ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തില്‍ 81% വര്‍ധന: ജൂലായില്‍ 42,702 കോടി

5 months ago 6

മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തില്‍ റെക്കോഡ് വര്‍ധന. ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടില്‍ മാത്രം ജൂലായില്‍ 42,702 കോടി രൂപയുടെ നിക്ഷേപമാണെത്തിയത്. മുന്‍ മാസത്തെ അപേക്ഷിച്ച് 81 ശതമാനമാണ് വര്‍ധന. ജൂണിലെ നിക്ഷേപം 23,587 കോടി രൂപ മാത്രമായിരുന്നു.

സെക്ടറല്‍, തീമാറ്റിക് ഫണ്ടുകളിലാണ് കൂടുതല്‍ നിക്ഷേപം. 9,426 കോടി. ജൂണിലെ 475 കോടി രൂപയില്‍നിന്ന് ഫ്‌ളക്‌സി ക്യാപ് ഫണ്ടുകളിലെത്തിയ നിക്ഷേപം 7,654 കോടിയായി. 1,882 ശതമാനമാണ് വര്‍ധന. സ്‌മോള്‍ ക്യാപ് ഫണ്ടുകളിലാകട്ടെ 61 ശതമാനംകൂടി 6,484 കോടി രൂപയായി. മിഡ് ക്യാപില്‍ 38 ശതമാനമാണ് വര്‍ധന. 5,182 കോടി രൂപയാണ് ഈ വിഭാഗത്തില്‍ എത്തിയത്. ഡിവിഡന്റ് യീല്‍ഡ് ഫണ്ടിലാണ് ഏറ്റവും കുറവ് നിക്ഷേപം. 96.65 കോടി.

11 വിഭാഗങ്ങളിലെ ഇക്വിറ്റി ഫണ്ടുകളില്‍ ഇഎല്‍എസ്എസ് ഫണ്ടുകളില്‍ മാത്രമാണ് അറ്റ പിന്‍വലിക്കലുണ്ടായത്. ജൂലായില്‍ 368 കോടി രൂപയാണ് പിന്‍വലിച്ചത്. ജൂണിലാകാട്ടെ 556 കോടി രൂപയും. പുതിയ നികുതി വ്യവസ്ഥ പ്രകാരം നികുതി ആനുകൂല്യം ലഭിക്കാത്തതാണ് ടാക്‌സ് സേവിങ് ഫണ്ടുകളെ ബാധിച്ചത്.

ഡെറ്റ് ഫണ്ടുകള്‍
രണ്ട് മാസം തുടര്‍ച്ചയായി നിക്ഷേപം പിന്‍വലിക്കുന്ന സാഹചര്യമായിരുന്നു ഡെറ്റ് പദ്ധതികളിലുണ്ടായിരുന്നത്. എന്നാല്‍ ജൂലായില്‍ നിക്ഷേപക താത്പര്യം വീണ്ടും പ്രകടമായി. 1.06 ലക്ഷം കോടി രൂപയുടെ അറ്റ നിക്ഷേപമാണ് ജൂലായില്‍ രേഖപ്പെടുത്തിയത്.

മണി മാര്‍ക്കറ്റ് ഫണ്ടുകളിലാണ് കൂടുതല്‍ നിക്ഷേപമെത്തിയത്. 44,573 കോടി രൂപ. ലിക്വഡ് ഫണ്ടുകളില്‍ 39,354 കോടി രൂപയുമെത്തി. ബാങ്കിങ് പിഎസ്‌യു ഫണ്ടുകളില്‍നിന്ന് 661 കോടി രൂപയുടെ അറ്റ പിന്‍വലിക്കല്‍ നടന്നു. 416 കോടി രൂപയുമായി ലോങ് ഡ്യൂറേഷന്‍ ഫണ്ടുകളാണ് തൊട്ടുപിന്നില്‍.

ഹൈബ്രിഡ് ഫണ്ടുകള്‍
ഹൈബ്രിഡ് വിഭാഗത്തിലെ പ്രതിമാസ നിക്ഷേപത്തില്‍ 10 ശതമാനം ഇടിവ് രേഖപ്പെടുത്തി. ജൂണിലെ 23,222 കോടി രൂപയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ജൂലായില്‍ 20,879 കോടിയാണ് ലഭിച്ചത്. അതില്‍തന്നെ 7,295 കോടി രൂപയുമായി ആര്‍ബിട്രേജ് ഫണ്ടുകളാണ് മുന്നില്‍.

മള്‍ട്ടി അസറ്റ് അലോക്കേഷന്‍ ഫണ്ടുകള്‍ 6,197 കോടി രൂപ സമാഹരിച്ചു. ഡൈമാനമിക് അസറ്റ് അലോക്കേഷന്‍, ബാലന്‍സ്ഡ് അഡ്വാന്റേജ് എന്നീ ഫണ്ടുകളില്‍ 2,611 കോടിയെത്തി. കണ്‍സര്‍വേറ്റീവ് ഹൈബ്രിഡ് ഫണ്ടുകളിലാണ് ഈ വിഭാഗത്തിലെ ഏറ്റവും കുറഞ്ഞ നിക്ഷേപമെത്തിയത്. 308 കോടി രൂപ.

ഇടിഎഫുകളിലും ഇന്‍ഡെക്‌സ് ഫണ്ടുകളിലും ജൂലായില്‍ 8,259 കോടിയെത്തി. ജൂണില്‍ 3,997 കോടി രൂപയായിരുന്ന സമാഹരിച്ചിരുന്നത്. ഗോള്‍ഡ് ഇടിഎഫുകള്‍ക്കും വിദേശ ആസ്തികളില്‍ നിക്ഷേപിക്കുന്ന ഫണ്ട് ഓഫ് ഫണ്ടുകള്‍ക്കും യഥാക്രമം 1,256 കോടിയും 196 കോടിയും ലഭിച്ചു.

മ്യൂച്വല്‍ ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി ജൂണിലെ 74.14 ലക്ഷം കോടി രൂപയില്‍നിന്ന് ഒരു ശതമാനം ഉയര്‍ന്ന് 75.10 ലക്ഷം കോടിയായി.

പുതിയ ഫണ്ടുകള്‍
ജൂലായില്‍ 30 ഫണ്ടുകളാണ് എന്‍എഫ്ഒയുമായെത്തിയത്. എല്ലാ ഫണ്ടുകളും ചേര്‍ന്ന് 30,416 കോടി രൂപ സമാഹരിച്ചു. ഇതില്‍തന്നെ ഡെറ്റ് ഫണ്ടുകള്‍ 18,948 കോടി രൂപ സമാഹരിച്ചു. 10 ഇക്വിറ്റി ഫണ്ടുകള്‍ 8,997 കോടി രൂപയും നേടി. 13 പാസീവ് (ഇന്‍ഡെക്‌സ്, ഇടിഫ്) ഫണ്ടുകള്‍ 584 കോടി രൂപയും രണ്ട് ഹൈബ്രിഡ് ഫണ്ടുകള്‍ 1,887 കോടി രൂപയും സമാഹരിച്ചു.

Content Highlights: Equity Mutual Funds Surge 81%: ₹42,702 Crore Invested successful July

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article