ഹ്രസ്വകാലയളവില്‍ നിഫ്റ്റി 50 സൂചിക 24,000 ത്തിനും 25,000 ത്തിനുമിടയില്‍ വ്യാപാരം നടത്താനാണ് സാധ്യത. ഇതിന് അനേകം കാരണങ്ങളുണ്ട്. കരുതലോടെയുള്ള ഈ നീക്കത്തിന് പ്രധാന കാരണം ആഗോള രാഷ്ട്രീയ സാഹചര്യങ്ങളാണ്. പ്രത്യേകിച്ച് ഇന്ത്യയും യുഎസുമായുള്ള വ്യാപാര ബന്ധത്തിന്റെ ഗതി, ട്രംപ്-പുതിന്‍ കൂടിക്കാഴ്ചയുടെ അനന്തര ഫലങ്ങള്‍, റഷ്യന്‍, ചൈനീസ് നേതാക്കളുമായുള്ള മോദിയുടെ വരാനിടയുള്ള കൂടിക്കാഴ്ചകള്‍ എന്നിവ നിര്‍ണായകമാണ്.
അമേരിക്ക ഇപ്പോള്‍ ചുമത്തിയിട്ടുള്ള 25 ശതമാനം പിഴച്ചുങ്കം പിന്‍വലിച്ചേക്കുമെന്ന പ്രതീക്ഷ വിപണിക്കുണ്ട്. അതൊരു സമ്മര്‍ദതന്ത്രമായി മാത്രമേ നിക്ഷേപകര്‍ കണക്കാക്കുന്നുള്ളു. ട്രംപും പുടിനും തമ്മില്‍ ഏര്‍പ്പെട്ടേക്കാവുന്ന കരാറിനെപ്പറ്റിയുള്ള വാര്‍ത്തകള്‍ താത്ക്കാലിക ആശ്വാസം നല്‍കുന്നുണ്ട്. അമേരിക്ക ചൈനയുടെമേല്‍ ചുമത്തിയിട്ടുള്ള അധിക തീരുവ നടപ്പിലാക്കുന്നത് 90 ദിവസത്തേക്കു മരവിപ്പിച്ചതും ഈ പ്രതീക്ഷയ്ക്ക് ആക്കംകൂട്ടുന്നു. അമേരിക്കയില്‍ പണപ്പെരുപ്പം ഉയരുന്നതിന്റെ സൂചനകള്‍ കണ്ടു തുടങ്ങിയിട്ടുണ്ട്.
ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമാക്കി കണക്കാക്കുന്ന പണപ്പെരുപ്പം ജൂലൈയില്‍ 3.1 ശതമാനത്തിലേക്കുയര്‍ന്നിട്ടുണ്ട്. മേയില്‍ ഇത് 2.8 ശതമാനമായിരുന്നു. ഓഗസ്റ്റ് 7-ാം തിയതിയിലെ കണക്കനുസരിച്ച് അമേരിക്കയിലെ ഇറക്കുമതിച്ചുങ്കം ഏകദേശം 18 ശതമാനമാണ്. 1934 നുശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ എല്ലാവരും കണക്കാക്കിയിരുന്നത് ഇതു വെറും മൂന്ന് ശതമാനം മാത്രമായിരിക്കുമെന്നാണ്. ഇതിന്റെ തുടര്‍ച്ചയായാണ് പണപ്പെരുപ്പം ആറ് മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി നില്‍ക്കുന്നത്. ഉയര്‍ന്ന ഇറക്കുമതിച്ചുങ്കം കാരണം ഇത് വരുംമാസങ്ങളില്‍ ഉയരാനാണിട. ഈ പണപ്പെരുപ്പക്കണക്കുകള്‍ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് നിശ്ചയിച്ചിട്ടുള്ള പണപ്പെരുപ്പ മാനദണ്ഡങ്ങളെയെല്ലാം മറികടന്നു പോകാനാണ് സാധ്യത. അങ്ങനെയെങ്കില്‍ ഹ്രസ്വകാലയളവില്‍ ഇനിയൊരു നിരക്കുകുറയ്ക്കല്‍ ഫെഡറല്‍ റിസര്‍വില്‍നിന്ന് പ്രതീക്ഷിക്കാന്‍ വയ്യ. എന്നാല്‍ തൊഴില്‍ കണക്കുകളിലുണ്ടാകാവുന്ന ഇടിവ് സെപ്റ്റംബര്‍ മാസത്തെ അവലോകന യോഗത്തില്‍ നിരക്കു കുറയ്ക്കുവാന്‍ യുഎസ് ഫെഡറല്‍ റിസര്‍വിനെ പ്രേരിപ്പിച്ചേക്കാവുന്ന ഒരു ഘടകമാണ്.
