വിപണി ചതിക്കുമോ? സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പാണ് ഇത്തരത്തിലൊരു ചര്‍ച്ചക്ക് തുടക്കമിട്ടത്. ഏഴ് വര്‍ഷമായി എസ്‌ഐപി ചെയ്യുന്ന നിക്ഷേപകന്റെ ആശങ്ക ഏറെ ചര്‍ച്ചയാകുകയും ചെയ്തു. 11 ലക്ഷം രൂപയാണ് അദ്ദേഹം നിക്ഷേപിച്ചത്. നിലവില്‍ അതിന്റെ മൂല്യം 16 ലക്ഷം രൂപമാത്രമാണെന്നും പ്രതീക്ഷിച്ച ആദായം ലഭിച്ചില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്.
ആറ് മാസത്തിലേറെയായി സമാനമായ സംശയം പ്രകടിപ്പിക്കുന്നവരാണ് നിക്ഷേപകരിലേറെയും. അതുവരെ നേടിയ 30-40 ശതമാനം ആദായം ചുരുങ്ങി ചുരുങി അഞ്ചിലും എട്ടിലുമൊക്കെ എത്തിയിരിക്കുന്നു. ഇനിയെ എത്രകാലം വേണ്ടിവരും ഇതൊക്കെ തിരിച്ചുപിടിക്കാന്‍? ദീര്‍ഘകാലയളവില്‍ സമ്പത്ത് സൃഷ്ടിക്കുന്നതില്‍ എസ്‌ഐപിയേക്കാള്‍ മികച്ചതൊന്നില്ലെന്ന് വാതോരാതെ സാമ്പത്തിക വിദഗ്ധര്‍ പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട്. പിന്നെ എങ്ങനെയാണ് ഇത്തരത്തില്‍ നേട്ടക്കണക്കില്‍ കുറവുണ്ടാകുന്നത്-പലരും ചോദിക്കുന്നു.
ചില തെറ്റിദ്ധാരണകളെ അടിസ്ഥാനമാക്കി അതിന് വിശദീകരണം നല്‍കാം:
1.നിക്ഷേപം ഒറ്റത്തവണയല്ല
ഏഴ് വര്‍ഷംകൊണ്ട് 11 ലക്ഷം രൂപയാണ് മുകളില്‍ പറഞ്ഞയാള്‍ നിക്ഷേപിച്ചത്. അതായത് ആദ്യത്തെ ഗഡുമാത്രമാണ് ഏഴ് വര്‍ഷം പൂര്‍ത്തിയാക്കിയത്. ആദ്യത്തെ 12 മാസംകൊണ്ട് അദ്ദേഹം 1,20,000 രൂപയും മൂന്നുവര്‍ഷംകൊണ്ട് 3,60,000 രൂപയും അഞ്ച് വര്‍ഷംകൊണ്ട് ആറ് ലക്ഷം രൂപയും ഏഴ് വര്‍ഷം കൊണ്ട് 8,40,000 രൂപയും നിക്ഷേപിച്ചു.
മൊത്തം നിക്ഷേപിച്ചതുകയും നിക്ഷേപിക്കാനെടുത്ത മൊത്തം കാലയളവും മാത്രം പരിഗണിച്ചുകൊണ്ട് ആദായം കണക്കാക്കിയതാണ് ആശങ്കയ്ക്കിടയാക്കിയത്. ഓരോ മാസത്തെ തവണയുടെയും സമയംകൂടി പരിഗണിച്ചുള്ള റിട്ടേണ്‍ ആണ് കണക്കാക്കേണ്ടത്. സി.എ.ജിആറിന് പകരം എക്‌സ്.ഐ.ആര്‍.ആര്‍ ഇതിന് കൃത്യമായ ഉത്തരം നല്‍കും.
