മുജീബുര്‍റഹ്മാന്‍ കരിയാടന്‍
മാധ്യമ പ്രവര്‍ത്തനത്തിലെ നെറിയും നെറികേടും പറയാനാണ് ഉടുമ്പന്‍ചോല വിഷനിലൂടെ രചയിതാവ് അലന്‍ റോഡ്‌നിയും സംവിധായകന്‍ സലാം ബുഖാരിയും ശ്രമിക്കുന്നത്. ധാര്‍മികതയും നേരും പ്രേക്ഷകരിലേക്ക് എത്തിക്കുന്ന വിവര കൈമാറ്റം എന്നതിന് പകരം ഉണ്ടാക്കാനും വില്‍ക്കാനും പറ്റുന്ന ഉത്പന്നം കൂടിയാണ് വാര്‍ത്തയെന്ന് വിചാരിക്കുന്ന ഒരു ലോകത്തെയും അതിനെ പ്രതിരോധിക്കുന്ന മറ്റൊരു ലോകത്തെയുമാണ് ഉടുമ്പന്‍ചോല വിഷന്‍ കാണിക്കുന്നത്.
അന്വേഷണാത്മക പത്രപ്രവര്‍ത്തനവും സാമൂഹ്യ പ്രതിബദ്ധതയും കൈമുതലാക്കിയ സക്കറിയ എന്ന മാധ്യമ പ്രവര്‍ത്തകനാണ് ഉടുമ്പന്‍ചോല വിഷന്റെ ഉപജ്ഞാതാവ്. താന്‍ പ്രവര്‍ത്തിക്കുന്ന ചാനല്‍ തന്റെ കണ്ടെത്തലുകളും അന്വേഷണാത്മകതയും വില്‍പ്പനച്ചരക്കാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് തിരിച്ചറിയുന്നിടത്താണ് സക്കരിയ വളരെ പ്രാദേശികമായി തന്റെ ജന്മഗ്രാമമായ ഇടുക്കിയിലെ ഉടുമ്പന്‍ചോലയില്‍ ചാനല്‍ ആരംഭിക്കുന്നത്. പല വാര്‍ത്തകളും ഉടുമ്പന്‍ചോല വിഷന്‍ പുറത്തുകൊണ്ടുവരികയും ചെയ്യുന്നുണ്ട്.
മീഡിയ അടിസ്ഥാനമാക്കിയുള്ള സിനിമകള്‍ പോലെ നെറിയുള്ള മാധ്യമ പ്രവര്‍ത്തനം നടത്തുന്ന സക്കരിയ കൊല്ലപ്പെടുന്നുണ്ട്. അയാളുടെ മരണത്തോടെ അടച്ചുപൂട്ടിപ്പോകുന്ന ഉടുമ്പന്‍ചോല വിഷനെ പൊടിതട്ടിയെടുക്കാനെത്തുന്ന മാധ്യമ പ്രവര്‍ത്തനത്തെ കുറിച്ച് ചുക്കും ചുണ്ണാമ്പും അറിയാത്ത മിഥുനെന്ന പയ്യനാണ്. പക്ഷേ, സക്കറിയയുടെ സഹപ്രവര്‍ത്തകരുടെ പിന്തുണയോടെ അയാള്‍ക്കും സക്കരിയന്‍ സ്വപ്‌നങ്ങളിലേക്ക് കയറിപ്പോകാനാകുന്നുണ്ട്.
പുതുതലമുറയെ കൂടി ആകര്‍ഷിക്കാനാവുന്ന വിധത്തിലാണ് ഉടുമ്പന്‍ചോല വിഷന്റെ രചനയും ചിത്രീകരണവും നിര്‍വഹിച്ചിരിക്കുന്നത്. എന്നാല്‍ ന്യൂഡല്‍ഹി പോലെ മലയാളത്തിലെ അതിഗംഭീരമായ മാധ്യമപ്രവര്‍ത്തന സിനിമ കണ്ട തലമുറയെ ഉടുമ്പന്‍ചോലയിലെ പ്രാദേശിക ചാനല്‍ എത്രമാത്രം തൃപ്തിപ്പെടുത്തുമെന്ന കാര്യത്തില്‍ സംശയമുണ്ട്.
