ആര്‍.ബി.ഐയുടെ പുതിയ നീക്കം:  ട്രഷറി ബില്ലുകളിലും ഇനി എസ്.ഐ.പി 

5 months ago 5

ചെറുകിട നിക്ഷേപകര്‍ക്ക് സര്‍ക്കാര്‍ സെക്യൂരിറ്റികളില്‍ എസ്.ഐ.പിയായി നിക്ഷേപിക്കാന്‍ അവസരമൊരുങ്ങുന്നു. ഇതിനായി റീട്ടെയില്‍ ഡയറക്ട് പ്ലാറ്റ്‌ഫോമിന്റെ പ്രവര്‍ത്തനം വിപുലീകരിക്കുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര പറഞ്ഞു. ആര്‍.ബി.ഐയുടെ പണനയ പ്രഖ്യാപനത്തിനിടെയാണ് പുതിയ നിക്ഷേപ സാധ്യത അവതരിപ്പിച്ചത്. സാധാരണ നിക്ഷേപകര്‍ക്ക് സര്‍ക്കാര്‍ സെക്യൂരിറ്റികളിലെ നിക്ഷേപം ഇതോടെ ലളിതമാകും.

മ്യൂച്വല്‍ ഫണ്ടുകളിലെ എസ്.ഐ.പികള്‍ക്ക് സമാനമായി ട്രഷറി ബില്ലുകളില്‍ കൃത്യമായ ഇടവേളകളില്‍ നിക്ഷേപം നടത്താനാണ് അവസരമൊരുങ്ങുന്നത്. എസ്.ഐ.പി സൗകര്യം ഏര്‍പ്പെടുത്തുന്നതോടെ സര്‍ക്കാര്‍ സെക്യൂരിറ്റി വിപണിയില്‍ റീട്ടെയില്‍ പങ്കാളിത്തം വര്‍ധിപ്പിക്കാനും കഴിയും. ചിട്ടയായ, ദീര്‍ഘകാല നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു.

ട്രഷറി ബില്‍ അഥവാ ടി ബില്‍
സര്‍ക്കാരിനുവേണ്ടി റിസര്‍വ് ബാങ്ക് പുറത്തിറക്കുന്ന ഹ്രസ്വകാല കടപ്പത്രങ്ങളാണ് ടി ബില്ലുകള്‍. സ്ഥിര വരുമാന പദ്ധതികള്‍ക്ക് സമാനമായ സുരക്ഷിത നിക്ഷേപ സാധ്യതയുമാണ്. സര്‍ക്കാരിന്റെ അടിയന്തിര സാമ്പത്തിക ആവശ്യങ്ങള്‍ക്കായി വിപണിയില്‍നിന്ന് കടമെടുക്കാനാണ് ഇവ പുറത്തിറക്കുന്നത്. ധനകമ്മി കുറയ്ക്കുന്നതിനും വിപണിയില്‍ പ്രചാരത്തിലുള്ള കറന്‍സികളുടെ നിയന്ത്രണത്തിനും ട്രഷറി ബില്ലുകള്‍ പുറത്തിറക്കാറുണ്ട്. വിപണി ഇടപെടല്‍ വഴി(ഓപ്പണ്‍ മാര്‍ക്കറ്റ് ഓപ്പറേഷന്‍)യാണ് റിസര്‍വ് ബാങ്ക് ടി ബില്ലുകള്‍ പുറത്തിറക്കുന്നത്.

ഹ്രസ്വകാല ട്രഷറി ബില്‍ വാങ്ങാന്‍ വ്യക്തികള്‍ക്ക് ചുരുങ്ങിയത് 25,000 രൂപയെങ്കിലും മുടക്കണമെന്നാണ് നിലവിലെ വ്യവസ്ഥ. പലിശ നല്‍കുന്നതില്‍നിന്ന് വ്യത്യസ്തമായി മുഖവിലയുള്ള ടി ബില്ലുകള്‍ കിഴിവ് നിരക്കിലാണ് വില്‍ക്കുക. തിരികെയെടുക്കുമ്പോള്‍ മുഖവില മുഴവനായും ലഭിക്കുന്നു. അതിലൂടെ നിക്ഷേപങ്ങള്‍ക്ക് മൂലധന നേട്ടം സ്വന്തമാക്കാം.