ബാങ്ക് എഫ്ഡി പോലുള്ളവയില്‍ ഒറ്റത്തവണ നിക്ഷേപത്തില്‍നിന്നാണ് സാധാരണ പലിശ കണക്കുകൂട്ടുന്നത്. എന്നാല്‍ എക്‌സ്.ഐ.ആര്‍.ആര്‍ ഓരോ മാസവും നിക്ഷേപിച്ചതുകയും അതിന്റെ സമയവും പ്രത്യേകം പരിഗണിച്ചാണ് റിട്ടേണ്‍ സംബന്ധിച്ച് കൃത്യമായ ചിത്രം നല്‍കുന്നത്. എസ്‌ഐപിയുടെ ആദായം കണക്കാക്കാന്‍ അതാണ് കണക്കിലെടുക്കേണ്ടതെന്ന് ചുരുക്കം.
2. വിപണിയിലെ ചാഞ്ചാട്ടം
വിപണിയില്‍നിന്ന് സ്ഥിരവുമാനമല്ല, ദീര്‍ഘകാലയളവില്‍ ഉയര്‍ന്ന ആദായമാണ് പ്രതീക്ഷിക്കേണ്ടത്. എഫ്ഡിയുമായി താരതമ്യം ചെയ്യുന്നത് അനുയോജ്യമല്ലെന്ന് ചുരുക്കം. വര്‍ഷംതോറും 15 ശതമാനം വരുമാനം നല്‍കുന്ന സ്ഥിര നിക്ഷേപ പദ്ധതിയിലല്ല നിക്ഷേപിച്ചിരിക്കുന്നതെന്ന് പ്രത്യേകം ശ്രദ്ധിക്കണം. ചില വര്‍ഷങ്ങളില്‍ 30-40 ശതമാനംവരെ വിപണി ഉയര്‍ന്നേക്കാം. എന്നാല്‍ മറ്റുചില വര്‍ഷങ്ങളിലാകട്ടെ 20-30 ശതമാനംവരെ താഴുകയും ചെയ്യാം. ഇടിവ് നേരിടുന്ന വര്‍ഷങ്ങളില്‍ നിക്ഷേപ തുകയില്‍ നല്ലൊരുഭാഗം നഷ്ടമായിട്ടുമുണ്ടാകും. എന്നാല്‍ അഞ്ച്-ഏഴ് വര്‍ഷക്കാലയളവിലെ കണക്കെടുത്താല്‍ 12-20 ശതമാനം റിട്ടേണ്‍ ലഭിച്ചതായും കാണാം.
വിപണിയിലെ തകര്‍ച്ച യഥാര്‍ഥത്തില്‍ അനുഗ്രഹമാണെന്നാണ് എസ്.ഐ.പി വഴി സമ്പത്ത് നേടാന്‍ ഉദ്ദേശിക്കുന്നവര്‍ മനസിലാക്കേണ്ടത്. കാരണം, വിപണി താഴ്ന്നിരിക്കുമ്പോള്‍ മാസംതോറുമുള്ള നിക്ഷേപ തുകയ്ക്ക് കൂടുതല്‍ യൂണിറ്റുകള്‍ വാങ്ങാന്‍ സാധിക്കുന്നു. എന്നാല്‍ ഇതിനെ തകിടംമറിക്കുന്ന നീക്കമാണ് നിക്ഷേപകരുടെ ഭാഗത്തുനിന്ന് അപ്പോഴുണ്ടാകുക.
.jpg?$p=0367bac&w=852&q=0.8)
വിപണി ഉയരുന്ന സമയത്ത് എല്ലാ റിസ്‌കും ഏറ്റെടുക്കാന്‍ പലരും തയ്യാറാകുന്നതായി കാണാം. പക്ഷേ, നേരിടേണ്ടിവരുമ്പോള്‍ കരുത്തെല്ലാം ചോര്‍ന്നുപോയിട്ടുമുണ്ടാകും. പൊതുവെ കണ്ടുവരുന്നത് ഇതാണ്. വിപണിയില്‍ തകര്‍ച്ചയുണ്ടാകുമ്പോള്‍ നിക്ഷേപിച്ച തുകയിലെ ഇടിവ് കണ്ട് എസ്‌ഐപി നിര്‍ത്തുകയോ അതുവരെയുള്ളത് പിന്‍വലിച്ച് 'രക്ഷപ്പെടുകയോ' ചെയ്യുന്ന നിരവധി നിക്ഷേപകരെ കാണാം. മുകളില്‍ വിശദീകരിച്ച സ്ഥിര വരുമാന പ്രതീക്ഷയാണ് ഇതിന് പിന്നില്‍. എന്നാല്‍ യഥാര്‍ഥ കരുത്ത് പ്രകടിപ്പിക്കുന്നവര്‍ നേട്ടമുണ്ടാക്കുകതന്നെ ചെയ്യും.
