ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങാന്‍ സമയമായി. തെറ്റുകൂടാതെ സൂക്ഷ്മമായി റിട്ടേണ്‍ നല്‍കിയില്ലെങ്കില്‍ ആദായ നികുതി നോട്ടീസ് ലഭിക്കാന്‍ സാധ്യതയുണ്ട്. ശമ്പള വരുമാനക്കാരായ വ്യക്തികള്‍ക്ക് ആദായ നികുതി നോട്ടീസ് ലഭിക്കാനുള്ള പ്രധാന കാരണങ്ങള്‍ ഇതാ.
വരുമാനത്തിലെ പൊരുത്തക്കേടുകള്‍: തൊഴിലുടമ, ബാങ്കുകള്‍, മറ്റ് സ്രോതസ്സുകള്‍ എന്നിവ വഴി രേഖപ്പെടുത്തിയ വരുമാനം പൊരുത്തപ്പെടുന്നില്ലെങ്കില്‍ വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചേക്കാം.
അറിയിക്കാത്ത വരുമാനം: വാടക, പലിശ, ലാഭവീതം, ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍, പാര്‍ട് ടൈം ജോലി എന്നിവയില്‍നിന്നുള്ള വരുമാനം വെളിപ്പെടുത്താതിരുന്നാല്‍ നോട്ടീസ് ലഭിക്കാന്‍ സാധ്യതയുണ്ട്.
കിഴിവുകള്‍ തെറ്റായി രേഖപ്പെടുത്തുക: മതിയായ തെളിവുകളില്ലാത്തതും അര്‍ഹതയില്ലാത്തതുമായ കിഴിവുകളോ ഇളവുകളോ അവകാശപ്പെട്ടാല്‍ നോട്ടീസ് ലഭിച്ചേക്കാം. വ്യാജ വാടക രസീതുകള്‍ നല്‍കി എച്ച്ആര്‍എ ഇളവുകള്‍ ക്ലെയിം ചെയ്യുന്നത് ഉള്‍പ്പടെയുള്ളവ ഈ വിഭാഗത്തില്‍ വരുന്നു.
ഉയര്‍ന്ന മൂല്യമുള്ള ഇടപാടുകള്‍: വന്‍തുകയുടെ നിക്ഷേപം, വസ്തു ഇടപാട്, വലിയ തുകയുടെ സാമ്പത്തിക ഇടപാട് എന്നിവയുണ്ടെങ്കില്‍ ഐടി വിഭാഗത്തിന്റെ ശ്രദ്ധയില്‍പ്പെട്ടേക്കാം.
ഫോം 26എ.എസിലെ പൊരുത്തക്കേട്: നികുതി റിട്ടേണില്‍ വെളിപ്പെടുത്തിയ വരുമാനം പാനുമായി ബന്ധിപ്പിച്ചിട്ടുള്ള സമഗ്ര നികുതി സ്റ്റേറ്റുമെന്റായ ഫോം 26എ.എസില്‍ ലിസ്റ്റുചെയ്തിട്ടുള്ള ഇടപാടുകളുമായി യോജിക്കുന്നില്ലെങ്കില്‍ നോട്ടീസ് ലഭിക്കാന്‍ സാധ്യതയുണ്ട്.
റിട്ടേണ്‍ ഫയല്‍ ചെയ്യാതിരിക്കല്‍: നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാതിരിക്കുകയോ സമയപരിധി കഴിഞ്ഞിട്ടും നല്‍കാതിരിക്കുകയോ ചെയ്താല്‍ എന്തുകൊണ്ടാണ് വൈകിയതെന്ന് കാണിച്ച് നോട്ടീസ് ലഭിച്ചേക്കാം.
ക്രമരഹിത പരിശോധന: നികുതി നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും കൃത്യത പരിശോധിക്കാനും നികുതി വകുപ്പ് റിട്ടേണുകള്‍ ക്രമരഹിതമായി (Random Scrutiny) തിരഞ്ഞെടുത്ത് പരിശോധിക്കാറുണ്ട്.
