ഓഹരി വിപണിയിലെ കോലാഹലങ്ങളൊന്നും ഋഷികേശിനെ ബാധിക്കാറില്ല. സ്ഥിര നിക്ഷേപ പദ്ധതികളിലാണ് മൊത്തം നിക്ഷേപത്തിന്റെ 80 ശതമാനവും. അതേസമയം, എല്ലാ പണവും ബാങ്ക് എഫ്ഡിയില്‍ ഇടാറുമില്ല. അതിനുമുണ്ടല്ലോ ബദല്‍. ഇവിടെയാണ് വിപണിയുടെ സാധ്യതകള്‍ അദ്ദേഹം പ്രയോജനപ്പെടുത്തുന്നത്.
ആഗോളതലത്തില്‍ വളര്‍ച്ചയ്ക്കായി കേന്ദ്ര ബാങ്കുകള്‍ മുന്നൊരുക്കങ്ങള്‍ നടത്തുന്നു. അതിന്റെ ഭാഗമായി റിസര്‍വ് ബാങ്ക് രണ്ട് തവണയായി 0.50 ശതമാനം നിരക്ക് കുറക്കുകയും ചെയ്തു. ഉയര്‍ന്ന പലിശയുടെ കാലം അവസാനിക്കുകയാണ്. നിക്ഷേപ പലിശയും കുറഞ്ഞുതുടങ്ങി. ബാങ്ക് നിക്ഷേപത്തിന്റെ പലിശ കുറയുന്ന സാഹചര്യത്തിലും അദ്ദേഹം പരിഭവിക്കാറില്ല.
കൂടുതല്‍ ആദായം നേടാനുള്ള സാധ്യകള്‍ തന്ത്രപൂര്‍വം പ്രയോജനപ്പെടുത്താന്‍ അദ്ദേഹത്തിന് അറിയാം. ബാങ്ക് പലിശ കുറയുമ്പോള്‍ വിപണിയില്‍ ആദായം കൂടുന്ന സാഹചര്യം ഏറെ പേര്‍ക്കും അറിയില്ല. പലിശ നിരക്ക് കുറയുന്നതിലൂടെ കൂടുതല്‍ വരുമാനം നേടാനുള്ള അവസരം പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്. ഡെറ്റ് മ്യൂച്വല്‍ ഫണ്ടുകള്‍ അതിനുള്ള അവസരം നല്‍കും.
വിപണിയില്‍ പലിശ കുറയാന്‍ തുടങ്ങുമ്പോള്‍ കടപ്പത്രങ്ങളുടെ ആദായം കൂടും. അതായത് പലിശ നിരക്കും കടപ്പത്ര ആദായവും എതിര്‍ ദിശകളിലാണ് നീങ്ങുന്നതെന്ന് ചുരുക്കം. ഓഹരി അധിഷ്ഠിത പദ്ധതികളെ അപേക്ഷിച്ച് ഡെറ്റ് മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് താരതമ്യേന റിസ്‌ക് കുറവാണ്. സര്‍ക്കാര്‍ സെക്യൂരിറ്റികള്‍, ട്രഷറി ബില്ലുകള്‍, ഉയര്‍ന്ന റേറ്റിങ് ഉള്ള കോര്‍പറേറ്റ് ബോണ്ടുകള്‍ എന്നിവയില്‍ നിക്ഷേപം നടത്തുന്നതിനാല്‍ വിപണിയിലെ കനത്ത ചാഞ്ചാട്ടം ഡെറ്റ് നിക്ഷേപങ്ങളെ ബാധിക്കാറില്ല.
ഡെറ്റ് മ്യൂച്വല്‍ ഫണ്ടുകളില്‍ന്നെ പത്തിലേറെ വിഭാഗങ്ങള്‍ ഉണ്ട്. അവ ഏതൊക്കെയാണെന്ന് അറിയാം:
ഓവര്‍നൈറ്റ് ഫണ്ട്: ഒരു ദിവസത്തെ കാലാവധിയുള്ള സെക്യൂരിറ്റികളില്‍ നിക്ഷേപിക്കുന്നവ.
ലിക്വിഡ് ഫണ്ട്: 91 ദിവസംവരെ കാലാവധിയുള്ള മണിമാര്‍ക്കറ്ററ്റ് സെക്യൂരിറ്റികളില്‍ നിക്ഷേപിക്കുന്നവ.
