ആത്മീയ നേതാവിന്റെ ആശ്രമം സന്ദർശിക്കാൻ അഞ്ചു കോടി പാരിതോഷികം? ആരോപണത്തിന് മറുപടിയുമായി വിരാട് കോലി

1 month ago 4

ഓൺലൈൻ ഡെസ്ക്

Published: October 07, 2026 08:56 PM IST

1 minute Read

അനുഷ്ക ശർമയും വിരാട് കോലിയും, ശ്രീ പ്രേമാനന്ദ് ഗോവിന്ദ് ശരൺ ജി മഹാരാജ് (എക്സിൽ നിന്നുള്ള ദൃശ്യം)
അനുഷ്ക ശർമയും വിരാട് കോലിയും, ശ്രീ പ്രേമാനന്ദ് ഗോവിന്ദ് ശരൺ ജി മഹാരാജ് (എക്സിൽ നിന്നുള്ള ദൃശ്യം)

ന്യൂഡൽഹി∙ ആത്മീയ നേതാവ് പ്രേമാനന്ദ് മഹാരാജിന്റെ വൃന്ദാവനിലെ ആശ്രമം സന്ദർശിക്കാൻ കോടികൾ കൈപ്പറ്റിയെന്ന ആരോപണം തള്ളി ഇന്ത്യൻ സൂപ്പർ താരം വിരാട് കോലി. കോലിക്കെതിരായ ആരോപണങ്ങൾ യാതൊരു അടിസ്ഥാനവുമില്ലാത്തതാണെന്ന് താരത്തിന്റെ വക്താവ് മാധ്യമങ്ങളോടു പറഞ്ഞു. ശ്രീകൃഷ്ണ ജന്മഭൂമി സംഘർഷ് ന്യാസ് എന്ന സംഘടനയുടെ പ്രസിഡന്റായ ഫലാഹരി മഹാരാജാണ് വിരാട് കോലിക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ച് രംഗത്തെത്തിയത്. ആത്മീയ ഗുരുവായ പ്രേമാനന്ദ് മഹാരാജിന്റെ ജനപ്രീതി വർധിപ്പിക്കുന്നതിനായി കോലിയെ ആശ്രമത്തിലേക്കു ക്ഷണിച്ചെന്നും ഇതിനായി താരത്തിന് അഞ്ച് കോടി രൂപ നൽകിയെന്നുമായിരുന്നു വെളിപ്പെടുത്തൽ.

What you should work next

‘‘അഗാധമായ വിശ്വാസം കാരണമാണ് വിരാട് കോലി പ്രേമാനന്ദ് മഹാരാജ് ജിയെ സന്ദർശിച്ചത്. ഇത്തരം ആരോപണങ്ങളെ ഞങ്ങള്‍ പൂർണമായും തള്ളിക്കളയുകയാണ്. ഇക്കാര്യത്തിൽ മാധ്യമങ്ങളും ജാഗ്രത പുലർത്തണം.’’– കോലിയുടെ വക്താവ് വ്യക്തമാക്കി. വിരാട് കോലിയോ ഭാര്യ അനുഷ്ക ശർമയോ പണം വാങ്ങിയതിന് തെളിവൊന്നും പുറത്തുവിടാതെയാണ് ഫലഹരി മഹാരാജ് ദിനേഷ് ശർമ ആരോപണമുയർത്തിയത്.

വിരാട് കോലിയും അനുഷ്ക ശർമയും രാധാ കേളി കുഞ്ച് ആശ്രമത്തിലെ പതിവ് സന്ദർശകരാണ്. 2023ലാണ് ഇരുവരും ആദ്യമായി ആശ്രമത്തിലെത്തി പ്രേമാനന്ദ് മഹാരാജിനെ കണ്ടത്. പിന്നീട് പല തവണ കോലിയും അനുഷ്കയും ആശ്രമത്തിലെത്തി. ട്വന്റി20, ടെസ്റ്റ് ഫോർമാറ്റുകളിൽനിന്നു വിരമിച്ച ശേഷം വിരാട് കോലി കുടുംബത്തോടൊപ്പം യുകെയിലാണ് താമസിക്കുന്നത്. ഏകദിന മത്സരങ്ങളുള്ളപ്പോൾ മാത്രം ഇന്ത്യയിലെത്തുന്ന കോലി, പരമ്പരയ്ക്കു ശേഷം യുകെയിലേക്കു തന്നെ മടങ്ങിപ്പോകുന്നതാണു പതിവ്.

ഇന്ത്യയിലെ തിരക്കുകളിൽനിന്നു മാറി കുഞ്ഞുങ്ങളെ വളർത്തുന്നതിനാണ് കോലിയും കുടുംബവും യുകെയിലേക്കു പോയതെന്ന് താരത്തിന്റെ സുഹൃത്ത് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. സുരക്ഷാ കാരണങ്ങളാൽ യുകെയിൽ കോലി എവിടെയാണു താമസിക്കുന്നതെന്ന വിവരവും പുറത്തുവിട്ടിട്ടില്ല.

English Summary:

Virat Kohli has powerfully denied allegations of receiving crores to sojourn spiritual person Premanand Maharaj's ashram. His spokesperson stated that the claims are baseless and urged the media to workout caution.

Read Entire Article