Published: April 03, 2026 09:15 AM IST
1 minute Read
ലക്നൗ∙ ഐപിഎലിൽ ഡൽഹി ക്യാപിറ്റൽസിനോടേറ്റ തോൽവിക്കു പിന്നാലെ ലക്നൗ സൂപ്പർ ജയന്റ്സ് ക്യാപ്റ്റൻ ഋഷഭ് പന്തും പരിശീലകൻ ജസ്റ്റിൻ ലാംഗറും ടീം ഉടമ സഞ്ജീവ് ഗോയങ്കയും തമ്മിൽ നടത്തിയ ചർച്ചയുടെ ‘അൺകട്ട്’ വിഡിയോ പങ്കുവച്ച് ലക്നൗ സൂപ്പർ ജയന്റ്സ്. തോൽവിയിൽ പന്തിനെ, സഞ്ജീവ് ഗോയങ്ക ശകാരിക്കുകയാണെന്ന രീതിയിൽ വിഡിയോയുടെ കുറച്ചുഭാഗം വ്യാപകമായി പ്രചരിച്ചിരുന്നു. ഇതു വൻ ചർച്ചയായതോടെയാണ് വിഡിയോയയുടെ മുഴുവൻ ഭാഗവും ലക്നൗ, ഔദ്യോഗിക പേജുകളിലൂടെ പങ്കുവച്ചത്.
‘‘നിങ്ങൾ കാണുന്നതെല്ലാം യഥാർഥ കഥയല്ല. ക്യാമറകൾ കട്ട് ചെയ്യാത്തപ്പോഴുള്ള യഥാർഥ പോസ്റ്റ്-മാച്ച് വൈബ് ഇതാ’’ എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചത്. അടുത്തേയ്ക്ക് വരുന്ന പന്തിനെ, സഞ്ജീവ് ഗോയങ്ക കെട്ടിപ്പിടിക്കുന്നതും ആശ്വസിപ്പിക്കുന്നതും പിന്നീട് ചിരിച്ചുകൊണ്ട് സംസാരിക്കുന്നതുമെല്ലാമാണ് പുതിയ വിഡിയോയിലുള്ളത്. മുൻപു പുറത്തുവന്ന ദൃശ്യങ്ങളിൽ വളരെ ഗൗരവത്തോടെ ഇരുവരും സംസാരിക്കുന്നതാണ് ഉണ്ടായിരുന്നത്.
മുൻപ് തുടർച്ചയായ തോൽവികളിൽ ലക്നൗ ക്യാപ്റ്റൻ കെ.എൽ. രാഹുലിനെ ഗോയങ്ക ഗ്രൗണ്ടിൽവച്ച് പരസ്യമായി ശകാരിച്ചിരുന്നു. അന്ന് വലിയ വിമർശനങ്ങളാണ് ഗോയങ്കയ്ക്കെതിരെ ഉയർന്നത്. ഇതിന്റെ ചുവടുപിടിച്ചാണ് പന്തിനെയും ശകാരിക്കുന്നെന്ന രീതിയിൽ വിഡിയോ പ്രചരിച്ചത്. തോൽവിക്ക് ശേഷം സഞ്ജീവ് ഗോയങ്ക എക്‌സിൽ കുറിച്ചത് ഇങ്ങനെ:
‘‘ഇതൊരു നീണ്ട സീസണാണ്, അർഥവത്തായ ഒന്ന് കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമാണ് ഇത്തരം നിമിഷങ്ങൾ. നമ്മുടെ നായകനിലും ടീമിലും എനിക്ക് പൂർണ്ണ വിശ്വാസമുണ്ട്, അവർ കരുത്തോടെ തിരിച്ചുവരും. സ്റ്റേഡിയത്തിൽ നൽകിയ പിന്തുണയ്ക്ക് ആരാധകർക്ക് നന്ദി. ഞങ്ങൾ കൂടുതൽ കരുത്തോടെ തിരിച്ചുവരും. ഐപിഎലിന്റെ ഈ സീസണിലെ കഥ ലക്നൗ ഇനിയും എഴുതിത്തീർന്നിട്ടില്ല’’
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം X/@LucknowIPLൽ നിന്ന് എടുത്തതാണ്
English Summary:








English (US) ·