‘എങ്ങനെ പെരുമാറുന്നു എന്നതൊക്കെ അവർ വിലയിരുത്തും, പരാതിയുള്ളവർ അതു തെളിയിക്കണം’: പി.ടി ഉഷയ്ക്ക് അഞ്ജുവിന്റ മറുപടി

1 week ago 2

ബെംഗളൂരു ∙ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) വനിതാ പ്രതിനിധികളുടെ തിരഞ്ഞെടുപ്പിൽ തന്റെ ജയത്തെക്കുറിച്ചും നിലവിലെ പ്രസിഡന്റ് പി.ടി.ഉഷയുടെ തോൽവിയെക്കുറിച്ചും പ്രതികരിച്ച് മലയാളി അത്‍ലീറ്റ് അ‍ഞ്ജു ബോബി ജോർജ്. എല്ലാവരും മത്സരിക്കുന്നത് വിജയിക്കാനാണ്. എന്നാൽ ജയവും തോൽവിയും ഒരുപോലെ അംഗീകരിക്കാൻ കഴിയണമെന്നും അഞ്ജു പറഞ്ഞു. കൂടുതൽ വോട്ട് നേടി വിജയിച്ചത് തനിക്കുള്ള അംഗീകാരമായാണ് കാണുന്നതെന്നും അഞ്ജു പറയുന്നു. ആരൊക്കെയാണ് തനിക്ക് വോട്ട് ചെയ്തതെന്ന് അറിയില്ല. ഇത്രയും വോട്ട് ലഭിക്കുമെന്ന് എങ്ങനെ മുൻകൂട്ടി പറയാനാകുമെന്നും അഞ്ജു ചോദിച്ചു. തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പരാതിയുണ്ടെങ്കിൽ ബന്ധപ്പെട്ട കേന്ദ്രങ്ങളെ സമീപിക്കണം. ചില പ്രശ്നങ്ങൾ തനിക്കും തോന്നിയിരുന്നെന്നും അഞ്ജു വ്യക്തമാക്കി.

What you should work next

‘‘ഇത്രയും വലിയ ഒരു ഫോറത്തിൽ, വലിയ രീതിയിൽ പ്രചാരണം നടത്തി മത്സരിക്കുന്നത് ആദ്യ അനുഭവമാണ്. മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചെന്നാണ് കരുതുന്നത്. ഒപ്പം മത്സരരംഗത്തുണ്ടായിരുന്നവർ ആരും പിന്നിലുള്ളവരല്ല. എല്ലാവരും അവരുടെ കരിയറിൽ മികച്ച പ്രകടനം കാഴ്ചവച്ചവരാണ്. ഇതൊരു ഭരണസംവിധാനത്തിലേക്കുള്ള തിരഞ്ഞെടുപ്പാണ്. 80 വോട്ടർമാരും നമ്മളെ കണ്ടു വളർന്നുവന്നവരാണ്. അവർക്കു മുന്നിൽ നമ്മളെ പ്രത്യേകം പരിചയപ്പെടുത്തേണ്ട കാര്യമില്ല. നമ്മുടെ ഭരണമികവ്, ആളുകളോട് എങ്ങനെ പെരുമാറുന്നു എന്നതൊക്കെ അവർ വിലയിരുത്തും. 80 വോട്ടിൽ 53 എണ്ണം ലഭിച്ചത് വലിയ സംഖ്യ തന്നെയാണ്. എത്ര പേർ വോട്ടു ചെയ്തെന്നു മാത്രമേ അറിയൂ. ആരൊക്കെയാണ് ചെയ്തതെന്ന് അറിയില്ല. എന്തെങ്കിലും പരാതികളുണ്ടെങ്കിൽ തെളിയിക്കുക. മാന്യമായ രീതിയിലാണ് പ്രചാരണം നടത്തിയത്. എന്തെങ്കിലും ആക്ഷേപങ്ങളുണ്ടെങ്കിൽ തെളിയിക്കുക.’’– അഞ്ജു പറഞ്ഞു.

ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തന്നെ അധ്യക്ഷസ്ഥാനത്തുനിന്ന് പുറത്താക്കാൻ ആസൂത്രിത നീക്കവും അട്ടിമറിയും നടന്നതായി പി.ടി.ഉഷ ആരോപിച്ചിരുന്നു. നവംബർ 9നു നടന്ന ‘സ്പോർട്സ്പഴ്സൻ ഓഫ് മെറിറ്റ്’ (എസ്ഒഎം) തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് പിന്നാലെയാണ് ഉഷ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തെത്തിരുന്നത്. വോട്ടെടുപ്പിൽ മറ്റൊരു മലയാളി അത്‍ലീറ്റ് അ‍ഞ്ജു ബോബി ജോർജും മുൻ ബാഡ്മിന്റൻ താരം സൈന നെഹ്‍വാളും ഉൾപ്പെട്ട പാനലിലെ എല്ലാവരും വിജയിച്ചിരുന്നു.

സ്പോർട്സ്മാൻ ഓഫ് ഔട്ട്സ്റ്റാൻഡിങ് മെറിറ്റ് (എസ്ഒഎം) വിഭാഗത്തിൽ വനിതകളുടെ നാലു സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. പി.ടി.ഉഷ ഉൾപ്പെടെ ആറു പേരാണ് മത്സരരംഗത്തുണ്ടായിരുന്നത്. ഇനി ഡിസംബർ 5ന് നടക്കുന്ന ഐഒഎ തിരഞ്ഞെടുപ്പിൽ ഉഷയ്ക്ക് മത്സരിക്കണമെങ്കിൽ ഏതെങ്കിലും ദേശീയ കായിക ഫെഡറേഷന്റെ (എൻഎസ്എഫ്) നാമനിർദേശം ലഭിക്കണം. എന്നാൽ അതിനുള്ള സാധ്യത വിരളമാണെന്നാണ് വിലയിരുത്തൽ.

അത്‌ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (എഎഫ്ഐ) രണ്ടു പ്രതിനിധികളിൽ ഒരാളായി ഉഷ തിരഞ്ഞെടുക്കപ്പെടാൻ സാധ്യതയില്ലെന്നാണ് സൂചന. ഐഒഎ ഭരണഘടന പ്രകാരം പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നയാൾ എസ്ഒഎം അംഗമോ ജനറൽ അസംബ്ലി അംഗമോ ആയിരിക്കണം. 2022ൽ എസ്ഒഎം വിഭാഗത്തിലൂടെ എതിരില്ലാതെയാണ് ഉഷ ഐഒഎയുടെ ആദ്യ വനിതാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് മുൻ അമ്പെയ്ത്ത് താരം ഡോല ബാനർജി, മുൻ ഇന്ത്യൻ വനിതാ ഹോക്കി ടീം ക്യാപ്റ്റൻ റാണി രാംപാൽ എന്നിവരാണ് എസ്ഒഎം ആയി തിരഞ്ഞെടുക്കപ്പെട്ട മറ്റു രണ്ടു പേർ.

40 പുരുഷന്മാരും 40 വനിതകളുമടക്കം ആകെ 80 എസ്ഒഎം അംഗങ്ങളാണ് നാലു വനിതാ പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടർ പട്ടികയിലുള്ളത്. ശനിയാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ ഒളിംപിക് മെഡൽ ജേതാക്കളായ ഗഗൻ നാരംഗ്, വിജേന്ദർ സിങ്, യോഗേശ്വർ ദത്ത്, മുൻ ടേബിൾ ടെന്നിസ് താരം കമലേഷ് മേത്ത എന്നിവർ എതിരില്ലാതെ പുരുഷ വിഭാഗത്തിലെ നാല് എസ്ഒഎം സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മറ്റു എട്ടു സ്ഥാനാർഥികൾ നാമനിർദേശ പത്രിക പിൻവലിച്ചതോടെയാണ് ഇവർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്.

English Summary:

Anju Bobby George responded to PT Usha's decision successful the Indian Olympic Association (IOA) women representatives predetermination by stating that triumph and decision indispensable beryllium accepted equally. She emphasized that winning 53 retired of 80 votes was a important designation of her administrative capabilities and past career. The elections for the Sportsperson of Merit (SOM) class saw aggravated contention among salient Indian sports figures.

Read Entire Article