കഴിഞ്ഞ ദിവസത്തെ കനത്ത നഷ്ടത്തില്‍നിന്ന് കുതിച്ചുയര്‍ന്ന് വിപണി. ചൊവാഴ്ച വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് ആയിരത്തിലേറെ പോയന്റ് ഉയര്‍ന്നു. നിഫ്റ്റിയാകട്ടെ 350 പോയന്റും നേട്ടമുണ്ടാക്കി. നിഫ്റ്റി മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളാകട്ടെ 2.5 ശതമാനത്തോളം ഉയരുകയും ചെയ്തു. നിഫ്റ്റി റിയാല്‍റ്റി, മെറ്റല്‍, ഐടി ഉള്‍പ്പടെ എല്ലാ സെക്ടറല്‍ സൂചികകളിലും നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.
ആഗോള വിപണികളിലെ, പ്രത്യേകിച്ച് യുഎസ് സൂചികകളിലെ തകര്‍ച്ചയാണ് കഴിഞ്ഞ ദിവസം ഇന്ത്യയിലും പ്രതിഫലിച്ചത്. തകര്‍ച്ചയില്‍നിന്ന് നേട്ടമുണ്ടാക്കാനുള്ള നിക്ഷേപകരുടെ നീക്കമാണ് ചൊവാഴ്ച പ്രകടമായത്. രാജ്യത്തെ സാമ്പത്തിക സൂചകങ്ങള്‍ സ്ഥിരതയാര്‍ജിക്കുന്നതും 2026 സാമ്പത്തിക വര്‍ഷം ആറ് ശതമാനം വളര്‍ച്ച നേടാന്‍ കഴിയുമെന്ന വിലയിരുത്തലും വിപണിക്ക് തുണയായി. ന്യായമായ വിലയില്‍ വന്‍കിട ഓഹരികള്‍ ലഭ്യമായതോടെ അവ വാങ്ങിക്കൂട്ടാന്‍ നിക്ഷേപകര്‍ തിരിക്കുകൂട്ടുകയും ചെയ്തു.
താരിഫ് നടപ്പാക്കല്‍ 90 ദിവസം നീട്ടിവെച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് യുഎസ് വിപണിയില്‍ മുന്നേറ്റം പ്രകടമായിരുന്നു. വസ്തുതാപരമല്ലാത്ത റിപ്പോര്‍ട്ടുകളാണ് അതെന്ന് വ്യക്തമായതോടെ നഷ്ടത്തിലാകുകയും ചെയ്തു. ടെക് കമ്പനികളുടെ സൂചികയായ നാസ്ദാക്ക് നേരിയ നേട്ടമുണ്ടാക്കുകയും മറ്റുള്ളവ നഷ്ടത്തില്‍ ക്ലോസ് ചെയ്യുകയും ചെയ്തു.
ചൊവാഴ്ച ഏഷ്യന്‍ സൂചികകളും കരുത്തുകാട്ടി. ജപ്പാന്റെ നിക്കി ആറ് ശതമാനം ഉയര്‍ന്നത് മറ്റ് വിപണികള്‍ക്കും ശക്തിപകര്‍ന്നു. ഹോങ്കോങിന്റെ ഹാങ്‌സെങും ദക്ഷിണ കൊറിയയുടെ കോസ്പിയും ഉള്‍പ്പടെയുള്ളവ നേട്ടത്തിലാണ്.
താരിഫ് നയം സാമ്പത്തിക വളര്‍ച്ചയെ ബാധിച്ചേക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നതിനാല്‍ സമ്പദ്ഘടനയ്ക്ക് കൂടുതല്‍ പിന്തുണ നല്‍കുന്നതിന് ബുധനാഴ്ചയിലെ പണനയ പ്രഖ്യാപനത്തില്‍ ആര്‍ബിഐ നിരക്കില്‍ കാല്‍ ശതമാനമെങ്കിലും നിരക്ക് കുറച്ചേക്കുമെന്നാണ് വിലയിരുത്തല്‍.
അതേസമയം, മുന്നേറ്റത്തിന്റെ തുടക്കമായി ചൊവാഴ്ചയിലെ നേട്ടത്തെ കരുതേണ്ടതില്ലെന്നകാര്യം പ്രത്യേകം ശ്രദ്ധിക്കുക. ആഗോളതലത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. യുഎസിലെ മാന്ദ്യ സാധ്യതയാണ് അതില്‍ പ്രധാനം. വ്യാപാര യുദ്ധം യുഎസിലും ചൈനയിലുമായി ഒതുങ്ങിയേക്കുമെന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. അങ്ങനെയെങ്കില്‍ ചൈനീസ് സമ്പദ്‌വ്യവസ്ഥയെയും ബാധിച്ചേക്കാം. വന്‍തോതില്‍ വിലകുറച്ച് ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ ചൈന നിര്‍ബന്ധിതമായാല്‍ ആഗോളതലത്തില്‍ മറ്റൊരു തിരിച്ചടിയായാകും ഉണ്ടാകുക.
യൂറോപ്യന്‍ യൂണിയനും ജപ്പാനും ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ചര്‍ച്ചകള്‍ക്ക് മുന്നോട്ടുവരുന്നുണ്ട്. യുഎസുമായി ഇന്ത്യ ഇതിനകം ഉഭയകക്ഷി വ്യാപാര ഉടമ്പടി(ബിടിഎ)സംബന്ധിച്ച സമവായ ശ്രമങ്ങള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്. ഇതെല്ലാം എത്രത്തോളം ഫലപ്രദമാകും എന്നതാണ് പ്രധാനം.
വ്യാപാര കരാര്‍ സംബന്ധിച്ച് വ്യക്തതവരുന്നതുവരെ ക്ഷമയോടെ കാത്തിരിക്കുകയെന്നതാണ് നല്ലത്. മ്യൂച്വല്‍ ഫണ്ടുകളുടെ നീക്കമാണ് ശ്രദ്ധേയം. എല്ലാതുകയും നിക്ഷേപിക്കാതെ പോര്‍ട്‌ഫോളിയോയില്‍ പണവിഹതം വര്‍ധിപ്പിക്കുകയാണ് അവര്‍. കനത്ത ഇടിവില്‍ വന്‍തോതില്‍ നിക്ഷേപം നടത്തുകയും ചെയ്യുന്നു. കഴിഞ്ഞ ദിവസത്തെ ഇടിവില്‍ മ്യൂച്വല്‍ ഫണ്ടുകള്‍ ഉള്‍പ്പെടെയുള്ള ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ 12,122 കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയത്.
Content Highlights: Indian markets surged aft Monday`s losses, with Sensex up implicit 1000 points and Nifty gaining 350.
![]()
മാതൃഭൂമി.കോം വാട്സാപ്പിലും








English (US) ·