Published: November 02, 2026 09:50 AM IST
2 minute Read
ഹാമിൽട്ടൻ ∙ പൊതുജനങ്ങളുടെയും ആരാധകരുടെയും അഭിപ്രായം നോക്കി തീരുമാനങ്ങൾ എടുക്കാൻ സാധിക്കില്ലെന്നും തന്റെ ബോധ്യങ്ങൾക്കനുസരിച്ചാണ് താരങ്ങളെ തിരഞ്ഞെടുക്കുന്നതെന്നും ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ ഗൗതം ഗംഭീർ. ന്യൂസീലൻഡിനെതിരായ അഞ്ചാം ട്വന്റി20യിൽ കൗമാരതാരം വൈഭവ് സൂര്യവംശിയെ കളിപ്പിക്കാതിരുന്നതിനെക്കുറിച്ചുള്ള ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു ഗംഭീർ. ‘‘പുറത്തുനിൽക്കുന്നവർക്ക് എന്തും പറയാം. അത് അവരുടെ അഭിപ്രായ സ്വാതന്ത്ര്യം. പക്ഷേ, ഇവിടെ എന്റെ ബോധ്യങ്ങൾക്ക് അനുസരിച്ചാണ് തീരുമാനം എടുക്കുന്നത്.’’–ഗംഭീർ പറഞ്ഞു.
What you should work next
‘‘എല്ലാവരെയും സന്തോഷിപ്പിച്ചുകൊണ്ട് മുന്നോട്ടുപോകാൻ സാധിക്കില്ല. അത് എന്റെ ജോലിയുമല്ല. ഇത്രയേറെ താരങ്ങൾ ടീമിലുള്ളപ്പോൾ എല്ലാവർക്കും അവസരം ഉറപ്പാക്കാൻ സാധിക്കണമെന്നില്ല. അത് ആദ്യം മനസ്സിലാക്കുക’’– ഗംഭീർ പറഞ്ഞു. ‘‘ഒക്ടോബർ 20നാണ് ഇന്ത്യന്‍ താരങ്ങൾ ന്യൂസീലൻഡിലെത്തിയത്. 21ന് മാത്രമാണ് പരിശീലനത്തിനു സമയം ലഭിച്ചത്. ഇവിടത്തെ സാഹചര്യങ്ങൾ വ്യത്യസ്തമാണ്. കാലാവസ്ഥ വേറെയാണ്. ന്യൂസീലൻഡിനെപ്പോലെ മികച്ചൊരു ടീമിനെ അവരുടെ ഗ്രൗണ്ടിൽ നേരിടുകയാണ്. അതു കൂടാതെ ഇന്ത്യൻ ടീമിലെ ഭൂരിഭാഗം പേരും ആദ്യമായാണ് ഇവിടെ കളിക്കുന്നത്.’’– ഗംഭീർ വ്യക്തമാക്കി.
ബാറ്റിങ്ങിലും ബോളിങ്ങിലും വ്യക്തമായ ആധിപത്യം തുടർന്ന ന്യൂസീലൻഡ് ഇന്ത്യയ്ക്കെതിരായ അഞ്ചാം ട്വന്റി20 മത്സരത്തിൽ 7 വിക്കറ്റ് വിജയമാണു സ്വന്തമാക്കിയത്. ടിം സൈഫർട്ടിന്റെയും (50 പന്തിൽ 93) ഗ്ലെൻ ഫിലിപ്സിന്റെയും (38 പന്തിൽ 65*) അർധ സെഞ്ചറിക്കരുത്തിലാണ് ന്യൂസീലൻഡ് ജയം പിടിച്ചെടുത്തത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ, ഇഷാൻ കിഷന്റെയും (32 പന്തിൽ 61) ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെയും (23 പന്തിൽ 50) ബലത്തിൽ 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 191 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ കിവീസ് 18 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. 19 റൺസ് മാത്രം വഴങ്ങി 4 വിക്കറ്റ് നേടിയ ന്യൂസീലൻഡ് പേസർ ആദം മിൽനെയാണ് പ്ലെയർ ഓഫ് ദ് മാച്ച്. ആദ്യ 3 മത്സരങ്ങൾ ജയിച്ച ഇന്ത്യ പരമ്പര 3–2ന് സ്വന്തമാക്കി. 5 മത്സരങ്ങളിൽനിന്ന് 341 റൺസ് നേടിയ ന്യൂസീലൻഡ് ബാറ്റർ ഗ്ലെൻ ഫിലിപ്സാണ് പരമ്പരയിലെ താരം.
