ഐ.ടി വീണ്ടും പ്രതിസന്ധിയില്‍: 40%വരെ ഇടിവ്: ഇപ്പോള്‍ നിക്ഷേപിക്കാമോ? 

9 months ago 7

ട്രംപ് താരിഫ് തീര്‍ത്ത മാന്ദ്യവലയത്തില്‍ കുരുങ്ങി ഐടി ഓഹരികള്‍. യു.എസിലെ മാന്ദ്യഭീതിയും ദുര്‍ബലമായ വരുമാന പ്രതീക്ഷകളും ബ്രോക്കിങ് ഹൗസുകളുടെ തരംതാഴ്ത്തലുമൊക്കെ ഐടിയിലെ സമ്മര്‍ദം രൂക്ഷമാക്കി.

നിഫ്റ്റി ഐടി സൂചികയിലെ പത്ത് ഓഹരികളും കനത്ത വില്പന സമ്മര്‍ദം നേരിടുകയാണ്. ഉയര്‍ന്ന നിലവാരത്തില്‍നിന്ന് 20 ശതമാനത്തിലധികം ഇടിവ് നേരിട്ടിരിക്കുന്നു. ഐടി സൂചികതന്നെ 23 ശതമാനത്തിലേറെ താഴുകയും ചെയ്തു.

ടി.സി.എസ് 26 ശതമാനവും ഇന്‍ഫോസിസ് 25 ശതമാനവും എച്ച്.സി.എല്‍.ടെക് 27 ശതമാനവും തകര്‍ച്ച നേരിട്ട് വമ്പന്‍നിരയില്‍ കടപുഴകല്‍ സ്ഥിരീകരിച്ചു. ഓറക്കിള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സോഫ്റ്റ്‌വെയര്‍ 43 ശതമാനമാണ് താഴ്ന്നത്. ഇന്ത്യന്‍ ഓഹരി വിപണിയിലെ നഷ്ടക്കണക്കില്‍ ഏറ്റവും മുന്നിലായി ഐ.ടി.

സമ്മര്‍ദങ്ങള്‍ക്കുമേല്‍ സമ്മര്‍ദങ്ങളാണ് ഐ.ടി നേരിടുന്നത്. യു.എസില്‍നിന്നുള്ള ഡിമാന്റിലെ ഇടിവ്, സാമ്പത്തിക അനിശ്ചിതത്വങ്ങള്‍, ട്രംപിന്റെ തീരുവ ആക്രമണം എന്നിവ കണക്കിലെടുത്ത് നാലാം പാദ വരുമാനക്കണക്കുകള്‍ പുറത്തുവരുംമുമ്പ് ബ്രോക്കിങ് ഹൗസുകള്‍ ലക്ഷ്യവില കുറച്ചു.

യു.എസിലെ ഐ.ടി ചെലവുകളിലുള്ള കുറവും മാറ്റിവെയ്ക്കാവുന്ന ചെലവുകളിലേയ്ക്ക് ഐ.ടി സേവനം മാറുന്നതും വരുംപാദങ്ങളില്‍ തിരിച്ചടിയായേക്കാം. ഇന്ത്യക്കെതിരെയുള്ള 27 ശതമാനം തീരുവയില്‍ ഐടി സേവനങ്ങള്‍ ഉള്‍പ്പെട്ടിട്ടില്ലെങ്കിലും പരോക്ഷമായ പ്രത്യാഘാതങ്ങള്‍ നേരിടാന്‍ തയ്യാറെടുക്കേണ്ടിവരും. യു.എസിലെ സാമ്പത്തിക അനിശ്ചിതത്വംതന്നെയാകും ഐ.ടിയെ ബാധിക്കുക. താരിഫ് യുദ്ധം ചൂടുപിടിച്ചാല്‍ ആദ്യം ഒഴിവാക്കുക മാറ്റിവെയ്ക്കാവുന്ന ഐ.ടി സേവനങ്ങളെയാകും. അതായത് യുഎസിലെ ജി.ഡി.പിയില്‍ വ്യാപാരയുദ്ധമുണ്ടാക്കുന്ന സമ്മര്‍ദം ഐ.ടിയിലേയ്ക്ക് ദ്രുതഗതിയില്‍ പടരുമെന്ന് ചുരുക്കം.