വിപണി ഇപ്പോഴും വിശ്വസിക്കുന്നത് അമേരിക്ക ഏര്‍പ്പെടുത്തിയ 25 ശതമാനം പിഴച്ചുങ്കം ഇന്ത്യയുടെ മേല്‍ നടപ്പാക്കില്ല എന്നാണ്. എന്നാല്‍ തുടര്‍ വ്യാപാര ചര്‍ച്ചകളെ ബാധിച്ചിരിക്കുന്ന മാന്ദ്യം വിപണിയില്‍ ആശങ്ക ജനിപ്പിച്ചിട്ടുമുണ്ട്. വളരുന്ന മറ്റു സമ്പദ്ഘടനകളെ അപേക്ഷിച്ച് ഇന്ത്യയുടെ വസ്ത്രം, കൃഷി, ഇലക്ട്രോണിക് ഉത്പന്നങ്ങള്‍, വാഹന നിര്‍മാണ ഘടകങ്ങള്‍, സമുദ്രോത്പന്നങ്ങള്‍, ആഭരണ, വജ്ര വ്യവസായങ്ങള്‍ എന്നിവയെ ഉയര്‍ന്ന ചുങ്കം പ്രതികൂലമായി ബാധിച്ചേക്കാവുന്ന സാഹചര്യമാണ് ഇപ്പോള്‍ നില നില്‍ക്കുന്നത്.
ഈ അനിശ്ചിതാവസ്ഥ വിപണിയെ കാര്യമായി സ്വാധീനിക്കുന്നുണ്ട്. അതിനാലാണ് നിഫ്റ്റി 50 സൂചിക 25,000 ത്തിനു താഴേക്കു പോയത്. അമേരിക്കയുമായി ഇടക്കാല വ്യാപാര കരാര്‍ സാധ്യമായേക്കുമെന്ന പ്രതീക്ഷയിലായിരുന്നു മുമ്പ് വിപണി. ഇന്ത്യാ-പാക് സന്ദര്‍ശത്തിന് ശേഷം ട്രംപും മോഡിയും തമ്മിലുള്ള സൗഹൃദം കാര്യമായി ഉലഞ്ഞിട്ടുണ്ട്. സമാധാന നീക്കത്തെപ്പറ്റിയും യുദ്ധത്തിനിടെ സംഭവിച്ച പ്രതിരോധ ആയുധ നഷ്ടങ്ങളെപ്പറ്റിയും ഇരു നേതാക്കളും ഉയര്‍ത്തിയ വ്യത്യസ്തമായ അവകാശ വാദങ്ങള്‍ സാഹചര്യം വഷളാക്കി. ഇതിനിടെ പാകിസ്ഥാന്‍ അമേരിക്കയുമായി തന്ത്രപരമായി കൂടുതല്‍ അടുത്തതും ഇന്ത്യക്കു തിരിച്ചടിയായി. ദീര്‍ഘകാലയളവില്‍ ഈ ഘടകങ്ങളെല്ലാം ട്രംപിന്റെ നിലപാടിനെ സ്വാധീനിക്കാനിടയുണ്ട്.
