ഐ.ടി.ആര്‍ രണ്ടും മൂന്നും ലഭ്യമായി: ഓണ്‍ലൈനില്‍ ഫയല്‍ ചെയ്യാന്‍ കാത്തിരിക്കേണ്ടിവരും

6 months ago 6

ഐ.ടി.ആര്‍ രണ്ട്, ഐ.ടി.ആര്‍ മൂന്ന് ഫോമുകള്‍ക്കുള്ള എക്‌സല്‍ യൂട്ടിലിറ്റികള്‍ ആദായ നികുതി വകുപ്പ് പുറത്തുവിട്ടു. മൂലധന നേട്ടം, ബിസിനസ് അല്ലെങ്കില്‍ പ്രൊഫഷന്‍ എന്നിവയില്‍നിന്ന് ഉള്‍പ്പടെ വരുമാനമുള്ളവര്‍ക്കാണ് ഈ ഫോമുകള്‍ ബാധകമാകുക.

ഓണ്‍ലൈനായി ഇ-ഫയലിങ് പോര്‍ട്ടല്‍ വഴി ഐ.ടി.ആര്‍ രണ്ടും മൂന്നും ഫയല്‍ ചെയ്യാന്‍ ഇനിയും കാത്തരിക്കേണ്ടിവരും. ഇവയുടെ എക്‌സല്‍ യൂട്ടിലിറ്റിയാണ് ഇപ്പോള്‍ പുറത്തുവിട്ടിട്ടുള്ളത്. ഓണ്‍ലൈന്‍ ഫയലിങ് സംവിധാനം ഇനിയും പ്രവര്‍ത്തനക്ഷമമായിട്ടില്ല.

നിലവില്‍ ഐ.ടി.ആര്‍ ഒന്ന്, നാല് എന്നിവയാണ് ഓണ്‍ലൈന്‍ വഴി ചെയ്യാന്‍ കഴിയുക. ഫോമുകള്‍ ലഭ്യമാക്കാന്‍ വൈകുന്നതിനാല്‍ ഇത്തവണ സെപ്റ്റംബര്‍ 15 വരെ റിട്ടേണ്‍ നല്‍കുന്നതിനുള്ള തിയതി നീട്ടിയിട്ടുണ്ട്.

എക്‌സല്‍ യൂട്ടിലിറ്റി
ആദായ നികുതി വകുപ്പിന്റെ സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് അപ്‌ലോഡ് ചെയ്യാന്‍ കഴിയുന്നതാണ് എക്‌സല്‍ യൂട്ടിലിറ്റി. ഇ-ഫയലിങ് പോര്‍ട്ടലില്‍നിന്ന് ഐ.ടി.ആര്‍ 2, ഐ.ടി.ആര്‍ 3 എന്നീ എക്‌സല്‍ യൂട്ടിലിറ്റികള്‍ ഡൗണ്‍ലോഡ് ചെയ്യാം. ഇങ്ങനെ ലഭിക്കുന്ന എക്‌സല്‍ ഫയലില്‍ വിവരങ്ങളെല്ലാം നല്‍കിയശേഷം അപ്‌ലോഡ് ചെയ്യുകയാണ് വേണ്ടത്. സാങ്കേതികമായി പരിജ്ഞാനമുള്ളവര്‍ക്ക് എക്‌സല്‍ യൂട്ടിലിറ്റി പ്രയോജനകരമാണ്. ഇ-ഫയലിങ് പോര്‍ട്ടലില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത 'പ്രീ ഫില്‍ഡ്' ഡാറ്റ എക്‌സെല്‍ യൂട്ടിലിറ്റിയിലേയ്ക്ക് അപ്‌ലോഡ് ചെയ്യാനും കഴിയും. വ്യക്തിഗത വിവരങ്ങള്‍ ഉള്‍പ്പടെയുള്ളവ അതിലുണ്ടാകും.

ഏതൊക്കെ ഫോമുകള്‍ ആര്‍ക്കൊക്കെ അനുയോജ്യമാകും?

ഐ.ടി.ആര്‍ ഒന്ന്

  • 50 ലക്ഷത്തില്‍താഴെ വാര്‍ഷിക വരുമാനമുള്ളവര്‍
  • ശമ്പളം, ഒരു വീട്, മറ്റ് സ്രോതസ്സുകള്‍(പലിശ, ലാഭവീതം മുതലായവ)എന്നിവയില്‍നിന്ന് വരുമാനമുള്ളവര്‍.
  • വകുപ്പ് 112 എ പ്രകാരം 1.25 ലക്ഷം രൂപവരെയുള്ള ദീര്‍ഘകാല മൂലധന നേട്ടം ഉള്ളവര്‍(ലിസ്റ്റ് ചെയ്ത ഓഹരി, മ്യൂച്വല്‍ ഫണ്ടുകള്‍ എന്നിവയിലെ വില്പനയില്‍നിന്ന് ലഭിച്ച നേട്ടം).
  • 5,000 രൂപവരെ കാര്‍ഷിക വരുമാനം ഉള്ളവര്‍.