നേട്ടക്കണക്കിലെ വ്യത്യാസത്തില്‍നിന്ന് ഇത് മനസിലാക്കാം:
- ഒരു വര്‍ഷത്തിനിടെ പ്രധാന കാറ്റഗറികളിലെ മ്യൂച്വല്‍ ഫണ്ടുകള്‍ നല്‍കിയ ഉയര്‍ന്ന ആദായം എട്ട് ശതമാനം മാത്രമാണ്.
- മൂന്ന്, അഞ്ച്, ഏഴ് വര്‍ഷ കാലയളവിലാകട്ടെ ശരാശരി 14-19 ശതമാനം ആദായം നല്‍കിയതായി കാണാം.
നേട്ടം മികച്ചതാണോയെന്ന് എങ്ങനെ പരിശോധിക്കാം?
പണപ്പെരുപ്പത്തെക്കാള്‍ ആദായം നല്‍കാന്‍ നിങ്ങളുടെ എസ്‌ഐപി നിക്ഷേപത്തിന് കഴിയുന്നുണ്ടോയെന്ന് ആദ്യം വിലയിരുത്തുക. ഉദാഹരണത്തിന് പണപ്പെരുപ്പം ഏഴ് ശതമാനമാണെന്ന് കരുതുക. നിക്ഷേപത്തിനാകട്ടെ ലഭിച്ച ആദായം എട്ട് ശതമാനവുമാണ്. ഇതുപ്രകാരം യഥാര്‍ഥ നേട്ടം ഒരു ശതമാനം മാത്രമാണ്. പണപ്പെരുപ്പത്തെ മറികടക്കുന്ന ആദായം നല്‍കുകയെന്നതാണ് നിക്ഷേപ പദ്ധതിയുടെ മികവിന്റെ അടിസ്ഥാനം. ഇവിടെ നിങ്ങളുടെ പണം വളരുകയല്ല, മൂല്യം നിലനിര്‍ത്താന്‍ പാടുപെടുകയാണെന്ന് കാണാം.
ബാങ്ക് എഫ്ഡി പോലുളള റിസ്‌ക് കുറഞ്ഞ നിക്ഷേപത്തേക്കാള്‍ ആദായം എസ്‌ഐപി നല്‍കുന്നുണ്ടോയെന്ന് രണ്ടാമതായി വിലയിരുത്താം. ചുരുങ്ങിയത് നാല് ശതമാനമെങ്കിലും കൂടുതല്‍ ആദായം ലഭിച്ചാലേ ഓഹരി നിക്ഷേപത്തിന്റെ റിസ്‌കിന് അനുസരിച്ചുള്ള നേട്ടം ലഭിച്ചുവെന്ന് കരുതാനാകൂ.
യാഥാര്‍ഥ്യം മനസിലാക്കാം
- വിപണി എല്ലാ വര്‍ഷവും 15-20 ശതമാനം റിട്ടേണ്‍ നല്‍കുമെന്ന് പ്രതീക്ഷിക്കരുത്. സ്വാഭാവികമായ കയറ്റിറക്കങ്ങളെ അംഗീകരിക്കുകയും ക്ഷമയോടെ മുന്നോട്ട് പോകുകയും ചെയ്യുകയാണ് വേണ്ടത്.
