യുഎസിലെ തീരവു നയവുമായി ബന്ധപ്പെട്ട് ലോകത്ത് ഉയരുന്ന ആശയക്കുഴപ്പം വര്‍ധിച്ചിരിക്കുന്നു. ചൈനീസ് ഉത്പന്നങ്ങള്‍ക്ക് യുഎസ് 10 ശതമാനം അധിക നികുതി ചുമത്തിയത് ഫെബ്രുവരിയിലാണ്. മാര്‍ച്ചില്‍ 10 ശതമാനം കൂടി വര്‍ധിപ്പിച്ചു. ഇതോടെ ചൈനീസ് ഉത്പന്നങ്ങള്‍ക്ക് മേലുള്ള ശരാശരി നികുതി എട്ടുവര്‍ഷത്തിനിടെ പടി പടിയായി ഉയര്‍ന്ന് 39 ശതമാനമായിരിക്കുന്നു. ഇതിന് പുറമെ ഏതു രാജ്യത്തുനിന്നും ഇറക്കുമതി ചെയ്യുന്ന സ്റ്റീലിനും അലുമിനിയത്തിനും 25 ശതമാനം അധിക നികുതി ചുമത്തുകയും ചെയ്തിട്ടുണ്ട്.
ഇതിനോടുള്ള പ്രതികരണം എന്നനിലയില്‍ യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യോത്പന്നങ്ങള്‍ക്ക് ചൈന 10 മുതല്‍ 15 ശതമാനം വരെ നികുതി ഏര്‍പ്പെടുത്തി. നികുതിയുടെ ആഘാതം കുറയ്ക്കുന്നതിന് ചൈനീസ് നിര്‍മ്മാതാക്കള്‍ താരിഫ് കൈകാര്യം ചെയ്യാന്‍ പ്രത്യേക് തന്ത്രങ്ങള്‍ മെനയുകയാണ്. തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളായ വിയറ്റ്നാം, മലേഷ്യ, വടക്കേ അമേരിക്കന്‍ നാടുകളായ മെക്സിക്കോ, കാനഡ എന്നിവിടങ്ങളില്‍ യുഎസിന് സ്വ്തന്ത്ര വ്യാപാര ബന്ധങ്ങളുണ്ട്. താരിഫ് കൈകാര്യം ചെയ്യുന്നതിന് നിര്‍മാണ സ്ഥലം മാറ്റല്‍, മാതൃകയില്‍ മാറ്റം വരുത്തല്‍, ഉല്‍പന്നത്തിന്റെ സ്വഭാവ മാറ്റം എന്നിവയെല്ലാം ഇനി പ്രയോഗിച്ചു തുടങ്ങും. ഇവ നേരിടുന്നതിന്റെ ഭാഗമായി പ്രസിഡന്റ് ട്രംപ് മെക്സിക്കോയ്ക്കും കാനഡയ്ക്കും നികുതി ഏര്‍പ്പെടുത്തി ഇരുവരുമായുള്ള വ്യാപാര ബന്ധങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുകയാണ്.
ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നികുതി കര്‍ശനമായി പിരിക്കുമ്പോഴും മെക്സിക്കോയ്ക്കും കാനഡയ്ക്കുമെതിരെയുള്ള നികുതികളുടെ കാര്യത്തില്‍ അനിശ്ചിതത്വം നില നില്‍ക്കുന്നു. ജനുവരിയില്‍ പ്രഖ്യാപിച്ച് ഫെബ്രുവരി മുതല്‍ ഈടാക്കുമെന്ന് പറഞ്ഞെങ്കിലും മാര്‍ച്ചിലേക്കു നീട്ടി. മെക്സിക്കോയില്‍ നിന്നും കാനഡയില്‍ നിന്നുമുള്ള ഇറക്കുമതിക്ക് 25 ശതമാനം നികുതി ഏര്‍പ്പെടുത്തുന്നതായി മാര്‍ച്ച് നാലിന് പ്രഖ്യാപനം വന്നു. മാര്‍ച്ച് ആറോടെ മിക്കവാറും നികുതികള്‍ റദ്ദാക്കുകയും തെരഞ്ഞെടുക്കപ്പെട്ട ചില ഉത്പന്നങ്ങള്‍ക്കു മാത്രം നികുതി ചുമത്തി തുടങ്ങുകയും ചെയ്തു.
