക്കുന്ന പിഇ അനുപാതമായ 20.5 മടങ്ങ് നീതീകരിക്കാന്‍ മതിയാവില്ല. ലാഭം മെച്ചപ്പെടണമെങ്കില്‍ കൂടുതല്‍ വിശാലമായ സാമ്പത്തിക അടിത്തറ വേണ്ടിവരും.
യുഎസ് വായ്പാ ശേഷി തരംതാഴ്ത്തപ്പെടുകയും ഏറ്റവും അഭിമതമായ രാജ്യം എന്ന പദവി നഷ്ടമാവുകയും ചെയ്യുന്ന സാഹചര്യം സൃഷ്ടിച്ച ഗതിമാന്ദ്യം കാരണം ഹ്രസ്വ കാലയളവില്‍ ഐടി, ഫാര്‍മ ഓഹരികളുടെ പ്രകടനം പിന്നോട്ടു പോയേക്കാം. അമേരിക്കയുടെ ക്രെഡിറ്റ് റേറ്റിംഗിലുണ്ടായ ഇടിവും പ്രിസ്‌ക്രിപ്ഷന്‍ മരുന്നുകളുടെ കാര്യത്തില്‍ അവര്‍ കൈക്കൊണ്ട പുതിയ തീരുമാനവും ഈ മേഖലയിലെ മികച്ച കമ്പനികളുടെ നാലാം പാദഫലങ്ങളിലുണ്ടായ ഇടിവും ഇതിന്റെ പ്രധാന കാരണങ്ങളാണ്. പ്രതീക്ഷ നല്‍കുന്ന ഘടകങ്ങളുടെ അഭാവവും യുഎസ് സാമ്പത്തിക ഭദ്രതയുടെ കാര്യത്തില്‍ ഉണ്ടായ ആശങ്കകളും നിക്ഷേപകരെ ലാഭമെടുപ്പിനും ജാഗ്രത പുലര്‍ത്താനും പ്രേരിപ്പിച്ചിട്ടുണ്ട്. ഇന്ത്യാ-യുഎസ് വ്യാപാര കരാറിന്റെ കാര്യത്തില്‍ ഇനിയും വ്യക്തത കൈവരാത്ത സാഹചര്യത്തില്‍ ഇത് വ്യാപകമായ ഓഹരി വില്‍പനയിലേക്കു നയിച്ചിട്ടുണ്ട്. ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കാലയളവില്‍ ഏറ്റവും കൂടുതല്‍ ഓഹരികള്‍ വാങ്ങിയ ചെറുകിട നിക്ഷേപകര്‍ ഇപ്പോള്‍ ലാഭമെടുപ്പിന്റെ ഘട്ടത്തിലാണ്.
മധ്യകാലയളവില്‍ നോക്കിയാല്‍ ഒന്നാം പാദ ഫലങ്ങള്‍ മെച്ചമാവുമെന്ന പ്രതീക്ഷയുണ്ട്. 2025 സാമ്പത്തിക വര്‍ഷത്തെ അഞ്ച് ശതമാനത്തില്‍ കുറഞ്ഞ EPS വളര്‍ച്ചയും, പ്രത്യക്ഷ നികുതിയിളവുകളും, പണപ്പെരുപ്പത്തിലുണ്ടായ കുറവും, പലിശ നിരക്കില്‍ വന്നേക്കാവുന്ന ഇളവുകളും, കാര്‍ഷിക മേഖലയ്ക്ക് പ്രതീക്ഷ നല്‍കുന്ന മണ്‍സൂണ്‍ കാലവും, സര്‍ക്കാര്‍ പദ്ധതിച്ചിലവുകളുണ്ടാകുന്ന വര്‍ധനയുമാണ് ഈ പ്രതീക്ഷയ്ക്കു പിന്നില്‍. പണപ്പെരുപ്പം കുറയുമെന്ന വിലയിരുത്തലും രൂപ-ഡോളര്‍ വിനിമയ നിരക്ക് 85.5ല്‍ താഴൈയായ സ്ഥിതിയും സാമ്പത്തിക വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്ന നിലപാടെടുക്കാന്‍ റിസര്‍വ് ബാങ്കിനെ പ്രേരിപ്പിക്കുമെന്നു കരുതുന്നു. എങ്കിലും, 2026 സാമ്പത്തിക വര്‍ഷം ഒന്നാം പാദ ഫലങ്ങളുടെ പ്രകടനം സംബന്ധിച്ചും 15 ശതമാനത്തിനു മുകളിലുള്ള വരുമാന വളര്‍ച്ചാ നിരക്കിലേക്ക് മുന്നേറാന്‍ കഴിയുമോ എന്നതിനെക്കുറിച്ചും വ്യക്തമായ ചിത്രം ലഭിക്കാന്‍ ജൂണ്‍ അവസാനം വരെ കാത്തിരിക്കേണ്ടി വരും.
Content Highlights: Global Economic Headwinds and the Indian Equity Market: Navigating Uncertainty
ABOUT THE AUTHOR
വിനോദ് നായര്‍
ജിയോജിത് ഇന്‍വെസ്റ്റ്മെന്റ്സ് ലിമിറ്റഡിലെ ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകന്‍.
![]()
മാതൃഭൂമി.കോം വാട്സാപ്പിലും








English (US) ·