എച്ച്-1 ബി വിസയുടെ ഫീസ് ഒരു ലക്ഷം ഡോളറായി(88 ലക്ഷം രൂപ) ഉയര്‍ത്തിയതിനെ തുടര്‍ന്ന് വിപണിയില്‍ തിരിച്ചടി നേരിട്ട് ഐ.ടി ഓഹരികള്‍. ടി.സി.എസ്, ഇന്‍ഫോസിസ്, വിപ്രോ, എച്ച്.സി.എല്‍ ടെക്, ടെക് മഹീന്ദ്ര, കോഫോര്‍ജ് തുടങ്ങിയ വന്‍കിട ഐ.ടി കമ്പനികളുടെ ഓഹരികള്‍ രാവിലത്തെ വ്യാപാരത്തിനിടെ ആറ് ശതമാനം വരെ ഇടിവ് നേരിട്ടു. ഏറെക്കാലത്തെ ദുര്‍ബല സാഹചര്യം മറികടന്ന് ഉണര്‍വ് പ്രകടിപ്പിക്കാന്‍ തുടങ്ങിയപ്പോഴായിരുന്നു ട്രംപിന്റെ അടുത്ത വെടിപൊട്ടിക്കല്‍.
ടെക് മഹീന്ദ്രയുടെ ഓഹരി വില അഞ്ച് ശതമാനം താഴ്ന്ന് 1,453 നിലവാരത്തിലെത്തി. ഇന്‍ഫോസിസിന്റെ വിലയാകട്ടെ 1,482 രൂപയും ടി.സി.എസിന്റേത് 3,065 രൂപയിലുമെത്തി. എച്ച്.സി.എല്‍ ടെകിന്റെ ഓഹരി വില 1,415 രൂപയായി. കോഫോര്‍ജ് 1,702 നിലവാരത്തിലുമാണ്. ഈ ഓഹരികളില്‍ മൂന്ന് ശതമാനം വരെയാണ് നഷ്ടം രേഖപ്പെടുത്തിയത്. നിഫ്റ്റി ഐ.ടി സൂചികയാകട്ടെ മൂന്ന് ശതമാനം ഇടിഞ്ഞ് 35,482ല്‍ എത്തുകയും ചെയ്തു.
ഈ വര്‍ഷം ഇതുവരെ ഐ.ടി ഓഹരികളില്‍ കനത്ത ചാഞ്ചാട്ടം പ്രകടമായിരുന്നു. ടി.സി.എസ് 23 ശതമാനവും ഇന്‍ഫോസിസ് 18 ശതമാനവും വിപ്രോ 14.6 ശതമാനവും ഇടിവ് നേരിട്ടു. ദുര്‍ബലമായ ആഗോള ഡിമാന്റും വരുമാനത്തെ കുറിച്ചുള്ള ആശങ്കയുമായിരുന്നു ഈ സമ്മര്‍ദത്തിന് പിന്നില്‍. താരിഫ് വിഷയത്തില്‍ ട്രംപ് അനുരഞ്ജനത്തിന്റെ വഴിയിലേയ്ക്ക് കടന്നതിനെ തുടര്‍ന്ന് ഈയിടെ ഐ.ടി തിരിച്ചുവരവ് നടത്തിയിരുന്നു. ആ സമയത്താണ് വിസയ്ക്കുമേലുള്ള ട്രംപിന്റെ ഇടപെടലുണ്ടായത്.
ട്രംപിന്റെ ഈ നീക്കം ഐടി കമ്പനികളുടെ ലാഭക്ഷമതയില്‍ ഒന്നര ശതമാനം വരെ കുറവുണ്ടാക്കിയേക്കാമെന്നാണ് വിലയിരുത്തല്‍. ഇന്ത്യന്‍ ഐ.ടി കമ്പനികളിലെ എച്ച്-1ബി ജീവനക്കാരുടെ വാര്‍ഷിക ശമ്പളം 80,000 മുതല്‍ 1,20,000 ഡോളര്‍വരെയാണ്. പുതിയതായി ഏര്‍പ്പെടുത്തിയ ഫീസ് ഒരു വര്‍ഷത്തെ ശമ്പളത്തിന് തുല്യമോ അതില്‍ കൂടുതലോ ആണ്.
