ആസ്തി പരിധിവിട്ടാല്‍ സ്‌കീം വിഭജിക്കാം: മ്യൂച്വല്‍ ഫണ്ടില്‍ പരിഷ്‌കാരവുമായി സെബി

6 months ago 7

റിട്ടേണ്‍ നോക്കിയാണോ മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപം നടത്തേണ്ടത്? പലപ്പോഴും റിസ്‌കോ ഫണ്ടുകളുടെ നിക്ഷേപ രീതികളോ പരിഗണിക്കാതെയാണ് ചെറുകിട നിക്ഷേപകര്‍ വിവിധ ഫണ്ടുകളില്‍ പണം മുടക്കുന്നത്. അതുകൊണ്ടുതന്നെ ചില ഫണ്ടുകളില്‍ വന്‍തോതില്‍ നിക്ഷേപം കുമിഞ്ഞുകൂടുകയും ചെയ്യുന്നു.

ഫണ്ടിലെ ആസ്തി കൂടുന്നതോടെ മിഡ്, സ്‌മോള്‍ ക്യാപ് ഓഹരികളില്‍ ഇടപാട് നടത്തുന്നത് ഫണ്ട് മാനേജര്‍മാര്‍ക്ക് കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുന്നു. ഭാവിയിലെ നേട്ടത്തെപ്പോലും അത് ബാധിച്ചേക്കാം. പണം കൂടുതലെത്താന്‍ തുടങ്ങിയതോടെ വന്‍ സമ്മര്‍ദമാണ് എം.എ.സികള്‍ നേരിടുന്നത്. ഇത് ലഘൂകരിക്കാന്‍ സെബി വിഭജന പദ്ധതി ആവിഷ്‌കരിച്ചേക്കും.

50,000 കോടി രൂപയ്ക്ക് മുകളില്‍ ആസ്തിയുള്ള ഫണ്ടുകളുടെ എണ്ണത്തില്‍ വന്‍കുതിപ്പാണ് ഈയിടെ ഉണ്ടായത്. 2025 ജൂണിലെ കണക്കുപ്രകാരം 14 ഫണ്ടുകളുടെ എ.യു.എം(മൊത്തം കൈകാര്യം ചെയ്യുന്ന ആസ്തി) 50,000 കോടി രൂപയ്ക്ക് മുകളിലെത്തി. 2023 മാര്‍ച്ചില്‍ രണ്ട് ഫണ്ടുകള്‍ മാത്രമാണ് ഈ വിഭാഗത്തില്‍ ഉണ്ടായിരുന്നത്.

നിക്ഷേപക ശ്രദ്ധ പിടിച്ചുപറ്റിയ പാരാഗ് പരീഖ് ഫ്‌ളക്‌സി ക്യാപ്, എച്ച്ഡിഎഫ്‌സി ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ട് എന്നിവയുടെ എ.യു.എം ഒരു ലക്ഷം കോടി രൂപ പിന്നിട്ടു. 2023 മാര്‍ച്ചില്‍ എച്ച്ഡിഎഫ്‌സി ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ട്, എസ്ബിഐ ഇക്വിറ്റി ഹൈബ്രിഡ് എന്നീ സ്‌കീമുകള്‍ക്കുമാത്രമാണ് 50,000 കോടിക്ക് മുകളില്‍ ആസ്തിയുണ്ടായിരുന്നത്.

നിക്ഷേപം വന്‍തോതില്‍ എത്തുന്നതിനാല്‍ കൂടുതല്‍ ഫണ്ടുകള്‍ ഈ പരിധിക്ക് മുകളിലെത്താനാണ് സാധ്യത. 2025 ജൂണിലെ കണക്ക് പ്രകാരം മറ്റ് ആറ് സ്‌കീമുകള്‍ക്ക് 40,000 കോടിയിലേറെ എ.യു.എം ഉണ്ടായിരുന്നു.

നിലവിലെ വ്യവസ്ഥ പ്രകാരം ഒരു കാറ്റഗറിയില്‍ ഒരു സ്‌കീം മാത്രം തുടങ്ങാനാണ് ഫണ്ട് കമ്പനികള്‍ക്ക് അനുമതിയുള്ളത്. എ.യു.എം കൂടിയതോടെ ഇതില്‍ ഇളവുവരുത്താനാണ് ഉദ്ദേശിക്കുന്നത്. ആസ്തി 50,000 കോടിക്ക് മുകളിലെത്തുകയാണെങ്കില്‍ ആ ഫണ്ടില്‍ പുതിയതായി നിക്ഷേപം സ്വീകരിക്കുന്നത് നിര്‍ത്തിവെയ്ക്കാം. അതോടൊപ്പം അതേ കാറ്റഗറിയില്‍ സമാനമായ രണ്ടാമത്തെ സ്‌കീം തുടങ്ങാനും അനുവദിക്കും.

Content Highlights: SEBI Considers Mutual Fund Splitting for Schemes Exceeding Asset Limits

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article