ബദല്‍ നടപടികള്‍ കാനഡയും കൈക്കൊണ്ടു. യുഎസിന് നല്‍കുന്ന വൈദ്യുതിക്ക് 25 ശതമാനം നികുതി ഏര്‍പ്പെടുത്തുമെന്ന ഭീഷണിയായിരുന്നു അവയിലൊന്ന്. ഇത് താത്ക്കാലികമായി ഉപേക്ഷിച്ചെങ്കിലും കാനഡയില്‍ നിന്നുള്ള സ്റ്റീലിനും അലുമിനിയത്തിനും 50 ശതമാനം നികുതി ചുമത്തുമെന്നു ട്രംപ് ഭീഷണിയുയര്‍ത്തി. വ്യാപാര സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുമ്പോഴും രാജ്യം തിരിച്ചുള്ള നികുതി സാധ്യത അവശേഷിക്കുകയാണ്. ഇത്തരത്തിലുള്ള നടപടികള്‍ ഒഴിവാക്കാനും യുഎസുമായുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനും അവരുമായി ഒരു സ്വതന്ത്ര വ്യാപാര കരാറിന്റെ പണിപ്പുരയിലാണ് ഇന്ത്യ.
യുഎസിന്റെ കടുത്ത വ്യാപാര നികുതികളും കര്‍ശനമായ കുടിയേറ്റ വ്യവസ്ഥയും (പ്രത്യേകിച്ച് ചൈനയ്ക്കെതിരെയുള്ളത്) സാമ്പത്തിക മേഖലയിലും ഓഹരി വിപണിയിലും വലിയ അനിശ്ചിതത്വം സൃഷ്ടിക്കുന്നുണ്ട്. ഈ നടപടികള്‍ നേട്ടത്തിന് പകരം യുഎസിന് വന്‍ സാമ്പത്തിക നഷ്ടമാണുണ്ടാക്കുകയെന്നും വിലയിരുത്തലുണ്ട്. വിലക്കയറ്റം നിലനില്‍ക്കുമെന്നതാണ് പ്രധാന കെടുതികളിലൊന്ന്. 2020 മുതല്‍ വിലക്കയറ്റം ദീര്‍ഘകാല ശരാശരിക്കു മുകളിലാണ്.
പലിശ നിരക്ക് 4.5 ശതമാനത്തില്‍ നിന്ന് 2.5 ശതമാനമാക്കി കുറച്ച് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പ്രായോഗികമായ നയം സ്വീകരിച്ചപ്പോള്‍ യുഎസ് കേന്ദ്ര ബാങ്കായ ഫെഡ് 4.5 ശതമാനത്തില്‍ തന്നെ തുടരുകയാണ്. ഭാവിയില്‍ നിരക്കു കുറയ്ക്കുന്നതിന്റെ സൂചനകളൊന്നും അവര്‍ പ്രകടിപ്പിക്കുന്നില്ല. എന്നാല്‍ യൂറോപ്യന്‍ കേന്ദ്ര ബാങ്ക് പലിശ ഇനിയും കുറയ്ക്കുമെന്ന സൂചന നല്‍കിയിട്ടുണ്ട്.
നികുതി ഇളവുകള്‍ അനുവദിക്കുകയും നികുതി വരുമാനം സമ്പദ്‌വ്യവസ്ഥയിലേക്കു കൊണ്ടുവരികയും ചെയ്തില്ലെങ്കില്‍ ഈ നയങ്ങളുടെ ദോഷഫലം കൂടുതല്‍ അനുഭവിക്കാന്‍ പോകുന്നത് യുഎസ് തന്നെയാണ്. മാത്രമല്ല, ഈയിടെ പുറത്തുവന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത് സാമ്പത്തിക വേഗക്കുറവാണ്. തൊഴിലില്ലായ്മാ നിരക്ക് 4.1 ശതമാനമായിരിക്കുന്നു. അടിസ്ഥാന ഉപഭോക്തൃ വിലസൂചിക ദീര്‍ഘകാല ശരാശരിക്കു മുകളില്‍ 3.3 ശതമാനമാണ്. ഉപഭോക്തൃ ഡിമാന്റ് ഡിസമ്പറിലെ 74ല്‍ നിന്ന് ഫെബ്രുവരിയില്‍ 6.4 ശതമാനമായി കുറയുകയും ചെയ്തിരിക്കുന്നു.