വന്‍കിട കമ്പനികളുടെ യു.എസില്‍നിന്നുള്ള വരുമാന വിഹിതം ഏകദേശം 55 ശതമാനമാണ്. ഇടത്തരം കമ്പനികളുടേതാകട്ടെ 80 ശതമാനം വരെയും. അധിക ചെലവുകള്‍ താങ്ങാന്‍ വന്‍കിട കമ്പനികള്‍ക്ക് ശേഷിയുണ്ട്. അതേസമയം, പുതിയ വിസകളെ ആശ്രയിക്കുന്നതിനാല്‍ ഇടത്തരം കമ്പനികള്‍ക്ക് അറ്റാദായത്തില്‍ വലിയ സമ്മര്‍ദം നേരിട്ടേക്കാം. ഇന്ത്യയുടെ 250 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഐടി ഔട്ട്‌സോഴ്‌സിങ് വ്യവസായം നേരിടുന്ന ഘടനാപരമായ വെല്ലുവിളി അതുകൊണ്ടുതന്നെ അത്ര നിസാരമായി തള്ളിക്കളയാനാവില്ല.
എന്നാല്‍, ഈ ഫീസ് നിലവിലുള്ള വിസ ഉടമകളെ ബാധിക്കില്ലെന്നത് ആശ്വാസകമരാണ്. വിസ പുതുക്കുന്നതിനോ യു.എസിലേയ്ക്ക് വീണ്ടും വരുന്നതിനോ അധിക ഫീസ് ബാധകമല്ലന്ന് വൈറ്റ്ഹൗസ് വ്യക്തമാക്കിയിട്ടുണ്ട്. സെപ്റ്റംബര്‍ 21ന് ശേഷം നല്‍കുന്ന വിസ അപേക്ഷകള്‍ക്ക് മാത്രമാണ് ഈ വ്യവസ്ഥ ബാധകം.
പ്രതിസന്ധികള്‍ക്കിടയിലും ഇന്ത്യന്‍ ഐ.ടി കമ്പനികള്‍ വെല്ലുവിളികള്‍ നേരിടാന്‍ സജ്ജമാണ്. സമാനമായ സാഹചര്യം ഉണ്ടാകാനിടയുള്ളതിനാല്‍ ട്രംപിന്റെ ഒന്നാമത്തെ ടേം മുതല്‍ കമ്പനികള്‍ തയ്യാറെടുപ്പുകള്‍ നടത്തുന്നുണ്ട്. ഐടി കമ്പനികളുടെ യുഎസിലെ ജീവനക്കാരില്‍ പകുതിയില്‍ താഴെ മാത്രമാണ് ഇപ്പോള്‍ എച്ച്-1ബി വിസക്കാരുള്ളത്. കുറച്ചു വര്‍ഷങ്ങളായി ഇന്ത്യന്‍ ഐടി കമ്പനികള്‍ എച്ച്-1ബി വിസയെ ആശ്രയിക്കുന്നത് കുറയ്ക്കുകയും യു.എസില്‍ പ്രാദേശിക നിയമനങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. യു.എസിലേയ്ക്ക് ഇന്ത്യന്‍ ജീവനക്കാരെ അയക്കുന്നതും അവിടെ പ്രാദേശികമായി നിയമിക്കുന്നതും തമ്മിലുള്ള ചെലവിലെ അന്തരം ഗണ്യമായി കുറയുന്നതിനാലാണ് ഈ നീക്കം. അതോടൊപ്പം കാനാഡ, ലാറ്റിന്‍ അമേരിക്ക തുടങ്ങിയ സമീപ രാജ്യങ്ങളിലേയ്ക്ക് ബിസിനസ് മാറ്റുന്നതിന്റെ സാധ്യതകളും കമ്പനികള്‍ പ്രയോജനപ്പെടുത്തിയേക്കും.
എന്തൊക്കെ തീരുമാനങ്ങള്‍ വന്നാലും ഹ്രസ്വകാലയളവില്‍ വിപണിയില്‍ അനിശ്ചിതത്വം തുടരാനാണ് സാധ്യത. അതേസമയം, ദീര്‍ഘ കാലയളവില്‍ മികവ് പുലര്‍ത്തി പ്രതാപം തിരിച്ചുപിടിക്കുമെന്നകാര്യത്തില്‍ സംശയവുമില്ല. മൊത്തം ഓഹരി നിക്ഷേപത്തില്‍ ഐ.ടി വിഹിതം 20 ശതമാനത്തില്‍ കൂടുതലാണെങ്കില്‍ ക്രമേണ വിഹിതം കുറച്ച് സുരക്ഷിത നീക്കം നടത്തുന്നതാകും ഉചിതം.
Content Highlights: H-1B Visa Fee Hike Impacts Indian IT Stocks: Market Analysis and Outlook.
![]()
മാതൃഭൂമി.കോം വാട്സാപ്പിലും








English (US) ·