വിദേശ വരുമാനവും ആസ്തികളും: വിദേശ വരുമാനമോ ആസ്തികളോ ഉണ്ടെങ്കില്‍ നികുതി വ്യവസ്ഥകള്‍ പ്രകാരം അവ വെളിപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടാല്‍ നോട്ടീസ് ലഭിക്കാന്‍ സാധ്യതയുണ്ട്.
വെളിപ്പെടുത്താത്ത വായ്പകളോ സമ്മാനങ്ങളോ: ചില സമ്മാനങ്ങളോ വായ്പകളോ റിപ്പോര്‍ട്ട് ചെയ്യാതിരുന്നാല്‍(പ്രത്യേകിച്ച് നിശ്ചിത മൂല്യത്തിന് മുകളിലുള്ളവ) സൂക്ഷ്മ പരിശോധന നേരിടേണ്ടിവന്നേക്കാം.
നോട്ടീസുകള്‍ അവഗണിച്ചാല്‍: നോട്ടീസുകള്‍ അശ്രദ്ധയോടെ കൈകാര്യം ചെയ്ത് മറുപടി നല്‍കാതിരുന്നാല്‍ ആദായ നികുതി വകുപ്പില്‍നിന്ന് തുടര്‍ നടപടികള്‍ നേരിടേണ്ടിവന്നേക്കാം.
നോട്ടീസ് ലഭിച്ചാല്‍:
ആദായ നികുതി നോട്ടീസ് കൃത്യതയോടെ കൈകാര്യം ചെയ്യുന്നതില്‍ ചിട്ടയായ സമീപനം ആവശ്യമാണ്.
എന്തിനാണ് നോട്ടീസ് നല്‍കിയത്, ചൂണ്ടിക്കാണിച്ചിട്ടുളള തെറ്റുകള്‍, ചെയ്യേണ്ടകാര്യങ്ങള്‍ എന്തൊക്കെയാണ് എന്നിവ നോട്ടീസ് വായിച്ച് ആദ്യം മനസിലാക്കുക. രണ്ടാമതായി ആവശ്യമായ രേഖകള്‍ ശേഖരിക്കാം. ഫോം 16, ഫോം 26 എ.എസ്, നിക്ഷേപങ്ങളുടെ തെളിവുകള്‍, ബാങ്ക് സ്റ്റേറ്റുമെന്റുകള്‍, നോട്ടീസിലെ ചോദ്യങ്ങള്‍ക്ക് മറുപടിയായി നല്‍കേണ്ട മറ്റ് രേഖകള്‍ എന്നിവ സമാഹരിക്കാം. നോട്ടീസില്‍ പറഞ്ഞിരിക്കുന്ന സമയപരിധിക്കുള്ളില്‍ മറുപടികൊടുക്കാന്‍ ശ്രദ്ധിക്കുക. കൂടുതല്‍ നടപടികളോ പിഴയോ ഒഴിവാക്കാന്‍ സമയപരിധി പാലിക്കല്‍ നിര്‍ണായകമാണ്.
തെളിവുകള്‍ നല്‍കുക: നല്‍കിയ വിവരങ്ങള്‍ ശരിയാണെന്ന് തെളിയിക്കുന്ന രേഖകള്‍ മറുപടിക്കൊപ്പം ഉള്‍പ്പെടുത്തുക. പരിശോധനയുടെ ക്രമത്തിന് അനുസരിച്ച് രേഖകള്‍ ചിട്ടപ്പെടുത്തി നല്‍കുക.