അന്താരാഷ്ട്ര ബന്ധങ്ങളും മാധ്യമ പ്രവര്‍ത്തനത്തെ മറയാക്കുന്നതുമൊക്കെയായി തുടങ്ങുന്ന സിനിമ പിന്നീട് പൂര്‍ണമായും ചെറിയൊരു പ്രദേശത്തേക്ക് മാത്രമായി ഒതുങ്ങിപ്പോവുകയാണ്. തീര്‍ത്തും പ്രാദേശികമായൊരു ചാനലിന് കേരളത്തെ മൊത്തം പിടിച്ചു കുലുക്കാനാവുമോ എന്നൊക്കെ ചോദിക്കാമെങ്കിലും കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വലിയ ചാനലിന് ഉടുമ്പന്‍ചോല വിഷന്‍ പോലെ ചെറിയ ഒന്നിനെ ഭയക്കാനുള്ള വകുപ്പുകളൊക്കെ കഥയില്‍ ഉണ്ടാക്കിവെച്ചിട്ടുണ്ടെന്നേ പറയാനാവുകയുള്ളു. തിന്മയുടെ ഉഗ്രമൂര്‍ത്തികള്‍ എത്ര ശക്തരായാലും നന്മയുള്ള കുറേ മനസ്സുകള്‍ ചേര്‍ന്നാല്‍ പരാജയപ്പെടുത്താനാവുമെന്നും കൂടി ഈ സിനിമ പറഞ്ഞു തരുന്നു.
മാത്യു തോമസാണ് സിനിമയുടെ ഭാരം മുഴുവന്‍ തോളിലേറ്റി നായകന്‍ മിഥുനായി വരുന്നത്. സാധാരണ ഒരു സ്റ്റുഡിയോയില്‍ കല്ല്യാണ ആല്‍ബങ്ങളും വിവാഹ വീഡിയോകളും എഡിറ്റ് ചെയ്യുന്ന പയ്യന്‍ സാഹചര്യത്തിന് അനുസരിച്ച് വളരുകയും നേതൃത്വം ഏറ്റെടുക്കുകയും ചെയ്യുന്നിടത്താണ് കഥ വികസിക്കുന്നത്. പ്രഥമദൃഷ്ട്യാ കുറ്റക്കാരില്‍ പൊലീസ് ഡ്രൈവറായി തന്റെ ഭാഗം വളരെ മനോഹരമാക്കിയ മാത്യു മിഥുനെന്ന മാധ്യമ പ്രവര്‍ത്തകന്റെ വേഷത്തിലേക്ക് അത്ര പൂര്‍ണമായി എത്തിയോ എന്ന കാര്യത്തില്‍ സംശയം തോന്നിയേക്കാം. പ്രത്യേകിച്ച് ഷഹീന്‍ സിദ്ദീഖിന്റേയും അഭിരാം രാധാകൃഷ്ണന്റേയുംകഥാപാത്രങ്ങളോടുള്ള മിഥുന്റെ സംഘട്ടനങ്ങള്‍ വരുമ്പോള്‍ മാത്യുവിലെ പയ്യനെ അത്ര പെട്ടെന്ന് പ്രേക്ഷകര്‍ക്ക് അംഗീകരിക്കാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. എങ്കിലും മാത്യുവിന്റെ കരിയറില്‍ വ്യത്യസ്തത അവകാശപ്പെടാനാവുന്ന കഥാപാത്രമാണ് മിഥുന്‍.
ന്യൂഡല്‍ഹിയില്‍ കേന്ദ്രമന്ത്രി വെടിയേറ്റു മരിച്ചു എന്ന് പത്രത്തില്‍ അച്ചടിച്ചുവെച്ച രംഗവും ജി കൃഷ്ണമൂര്‍ത്തിയെന്ന അതികായനായ ന്യൂസ് എഡിറ്ററും മാതൃകയായി മുമ്പിലുണ്ടായിരിക്കെ അതിന് സമാനമായൊരു രംഗം ഉടുമ്പന്‍ചോലയിലെ ദൃശ്യമാധ്യമ ന്യൂസ് റൂമിലും ആവര്‍ത്തിക്കുന്നല്ലോ എന്നു തോന്നിയാല്‍ പ്രേക്ഷകരെ കുറ്റപ്പെടുത്താനാവില്ല.
തിരക്കഥയെ അല്‍പം കൂടി ശക്തമാക്കുകയും പ്രമേയത്തിലേക്ക് ആഴ്ന്നിറങ്ങാന്‍ തക്ക രീതിയിലുള്ള മേക്കിംഗും കൂടി ഉണ്ടായിരുന്നുവെങ്കില്‍ മാസ് പ്രേക്ഷകരെ കൂടുതല്‍ ആകര്‍ഷിക്കുമായിരുന്ന ചിത്രമാണ് ഉടുമ്പന്‍ചോല വിഷന്‍. ടെലിവിഷനില്‍ കാണുന്നതിനപ്പുറം ന്യൂസ് റൂമുകളിലും എഡിറ്റിംഗ് ടേബിളുകളിലും എഡിറ്റോറിയല്‍ വിംഗുകളിലും എന്തൊക്കെയാണ് സംഭവിക്കുന്നതെന്ന് കൂടി കുറച്ചുകൂടി വ്യക്തമായി പറയാന്‍ സാധിക്കണമായിരുന്നു. ത്രില്ലര്‍ മൂഡിന്റെ പരകായത്തില്‍ വെച്ച് ബാക്കി പ്രേക്ഷകര്‍ക്ക് വിട്ടുകൊടുത്തൊരു ഫീലും ഒഴിവാക്കാമായിരുന്നു.