ഇന്ത്യാ-യുഎസ് ബന്ധത്തെ കൂടുതല്‍ സങ്കീര്‍ണമാക്കുന്ന മറ്റ് ഘടകങ്ങള്‍ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയും കാര്‍ഷിക, ക്ഷീര മേഖലകള്‍ അമേരിക്കന്‍ കമ്പനികള്‍ക്കായി തുറന്നുകൊടുക്കാനുള്ള വിമുഖതയുമാണ്. കാര്‍ഷിക മേഖലയെ സംരക്ഷിക്കുന്ന നിലപാടാണ് ഇന്ത്യ എക്കാലവും സ്വീകരിച്ചിട്ടുള്ളത്. ബ്രിട്ടനുമായി ഈയിടെ ഒപ്പിട്ട സ്വതന്ത്ര വ്യാപാരക്കരാറിലും യൂറോപ്യന്‍ യൂണിയനുമായി ഇപ്പോള്‍ നടക്കുന്ന വ്യാപാര ചര്‍ച്ചകളിലും ഇതേ നിലപാടു തന്നെയാണ് ഇന്ത്യ പിന്തുടരുന്നത്. റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയില്‍ സമീപ കാലത്ത് അല്പം കുറവുവന്നിട്ടുണ്ട്. അതിനു പ്രധാന കാരണം റഷ്യയുമായുള്ള സാമ്പത്തിക ഇടപാടുകള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ ഏര്‍പ്പെടുത്തിയ വിലക്കും അമേരിക്കന്‍ സമ്മര്‍ദവുമാണ്. എങ്കിലും സാമ്പത്തികവും തന്ത്രപരവുമായ കാരണങ്ങള്‍ മുന്‍നിര്‍ത്തി റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി തുടരാന്‍ തന്നെയാണ് ഇന്ത്യയുടെ തീരുമാനം.
ഈ സാഹചര്യത്തില്‍ കാത്തിരുന്നു കാണുക എന്ന തീരുമാനമാണ് വിപണി സ്വീകരിക്കുന്നത്. ആഭ്യന്തര ഉപഭോഗത്തില്‍ ഏറെ മുന്നില്‍നില്‍ക്കുന്ന എഫ്എംസിജി, സിമെന്റ്, ഉപഭോക്തൃ ഉത്പന്നങ്ങള്‍, ഇന്‍ഫ്രാസ്ട്രക്ചര്‍, ഫിനാന്‍സ്, എന്നീ മേഖലകളിലെ ഓഹരികള്‍ മികച്ച നിക്ഷേപ സാധ്യത നല്‍കുന്നുണ്ട്. കയറ്റമതി കേന്ദ്രീകൃതമായ ഐടി, ഫാര്‍മ ഓഹരികള്‍ ഹ്രസ്വകാലത്തേക്ക് വലിയ മുന്നേറ്റം പ്രകടിപ്പിക്കാനിടയില്ല. എന്നാല്‍ ടെക്നോളജി ഓഹരികളുടെ മൂല്യത്തില്‍ കുറവുവരുന്ന സാഹചര്യമുണ്ടായാല്‍ ദീര്‍ഘകാല നിക്ഷേപത്തിന് അവ പരിഗണിക്കാവുന്നതാണ്.
മൊത്തത്തില്‍ വിപണിയുടെ മുന്നേറ്റം മികച്ച മേഖലകളേയും ഓഹരികളേയും കേന്ദ്രീകരിച്ചായിരിക്കും. ഒരു വര്‍ഷത്തെ മുന്നോട്ടുള്ള പിഇ അനുപാതത്തിന്റെ 20 മടങ്ങിലാണ് ഓഹരികളുടെ വ്യാപാരം ഇപ്പോള്‍ നടക്കുന്നത്. ഈ നില യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടുന്നില്ല. നടപ്പുസാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തില്‍ പുറത്തുവന്ന 10 ശതമാനം കോര്‍പറേറ്റ് വളര്‍ച്ച കണക്കുകള്‍വെച്ചു പരിശോധിക്കുമ്പോള്‍ ഈ വില നിലവാരം ഏറെക്കുറെ ഊതി വീര്‍പ്പിച്ചതാണെന്നു പറയേണ്ടി വരും.
Content Highlights: Market Volatility: Navigating Geopolitical Factors and Shifting Monetary Policy
ABOUT THE AUTHOR
വിനോദ് നായര്‍
ജിയോജിത് ഇന്‍വെസ്റ്റ്മെന്റ്സ് ലിമിറ്റഡിലെ ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകന്‍.
![]()
മാതൃഭൂമി.കോം വാട്സാപ്പിലും








English (US) ·