- പണപ്പെരുപ്പം സ്ഥിര നിക്ഷേപം എന്നിവയുമായി മൂന്ന്, അഞ്ച് വര്‍ഷ കാലയളവിലെ എസ്‌ഐപി റിട്ടേണ്‍ വിലയിരുത്തുക. ഇവയേക്കാള്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നുണ്ടെങ്കില്‍ എസ്‌ഐപി മികച്ച രീതിയിലാണ് മുന്നോട്ടുപോകുന്നതെന്ന് ഉറപ്പിക്കാം.
- അതോടൊപ്പം ആദായം കൃത്യമായി വിലയിരുത്തുകയും ചെയ്യാം. അതിനായി എകസ്.ഐ.ആര്‍.ആര്‍ ആണ് കണക്കാക്കേണ്ടത്. ഇത്തരത്തില്‍ യഥാര്‍ഥ നേട്ടം കണക്കാക്കാന്‍ ഓണ്‍ലൈനില്‍ ലഭ്യമായ ടൂളുകള്‍ ഉപയോഗിക്കാം. അല്ലെങ്കില്‍ സാമ്പത്തിക ഉപദേഷ്ടാവിന്റെ സഹായം തേടാം.
അമിതമായ ആദായ പ്രതീക്ഷകളില്‍ കുടുങ്ങിക്കിടക്കുകയാണ് നിക്ഷേപക സമൂഹം. സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചകളിലേറെയും എളുപ്പത്തില്‍ നേട്ടമുണ്ടാക്കാനുള്ള കുറുക്കുവഴികളെക്കുറിച്ചാണ്. അതിനെ മറികടക്കാനുള്ള പോംവഴി ഒന്നേയുള്ളൂ. ഹ്രസ്വകാല പ്രകടനങ്ങള്‍ക്ക് ചെവികൊടുക്കാതെ ദീര്‍ഘകാല ലക്ഷ്യങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുക. ഇക്കാര്യങ്ങള്‍ മനസിലാക്കി അച്ചടക്കത്തോടെ എസ്‌ഐപി നിക്ഷേപം തുടരുക. ദീര്‍ഘകാലാടിസ്ഥാനത്തില്‍ സമ്പത്ത് സൃഷ്ടിക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗങ്ങളിലൊന്നാണിതെന്ന് വിശ്വസിക്കുക.
ഈ വിഷയത്തില്‍ പൊതുവായി ഉയരുന്ന ചോദ്യങ്ങളുടെ ഉത്തരങ്ങള്‍:
1. എന്തുകൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ ഒരു നിക്ഷേപകന്‍ തന്റെ ഏഴ് വര്‍ഷത്തെ എസ്ഐപി നിക്ഷേപത്തില്‍ വഞ്ചിക്കപ്പെട്ടതായി പരാതിപ്പെട്ടത്?
ഏഴ് വര്‍ഷം കൊണ്ട് എസ്ഐപി വഴി 11 ലക്ഷം രൂപ നിക്ഷേപിക്കുകയും അതിന്റെ ഇപ്പോഴത്തെ മൂല്യം 16 ലക്ഷം രൂപ മാത്രമാണെന്നും കണ്ടപ്പോള്‍ നിരാശനായി. ഏകദേശം 7-8% വരുന്ന ഈ വാര്‍ഷിക വളര്‍ച്ചാ നിരക്ക് (CAGR) അദ്ദേഹത്തിന്റെ പ്രതീക്ഷകള്‍ക്ക് വളരെ താഴെയായിരുന്നു.
2. ഏഴ് വര്‍ഷം കൊണ്ട് 11 ലക്ഷം രൂപയുടെ എസ്ഐപി നിക്ഷേപം 16 ലക്ഷം രൂപയായി വളര്‍ന്നത് മോശം പ്രകടനമായി കണക്കാക്കാന്‍ കഴിയില്ലെന്ന് എന്തുകൊണ്ടാണ് വിശദീകരിക്കുന്നത്?
