ആശങ്കയോടെ പാദഫലങ്ങള്‍: യുഎസ് വ്യാപാര ചര്‍ച്ചകളും വിപണിയില്‍ പ്രതിഫലിക്കും

6 months ago 6

ടപ്പ് സാമ്പത്തിക വര്‍ഷത്തെ ഒന്നാം പാദത്തില്‍ വിപണിയില്‍ ശക്തമായ തിരിച്ചുവരവ് പ്രകടമായി. ആഭ്യന്തര സമ്പദ് ഘടനയിലെ ഉണര്‍വാണ് ഇതിന് പ്രധാന കാരണം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ (FY 25) അവസാന പാദത്തില്‍ (Q4) സാമ്പത്തിക വളര്‍ച്ചാ നിരക്ക് 7.5 ശതമാനമായിരുന്നു. മുന്‍ പാദങ്ങളിലെ വളര്‍ച്ചാ നിരക്കിനേക്കാള്‍ മെച്ചപ്പെട്ടതാണിത്. സമ്പദ്‌രംഗം വളര്‍ച്ചയുടെ പാതയിലാണന്നു ഇതിലൂടെ മനസ്സിലാക്കാം. ഇക്കാലയളവില്‍ ഗവണ്മെന്റിന്റെ ചെലവഴിക്കലിലും കാര്യമായ വര്‍ധനവുണ്ടായി. 2024ല്‍ പൊതു തെരഞ്ഞെടുപ്പു കാരണം കുറവു വന്നിരുന്നു. ഈ അനുകൂല ഘടകങ്ങളെല്ലാം നാലാം പാദത്തില്‍ 10 മുതല്‍ 12 ശതമാനം വരെ കോര്‍പറേറ്റ് വരുമാന വളര്‍ച്ചിലേക്കു നയിച്ചു. വരും പാദങ്ങളിലും മികച്ച വരുമാന വളര്‍ച്ചയുണ്ടാകുമെന്ന പ്രതീതി ജനിപ്പിക്കുകയും ചെയ്തു.

ആഗോള പ്രതിസന്ധികള്‍ അയയുന്നു
ആഗോള തലത്തിലുള്ള റിസ്‌കുകളില്‍ വലിയൊരളവു വരെ കുറവുവന്നിട്ടുണ്ട്. ഉയര്‍ന്ന ചുങ്കം നടപ്പാക്കാനുള്ള തീരുമാനം അമേരിക്ക താല്‍ക്കാലികമായി മരവിപ്പിച്ചതാണ് ഏറ്റവും ശ്രദ്ധേയം. ഓഗസ്റ്റ് ഒന്നോടുകൂടി മാത്രമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം പുറത്തുവരികയുള്ളുവെങ്കിലും വിപണി ശുഭപ്രതീക്ഷയിലാണ്. കാരണം ആദ്യം പ്രഖ്യാപിച്ച വളരെ ഉയര്‍ന്ന നിരക്കിനേക്കാള്‍ കുറഞ്ഞ ഒരു നിരക്കു മാത്രമേ അന്തിമഘട്ടത്തില്‍ ഉണ്ടാകാന്‍ സാധ്യതയുള്ളു എന്നാണ് വിപണിയുടെ വിലയിരുത്തല്‍. ഒരുപക്ഷേ ഇത് മുന്‍കാലങ്ങളെയപേക്ഷിച്ച് ഉയര്‍ന്ന നിരക്കായിരിക്കുമെങ്കിലും വിപണിയെ സംബന്ധിച്ച് അനുകൂല ഘടകമാണ്. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളില്‍ അയവുവന്നതിനാല്‍ ക്രൂഡോയില്‍ വിലയില്‍ കാര്യമായ കുറവുവന്നിട്ടുണ്ട്. ലഭ്യതയിലും കാര്യമായ തടസങ്ങളില്ല. ഇത് ഇന്ത്യയുടെ ധന സ്ഥിതി മെച്ചപ്പെടുത്തി. കൂടാതെ കോര്‍പറേറ്റ് ലാഭത്തിലും വര്‍ധനവുണ്ടാകാന്‍ കാരണമായി. ഇക്കാരണങ്ങളെല്ലാം നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിന് ഇടയാക്കിയിട്ടുണ്ട്. വിപണിയിലെ ചാഞ്ചാട്ടങ്ങളിലും കാര്യമായ കുറവുവന്നു. വിപണിയില അസ്ഥിരതയുടെ സൂചികയായ വിഐഎക്‌സ് ഏപ്രില്‍ 9ന് 21.43 ആയിരുന്നെങ്കില്‍ ജൂലൈ 9ന് അത് 11.94 ലേക്കു താഴ്ന്നിട്ടുണ്ട്.

