ഇന്ത്യയിലെ മധ്യവര്‍ഗം വാങ്ങുന്നത് ബാധ്യതകള്‍, സമ്പന്നര്‍ നേടുന്നത് കോടികളും: വൈറലായി കുറിപ്പ്

6 months ago 6

വീട് സ്വന്തമാക്കാന്‍ ആഗ്രഹിക്കാത്തവരില്ല. താമസിക്കാനും നിക്ഷേപിക്കാനമായി വസ്തുവാങ്ങുന്നവരും ഏറെയാണ്. എന്നാല്‍ അതിനെ ചോദ്യം ചെയ്തുകൊണ്ട് രംഗത്തുവന്നിരിക്കുകയാണ് ഡല്‍ഹിയിലെ റിയല്‍ എസ്‌റ്റേറ്റ് അഡൈ്വസര്‍ ഐശ്വര്യ ശ്രീ കപൂര്‍.

ഇന്ത്യയിലെ മധ്യവര്‍ഗം സമ്പാദിക്കുന്നത് വസ്തുവല്ല, ബാധ്യകളാണെന്നും സമ്പന്നര്‍ മറിച്ചാണെന്നുമാണ് ഐശ്വര്യയുടെ വാദം. സമ്പന്നര്‍ അതിന് ഉപയോഗിക്കുന്ന തന്ത്രവും അവര്‍ വിശദീകരിക്കുന്നുണ്ട്.

രണ്ട് കോടി രൂപ വിലമതിക്കുന്ന വസ്തുവില്‍ മറഞ്ഞിരിക്കുന്ന ചെലവുകള്‍ അവര്‍ വിശദീകരിക്കുന്നു. സ്റ്റാമ്പ് ഡ്യൂട്ടി, ജിഎസ്ടി, രജിസ്‌ട്രേഷന്‍ ഫീസ്, പ്രീ ഇഎംഐ എന്നിവയ്‌ക്കെല്ലാം കൂടി 50 ലക്ഷം രൂപയിലധികം വരും. ഇങ്ങനെ മുടക്കുന്ന തുകയ്ക്ക് വസ്തുവിന്റെ വില ഉയരുന്നതുവരെ യാതൊരു നേട്ടവും ലഭിക്കുന്നില്ല. അതിന് പലപ്പോഴും വര്‍ഷങ്ങളെടുത്തേക്കാം.

സമ്പന്നരായ വ്യക്തികള്‍ അതിവേഗം സമ്പത്തുണ്ടാക്കാന്‍ പ്രയോഗിക്കുന്നത് 'വാല്യു മൈഗ്രേഷന്‍ മോഡല്‍' ആണെന്നും അവര്‍ പറയുന്നു.

നേരത്തെ ആരംഭിക്കുക-പ്രൊജക്ട് തുടങ്ങുന്ന ഘട്ടത്തില്‍ ചതുരശ്ര അടിക്ക് 12,000-14,000 രൂപ നിരക്കില്‍ നിക്ഷേപിക്കുക.

വേഗത്തില്‍ കയ്യൊഴിയുക- റീസെയില്‍ വിപണി സജീവമാകുന്നതിന് മുമ്പ് 18,000-20,000 രൂപയ്ക്ക് വില്‍ക്കുക.

സ്മാര്‍ട്ടായി വീണ്ടും നിക്ഷേപിക്കുക- വാടകയ്ക്ക് നല്‍കിയ കൊമേഴ്‌സ്യല്‍ വസ്തു, ലക്ഷ്വറി താമസസ്ഥലങ്ങള്‍, സ്വതന്ത്രമായ റസിഡന്‍ഷ്യല്‍ യൂണിറ്റുകള്‍ എന്നിവയില്‍ പണംമുടക്കുക.

ഈ പ്രകൃയ ആവര്‍ത്തിക്കുക- 25 ശതമാനത്തിന് മുകളില്‍ നേട്ടമുണ്ടാക്കാന്‍ രണ്ട് മുതല്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇത് വീണ്ടും ആവര്‍ത്തിക്കുക.

ഇത് സങ്കല്പം മാത്രമല്ലെന്നും ഡിഎല്‍എഫ് പ്രൊജക്ടുകളില്‍ തുടക്കത്തില്‍ നിക്ഷേപിച്ചവര്‍ക്ക് വസ്തു കൈവശം ലഭിക്കുന്നതിന് മുമ്പുതന്നെ 3-4 കോടി രൂപയുടെ ലാഭമുണ്ടായതായും കപൂര്‍ ഉദാഹരിക്കുന്നു. വൈക വാങ്ങിയവരാകട്ടെ കുടുങ്ങിയെന്നും അവര്‍ പറയുന്നു.

ചിന്താഗതിയിലാണ് മധ്യവര്‍ഗത്തിന്റെയും അതിസമ്പന്നരുടെയും വ്യത്യാസമെന്നാണ് കപൂറിന്റെ വാദം. വികാരത്തിന്റെ പുറത്താണ് മധ്യവര്‍ഗം തീരുമാനമെടുക്കുന്നത്. വാങ്ങാന്‍ അനുയോജ്യമായ സമയം, വിറ്റൊഴിയല്‍, നേട്ടമുണ്ടാക്കല്‍ എന്നിവയിലാണ് സമ്പന്നര്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്നും കപൂര്‍ വിശദീകരിക്കുന്നു. വ്യക്തമായ വിറ്റൊഴിയല്‍ പ്ലാനും(റീസെയില്‍) പുനര്‍നിക്ഷേപ പദ്ധതിയും ഇല്ലെങ്കില്‍ രണ്ട് കോടി രൂപയുടെ ഫ്‌ളാറ്റ് പോലും 'നിര്‍ജീവ മൂലധന'മായി മാറുന്നുന്നു.

60 ലക്ഷത്തില്‍ തുടങ്ങി പത്ത് വര്‍ഷത്തിനുള്ളില്‍ അഞ്ച് കോടിയായി വളര്‍ന്ന നിക്ഷേപ പോര്‍ട്‌ഫോളിയോകള്‍ അവര്‍ ചൂണ്ടിക്കാണിക്കുന്നു. ഭാഗ്യംകൊണ്ടല്ല, ആവര്‍ത്തിക്കുന്ന, ചിട്ടപ്പെടുത്തിയ നിക്ഷേപ പദ്ധതികളിലൂടെയാണ് ഇത് സാധ്യമായതെന്നും കപൂര്‍ പറയുന്നുണ്ട്.

വീട് വാങ്ങുകയെന്ന മധ്യവര്‍ഗത്തിന്റെ സ്വപ്‌നത്തെയാണ് കപൂര്‍ ചോദ്യം ചെയ്യുന്നത്. 'മിക്കവാറും ഭവന ഉടമകള്‍ സമ്പത്ത് ഉണ്ടാക്കുകയല്ല, ബാധ്യതകള്‍ വാങ്ങുകയാണ് ചെയ്യുന്നത്' -എന്ന കപൂറിന്റെ വാദം സോഷ്യല്‍മീഡിയയില്‍ ഇതിനകം വൈറലായിക്കഴിഞ്ഞു. അതിസമ്പന്നരായ വ്യക്തികള്‍ക്ക് സാമ്പത്തിക ഉപദേശം നല്‍കുന്നതില്‍ പ്രശസ്തയാണ് ഡല്‍ഹി സ്വദേശിയായ കപൂര്‍.

Content Highlights: Is Buying a House a Liability? A Financial Advisor Challenges Conventional Wisdom

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article