അള്‍ട്ര ഷോര്‍ട് ഡ്യൂറേഷന്‍ ഫണ്ട്: മൂന്ന് മാസം മുതല്‍ ആറ് മാസംവരെ കാലാവധിയുള്ള ഡെറ്റ്, മണിമാര്‍ക്കറ്റ് ഉപകരണങ്ങളില്‍ നിക്ഷേപിക്കുന്നു.
ലോ ഡ്യാറേഷന്‍ ഫണ്ട്: ആറ് മാസം മുതല്‍ 12 മാസംവരെ കാലയളവുള്ള ഡെറ്റ് പദ്ധതികളില്‍ നിക്ഷേപിക്കുന്നു.
മണിമാര്‍ക്കറ്റ് ഫണ്ട്: ഒരു വര്‍ഷംവരെ കാലാവധിയുള്ള മണിമാര്‍ക്കറ്റ് ഉപകരണങ്ങളില്‍ നിക്ഷേപിക്കുന്നു.
ഷോര്‍ട്ട് ഡൂറേഷന്‍ ഫണ്ട്: ഒരു വര്‍ഷം മുതല്‍ മൂന്ന് വര്‍ഷംവരെ കാലയളവുള്ള കടപ്പത്രങ്ങളിലും മണിമാര്‍ക്കറ്റ് ഉപകരണങ്ങളിലും നിക്ഷേപം നടത്തുന്നു.
മീഡിയം ഡ്യൂറേഷന്‍ ഫണ്ട്: മൂന്ന് മുതല്‍ നാല് വര്‍ഷംവരെ കാലയളവുള്ള കടപ്പത്രങ്ങളില്‍ നിക്ഷേപിക്കുന്നു.
മീഡിയം ടു ലോങ് ഡ്യൂറേഷന്‍ ഫണ്ട്: നാല് മുതല്‍ ഏഴ് വര്‍ഷംവരെ കാലയളവുള്ള കടപ്പത്രങ്ങളില്‍ നിക്ഷേപം നടത്തുന്നു.
ലോങ് ഡ്യൂറേഷന്‍ ഫണ്ട്: ഏഴ് വര്‍ഷത്തിന് മുകളില്‍ കാലയളവുള്ള കടപ്പത്രങ്ങളില്‍ നിക്ഷേപിക്കുന്നു.
ഡൈനാമിക് ബോണ്ട് ഫണ്ട്: ഫണ്ട് മാനേജരുടെ വിവേചനാധികാരം ഉപയോഗിച്ച് വ്യത്യസ്ത കാലയളവുകളുള്ള കടപ്പത്രങ്ങളിലും മണിമാര്‍ക്കറ്റ് ഉപകരണങ്ങളിലും നിക്ഷേപം നടത്തുന്നു.
കാലയളവിന് പുറമെ കടപ്പത്രങ്ങളുടെ വൈവിധ്യം അനുസരിച്ച് നിക്ഷേപം നടത്തുന്ന ഡെറ്റ് ഫണ്ടുകളും ഉണ്ട്.
ഗില്‍റ്റ് ഫണ്ട്: മൊത്തം ആസ്തിയില്‍ 80 ശതമാനവും സര്‍ക്കാര്‍ സെക്യൂരിറ്റികളിലോ ബോണ്ടുകളിലോ നിക്ഷേപിക്കുന്നവയാണ് ഗില്‍റ്റ് ഫണ്ടുകള്‍. താരതമ്യേന ഉയര്‍ന്ന സുരക്ഷ ഈ ഫണ്ടുകളിലെ നിക്ഷേപത്തിനുണ്ടാകും. അതേസമയം, വിപണിയിലെ സാഹചര്യത്തിന് അനുസരിച്ച് ആദായത്തില്‍ കാര്യമായ വ്യതിയാനം ഉണ്ടാകാം.
കോര്‍പറേറ്റ് ബോണ്ട് ഫണ്ട്: ഉയര്‍ന്ന റേറ്റിങ് ഉള്ള കോര്‍പറേറ്റ് ബോണ്ടുകളിലാണ് നിക്ഷേപം. മൊത്തം ആസ്തിയില്‍ ചുരുങ്ങിയത് 80 ശതമാനം നിക്ഷേപവും ഉയര്‍ന്ന റേറ്റിങ് ഉള്ള കോര്‍പറേറ്റ് കടപ്പത്രങ്ങളില്‍ നടത്തേണ്ടതുണ്ട്.