തീര്‍ത്തും ശുഭാപ്തിവിശ്വാസമില്ലാതെയാണ് നാലാം പാദ ഫലങ്ങളിലേയ്ക്ക് ഐ.ടി കടക്കുന്നത്. ഏപ്രില്‍ 10ലെ ടി.സി.എസിന്റെ ഫലപ്രഖ്യാപനത്തോടെ അതിന് തുടക്കമാകും. മിക്കവാറും ഐ.ടി കമ്പനികളുടെ വരുമാനത്തില്‍ നാലാം പാദത്തില്‍ കുറവുണ്ടാകുമെന്നാണ് കരുതുന്നത്. യു.എസിലെ ബാധിക്കുന്ന സാമ്പത്തിക പ്രതിസന്ധി നടപ്പ് സാമ്പത്തിക വര്‍ഷത്തെ ഐ.ടിയിലെ വളര്‍ച്ചാ പ്രതീക്ഷകളെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍.

തിരിച്ചുവരവ് ഇനിയെപ്പോള്‍
യു.എസിലെ സാമ്പത്തിക സാഹചര്യം, ഫെഡറല്‍ റിസര്‍വിന്റെ നയങ്ങള്‍, പ്രവര്‍ത്തനഫലങ്ങളിലെ മുന്നേറ്റം എന്നിവയാകും ഭാവിയില്‍ ഐ.ടി ഓഹരികളുടെ വിധിനിര്‍ണയിക്കുക. ട്രംപിന്റെ താരിഫുകള്‍ യു.എസില്‍ മാന്ദ്യത്തിന് കാരണമായാല്‍, ഐ.ടി സേവനങ്ങളുടെ ഡിമാന്റ് കുത്തനെ ഇടിയും. അതില്‍നിന്ന് വിട്ടുനില്‍ക്കാന്‍ ഒരുരാജ്യത്തിനം കഴിയില്ലെന്നതാണ് വാസ്തവം.

താരിഫുകള്‍ക്ക് തിരിച്ചടിയായി ഉയരുന്ന പണപ്പെരുപ്പം നിയന്ത്രിക്കാന്‍ കേന്ദ്ര ബാങ്കിനെ പ്രേരിപ്പിച്ചേക്കാം. നിരക്ക് കുറയ്ക്കലില്‍നിന്ന് വിട്ടുനില്‍ക്കാനാകും ഫെഡിന്റെ ശ്രമം. ടെക് ഓഹരികള്‍ക്ക് അത് കൂടുതല്‍ തിരിച്ചടിയാകും. ഇതിന്റെയൊക്കെ പ്രതിഫലനമായി ചെറുകിടക്കാര്‍ മുതല്‍ വമ്പന്മാര്‍വരെയുള്ളവയുടെ വരുമാനത്തില്‍ കുത്തനെ കുറവുണ്ടാകുയും ചെയ്യും. അതുകൊണ്ടുതന്നെ ഒരുവീണ്ടെടുപ്പിന് കാലമേറെ കാത്തിരിക്കേണ്ടിവന്നേക്കാം.

ഏതായാലും തുടര്‍ന്നുള്ള ആഴ്ചകള്‍ നിര്‍ണായകമാണ്. നിക്ഷേപകര്‍ കൂടുതല്‍ കരുതലെടുക്കേണ്ട സമയമായിരിക്കുന്നു. എത്രത്തോളം തിരിച്ചടി നേരിടേണ്ടിവരുമെന്ന് ഇപ്പോള്‍ നിര്‍ണയിക്കാനാകാത്ത സാഹചര്യമാണ്. നിക്ഷേപകര്‍ക്ക് മുന്നിലുള്ള പ്രധാന ചോദ്യം-ഇപ്പോള്‍ വാങ്ങാനുള്ള അവസരമാണോയെന്നതാണ്. ദീര്‍ഘകാലളവ് ലക്ഷ്യമിട്ട് നിക്ഷേപം നടത്താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സാധ്യതകളാണ് വരാനിരിക്കുന്നത്. ഇന്‍ഫോസിസ്, ടിസിഎസ്, കോഫോര്‍ജ്, പെര്‍സിസ്റ്റന്റ്, കെപിഐടി ടെക്, എല്‍ടിഐ മൈന്‍ഡ്ട്രീ എന്നീ ഓഹരികള്‍ മികച്ച അവസരമാണ് നല്‍കുന്നത്. മുകളില്‍ വിശദീകരിച്ച സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഒരോ ഇടിവുകളും നേട്ടമാക്കാനുള്ള അവസരം പ്രയോജനപ്പെടുത്താം.

antony@mpp.co.in

Content Highlights: Trump`s tariffs and US recession fears origin a large slump successful Indian IT stocks.

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article