ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം: ക്രൂഡ് ഓയില്‍ വിലയില്‍ ഇനിയും കുതിപ്പുണ്ടാകുമോ? 

7 months ago 7

ഗോള ക്രൂഡോയില്‍ വിപണി 2025ന്റെ മധ്യത്തില്‍ സങ്കീര്‍ണമായ സാഹചര്യങ്ങളിലൂടെയാണ് കടന്നു പോകുന്നത്. ഡിമാന്റ്-സപ്ലെ ബലതന്ത്രത്തിലുണ്ടായ മാറ്റം, രാജ്യാന്തര സംഘര്‍ഷങ്ങള്‍, സാമ്പത്തിക അനിശ്ചിതത്വം എന്നിവയാണ് ഈ സാഹചര്യം സൃഷ്ടിച്ചത്.

ഇറാനിലെ ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ജൂണ്‍ 12ന് ഇസ്രായേല്‍ സംയോജിതമായ ആക്രമണ പരമ്പര നടത്തിയതോടെ പശ്ചിമേഷ്യന്‍ സംഘര്‍ഷം പെട്ടെന്ന് തീവ്രതയാര്‍ജിച്ചു. വിപണിയില്‍ തത്‌സമയം പ്രതികരണങ്ങള്‍ പ്രത്യക്ഷമായി. ബ്രെന്റ് ക്രൂഡ് വില ഏഴ് ശതമാനം ഉയര്‍ന്ന് 2022ന് ശേഷമുള്ള കൂടിയ നിലയിലെത്തി.

ആഗോള എണ്ണ സമ്പത്തിന്റെ മൂന്നിലൊന്നു ഉത്പാദിപ്പിക്കുന്ന പേര്‍ഷ്യന്‍ ഗള്‍ഫില്‍ നിന്നുള്ള എണ്ണയുടെ വരവ് തടസപ്പെടുമെന്ന ആശങ്ക നിക്ഷേപകര്‍ക്കിടയില്‍ വ്യാപിച്ചതോടെ അന്താരാഷ്ട്ര ഊര്‍ജ വിപണികളില്‍ അതിന്റെ ആഘാതം പ്രകടമായി. ലോകത്തിലെ എണ്ണക്കപ്പലുകളില്‍ 20 ശതമാനവും കടന്നു പോകുന്ന ഹോര്‍മുസ് കടലിടുക്കില്‍ ഇസ്രായേല്‍ കപ്പലുകളെ ആക്രമിച്ച് ഇറാന്‍ തിരിച്ചടിച്ചേക്കാം. ആഗോള എണ്ണ ഉല്‍പാദനത്തില്‍ മൂന്നു ശതമാനം സംഭാവന ചെയ്യുന്നത് ഇറാനാണ്.

ഈ വര്‍ഷാരംഭം മുതല്‍ എണ്ണ വില സമ്മര്‍ദത്തിലായിരുന്നു. ഒപേക് രാജ്യങ്ങളില്‍ നിന്നും ഇതര ഉത്പാദകരില്‍ നിന്നുമുള്ള എണ്ണയുടെ വരവു കൂടിയതും യുഎസില്‍ സംഭരണം വര്‍ധിച്ചതും ആഗോള സംഘര്‍ഷങ്ങളും വന്‍ശക്തികളുടെ മോശം സാമ്പത്തിക സ്ഥിതിയും മറ്റുമാണ് എണ്ണ വില കുറയാന്‍ കാരണം.

ആഗോള എണ്ണ വിതരണം ഇപ്പോള്‍ സ്ഥിരത കൈവരിച്ചിട്ടുണ്ട്. വില സ്ഥിരതയ്ക്കായി ഉത്പാദനത്തില്‍ കുറവു വരുത്താന്‍ നടത്തുന്ന ശ്രമങ്ങള്‍ ഒപേക് സഖ്യ രാജ്യങ്ങള്‍ തുടരുന്നതിനാല്‍ റഷ്യ ഉള്‍പ്പടെയുള്ള ചില രാജ്യങ്ങള്‍ കയറ്റുമതി വര്‍ധിപ്പിച്ചത് ആഗോള തലത്തില്‍ ഗുണകരമായി. അമേരിക്കയെപ്പോലുള്ള രാജ്യങ്ങളും ഉത്പാദനം കൂട്ടിയത് വിപണിയില്‍ ക്ഷാമമില്ലാതാക്കി. ഇന്ധന ഡിമാന്റിലാകട്ടെ കാര്യമായ വളര്‍ച്ച ഉണ്ടായിട്ടില്ല. ഏറ്റവും വലിയ ഉപഭോക്താക്കളായ ചൈനയുടേയും അമേരിക്കയുടേയും ഡിമാന്റ് സംബന്ധിച്ച കണക്കു കൂട്ടലുകളാണ് വിപണിയുടെ ഗതി നിയന്ത്രിക്കുന്നത്.