അന്‍വര്‍ റഷീദിന്റെ സഹസംവിധായകനായ സലാം ബുഖാരി ആദ്യമായി സ്വതന്ത്ര സംവിധായകനായ ചിത്രമാണ് ഉടുമ്പന്‍ചോല വിഷന്‍. അന്‍വര്‍ റഷീദ് സ്‌കൂള്‍ ഓഫ് ഡയറക്ഷന്റെ സ്വാധീനത്തില്‍ നിന്നും കുതറിമാറാനുള്ള ശ്രമങ്ങള്‍ സലാം ബുഖാരിയും ചെയ്യേണ്ടതുണ്ടായിരുന്നു.
മാധ്യമങ്ങളുമായി ബന്ധമില്ലാത്തവര്‍ക്ക് വലിയ പ്രശ്‌നങ്ങളില്ലാതെ ആസ്വദിക്കാനാവുമെന്നത് ഉടുമ്പന്‍ചോല വിഷന്റെ നേട്ടമായി വിലയിരുത്താനാവും. പക്ഷേ, മൊബൈല്‍ ഉയര്‍ത്തിപ്പിടിച്ച് വീഡിയോയോ ഫോട്ടോയോ എടുക്കുന്നവനെല്ലാം 'മാധ്യമ പ്രവര്‍ത്തകനാകുന്ന' പുതിയ കാലത്ത് പ്രേക്ഷകരുടെ അറിവുകള്‍ക്കപ്പുറത്തേക്ക് സഞ്ചരിക്കുകയെന്ന വലിയ വെല്ലുവിളി കൂടി മറികടക്കേണ്ടതുണ്ട്.
എഡിറ്റിംഗ് മുറിയിലൊരിക്കല്‍ ദിലീഷ് പോത്തന്റെ കഥാപാത്രം പൊട്ടിത്തെറിക്കുകയും വൈകാരികമായി പെരുമാറുകയും ചെയ്യുന്നത് ഒഴിവാക്കിയാല്‍ അദ്ദേഹത്തിന് സിനിമയില്‍ കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല. സിദ്ദീഖ് , അശോകന്‍ തുടങ്ങി പ്രയോജനപ്പെടുത്താനും ഉപയോഗപ്പെടുത്താനും സാധിക്കുന്ന പലരേയും വെറുതെ അവതരിപ്പിച്ചതുപോലെയും തോന്നി.
നിരവധി താരങ്ങള്‍ അണിനിരന്ന ചിത്രമാണ് ഉടുമ്പന്‍ചോല വിഷന്‍. ശ്രീനാഥ് ഭാസിയും അഭിരാം രാധാകൃഷ്ണനും ഒരേ ദിവസം റിലീസായ രണ്ട് ചിത്രങ്ങളില്‍ (ഉടുമ്പന്‍ചോല വിഷന്‍, ഒറിജിനല്‍) വ്യത്യസ്തമായ രണ്ട് കഥാപാത്രങ്ങളെ അവതരിപ്പിച്ചെത്തുന്നു എന്ന കൗതുകമായിരിക്കും പ്രേക്ഷകര്‍ക്ക് കൂടുതലുണ്ടാവുക.
ഉടുമ്പന്‍ചോലയേയും കൊച്ചിയേയും മികച്ച രീതിയില്‍ പകര്‍ത്തി സിനിമയ്ക്ക് ദൃശ്യഭംഗിയൊരുക്കിയ വിഷ്ണു തണ്ടാശ്ശേരിയുടെ ക്യാമറയും സിനിമയുടെ താത്പര്യത്തിന് അനുസരിച്ച് നീങ്ങുന്ന ഗോപി സുന്ദറിന്റെ സംഗീതവും വിവേക് ഹര്‍ഷന്റെ എഡിറ്റിംഗും മികച്ചതായിട്ടുണ്ട്. വിനായക് ശശികുമാറും സുഹൈല്‍ കോയയുമാണ് വരികളെഴുതിയത്.
എ ആന്റ് ആര്‍ മീഡിയ ലാബ്‌സിന്റേയും യുബി പ്രൊഡക്ഷന്‍സിന്റേയും ബാനറുകളില്‍ അഷര്‍ അമീര്‍, റിയാസ് കെ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് ഉടുമ്പന്‍ചോല വിഷന്‍ നിര്‍മിച്ചിരിക്കുന്നത്.




English (US) ·