ക്രെഡിറ്റ് റിസ്‌ക് ഫണ്ട്: താരതമ്യേന റേറ്റിങ് കുറഞ്ഞ കടപ്പത്രങ്ങളിലാണ് ഈ ഫണ്ട് നിക്ഷേപം നടത്തുന്നത്. ചുരുങ്ങിയത് 65 ശതമാനമെങ്കിലും നിക്ഷേപം കോര്‍പറേറ്റ് ബോണ്ടുകളില്‍ വേണമെന്ന് നിശ്ചയിച്ചിരിക്കുന്നു. റിട്ടേണിനൊപ്പം റിസ്‌കും കൂടുതലാണ് ഈ വിഭാഗം ഫണ്ടുകളില്‍.
ബാങ്കിങ് ആന്‍ഡ് പി.എസ്.യു ഫണ്ട്: ബാങ്ക്, പൊതുമേഖല സ്ഥാപനങ്ങള്‍, പൊതു ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയുടെ ഡെറ്റ് ഉപകരണങ്ങളിലാണ് ഈ ഫണ്ട് നിക്ഷേപം നടത്തുന്നത്. മൊത്തം ആസ്തിയുടെ 80 ശതമാനമെങ്കിലും നിക്ഷേപം ഈ ഫണ്ടുകളില്‍ വേണമെന്ന് വ്യവസ്ഥ ചെയ്തിരിക്കുന്നു.
എവിടെ കൂടുതല്‍ നേട്ടം?
നിരക്ക് കുറയ്ക്കലിന്റെ കാലമാണിപ്പോള്‍. ഇതിനകം റിപ്പോ നിരക്ക് അര ശതമാനം കുറച്ചുകഴിഞ്ഞു. വളര്‍ച്ച മുന്നില്‍ കണ്ട് അടുത്ത ധനനയ യോഗത്തിലും റിസര്‍വ് ബാങ്ക് ഇതേ പാതയില്‍തന്നെയാകും സഞ്ചരിക്കുക. പണപ്പെരുപ്പം കുറയുന്നത് അതിനുള്ള അനുകൂല സാഹചര്യമൊരുക്കുകയും ചെയ്തിട്ടുണ്ട്.
അതുകൊണ്ടുതന്നെ ഡൈനാമിക് ബോണ്ട് ഫണ്ടുകളാണ് ഇപ്പോള്‍ ഏറ്റവും അനുയോജ്യം. ഫണ്ട് മാനേജരുടെ വിവേചനാധികാരമുപയോഗിച്ച് നിക്ഷേപം നടത്താമെന്നതാണ് ഈ ഫണ്ടുകളുടെ പ്രത്യേകത. കാലയളവോ മറ്റ് വ്യവസ്ഥകളോ പാലിക്കേണ്ടതില്ല. നിരക്ക് ഉയരുമ്പോള്‍ ഹ്രസ്വകാല ബോണ്ടുകളിലേയ്ക്കും നിരക്ക് താഴാന്‍ തുടങ്ങുമ്പോള്‍ ദീര്‍ഘകാല ബോണ്ടുകളിലേയ്ക്കും നിക്ഷേപം 'ഡൈനാമിക്' ആയി ക്രമീകരിച്ചാണ് കൂടുതല്‍ നേട്ടമുണ്ടക്കാനുള്ള അവസരം ഉപയോഗിക്കുന്നത്.
ഈ ഫണ്ടുകളില്‍നിന്ന് ഉയര്‍ന്ന നേട്ടം ലഭിച്ചുകൊള്ളണമന്നില്ലെന്നകാര്യം പ്രത്യേക ശ്രദ്ധിക്കുക. റിസര്‍വ് ബാങ്കിന്റെ നീക്കം തെറ്റായി വിലിയിരുത്തുന്ന സന്ദര്‍ഭങ്ങളും ഉണ്ടാകാം. മറിച്ചുള്ള സാഹചര്യമാണിപ്പോഴുള്ളത്. നിരക്ക് വര്‍ധനവിന്റെ വലിയൊരു കാലയളവ് അപ്രത്യക്ഷമാകുകയാണ്. രണ്ട് തവണ കുറയ്ക്കുകയും ചെയ്തു. ഇനിയും കുറച്ചേക്കാം. ഇത്തരം സാഹചര്യത്തില്‍ അവസരത്തിനൊത്ത് ഉയര്‍ന്നാണ് ഡൈനാമിക് ബോണ്ട് ഫണ്ടുകള്‍ നേട്ടമുണ്ടാക്കുന്നത്. അതേസമയം, നിരക്ക് കുറയ്ക്കുന്നതിലൂടെയുള്ള സ്വാഭാവിക നേട്ടത്തിന് ഷോട് ടേം, അള്‍ട്ര ഷോട് ടേം ഫണ്ടുകളിലെ നിക്ഷേപമാകും അനുയോജ്യം. മീഡിയം-ലോങ് ടേം ബോണ്ട് ഫണ്ടുകളും ഇതോടൊപ്പം പരിഗണിക്കാം.