ഈയിടെ പുറത്തുവന്ന പിഎംഐ കണക്കുകളനുസരിച്ച് യുഎസിലെ ഉത്പാദന പ്രവര്‍ത്തനങ്ങള്‍ കുറയുകയും സമ്പദ് വ്യവസ്ഥ തളരുകയുമാണ്. താരിഫ് സമ്മര്‍ദങ്ങളും താഴ്ന്ന എണ്ണ വിലയും സാമ്പത്തിക അനിശ്ചിതത്വങ്ങളുമാണ് ഡിമാന്റ് കുറയാന്‍ ഇടയാക്കിയത്. നഷ്ടം ഒഴിവാക്കാനുള്ള ചെലവുകള്‍ വര്‍ധിക്കുന്നതും പ്രധാന ഖനന മേഖലകളില്‍ വിഭവങ്ങള്‍ ക്ഷയിക്കുന്നതും ഉള്‍പ്പടെയുള്ള പ്രശ്നങ്ങള്‍ യുഎസ് എണ്ണ വ്യവസായം നേരിടുന്നുണ്ട്.

ചൈനയില്‍ സാമ്പത്തിക പരിവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. മുന്‍വര്‍ഷത്തെയപേക്ഷിച്ച് എണ്ണയുടെ ഡിമാന്റ് രണ്ട് ശതമാനമെങ്കിലും വര്‍ധിക്കുമെന്നാണ് കണക്കാക്കുന്നത്. ഈ മാസം ആദ്യം ചൈനീസ് ഇക്വിറ്റികള്‍ കുതിക്കുകയും എണ്ണ സംഭരണം എട്ടു ശതമാനം വര്‍ധിക്കുകയും ചെയ്തെങ്കിലും ദുര്‍ബലമായ വ്യാവസായിക ഉത്പാദനവും മോശം പിഎംഐ കണക്കുകളും സൂചിപ്പിക്കുന്നത് സാമ്പത്തിക വളര്‍ച്ചയിലെ മരവിപ്പ് തുടരുകയാണെന്നാണ്.

സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ പ്രതീക്ഷയിലും താഴ്ന്ന നിലയിലായതിനാലും താരിഫ് പ്രതിസന്ധികള്‍ മൂലവും 2025 ല്‍ ആഗോള എണ്ണ ഡിമാന്റ് പ്രതിദിനം 0.5 മില്യണ്‍ ബാരല്‍ കണ്ട് കുറയുമെന്നാണ് യുഎസ് എനര്‍ജി ഇന്‍ഫര്‍മേഷന്‍ അഡ്മിനിസ്ട്രേഷന്റെ (EIA) നിഗമനം. ശരാശരി വില 2026ല്‍ ഇനിയും കുറയുമെന്നാണ് കണക്കാക്കുന്നത്. തുടരുന്ന ഉത്പാദന വര്‍ധനയും വര്‍ധിച്ച ഡിമാന്റും കണക്കാക്കിയാണ് ഈ പ്രതീക്ഷ.

ജാഗ്രതയോടെയുള്ള ഇതേ കാഴ്ചപ്പാടാണ് മറ്റു ഏജന്‍സികളും വിപണി വിശകലന വിദഗ്ധരും പങ്കു വെക്കുന്നത്. വേനല്‍ക്കാല യാത്രകളും ശിശിരകാല ഗാര്‍ഹിക ആവശ്യങ്ങളും താത്ക്കാലിക പിന്തുണ നല്‍കിയേക്കാമെങ്കിലും, വിലയുടെ മുന്നേറ്റം കുറവായിരിക്കുമെന്നാണ് പൊതുവേയുള്ള കാഴ്ചപ്പാട്.

മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷവും റഷ്യ-യുക്രെയിന്‍ യുദ്ധവും ആശങ്ക ഉയര്‍ത്തുന്നുണ്ടെങ്കിലും വിതരണം ഇതുവരെ കാര്യമായി തടസപ്പെട്ടിട്ടില്ല. എന്നാല്‍, ഇപ്പോഴത്തെ ഇസ്രായേല്‍-ഇറാന്‍ പ്രതിസന്ധി നീണ്ടു നില്‍ക്കുകയും പ്രധാന കടല്‍പ്പാതകള്‍ ഇറാന്‍ തടയുകയും ചെയ്താല്‍ എണ്ണവിലയില്‍ വലിയ കുതിപ്പിന് അതു വഴിവെക്കും.

ചരുക്കിപ്പറഞ്ഞാല്‍, ക്രൂഡോയില്‍ വിപണിക്ക് അടിയന്തിര പ്രതിസന്ധി ഇല്ലെങ്കിലും അനിശ്ചിതത്വങ്ങളുടെ കാര്‍മേഘങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഡിമാന്റിലെ ജാഗ്രതയും യഥേഷ്ട ലഭ്യതയും ആഗോള സംഘര്‍ഷ സാധ്യതകളും വിലയിലെ അനിശ്ചിതത്വം നില നിര്‍ത്തുമെങ്കിലും 2025 ലെ ഇനിയുള്ള മാസങ്ങളില്‍ വില കുറയാന്‍ ഇടയില്ല.

Content Highlights: Israel-Iran Conflict: Will Crude Oil Prices Surge Again? A Market Analysis

ABOUT THE AUTHOR

ഹരീഷ് വി.

ജിയോജിത് ഇന്‍വെസ്റ്റ്മെന്റ്സ് ലിമിറ്റഡിലെ കമ്മോഡിറ്റി വിഭാഗം തലവനാണ് ലേഖകന്‍. 

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article