ഹ്രസ്വ കാലയളവില്‍ ഓഹരി വിപണിയില്‍ അല്പം പ്രതികൂല ചായ്‌വോടെ 24800 നും 25250 നുമിടയില്‍ വ്യാപാരം നടക്കാനാണ് സാധ്യത. താഴ്ന്ന നിലയില്‍ 24500ല്‍ നിര്‍ണായകമായ പിന്തുണ ലഭിച്ചേക്കാം. 25500ല്‍ മുന്നേറ്റം തടസപ്പെടാനും സാധ്യതയുണ്ട്. ഇതിനു പ്രധാന കാരണം ഒന്നാം പാദ ഫലങ്ങളുടെ അടിസ്ഥാനത്തില്‍ ഭാവിയിലെ വരുമാനം മികച്ചതാകുമെന്ന പ്രതീക്ഷയും അമേരിക്കയുമായി ഉണ്ടാക്കിയേക്കാവുന്ന വ്യാപാര ഉടമ്പടിയിലൂടെ വ്യാപാരച്ചുങ്കവുമായി ബന്ധപ്പെട്ട റിസ്‌കില്‍ വരുന്ന കുറവുമാണ്.
ഈ രണ്ടുകാര്യങ്ങളിലും വിപണി വളരെ പോസിറ്റീവായ കാഴ്ചപ്പാടാണ് പുലര്‍ത്തുന്നത്. അതിനാല്‍ വിപണിയിലെ ഉയര്‍ന്ന മൂല്യത്തെ ഇതു സാധൂകരിക്കുന്നുണ്ട്. ഓഹരി വരുമാന പ്രതീക്ഷയുടെ (പിഇ റേഷ്യോ) 21 മടങ്ങാണ് ഇപ്പോഴത്തെ മൂല്യം. ഇത് മൂന്നു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയാണ്. വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ ഉയര്‍ന്ന തോതിലുള്ള വില്പന ഹ്രസ്വകാലയളവില്‍ തിരിച്ചടിയാകുന്നുണ്ട്. ഓഹരികളുടെ ഉയര്‍ന്ന മൂല്യമാണ് ഇതിനു പ്രധാന കാരണം. എന്നാല്‍ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ മികച്ച രീതിയില്‍ ഓഹരികള്‍ വാങ്ങിക്കൂട്ടുന്നുമുണ്ട്. കഴിഞ്ഞ രണ്ടു മൂന്നു മാസങ്ങളെ അപേക്ഷിച്ച് വാങ്ങലില്‍ അല്പം കുറവുവന്നിട്ടുണ്ട്. അതിനു പ്രധാന കാരണം പ്രതീക്ഷ നല്‍കാത്ത ഒന്നാം പാദ ഫലങ്ങളാണ്.
ടെക്നോളജി ഓഹരികളുടെ പ്രതീക്ഷയ്ക്കൊത്തുയരാത്ത പ്രകടനം കാരണമാണ് ഒന്നാം പാദ ഫലങ്ങള്‍ മൂകമായത്. എന്നാല്‍ ബാങ്കിംഗ്, സിമെന്റ് മേഖലകളില്‍ നിന്ന് അടുത്തിടെ പുറത്തുവന്ന മികച്ച പാദ ഫലങ്ങള്‍ ഈ രംഗത്തെ പ്രമുഖ കമ്പനികളുടെ ഓഹരികള്‍ക്കു മുന്നേറ്റം നല്‍കിയിട്ടുണ്ട്. മിഡ് കാപ് കമ്പനികളുടെ ഫലങ്ങള്‍ വന്നു തുടങ്ങിയിട്ടുണ്ട്. അവ നല്ല പ്രതീക്ഷ നല്‍കുകയും ചെയ്യുന്നു. പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ കമ്പനികളുടെ റവന്യൂ വരുമാന വളര്‍ച്ച (Revanue growth) മൊത്തത്തില്‍ അഞ്ച് ശതമാനത്തില്‍ കൂടുതലാണ്. ഇത് 10 മുതല്‍ 12 ശതമാനം വരെയുള്ള വരുമാന വളര്‍ച്ച (Earnings growth) നല്‍കിയേക്കാം. ഇത് വിപണിക്ക് ശുഭ പ്രതീക്ഷ നല്‍കുന്ന ഘടകമാണ്. അതിനാല്‍ രണ്ടാം പകുതിയിലും (ജൂലൈ മുതല്‍ ഡിസമ്പര്‍ വരെ) ഈ നില തുടര്‍ന്നേക്കാമെന്ന വിലയിരുത്തലിലാണ് നിക്ഷേപകര്‍. മികച്ച മഴ ലഭ്യതയും പണപ്പെരുപ്പത്തിലുണ്ടാകുന്ന കുറവും പലിശ നിരക്കുകളിലെ ഇളവും ഉപഭോഗത്തില്‍ വരുന്ന വര്‍ധനവും ഈ അനുകൂല സാഹചര്യത്തിന് ശക്തി പകര്‍ന്നേക്കാം. പൊതുവില്‍ മിഡ്കാപ് ഓഹരികള്‍ക്ക് ഇത് വളരെ അനുകൂലമായിരിക്കും.