നേട്ടം ഇപ്രകാരം കണക്കാക്കാം
100 രൂപ മുഖവിലയുള്ള 91 ദിവസ കാലയളവിലെ ടി ബില്‍ കിഴിവോടെ 98.20 രൂപയ്ക്ക് വില്‍ക്കുന്നുവെന്ന് കരുതുക.

  • വാങ്ങല്‍ വില: 98.20
  • മുഖവില(കാലാവധിയായ 91 ദിവസം എത്തുമ്പോള്‍ ലഭിക്കുന്ന തുക): 100 രൂപ
  • നേട്ടം: 1.80 രൂപ
  • വാര്‍ഷിക ആദായം: 7.34 %

91 ദിവസം, 182 ദിവസം, 364 ദിവസം എന്നിങ്ങനെയുള്ള കാലാവധികളിലാണ് ടി ബില്ലുകള്‍ പുറത്തിറക്കാറുള്ളത്.

കേന്ദ്ര സര്‍ക്കാരിനുവേണ്ടി എല്ലാ ആഴ്ചയും ആര്‍ബിഐ ടി ബില്ലുകള്‍ ലേലം ചെയ്യാറുണ്ട്. സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ വഴിയോ പ്രൈമറി ഡീല്‍മാര്‍ വഴിയോ നിക്ഷേപം നടത്താം. സാധാരണക്കാര്‍ക്കും നിക്ഷേപിക്കുന്നതിനായി 2021ലാണ് ആര്‍ബിഐ റീട്ടെയില്‍ ഡയറക്ട് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം അവതരിപ്പിച്ചത്. സര്‍ക്കാര്‍ സെക്യൂരിറ്റികള്‍ വാങ്ങാനും വില്‍ക്കാനും ഇതിലൂടെ എളുപ്പത്തില്‍ കഴിയും.

നിലവില്‍ ഡെറ്റ് മ്യൂച്വല്‍ ഫണ്ടുകള്‍, ഗില്‍റ്റ് ഫണ്ടുകള്‍ എന്നിവ വഴിയാണ് സര്‍ക്കാര്‍ കടപ്പത്രങ്ങളില്‍ എസ്.ഐ.പി നിക്ഷേപത്തിന് അവസരമുള്ളത്. കടപ്പത്രവും ട്രഷറി ബില്ലും തമ്മിലുള്ള വ്യത്യാസം അവയുടെ കാലയളവിലാണ്. കടപ്പത്രങ്ങള്‍ക്ക് ദൈര്‍ഘ്യമേറിയ മെച്യൂരിറ്റി കാലയളവുണ്ടാകും. ടി ബില്ലുകള്‍ക്കാകട്ടെ ഒരു വര്‍ഷമോ അതില്‍ താഴെയോ ആയിരിക്കും.

നികുതി ബാധ്യത
ബാങ്ക് നിക്ഷേപം ഉള്‍പ്പടെയുള്ള സ്ഥിര നിക്ഷേപ പദ്ധതികള്‍ക്ക് സമാനമായ ആദായ നികുതി ബാധ്യതയാണ് ടി ബില്ലുകള്‍ക്കുമുള്ളത്. മൊത്തം വരുമാനത്തോടൊപ്പം ചേര്‍ത്ത് ബാധകമായ സ്ലാബില്‍ നികുതി നല്‍കണം. സര്‍ക്കാര്‍ സെക്യൂരിറ്റികള്‍ ഉള്‍പ്പടെയുള്ള കടപ്പത്രങ്ങള്‍ക്കും അവയില്‍ നിക്ഷേപിക്കുന്ന ഡെറ്റ് മ്യൂച്വല്‍ ഫണ്ടുകള്‍ക്കും നേരത്തെ ഇന്‍ഡസ്‌കേഷന്‍ ആനുകൂല്യം ലഭിച്ചിരുന്നു.

antony@mpp.co.in

Content Highlights: RBI Introduces SIP Option for Treasury Bills: Simplified Government Securities Investment

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article