ആഭ്യന്തര നിക്ഷേപകരുടെ ആത്മവിശ്വാസത്തില്‍ കുതിക്കാന്‍ വിപണി

6 months ago 7

മ്യൂച്വല്‍ ഫണ്ടുകള്‍ ഉള്‍പ്പടെയുള്ള ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ വിപണിക്ക് പുത്തനുണര്‍വ്വ് നല്‍കിയിരിക്കുന്നു. ഈ വര്‍ഷം ഇതുവരെ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ മൂന്നു ലക്ഷം കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്. എന്നാല്‍ വിദേശ നിക്ഷേപ സ്ഥാപനങ്ങളാകട്ടെ ഇക്കാലയളവില്‍ 85,000 കോടി രൂപയുടെ അറ്റ വില്‍പനയാണ് നടത്തിയത്. മെയ് മാസം മുതലാണ് ആഭ്യന്തര നിക്ഷേപത്തില്‍ മുന്നേറ്റം ദൃശ്യമായത്.

കമ്പനികളുടെ മെച്ചപ്പെട്ട നാലാം പാദഫലങ്ങള്‍ കാരണം സമ്പദ്ഘടനയിലുണ്ടായ ഉണര്‍വാണ് പ്രധാന കാരണം. എങ്കിലും ചെറുകിട നിക്ഷേപകരുടെ കരുത്ത് ഈ വര്‍ഷം അത്രതന്നെ പ്രകടമായിട്ടില്ല. 2020 മുതലാണ് ഇവരുടെ സാന്നിധ്യം ശക്തിപ്പെട്ടു തുടങ്ങിയത്. എന്‍എസ്ഇ കണക്കുകളനുസരിച്ച് മൊത്തം നിക്ഷേപത്തിന്റെ ഏകദേശം 20 ശതമാനവും അവരുടെ വകയാണ്. മാര്‍ച്ചു മുതല്‍ ജൂണ്‍ പകുതി വരെ ലാഭമെടുപ്പിന്റെ പാതയിലായിരുന്നു അവര്‍. ലാഭമെടുപ്പിലേക്കു നയിച്ച പ്രധാന കാരണം ഈ വര്‍ഷം (2025) വിപണിയില്‍ നില നിന്നിരുന്ന ശക്തമായ ചാഞ്ചാട്ടമായിരുന്നു. ആഭ്യന്തര ഓഹരി വരുമാനത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം (FY 25 ) ഉണ്ടായ ഇടിവ് മിഡ് കാപ്, സ്മോള്‍ കാപ് ഓഹരികള്‍ വിറ്റൊഴിയാന്‍ പ്രേരിപ്പിച്ചു.

2024ല്‍ വിപണിയിലുണ്ടായ മികച്ച പണലഭ്യത കാരണം രണ്ടാം നിര ഓഹരികളുടെ മൂല്യത്തിലുണ്ടായ കുതിപ്പ് എല്ലാ റെക്കോഡുകളും ഭേദിച്ചു. എഴ് ലക്ഷം കോടിയോം രൂപയാണ് വിപണിയിലേക്ക് ഒഴുകിയത്. ഉയര്‍ന്ന മൂല്യം നിലനില്‍ക്കുമ്പോഴും ഓഹരി വരുമാനത്തിലുണ്ടായ കുറവ് വിപണിയില്‍ ഒരു തിരുത്തലിന് കാരണമായിത്തീര്‍ന്നു. ഇത് ചെറുകിട നിക്ഷേപകന്റേയും പുതിയ നിക്ഷേപകരുടേയും ആത്മവിശ്വാസത്തില്‍ ഉലച്ചിലുണ്ടാക്കി. എന്നാല്‍ ചെറുകിട നിക്ഷേപകര്‍ ഇപ്പോഴവരുടെ ഓഹരി പോര്‍ട്ഫോളിയോ പുന ക്രമീകരിച്ചുകൊണ്ടിരിക്കയാണ്. ദീര്‍ഘകാല നിക്ഷേപങ്ങളിലാണ് ഇപ്പോഴവരുടെ ശ്രദ്ധ. പ്രതിമാസ എസ്ഐപി നിക്ഷേപങ്ങളിലുണ്ടായ വര്‍ധന സൂചിപ്പിക്കുന്നതും ഇതുതന്നെയാണ്. ജൂണ്‍ മാസം രണ്ടാം പകുതിയില്‍ ചെറുകിട നിക്ഷേപങ്ങളില്‍ കാണപ്പെട്ട കുതിപ്പ് മൂന്നു മാസത്തെ ഇടവേളയ്ക്കു ശേഷമുള്ള ഒരു തിരിച്ചു വരവിനെയാണ് സൂചിപ്പിക്കുന്നത്.

ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളുടേയും ചെറുകിട നിക്ഷേപകരുടെയും ശുഭാപ്തി വിശ്വാസം തുടരുമെന്നു തന്നെ പ്രതീക്ഷിയ്ക്കാം. ആഗോള സംഘര്‍ഷങ്ങളില്‍ കുറവുവന്നത് ഇതില്‍ പ്രധാനമാണ്. ആര്‍ബിഐയുടെ പണനയവും ഗവണ്മെന്റിന്റെ അനുകൂലമായ സാമ്പത്തിക നടപടികളും നിക്ഷേപകരുടെ പ്രതീക്ഷകള്‍ക്ക് ശക്തി പകരുന്നുണ്ട്. ഇത് സമ്പദ്ഘടനയിലും അനുകൂലമായ പ്രതികരണങ്ങളുണ്ടാക്കും. നടപ്പു സാമ്പത്തിക വര്‍ഷം ഒന്നാം പാദത്തിലെ കമ്പനി ഫലങ്ങള്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ വന്നുതുടങ്ങും. ഇവ മികച്ചതാവുമെന്ന പ്രതീക്ഷയാണ് എല്ലാവര്‍ക്കും. വരുമാനത്തില്‍ വളര്‍ച്ചയുണ്ടായാല്‍ വിപണിയുടെ വിശാലമായ മുന്നേറ്റത്തിന് അത് ശക്തിപകരും.

വിപണിയില്‍ അനുകൂലമായ ചലനങ്ങള്‍ ഉണ്ടാകുന്നുണ്ടെങ്കിലും വിശാല അടിസ്ഥാനത്തിലുള്ള മുന്നേറ്റ സാധ്യത കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കുറവാണ്. 2024 സെപ്റ്റംബറില്‍ 200 ദിവസത്തെ മൂവിംഗ് ആവറേജിനു മുകളില്‍ വ്യാപാരം നടത്തിയിരുന്ന ഓഹരികള്‍ 80 ശതമാനത്തിനു മുകളിലായിരുന്നെങ്കില്‍ നിഫ്റ്റി 500 സൂചികയുടെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ ഇപ്പോഴത് 55 ശതമാനം മാത്രമാണ്. വിശാലമായ മുന്നേറ്റത്തിന് ഇനിയും സാധ്യതകളുണ്ടെന്നതിന്റെ സൂചനയാണിത്.

Content Highlights: Equity Market Shows Signs of Recovery: Domestic Investment and the Path Ahead

ABOUT THE AUTHOR

വിനോദ് നായര്‍

ജിയോജിത് ഇന്‍വെസ്റ്റ്മെന്റ്സിലെ ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകന്‍.

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article