നിക്ഷേപിച്ച 11 ലക്ഷം രൂപ ഏഴ് വര്‍ഷം മുന്‍പ് ഒന്നിച്ച് നിക്ഷേപിച്ചതല്ല. ഈ തുക കാലക്രമേണ ചെറിയ ഗഡുക്കളായി നിക്ഷേപിച്ചതിനാല്‍, ആദ്യത്തെ നിക്ഷേപത്തിന് മാത്രമേ ഏഴ് വര്‍ഷത്തെ വളര്‍ച്ച ലഭിച്ചിട്ടുള്ളൂ. അതുകൊണ്ട് തന്നെ മൊത്തം തുകയുടെ വളര്‍ച്ച ഒറ്റയടിക്ക് കണക്കാക്കുന്നത് ശരിയല്ല.
3. വിപണി ഇടിയുമ്പോള്‍ എസ്ഐപി നിക്ഷേപകര്‍ക്ക് എന്താണ് നേട്ടം?
വിപണി തകര്‍ച്ച നേരിടുമ്പോള്‍ നിക്ഷേപകര്‍ക്ക് കുറഞ്ഞ വിലയില്‍ കൂടുതല്‍ മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകള്‍ വാങ്ങാന്‍ സാധിക്കുന്നു. ഇത് 'കുറഞ്ഞ വിലയില്‍ വാങ്ങുക, കൂടിയ വിലയില്‍ വില്‍ക്കുക' എന്ന തന്ത്രം ഫലപ്രദമാക്കാന്‍ സഹായിക്കുന്നു. ദീര്‍ഘകാലയളവില്‍ വിപണി തിരിച്ചു കയറുമ്പോള്‍ ഇത് വളരെ ലാഭകരമായി മാറും.
4. സമീപകാലത്തെ എസ്ഐപി റിട്ടേണുകള്‍ മറ്റ് നിക്ഷേപങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ മികച്ചതാണോ?
കഴിഞ്ഞ ഒരു വര്‍ഷത്തെ എസ്ഐപി റിട്ടേണ്‍ നിരാശാജനകമായിരുന്നെങ്കിലും (8%) അവ നെഗറ്റീവ് ആയിരുന്നില്ല. ഓഹരി അധിഷ്ഠിത പദ്ധതികളില്‍ ദീര്‍ഘകാലയളവിലെ ആദായമാണ് പരിഗണിക്കേണ്ടതെന്ന് അറിയുക.മൂന്ന്, അഞ്ച്, ഏഴ് വര്‍ഷ കാലയളവുകളില്‍ മിക്ക ഇക്വിറ്റി ഫണ്ടുകളും പണപ്പെരുപ്പത്തെയും സ്ഥിര നിക്ഷേപങ്ങളില്‍ നിന്നുള്ള വരുമാനത്തെയും മറികടന്നതായി കാണാം. പലപ്പോഴും സ്ഥിര നിക്ഷേപങ്ങളേക്കാള്‍ ഇരട്ടി വരുമാനം നല്‍കാനും കഴിഞ്ഞു.
5. ഒരു മ്യൂച്വല്‍ ഫണ്ട് തിരഞ്ഞെടുക്കുമ്പോള്‍ പ്രകടനത്തേക്കാള്‍ പ്രാധാന്യം നല്‍കേണ്ടത് എന്തിനാണ്?
ഫണ്ടിന്റെ പ്രകടനത്തേക്കാള്‍, ആ പ്രകടനം എങ്ങനെ ഉണ്ടായി എന്ന് മനസ്സിലാക്കണം. വിജയകാരണം വ്യക്തമല്ലെങ്കില്‍ ആ പ്രകടനം ഭാവിയില്‍ ആവര്‍ത്തിക്കണമെന്നില്ല. മനസ്സിലാക്കാന്‍ കഴിയുന്ന നിക്ഷേപ തന്ത്രങ്ങളുള്ള ഫണ്ടുകളെയാണ് തിരഞ്ഞെടുക്കേണ്ടത്.
6. എസ്ഐപി റിട്ടേണില്‍ നിരാശരാണോ? എങ്കില്‍ ഈ മൂന്ന് മനസിലാക്കുക.
- യാഥാര്‍ഥ്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാകണം പ്രതീക്ഷകള്‍.