യുഎസ് ദേശീയ നയത്തിലെ അനിശ്ചിതത്വവും ദുര്‍ബലമായ സാമ്പത്തിക കണക്കുകളും ഇപ്പോള്‍ ഓഹരി വിപണിയെ ബാധിക്കുന്നുണ്ട്. ഒരു മാസം മുമ്പുള്ള 108 ല്‍ നിന്ന് യുഎസ് ഡോളര്‍ സൂചിക 103.5 ലേക്ക് താഴ്ന്നിരിക്കുന്നു. നേരത്തേ ഇത് 110 വരെ ഉയര്‍ന്നിരുന്നു. ഡോളര്‍ സമ്പദ്‌വ്യവസ്ഥ ദുര്‍ബലമാകുന്നതിന്റെ സൂചനയാണിത്. എന്നാല്‍ കഴിഞ്ഞ ഒരു മാസമായി സര്‍ക്കാര്‍ നടപടികളുടെ പിന്തുണയോടെ യൂറോപ്പിലേയും ചൈനയിലേയും ഓഹരി വിപണികള്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ച വെക്കുന്നുണ്ട്. യൂറോപ്പില്‍ പ്രതിരോധ ചെലവുകള്‍ വര്‍ധിപ്പിക്കാനുള്ള നടപടികള്‍, യൂറോപ്യന്‍ കേന്ദ്ര ബാങ്കിന് കൂടുതല്‍ പണം, ചൈനീസ് സര്‍ക്കാരിന്റെ ഉത്തേജക നടപടികള്‍, നിര്‍മിത ബുദ്ധിയോടുള്ള ഭ്രമം കൂടിയതോടെ ഐടി ഓഹരികളിലുണ്ടായ കുതിപ്പ്, സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിന് സ്വകാര്യ പങ്കാളികളുമായി ചേരാനുള്ള സന്നദ്ധത എന്നിവയെല്ലാം ഗുണ ഫലങ്ങള്‍ സൃഷ്ടിച്ചു തുടങ്ങിയിട്ടുണ്ട്.
അവസാനത്തെ അഭയമെന്നു കരുതപ്പെടുന്ന, മികച്ച പ്രകടനത്തിന്റെ പശ്ചാത്തലമുള്ള യുഎസ് ഓഹരി വിപണി കഴിഞ്ഞ മാസം ദുര്‍ബലമായി. എസ് ആന്റ് പിയും നാസ്ദാഖും യഥാക്രമം 10, 14 ശതമാനം വീതം തിരുത്തല്‍ നേരിട്ടു. നികുതി നയം, അന്തര്‍ദേശയ നയങ്ങള്‍, പലിശ നിരക്കിളവ്, സാമ്പത്തിക വളര്‍ച്ച എന്നീ കാര്യങ്ങളില്‍ വ്യക്തവരാത്തിടത്തോളം സ്ഥിതിഗതികള്‍ ഇതേ നിലയില്‍ തുടരാനാണ് സാധ്യത. യുഎസിന്റെ ഒരു വര്‍ഷം മുന്നോട്ടുള്ള പിഇ അനുപാതം 24 x ല്‍ നിന്നും 21 x ആയി കുറഞ്ഞുവെങ്കിലും ഇപ്പോഴും ഉയര്‍ന്ന നിലയില്‍ തന്നെയാണ്. ട്രംപ് സൃഷ്ടിച്ച വ്യാപാര യുദ്ധം മാന്ദ്യം സൃഷ്ടിച്ചേക്കുമെന്ന ഭയം നിക്ഷേപകര്‍ക്കുണ്ട്.
യുഎസ് വിപണിയിലെ താഴ്ച ആഗോള വിപണിയില്‍ പ്രതിഫലിക്കുമെന്നും ലോക സമ്പദ്‌വ്യവസ്ഥയില്‍ വേഗക്കുറവു സൃഷ്ടിക്കുമെന്നും നിക്ഷേപകര്‍ ഭയപ്പെടുന്നു. ലോകത്തിലെ രണ്ടു വന്‍ശക്തികളായ യുഎസും ചൈനയും തമ്മിലുള്ള മുഖാമുഖം ആഗോള സാമ്പത്തിക മേഖലയുടെ വേഗം കുറയ്ക്കാന്‍ ഇടയുണ്ട്. ഭാഗ്യവശാല്‍, കുറഞ്ഞ ചരക്കു വ്യാപാരവും കൂടിയ തോതിലുള്ള സേവന കയറ്റുമതിയുമുള്ള ഇന്ത്യയ്ക്ക് ഇതിന്റെ ആഘാതം ചെറുക്കാന്‍ കെല്പുണ്ട്. ഭാവിയില്‍ ചരക്കു കയറ്റുമതി വര്‍ധിയ്ക്കാനിരിക്കേ, ഇന്ത്യയുടെ വളര്‍ച്ച ശക്തിപ്പെടുകയേ ഉള്ളു. യുഎസുമായി സ്വതന്ത്ര വ്യാപാരക്കരാറുണ്ടാക്കുന്നതിനുള്ള സര്‍ക്കാര്‍ നീക്കം ഇതിനു മികച്ച പിന്തുണ നല്‍കുകയും ചെയ്യും.
Content Highlights: Impact of US Trade Policies & Tariffs connected Global Markets.
ABOUT THE AUTHOR
വിനോദ് നായര്‍
ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകന്‍.
![]()
മാതൃഭൂമി.കോം വാട്സാപ്പിലും








English (US) ·