അമേരിക്കയുമായുള്ള വ്യാപാര കരാറിലും അനുകൂലമായ ഫലമാണ് പ്രതീക്ഷിക്കുന്നത്. അതിനു കാരണം അമേരിക്ക ബ്രിട്ടനുമായും ജപ്പാനുമായും ഒപ്പിട്ട കരാറുകളാണ്. അടുത്തിടെ ബ്രിട്ടനുമായി ഇന്ത്യ ഒപ്പിട്ട സ്വതന്ത്ര വ്യാപാര കരാറും ഈ പ്രതീക്ഷയ്ക്കു ശക്തിപകരുന്നുണ്ട്. ജപ്പാന്റെ കാര്യത്തില്‍ അമേരിക്ക പകരച്ചുങ്കമായി ആദ്യം നിര്‍ദ്ദേശിച്ച 25 ശതമാനത്തില്‍ നിന്ന് 15 ശതമാനത്തിലേക്കു കുറയ്ക്കാന്‍ തയ്യാറായിരുന്നു. ഇന്ത്യയുടെ കാര്യത്തിലാകട്ടെ 26 ശതമാനം പകരച്ചുങ്കമാണ് അമേരിക്ക നിര്‍ദ്ദേശിച്ചിരിക്കുന്നത്. എന്നാല്‍ പുതിയ സാഹചര്യത്തില്‍ ഉയര്‍ന്ന ചുങ്കം തന്നെ പ്രതീക്ഷിക്കേണ്ടതുണ്ട്. ഉത്പന്ന അടിസ്ഥാനത്തിലും മേഖലാ അടിസ്ഥാനത്തിലുമുള്ള പ്രാഥമിക ധാരണകള്‍ രൂപപ്പെട്ടതിനു ശേഷമേ അന്തിമ ചര്‍ച്ചകളിലേക്കു കടക്കുകയുള്ളു.
ഈ വര്‍ഷത്തെ ഒന്നാം പാദ പ്രകടനത്തെ പ്രതികൂലമായി ബാധിച്ച രണ്ടു ഘടകങ്ങളുണ്ട്. ഒന്ന് : ഓഹരികളുടെ ഉയര്‍ന്ന മൂല്യത്തെ അപേക്ഷിച്ച് വരുമാനത്തില്‍ വളര്‍ച്ചയുണ്ടാകില്ലെന്ന വിലയിരുത്തല്‍. രണ്ട് : വ്യാപാര സംഘര്‍ഷങ്ങള്‍. ഏപ്രിലിന് ശേഷം ഈ സംഘര്‍ഷ സാഹചര്യത്തില്‍ അയവു വന്നിട്ടുണ്ട്. സാഹചര്യം കൂടുതല്‍ മെച്ചപ്പെടുന്നതനുസരിച്ച് രണ്ടാം പകുതിയില്‍ മികച്ച പ്രകടനം പ്രതീക്ഷിക്കാം.

ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ നല്ലപ്രകടനത്തിനു ശേഷം വര്‍ഷത്തിന്റെ രണ്ടാം പകുതി അല്പം മന്ദഗതിയിലാണ് തുടങ്ങിയത്. ലാര്‍ജ് കാപ് ഓഹരികള്‍ക്ക് ഒന്നാം പകുതി കൂടുതല്‍ ഗുണകരമായിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ കോര്‍പറേറ്റ് ലാഭത്തിലെ വര്‍ധനയും റിസ്‌കില്‍ വന്ന കുറവും ലാര്‍ജ് കാപ് ഓഹരികളുടെ കൂടിയ വാല്യുവേഷനും കാരണം മിഡ്കാപ് ഓഹരികളുടെ പ്രകടനം മികച്ചതായിരിക്കുമെന്നാണ് പ്രതീക്ഷ.
Content Highlights: Market Outlook and Mid-Cap Opportunities: Assessing Earnings, Trade, and Valuations
![]()
മാതൃഭൂമി.കോം വാട്സാപ്പിലും








English (US) ·