What you should work next
പതിവിന് വിപരീതമായി മെല്ലെയാണു ന്യൂസീലൻഡ് ബാറ്റർമാർ മറുപടി ബാറ്റിങ് ആരംഭിച്ചത്. ഭുവനേശ്വർ കുമാർ എറിഞ്ഞ ആദ്യ ഓവറിലും അർഷ്ദീപ് സിങ് എറിഞ്ഞ രണ്ടാം ഓവറിലുമായി ആതിഥേയർ നേടിയത് 12 റൺസ് മാത്രം. 2–ാം ഓവറിലെ 3–ാം പന്തിൽ ഫിൻ അലനെ (2) പുറത്താക്കിയ അർഷ്ദീപ് മത്സരം ഇന്ത്യയുടെ നിയന്ത്രണത്തിലാക്കുമെന്നു തോന്നിച്ചു. എന്നാൽ, 4–ാം ഓവർ മുതൽ സൈഫർട്ട് ന്യൂസീലൻഡ് സ്കോറിങ്ങിന്റെ വേഗം കൂട്ടിയതോടെ കാര്യങ്ങൾ ഇന്ത്യയുടെ കൈവിട്ടുപോയി. പവർപ്ലേയിലെ അവസാന ഓവറിൽ 2 ഫോറും 2 സിക്സുമടക്കം സൈഫർ്ട്ട് ഒറ്റയ്ക്ക് നേടിയത് 20 റൺസ്. 8–ാം ഓവറിൽ ഡാരിൽ മിച്ചൽ (16 പന്തിൽ 29) പുറത്തായെങ്കിലും പിന്നാലെ എത്തിയ ഗ്ലെൻ ഫിലിപ്സ് സൈഫെർട്ടിനൊപ്പം ചേർന്നതോടെ ആതിഥേയർ കുതിച്ചു. 10–ാം ഓവറിൽ നിതീഷ് കുമാർ റെഡ്ഡിയെ സിക്സർ പായിച്ചാണു സൈഫെർട്ട് തന്റെ അർധ സെഞ്ചറി പൂർത്തിയാക്കിയത്. 11 ഫോറും 4 സിക്സും അടങ്ങുന്നതായിരുന്നു സൈഫെർട്ടിന്റെ വെടിക്കെട്ട് ഇന്നിങ്സ്. 16–ാം ഓവറിൽ സൈഫെർട്ട് വീണെങ്കിലും അടിതുടർന്ന ഫിലിപ്സ് അനായാസം കിവീസിനെ ലക്ഷ്യത്തിലെത്തിച്ചു.
നേരത്തേ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കായി മികച്ച തുടക്കം നൽകാൻ ഓപ്പണർമാർക്കു സാധിച്ചില്ല. സഞ്ജു സാംസണും (4), അഭിഷേക് ശർമയും (1) രണ്ടക്കം കാണാതെ പുറത്തായി. പിന്നാലെ എത്തിയ ഇഷാൻ കിഷന്റെയും ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെയും അർധ സെഞ്ചറി പ്രകടനമാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലേക്ക് എത്തിച്ചത്. എന്നാൽ, ഇരുവരും പുറത്തായശേഷം മധ്യ ഓവറുകളിൽ റൺ കണ്ടെത്താൻ ഇന്ത്യൻ ബാറ്റർമാർക്കു സാധിച്ചില്ല. നമൻ ധിറിനും (23 പന്തിൽ 33) നിതീഷിനും (17 പന്തിൽ 22) മാത്രമാണ് രണ്ടക്കം കടക്കാനായത്. 4 വിക്കറ്റുകൾ നേടിയ ആദം മിൽനെയും രണ്ട് വിക്കറ്റുകൾ വീതം നേടിയ നേതൻ സ്മിത്തും ബ്ലെയർ ടിക്നറും ചേർന്നാണ് ഇന്ത്യൻ ബാറ്റിങ് നിരയെ പിടിച്ചു കെട്ടിയത്.
English Summary:






English (US) ·