മിഡ്, സ്‌മോള്‍ ക്യാപുകളില്‍ മുന്നേറ്റം
നിഫ്റ്റി 50 ഒന്നാം പാദത്തില്‍ 8.5 ശതമാനം നേട്ടമുണ്ടാക്കി. മിഡ്കാപ്, സ്മോള്‍ കാപ് ഓഹരികളില്‍ വലിയ കുതിപ്പുണ്ടായി. അവ 10.7 ശതമാനം നേട്ടമുണ്ടാക്കി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ (H2 FY25) 12 ശതമാനം ഇടിഞ്ഞിരുന്നു. ആനിലയില്‍ നിന്നാണ് ഈ മുന്നേറ്റം ഉണ്ടായിട്ടുള്ളത്. എന്നാല്‍ ഹൃസ്വകാലയളവില്‍ മുന്നേറ്റം തുടരുക എന്നത് വലിയ വെല്ലുവിളിയാണ്. കാരണം അമേരിക്കയുമായുള്ള വ്യാപാര ചര്‍ച്ചയുടെ അന്തിമ ഫലത്തിനായി നിക്ഷേപകര്‍ ആകാംക്ഷയോടെ കാത്തിരിക്കയാണ്. വരാനിരിക്കുന്ന ഒന്നാം പാദഫലങ്ങളും ഇക്കാര്യത്തില്‍ നിര്‍ണ്ണായകമാണ്. ഉയര്‍ന്ന ചുങ്കം ചുമത്താനുള്ള സാധ്യത വിരളമാണെന്നാണ് പൊതുവായ വിലയിരുത്തല്‍. അങ്ങനെ സംഭവിച്ചാല്‍ അത് അമേരിക്കയിലും വന്‍ പണപ്പെരുപ്പത്തിന് വഴിവെച്ചേക്കാം. അമേരിക്ക ഈ വ്യാപാര സമ്മര്‍ദത്തിലൂടെ ലക്ഷ്യം വെയ്ക്കുന്നത് കൂടുതല്‍ വരുമാനവും പ്രാദേശിക തൊഴില്‍ സംരക്ഷണവും വിദേശ വിപണികളിലേക്കുള്ള കടന്നുകയറ്റവുമാണ്. പ്രത്യേകിച്ച് ഇന്ത്യ പോലെ ഉയര്‍ന്ന ഇറക്കുമതി തീരുവകളാല്‍ സംരക്ഷിക്കപ്പെടുന്ന വിപണികളെയാണവര്‍ ലക്ഷ്യമിടുന്നത്.

നടപ്പ് സാമ്പത്തിക വര്‍ഷം ആഭ്യന്തര സമ്പദ്ഘടനയില്‍ 10 മുതല്‍ 12 ശതമാനം വരെ വരുമാന വളര്‍ച്ചയുണ്ടാകുമെന്ന് അനുമാനിക്കാം. മുന്‍ സാമ്പത്തിക വര്‍ഷം ഇത് അഞ്ച് ശതമാനത്തില്‍ താഴെയായിരുന്നു. ഒന്നാം പാദഫലങ്ങളില്‍ അഞ്ച് മുതല്‍ ഏഴ് ശതമാനംവരെ വരുമാന വളര്‍ച്ച ഉണ്ടാകുമെന്നാണ് പൊതുവേ കരുതപ്പെടുന്നത്. റിപ്പോ നിരക്കിലുണ്ടായേക്കാവുന്ന കുറവും ആവശ്യത്തിനുള്ള പണ ലഭ്യതയും താഴ്ന്ന പണപ്പെരുപ്പവും ഉപഭോഗത്തിലുണ്ടാകുന്ന വര്‍ധനവും വരുമാന വളര്‍ച്ചയെ സഹായിക്കുന്ന ഘടകങ്ങളാണ്. മിഡ് കാപ്, സ്മോള്‍ കാപ് ഓഹരികള്‍ ഈ മുന്നേറ്റത്തെ സഹായിച്ചേക്കാം. എന്നാല്‍ ലാര്‍ജ് കാപ് ഓഹരികളുടെ വളര്‍ച്ച അത്ര മികച്ചതാകാന്‍ സാധ്യതയില്ല.