ഡെറ്റ് ഫണ്ടുകളിലെ റിസ്‌ക്
രണ്ടുതരം റിസ്‌കുകളാണ് ഡെറ്റ് ഫണ്ടുകള്‍ക്കുള്ളത്. അതില്‍ പ്രധാനം ക്രെഡിറ്റ് റിസ്‌ക് ആണ്. രണ്ടാമതായി ഇന്ററസ്റ്റ് റേറ്റ് റിസ്‌കും. ക്രെഡിറ്റ് റിസ്‌ക് മറികടക്കാന്‍ മികച്ച റേറ്റിങ് ഉള്ള കടപ്പത്രങ്ങളില്‍ നിക്ഷേപം നടത്തുന്ന ഫണ്ടുകള്‍ തിരഞ്ഞെടുക്കാം. പലിശ നിരക്കിലെ വ്യതിയാനത്തെ മറികടക്കാന്‍ വേറെ വഴികളൊന്നുമില്ല. റിസര്‍വ് ബാങ്കിന്റെ നിരക്ക് കുറയ്ക്കലുമായാണ് അത് ബന്ധപ്പെട്ടിരിക്കുന്നത്. നിരക്ക് കുറയുമ്പോള്‍ ഡെറ്റ് ഫണ്ടുകളിലെ ആദായം കൂടും. നിരക്ക് കൂട്ടുമ്പോള്‍ ആദായം കുറയുകയും ചെയ്യും. ഇക്കാര്യം മനസിലാക്കി മുന്നോട്ടുപോകുകയെന്നതാണ് അതിനെ മറികടക്കാനുള്ള വഴി.
നികുതിയിലെ നേട്ടം
ബാങ്ക് എഫ്.ഡി പോലുള്ള സ്ഥിര നിക്ഷേപ പദ്ധതികളില്‍നിന്ന് എല്ലാവര്‍ഷവും ടിഡിഎസ് ഈടാക്കും. എന്നാല്‍ ഡെറ്റ് മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിന് ടിഡിഎസ് ബാധകമല്ല. തിരിച്ചെടുക്കുമ്പോള്‍ മാത്രം (നികുതി വിധേയവരുമാനമുള്ളവര്‍ മൊത്തം നേട്ടം കണക്കാക്കി) സ്ലാബ് പ്രകാരം നികുതി നല്‍കിയാല്‍ മതിയാകും. പലിശയില്‍ വര്‍ഷംതോറുമുണ്ടാകുന്ന ടിഡിഎസ് കോംപൗണ്ടഡ് ഗ്രോത്തിനെ ബാധിക്കും. ഇപ്പോള്‍ നിക്ഷേപം നടത്തിയെന്ന് കരുതുക. അഞ്ച് വര്‍ഷം കഴിഞ്ഞാണ് തിരികെയെടുക്കുന്നതെങ്കില്‍ എത്ര തുകയുടെ നേട്ടം ഉണ്ടോ അതിന് അനുസരിച്ച് നികുതി നല്‍കിയാല്‍ മതിയാകും. നികുതി വിധേയ വരുമാനമില്ലാത്തവര്‍ക്ക് എഫ്ഡിയുടേതുപോലെതന്നെ ബാധ്യതയുണ്ടാവില്ല.
അവസാന വാക്ക്: വിപണിയില്‍ പലിശ കുറയുന്ന സാഹചര്യത്തില്‍ അനുയോജ്യമായ ഡെറ്റ് ഫണ്ട് തിരഞ്ഞെടുത്ത് നിക്ഷേപം നടത്താം. എഫ്.ഡിക്കുള്ളതുപോലെ പുതിക്കിയിടുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടതില്ല. വര്‍ഷാവര്‍ഷം പലിശ ചേര്‍ത്ത് നികുതി റിട്ടേണ്‍ നല്‍കണ്ട കാര്യവുമില്ല. ഫോം 15 കൊടുത്ത് നികുതിയില്‍നിന്ന് ഊരിപ്പോരേണ്ടതുമില്ല.
Feedback to:antonycdavis@gmail.com
Content Highlights: Beyond Fixed Deposits: Strategies for Higher Returns successful a Low-Interest Rate Environment.
![]()
മാതൃഭൂമി.കോം വാട്സാപ്പിലും








English (US) ·