ഉത്പന്നങ്ങളുടെ എം.ആര്‍.പി സംവിധാനം മാറുമോ? പരിശോധിക്കാന്‍ കേന്ദ്രം

6 months ago 6

ത്പന്നങ്ങളുടെ ചില്ലറ വില്പന വില നിര്‍ണയം കൂടുതല്‍ സുതാര്യവും ഉപഭോക്തൃ സൗഹൃദപരവുമാക്കാന്‍ എം.ആര്‍.പി സംവിധാനത്തില്‍ പുനക്രമീകരണം വരുത്തിയേക്കും. ഇക്കാര്യം കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

വ്യവസായ-ഉപഭോക്തൃ സംഘടനകള്‍, നികുതി ഉദ്യോഗസ്ഥര്‍ എന്നിവരുമായി ഇതുസംബന്ധിച്ച് ഉപഭോക്തൃകാര്യ വകുപ്പ് ചര്‍ച്ച നടത്തിയതായാണ് സൂചന. ഒരേ ഉത്പന്നത്തിന് വ്യത്യസ്ത എംആര്‍പി വരുന്നതിനെക്കുറിച്ചും യോഗം ചര്‍ച്ചചെയ്തതായി അറിയുന്നു.

അവശ്യവസ്തുക്കള്‍, പായ്ക്ക് ചെയ്തവ, ദൈനംദിന ഉപയോഗത്തിലുള്ളവ തുടങ്ങിയവയുടെ നിര്‍മാണത്തിനും വിപണനത്തിനുമുള്ള ചെലുവുകളെ എം.ആര്‍.പിയുമായി ബന്ധിപ്പിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ വേണമോയെന്നകാര്യവും പരിശോധിക്കുന്നുണ്ട്.

കൃത്യത, അളവുകള്‍, ലേബല്‍ എന്നിവ നിയന്ത്രിക്കുന്നതിനുള്ള അധികാരമാണ് 2009ലെ ലീഗല്‍ മെട്രോളജി നിയമ പ്രകാരം ഉപഭോക്തൃ വകുപ്പിനുള്ളത്. വില നിര്‍ണയത്തിനുള്ള വ്യവസ്ഥകള്‍ നടപ്പാക്കാനുള്ള അധികാരമില്ല.

മിക്കവാറും വികസിത രാജ്യങ്ങളില്‍ എം.ആര്‍.പി സംവിധാനം ഇല്ല. വിപണിയാണ് അവിടെ വില നിശ്ചയിക്കുന്നത്. സര്‍ക്കാരിന്റെ വില നിയന്ത്രണം ഉള്ള അവശ്യവസ്തുക്കള്‍ക്കൊഴികെ ഇവിടെ വില തീരുമാനിക്കുന്നത് നിര്‍മാതാവാണ്. റീട്ടെയില്‍ കച്ചവടക്കാര്‍ക്ക് ലേബലില്‍ അടിച്ചിരിക്കുന്ന പരമാവധി വില ഈടാക്കാന്‍ നിലവില്‍ കഴിയും. എംആര്‍പി എങ്ങനെയാണ് നിശ്ചയിച്ചിരിക്കുന്നതെന്ന് നിര്‍മാതാക്കള്‍ വിശദീകരിക്കേണ്ടതുമില്ല.

ഒരു ഉത്പന്നത്തിന് 5,000 രൂപ എംആര്‍പി ഉള്ളപ്പോള്‍ 50 ശതമാനം കിഴിവില്‍ 2,500 രൂപയ്ക്ക് വില്‍ക്കുകയാണെങ്കില്‍ അത്രയും ഉയര്‍ന്നതുക എന്തിനാണ് ടാഗില്‍ നല്‍കുന്നതെന്ന ചോദ്യം ഉയരുന്നു.

നിര്‍മാണ-വിതരണ ചെലവുകളോടൊപ്പം നിശ്ചിത ശതമാനം മാര്‍ജിനും എന്ന കാഴ്പ്പാട് ആണ് അനുയോജ്യമെന്ന വിലയിരുത്തലുമുണ്ട്. അതേസമയം, നിലവിലെ സംവിധാനത്തില്‍ മാറ്റം ആവശ്യമില്ലെന്നാണ് വ്യവസായ പ്രതിനധികള്‍ ആവശ്യപ്പെട്ടത് എന്നറിയുന്നു. ഉത്പന്നങ്ങളുടെ വില കുത്തനെ ഉയര്‍ത്തുന്നത് തടയുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെങ്കിലും വിലനിര്‍ണയ സ്വാതന്ത്ര്യം ഇല്ലാതാക്കുമെന്നും ആരോപണമുണ്ട്.

എംആര്‍പി സംവിധാനത്തില്‍ മാറ്റംവരുത്തണമെങ്കില്‍ ചരക്ക് സേവന നികുതി (ജിഎസ്ടി) ഘടന പുനഃക്രമീകരിക്കേണ്ടിവരും. ഇക്കാര്യത്തില്‍ ധനമന്ത്രാലയവുമായുള്ള ധാരണയും വേണ്ടിവരും. നിലവില്‍ ജിഎസ്ടി ഈടാക്കുന്നത് ഇടപാട് മൂല്യത്തിന്മേലാണ്. എംആര്‍പിയിലല്ല.

Content Highlights: Maximum Retail Price (MRP) Under Scrutiny

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article