വിവിധ മേഖലകള്‍ പരിശോധിക്കുമ്പോള്‍ ഐടി ഓഹരികള്‍ അത്ര പ്രതീക്ഷയ്ക്കു വകനല്‍കുന്നില്ല. അതിനുകാരണം ആഗോളതലത്തിലെ പ്രതികൂല ഘടകങ്ങളാണ്. എന്നാല്‍ മധ്യ നിരയിലുള്ള ഐടി കമ്പനികളുടെ പ്രകടനം നന്നായേക്കാം. യുഎസ് ഫിനാന്‍സ് ബില്‍ പാസായതും ഫെഡറല്‍ റിസര്‍വ് പലിശ നിരക്കില്‍ വരുത്തിയേക്കാവുന്ന കുറവും ഭാവിയിലെ ഐടി ഡിമാന്റ് ഉയര്‍ത്തിയേക്കാം. ബാങ്കിംഗ് ഓഹരികളെപ്പറ്റിയുള്ള ദീര്‍ഘകാല വിലയിരുത്തല്‍ അനുകൂലമാണ്. ആര്‍ബിഐയുടെ പണനയം അനുകൂലമായതും കുറഞ്ഞ ചിലവില്‍ ഫണ്ട് ലഭ്യമാകുന്നതും ബാങ്കുകള്‍ക്ക് അനുകൂല ഘടകങ്ങളാണ്. വായ്പാ വളര്‍ച്ചയിലുണ്ടായ ഇടിവും വായ്പാ പലിശ നിരക്കിലുണ്ടായ കുറവും ഹ്രസ്വ കാലത്തേക്ക് ബാങ്കിംഗ് ഓഹരികളെ ബാധിച്ചേക്കാം. ഉയര്‍ന്ന തോതിലുള്ള ഗവണ്മെന്റിന്റെ ചെലവഴിക്കലും, വ്യക്തിഗത ചെലവഴിക്കലും നിര്‍മാണ, ഉപഭോഗ മേഖലകള്‍ക്ക് സഹായകമായിത്തീരും. എന്നാല്‍ കയറ്റുമതി കേന്ദ്രീകൃതമായ ഐടി, ഫാര്‍മ, മെറ്റല്‍സ് മേഖലകളിലെ ഓഹരികള്‍ ഹ്രസ്വകാലത്തേക്ക് തിരിച്ചടി നേരിട്ടേക്കാം. ഉയര്‍ന്ന മൂല്യത്തിലുള്ള കാപിറ്റല്‍ ഗുഡ്സ്, ഡിഫന്‍സ് കമ്പനികളുടെ ഓഹരികള്‍ ചിലപ്പോള്‍ പ്രതീക്ഷിച്ച മുന്നേറ്റം നടത്തിയേക്കില്ല.

വിപണിയുടെ നീക്കം
നിഫ്റ്റി 50 സൂചിക 25,000-25,500 നിലവാരത്തില്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഒന്നാം പാദഫലങ്ങള്‍ പ്രതീക്ഷതിനേക്കാള്‍ താഴ്ന്ന നിലയിലായാല്‍ അത് വിപണിയിലെ ഇപ്പോഴത്തെ ഉയര്‍ന്ന ഓഹരി വിലയെ പിന്തുണയ്ക്കുന്നതാവില്ല എന്ന ആശങ്കയും നിലവിലുണ്ട്. ഇപ്പോഴത്തെ ഓഹരി മൂല്യതോത് മൂന്ന് വര്‍ഷത്തെ ഉയര്‍ന്ന നിലയിലാണ്. അതായത് ഈ വര്‍ഷത്തെ ഓഹരി വരുമാന പ്രതീക്ഷയുടെ 21 മടങ്ങിലേറെയാണിത്. മികച്ച ഒന്നാം പാദ ഫലങ്ങളും ആഗോള പ്രതിസന്ധികളിളും (പ്രത്യേകിച്ച് വ്യാപാര തര്‍ക്കങ്ങളും യുദ്ധങ്ങളും) പരിഹരിക്കുന്നതിനെ ആശ്രയിച്ചാണ് വിപണിയുടെ മുന്നേറ്റം നിലനില്‍ക്കുക.

Content Highlights: Stock Market Outlook: Analyzing Q1 Results and US Trade Tensions

ABOUT THE AUTHOR

വിനോദ് നായര്‍

ജിയോജിത് ഇന്‍വെസ്റ്റ്മെന്റ്സിലെ ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകന്‍. 

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article