വിദഗ്ധരുടെ സേവനം തേടുക: നോട്ടീസ് സങ്കീര്‍ണമാണെന്ന് തോന്നുകയോ മുന്നോട്ടുപോകേണ്ടത് എങ്ങനെയെന്ന് അറിയാതിരിക്കുകയോ ചെയ്താല്‍ നികുതി വിദഗ്ധരുടെ സേവനം തേടാന്‍ മടിക്കരുത്. വിലപ്പെട്ട നിര്‍ദേശങ്ങളും ഉള്‍ക്കാഴ്ചകളും നല്‍കാന്‍ അവര്‍ക്ക് കഴിയും.
വിവിധ തരം നോട്ടീസുകള്‍
വകുപ്പ് 143(1) പ്രകാരമുള്ള അറിയിപ്പ്: ആദായനികുതി റിട്ടേണ്‍ (ITR) പ്രോസസ്സ് ചെയ്ത ശേഷം, നികുതി വകുപ്പ് നിര്‍ണയിച്ച നികുതി കണക്കുകൂട്ടല്‍ അറിയിക്കുന്നതിനായി അയയ്ക്കുന്നതാണിത്. അടയ്ക്കാനുള്ള നികുതിയുടെ കാര്യവും റീഫണ്ട് ഉണ്ടെങ്കില്‍ അതേക്കുറിച്ചും ഇതില്‍ സൂചിപ്പിക്കുന്നു.
വകുപ്പ് 142(1) പ്രകാരമുള്ള നോട്ടീസ്: റിട്ടേണ്‍ ഫയല്‍ ചെയ്തെങ്കിലും നികുതി ഓഫീസര്‍ക്ക് കൂടുതല്‍ വിവരങ്ങളോ രേഖകളോ ആവശ്യമാണെങ്കിലും ഈ നോട്ടീസ് ലഭിച്ചേക്കാം. ഐടിആര്‍ ഫയല്‍ ചെയ്തിട്ടില്ലെങ്കില്‍ ഫയല്‍ ചെയ്യാന്‍ ആവശ്യപ്പെട്ടും ഈ നോട്ടീസ് ലഭിക്കും. പാലിച്ചില്ലെങ്കില്‍ 10,000 വരെ പിഴയോ ഒരു വര്‍ഷം വരെ തടവോ ലഭിക്കാം.
വകുപ്പ് 148 പ്രകാരമുള്ള നോട്ടീസ്: വരുമാനം ചേര്‍ക്കാതിരിക്കുകയോ കുറച്ചുകാണിക്കുകയോ ചെയ്താല്‍ ഈ നോട്ടീസ് ലഭിക്കും. നികുതി കുറച്ച് അടച്ചതായി സംശയമുണ്ടെങ്കിലും നോട്ടീസ് അയയ്ക്കും.
വകുപ്പ് 139(9) പ്രകാരമുള്ള നോട്ടീസ്: ഡീഫെക്ടീവ് റിട്ടേണ്‍ നോട്ടീസ് എന്നാണിത് അറിയപ്പെടുന്നത്. ഫയല്‍ ചെയ്ത നികുതി റിട്ടേണില്‍ പിശകുകളോ വ്യത്യാസങ്ങളോ കണ്ടെത്തുമ്പോഴാണ് ഇത് നല്‍കുന്നത്. നോട്ടീസ് ലഭിച്ച് 15 ദിവസത്തിനകം പുതുക്കിയ റിട്ടേണ്‍ ഫയല്‍ ചെയ്ത് തെറ്റുകള്‍ തിരുത്താന്‍ നികുതിദായകന് അവസരമുണ്ട്.
വകുപ്പ് 143(2) പ്രകാരമുള്ള നോട്ടീസ്: നികുതിദായകന്റെ റിട്ടേണ്‍ സൂക്ഷ്മപരിശോധനയ്ക്കോ വിശദമായ പരിശോധനയ്ക്കോ തിരഞ്ഞെടുത്തിട്ടുണ്ട് എന്ന് സൂചിപ്പിക്കുന്നതാണ് ഈ നോട്ടീസ്. വെളിപ്പെടുത്തിയ വരുമാനം. അടച്ച നികുതി, നഷ്ടപ്പെട്ട ക്ലെയിമുകള്‍ എന്നിവയുടെ കൃത്യത പരിശോധിക്കുന്നതിനാണ് സൂക്ഷ്മ പരിശോധന.