- പണപ്പെരുപ്പത്തെയും സ്ഥിര നിക്ഷേപങ്ങളെയും മറികടക്കുക എന്നതായിരിക്കണം അടിസ്ഥാന മാനദണ്ഡം.
- ഓരോ നിക്ഷേപവും നടത്തിയ തീയതി കണക്കിലെടുത്ത് യഥാര്‍ത്ഥ വരുമാനം കൃത്യമായി കണക്കാക്കുക.
| പദം (Term) | നിർവചനം (Definition) |
| എസ്‌ഐപി (SIP) | സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെൻ്റ് പ്ലാൻ; നിശ്ചിത തുക കൃത്യമായ ഇടവേളകളിൽ (ഉദാഹരണത്തിന്, എല്ലാ മാസവും) മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്ന രീതി. |
| കോർപ്പസ് (Corpus) | നിക്ഷേപത്തിലൂടെ കാലക്രമേണ സമാഹരിക്കുന്ന മൊത്തം തുക. |
| സിഎജിആർ (CAGR) | കോമ്പൗണ്ട് ആനുവൽ ഗ്രോത്ത് റേറ്റ്; നിക്ഷേപത്തിന് ഒരു നിശ്ചിത കാലയളവിൽ ലഭിച്ച ശരാശരി വാർഷിക വളർച്ചാ നിരക്ക്. |
| ഫിക്സഡ് ഇൻകം റിട്ടേൺ | ബാങ്ക് സ്ഥിര നിക്ഷേപങ്ങൾ പോലുള്ള വിപണിയിലെ നഷ്ടസാധ്യതകളില്ലാത്ത നിക്ഷേപങ്ങളിൽ നിന്ന് ലഭിക്കുന്ന സ്ഥിരമായ വരുമാനം. |
| പണപ്പെരുപ്പം (Inflation) | കാലക്രമേണ സാധനങ്ങളുടെയും സേവനങ്ങളുടെയും വില വർധിക്കുകയും പണത്തിൻ്റെ വാങ്ങൽ ശേഷി കുറയുകയും ചെയ്യുന്ന സാമ്പത്തിക അവസ്ഥ. |
| ഇക്വിറ്റി ഫണ്ട് | പ്രധാനമായും വിപണിയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ഓഹരികളിൽ നിക്ഷേപിക്കുന്ന മ്യൂച്വൽ ഫണ്ട്. |
| റിഡംപ്ഷൻ (Redemption) | മ്യൂച്വൽ ഫണ്ടിലെ നിക്ഷേപം പിൻവലിച്ച് പണമാക്കി മാറ്റുന്ന പ്രക്രിയ. |
| ഷോർട്ട്-ടേം ക്യാപിറ്റൽ ഗെയിൻ | നിശ്ചിത കാലയളവിനുള്ളിൽ നിക്ഷേപം വിൽക്കുമ്പോൾ ലഭിക്കുന്ന ലാഭത്തിന്മേൽ ചുമത്തുന്ന നികുതി. |
| ബെഞ്ച്മാർക്ക് (Benchmark) | നിക്ഷേപത്തിൻ്റെ പ്രകടനം അളക്കുന്നതിനും താരതമ്യം ചെയ്യുന്നതിനും ഉപയോഗിക്കുന്ന ഒരു മാനദണ്ഡം (ഉദാ: പണപ്പെരുപ്പ നിരക്ക്, സ്ഥിര നിക്ഷേപ പലിശ). |
feedback to:
antonycdavis@gmail.com
സാമ്പത്തിക-നിക്ഷേപ ലോകത്തെ വാര്‍ത്തകളും വിശകലനങ്ങളും ടെലഗ്രാം വഴി അറിയാം. ഗ്രൂപ്പില്‍ അംഗമാകാന്‍ ക്ലിക്ക് ചെയ്യൂ...https://t.me/+_CUx-PDAqMthYWU1
Content Highlights: Does SIP Investing Guarantee Returns? A Realistic Look astatine Market Fluctuations
![]()
മാതൃഭൂമി.കോം വാട്സാപ്പിലും








English (US) ·