വീട് വിറ്റതിലൂടെ മൂലധന നേട്ടമോ, ലിസ്റ്റ് ചെയ്ത ഓഹരി, ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട് എന്നിവയില്‍നിന്ന് ഹ്രസ്വകാല മൂലധന നേട്ടമോ ഉള്ളവര്‍ക്ക് ഐടിആര്‍ ഒന്ന് ഉപയോഗിക്കാന്‍ കഴിയില്ല.

ഓഹരിയില്‍നിന്നുള്ള മൂലധന നേട്ടം ഉള്‍പ്പെടുത്തിയത് ഒഴിച്ചാല്‍ ഐ.ടി.ആര്‍ ഒന്നില്‍ വലിയ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.

ഐ.ടി.ആര്‍ രണ്ട്

  • ശമ്പളം, പെന്‍ഷന്‍, വീട് എന്നിവയില്‍നിന്നുള്ളവരുമാനമുള്ളവര്‍.
  • ഓഹരി, വസ്തു ഉള്‍പ്പടെയുള്ളവയിലെ ഹ്രസ്വ, ദീര്‍ഘകാല മൂലധന നേട്ടമുള്ളവര്‍.
  • മറ്റ് സ്രോതസ്സുക(ലോട്ടറി, കുതിരപ്പന്തയം, വാതുവെപ്പ് തുടങ്ങിയവ)കളില്‍നിന്നുള്ള വരുമാനം ലഭിച്ചവര്‍.
  • 5,000 രൂപയില്‍ കൂടുതല്‍ കാര്‍ഷിക വരുമാനമുള്ളവര്‍.
  • കമ്പനികളുടെ ഡയറക്ടര്‍, ലിസ്റ്റ് ചെയ്യാത്ത കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപം നടത്തിയിട്ടുള്ളവര്‍-തുടങ്ങിയവര്‍ക്ക് ഐ.ടി.ആര്‍ 2 ആണ് ബാധകമാകുക.

ബിസിനസ്, പ്രൊഫഷന്‍ എന്നിവയില്‍നിന്ന് വരുമാനമുളളവര്‍ക്ക് ഐ.ടി.ആര്‍ 2 ഉപയോഗിക്കാന്‍ യോഗ്യതയില്ല.

ഐ.ടി.ആര്‍ മൂന്ന്

  • ബിസിനസ്, പ്രൊഫഷന്‍(ടാക്‌സ് ഓഡിറ്റ് ആവശ്യമുള്ളവരും അല്ലാത്തവരും) എന്നിവയില്‍നിന്ന് വരുമാനമുള്ളവര്‍.
  • ഹൗസ് പ്രോപ്പര്‍ട്ടിയില്‍നിന്ന് വരുമാനമുള്ളവര്‍.
  • ശമ്പളം, പെന്‍ഷന്‍, മൂലധനനേട്ടം, മറ്റ് സ്രോതസ്സുകളില്‍നിന്നുള്ള വരുമാനം എന്നിവയുള്ളവര്‍.

ബിസിനസ്, പ്രൊഫഷന്‍ എന്നിവയില്‍നിന്ന് വരുമാനമില്ലാത്തവര്‍ക്ക് ഐ.ടി.ആര്‍ മൂന്ന് സമര്‍പ്പിക്കാന്‍ യോഗ്യതയില്ല. അതായത്, ഐ.ടി.ആര്‍ 1, ഐ.ടി.ആര്‍ 2, ഐ.ടി.ആര്‍ 4 എന്നിവ സമര്‍പ്പിക്കാന്‍ യോഗ്യതയുള്ളവര്‍ക്ക് ഐ.ടി.ആര്‍ 3 ബാധകമാവില്ല.

ഐ.ടി.ആര്‍ നാല്

  • 50 ലക്ഷം രൂപവരെ വാര്‍ഷിക വരുമാനമുള്ളവര്‍.
  • ഹിന്ദു അവിഭക്ത കുടുംബങ്ങള്‍, സ്ഥാപനങ്ങള്‍.
  • ബിസിനസ്, പ്രൊഫഷന്‍ എന്നിവയില്‍നിന്ന് വരുമാനമുള്ളവര്‍.
  • വകുപ്പ് 112 എ പ്രകാരം 1.25 ലക്ഷം രൂപവരെ ദീര്‍ഘകാല മൂലധന നേട്ടം ലഭിച്ചിട്ടുള്ളവര്‍.


കമ്പനികളുടെ ഡയറക്ടര്‍, ലിസ്റ്റ് ചെയ്യാത്ത ഓഹരികളില്‍ നിക്ഷേപിച്ചിട്ടുള്ളവര്‍, എംപ്ലോയീസ് സ്റ്റോക്ക് ഓപ്ഷന്‍(ഇഎസ്ഒപി)ഉള്ളവര്‍. 5,000 രൂപയില്‍ കൂടുതല്‍ കാര്‍ഷിക വരുമാനമുള്ളവര്‍, ഇന്ത്യക്ക് പുറത്ത് ആസ്തികളുള്ളവര്‍ എന്നിവര്‍ക്ക് ഐ.ടി.ആര്‍ നാല് ഉപയോഗിക്കാന്‍ കഴിയില്ല.

Content Highlights: ITR 2 and ITR 3 Filing: Excel Utility Now Available, Online Portal Update Expected

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article