വന്‍ തുക വിപണി മൂല്യമുള്ള കമ്പനികള്‍ക്ക് ചെറിയ ശതമാനം ഓഹരി മാത്രം വിറ്റഴിച്ച് പ്രാരംഭ ഓഹരി വില്പന നടത്താന്‍ അനുവദിച്ചേക്കും. സെബി നിയോഗിച്ച പ്രത്യേക സമിതി ഇതിന്റെ സാധ്യതകള്‍ പരോശോധിച്ചുവരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഒരു ലക്ഷം കോടി രൂപയിലധികം വിപണി മൂല്യമുള്ള കമ്പനികള്‍ക്ക് 2.5 ശതമാനം മാത്രം ഓഹരികള്‍ വിറ്റഴിക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുക. 2,500 കോടി രൂപ മൂല്യമുള്ള ഓഹരികള്‍ പുറത്തിറക്കാന്‍ അനുവദിക്കും. സെബിയുടെ നിലവിലെ വ്യവസ്ഥകള്‍ പ്രകാരം, ഇഷ്യുവിന് ശേഷമുള്ള മൂലധനം ഒരു ലക്ഷം കോടിക്ക് മുകളിലാണെങ്കില്‍ ഐ.പി.ഒവഴി അഞ്ച് ശതമാനം(5,000 കോടി രൂപയുടെ) ഓഹരികളെങ്കിലും പുറത്തിറക്കണമെന്നുണ്ട്.
മൂലധന സമാഹരണം ആവശ്യമില്ലാത്ത വന്‍കിട കമ്പനികളിലെ ആദ്യകാല നിക്ഷേപകര്‍ക്ക് ഓഹരി വിറ്റഴിക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുക. കുറഞ്ഞ തുകയ്ക്ക് ഐപിഒ നടത്താനാകും. മികച്ച വന്‍കിട കമ്പനികളില്‍ നിക്ഷേപം നടത്താനുള്ള അവസരം ചെറുകിടക്കാര്‍ക്ക് ലഭിക്കുകയുംചെയ്യും.
വലിയ പബ്ലിക് ഇഷ്യുവിന് ഡിമാന്‍ഡ് ഉണ്ടാക്കുകയെന്നത് പ്രൊമോട്ടര്‍മാര്‍ക്ക് മുന്നിലുള്ള വെല്ലുവിളിയാണ്. വന്‍കിട ഐപിഒകള്‍ വിപണിയിലെ പണലഭ്യത താളംതെറ്റിക്കുകയും ചെയ്യും. ഇതിനെല്ലാം പുതിയ തീരുമാനം പരിഹാരമാകുമെന്നാണ് വിലയിരുത്തല്‍.
2022ല്‍ എല്‍ഐസിക്ക് ഐപിഒ വഴി 3.5 ശതമാനം ഓഹരികള്‍ വിറ്റഴിക്കാന്‍ പ്രത്യേക അനുമതി നല്‍കിയിരുന്നു. അഞ്ച് ശതമാനം എന്ന വ്യവസ്ഥയില്‍ സെബി പ്രത്യേക ഇളവ് അനുവദിക്കുകയായിരുന്നു. ആങ്കര്‍ നിക്ഷേപകര്‍ക്കുള്ള ഓഹരികളുടെ നിര്‍ബന്ധിത കാലയളവ് വ്യവസ്ഥയില്‍നിന്ന് ഒഴിവാക്കുകയും ചെയ്തു. ആറ് ലക്ഷം കോടി രൂപ മൂല്യമുണ്ടായിരുന്ന എല്‍ഐസി ഓഹരി വില്പന വഴി 21,000 കോടി രൂപയാണ് സമാഹരിച്ചത്.
വാള്‍മാര്‍ട്ടിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ പ്രമുഖ ഡിജിറ്റല്‍ പേയ്‌മെന്റ് ദാതാവായ ഫോണ്‍പേ ഐപിഒ വഴി 13,000 കോടി രൂപ സമാഹരിക്കാനുള്ള തയ്യാറെടുപ്പിലാണ്. 1.30 ലക്ഷം കോടി രൂപയാണ് കമ്പനിയുടെ മൂല്യം കണക്കാക്കിയിട്ടുള്ളത്. യുഎസ് റീട്ടെയില്‍ ഭീമനായ വാള്‍മാര്‍ട്ടിന്റെ തന്നെ മറ്റൊരു കമ്പനിയായ ഫ്‌ളിപ്കാര്‍ട്ടിനും പുതിയ വ്യവസ്ഥകള്‍ ഗുണകരമാകും.
അടുത്തവര്‍ഷം ഐപിഒയ്ക്ക് ഒരുങ്ങുന്ന എന്‍.എസ്.ഇക്ക് 4.36 ലക്ഷം കോടിയിലധികം മൂല്യമാണ് കണക്കാക്കിയിട്ടുള്ളത്. മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ ഇന്‍ഫോകോമിന് അനലിസ്റ്റുകള്‍ 13 ലക്ഷം കോടിലിധികം മൂല്യംകല്പിക്കുന്നു. ലിസ്റ്റ് ചെയ്യാനൊരുങ്ങുന്ന ഈ കമ്പനികള്‍ക്ക് തീരുമാനം നേട്ടമാകും.
ഐപിഒ വഴി കഴിഞ്ഞ വര്‍ഷം കൂടുതല്‍ പണം സമാഹരിച്ചത് ഹ്യൂണ്ടായ് മോട്ടോഴ്‌സ് ആയിരുന്നു. 27,000 കോടി രൂപ. സ്വിഗ്ഗ്വി (11,300 കോടി) എന്‍ടിപിസി ഗ്രീന്‍ (10,000 കോടി) എന്നിവയായിരുന്നു മറ്റ് പ്രധാന ഐപിഒകള്‍. എച്ച്ഡിബി ഫിനാഷ്യല്‍ സര്‍വീസസ് കഴഞ്ഞ മാസം ഐപിഒ വഴി 12,500 കോടി രൂപയാണ് സമാഹരിച്ചത്. 10,000 കോടി രൂപയിലധികം മൂല്യമുള്ള പ്രാരംഭ ഓഹരി വില്പനയ്ക്ക് സെബി ചെയര്‍മാന് മാത്രമാണ് അനുമതി നല്‍കാന്‍ കഴിയുക.
Content Highlights: SEBI Considers Revised IPO Norms: Reduced Share Sale for Large-Cap Companies
![]()
മാതൃഭൂമി.കോം വാട്സാപ്പിലും








English (US) ·