വകുപ്പ് 156 പ്രകാരമുള്ള നോട്ടീസ് (ഡിമാന്‍ഡ് നോട്ടീസ്): നികുതി കുടിശ്ശിക, പിഴകള്‍ എന്നിവ അടയ്ക്കാനുണ്ടെങ്കില്‍ ഡിമാന്‍ഡ് നോട്ടീസ് ലഭിക്കും. 30 ദിവസത്തിനുള്ളില്‍ പണമടയ്ക്കാനാണ് ആവശ്യപ്പെടുക.
വകുപ്പ് 245 പ്രകാരമുള്ള നോട്ടീസ്: മുന്‍ വര്‍ഷങ്ങളിലെ നികുതികള്‍ അടയ്ക്കാതെ കിടക്കുകയും നിലവിലെ വര്‍ഷത്തിലെ റീഫണ്ടുമായി ഇത് കിഴിവ് ചെയ്യാന്‍ നികുതി വകുപ്പ് ഉദ്ദേശിക്കുകയും ചെയ്യുമ്പോള്‍, സെക്ഷന്‍ 245 പ്രകാരം ഒരു നോട്ടീസ് അയയ്ക്കുന്നു. പ്രതികരിക്കാന്‍ 30 ദിവസത്തെ സമയം ലഭിക്കും. മറുപടി നല്‍കിയില്ലെങ്കില്‍ ക്രമീകരിക്കുന്നതിന് സമ്മതം നല്‍കിയതായി കണക്കാക്കും.
അര്‍ഹതയില്ലാത്ത കിഴിവുകളും ഇളവുകളും ക്ലെയിം ചെയ്യുന്നത് സമീപ കാലയളവില്‍ കൂടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈയിനത്തില്‍ ആദായ നികുതി വകുപ്പിന്റെ നോട്ടീസ് ലഭിക്കുന്നതും വ്യാപകമായിട്ടുണ്ട്. പലപ്പോഴും വ്യാജ വാടക രസീതുകളാകും സമര്‍പ്പിച്ചിട്ടുണ്ടാകുക.
എച്ച്ആര്‍എ, ലീവ് ട്രാവല്‍ അലവന്‍സ്, ഭവന വായ്പകളിലന്മേലുള്ള കിഴിവുകള്‍ എന്നിവയ്ക്ക് നികുതി വ്യവസ്ഥ പ്രകാരം ഇളവിന് അര്‍ഹതയുണ്ട്. നികുതി ഇളവുകള്‍ക്ക് നിയമപരമായ വഴികളുണ്ടായിട്ടും ക്ലെയിമുകള്‍ക്കായി വ്യാജ രേഖകള്‍ നല്‍കുന്ന പ്രവണത കൂടിവരുന്നതായും ആദായനികുതി വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം കാര്യങ്ങള്‍ പിടികൂടാന്‍ എ.ഐ ഉള്‍പ്പടെയുള്ള സാങ്കേതിക വിദ്യകളാണ് ഐടി വകുപ്പ് ഉപയോഗിക്കുന്നത്. വ്യാജ രേഖകള്‍ തിരിച്ചറിയാനും രേഖപ്പെടുത്താനും അതുമായി ബന്ധപ്പെട്ട നികുതിദായകരെ കണ്ടെത്താനും എ.ഐ സംവിധാനങ്ങള്‍ക്ക് എളുപ്പത്തില്‍ കഴിയും.
Content Highlights: Income Tax Notices: Common Reasons and How to Avoid Them
![]()
മാതൃഭൂമി.കോം വാട്സാപ്പിലും








English (US) ·