അഹമ്മദാബാദിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്നു. 36 വയസ്സുണ്ട്. മാസം 3,500 രൂപ വീതം അടക്കുന്ന ഇന്‍ഷുറന്‍സ് പോളിസിയും നികുതിയിളവിന് വേണ്ടിയുള്ള 3,000 രൂപയുടെ ടാക്സ് സേവിങ് ഫണ്ടിലെ എസ്ഐപിയുമൊഴികെ കാര്യമായ നിക്ഷേപമൊന്നുമില്ല. 15 വര്‍ഷത്തിനുള്ളില്‍ ഒന്നര കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. അതിനുള്ള പ്ലാന്‍ വിശദീകരിക്കാമോ?
അരുണ്‍ (ഇ-മെയില്‍)
15 വര്‍ഷത്തിനുള്ളില്‍ ഒന്നരക്കോടി രൂപ സമാഹരിക്കുകയെന്നാണ് ലക്ഷ്യം. ഭാവിയിലെ സാമ്പത്തിക ലക്ഷ്യങ്ങള്‍ നിശ്ചയിച്ചിട്ട് അതിന് ആവശ്യമായ തുകയാണോ ഈ ഒന്നരക്കോടിയെന്ന് ചോദ്യത്തില്‍ വ്യക്തമാക്കിയിട്ടില്ല. അതുപ്രകാരം പൊതുവായി ചിലകാര്യങ്ങള്‍ വിശദീകരിക്കാം.
ഇന്‍ഷുറന്‍സ് പോളിസിയില്‍നിന്ന് ഉയര്‍ന്ന ആദായം പ്രതീക്ഷിക്കാനാവില്ല. അതുകൊണ്ടുതന്നെ കാലാവധിയും സറണ്ടര്‍ മൂല്യവും നോക്കിയശേഷം അതിന് മുടക്കുന്ന പ്രീമിയം തുടരുന്നത് യുക്തിസഹമാണോയെന്ന് പരിശോധിക്കുക. അതിലും മികച്ച നേട്ടം ലഭിക്കാനുള്ള സാധ്യത അതിനുശേഷം പരിഗണിക്കാം.
ടേം ഇന്‍ഷുറന്‍സ്: പരമ്പരാഗത ഇന്‍ഷുറന്‍സ് പോളിസിക്ക് പകരമായി, കുറഞ്ഞ പ്രീമിയത്തില്‍ ഉയര്‍ന്ന പരിരക്ഷ വാഗ്ദാനം ചെയ്യുന്ന ടേം പ്ലാന്‍ എടുക്കാം.
ടാക്സ് സേവിങ് ഫണ്ട്: ഇക്വിറ്റി ലിങ്ക്ഡ് സേവിങ്സ് സ്‌കീം എന്ന ഇഎല്‍എസ്എസ് ഫണ്ടിലെ നിക്ഷേപം തുടരുകയോ അല്ലെങ്കില്‍ പുതിയതായി ഫ്‌ളക്‌സി ക്യാപ് ഫണ്ടില്‍ എസ്‌ഐപി തുടങ്ങുകയോ ചെയ്യാം. പുതിയ നികുതി വ്യവസ്ഥ പ്രകാരം ശമ്പള വരുമാനക്കാര്‍ക്ക് 12.75 ലക്ഷംവരെ ഇളവ് ഉള്ളതിനാല്‍ ടാക്‌സ് സേവിങ് ഫണ്ടുകള്‍ക്ക് പ്രസക്തിയില്ലാതായി. എങ്കിലും ഡൈവേഴ്‌സിഫൈഡ് ഇക്വറ്റി ഫണ്ടിന്റെ നേട്ടം ഇഎല്‍എസ്എസില്‍നിന്ന് പ്രതീക്ഷിക്കാം.
മാസംതോറും 30,000 രൂപ നിക്ഷേപിച്ചാലാണ് 15 വര്‍ഷംകൊണ്ട് ഒന്നരക്കോടി രൂപ സമാഹരിക്കാനാകുക. ഫ്ളക്സി ക്യാപ്, ലാര്‍ജ് ക്യാപ്, മള്‍ട്ടി ക്യാപ് എന്നീ വിഭാഗങ്ങളിലെ ഫണ്ടുകള്‍ നിക്ഷേപത്തിനായി തിരഞ്ഞെടുക്കാം. ഉദാഹരണത്തിന്, 5,000 രൂപയാണ് ടാക്സ് സേവിങ് ഫണ്ടില്‍ നിക്ഷേപിക്കുന്നതെങ്കില്‍, ബാക്കിയുള്ള 25,000 രൂപയില്‍ 10,000 രൂപ ഫ്ളക്സി ക്യാപ് ഫണ്ടിലും 10,000 രൂപ മള്‍ട്ടി ക്യാപ് ഫണ്ടിലും 5,000 രൂപ സ്മോള്‍ ക്യാപ് ഫണ്ടിലും വകയിരുത്താം.
കൂടുതല്‍ നേട്ടം ലഭിക്കാന്‍:
എസ്ഐപി തുകയില്‍ വര്‍ഷംതോറും 10 ശതമാനം വര്‍ധനവരുത്തിയാല്‍ 15 വര്‍ഷംകൊണ്ട് 2.25 കോടി രൂപ സമാഹരിക്കാനാകും. ഈ രീതിയിലെ നിക്ഷേപത്തിന് 15 ശതമാനം ആദായം ലഭിച്ചാല്‍ 2.92 കോടി രൂപയാകും സമാഹരിക്കാന്‍ കഴിയുക.
നിക്ഷേപം ക്രമീകരിക്കാം
മാസംതോറും 30,000 രൂപ നിക്ഷേപിക്കാന്‍ കഴിയില്ലെങ്കില്‍ വര്‍ഷംതോറുമുള്ള വര്‍ധനവിലൂടെ നിക്ഷേപം ക്രമീകരിക്കാം. 20,000 രൂപയില്‍ നിക്ഷേപം തുടങ്ങുകയും വര്‍ഷംതോറും എസ്ഐപി തുകയില്‍ 10 ശതമാനം വര്‍ധനവും വരുത്തിയാല്‍ 15 വര്‍ഷംകൊണ്ട് 1.50 കോടി രൂപ സമാഹരിക്കാനാകും. ഈ നിക്ഷേപത്തിന് 15 ശതമാനം റിട്ടേണ്‍ ലഭിച്ചാല്‍ മൊത്തം 1.90 കോടി രൂപയും ലഭിക്കുക.
ചെലവ് ക്രമീകരിക്കുക
വരുമാനത്തിന് അനുസരിച്ച് ചെലവ് ചെയ്യുന്നതിനും നിശ്ചിത തുക നിക്ഷേപത്തിനായി നീക്കിവെയ്ക്കുന്നതിനും ബജറ്റുണ്ടാക്കുകയും അതിന് അനുസരിച്ച് മുന്നോട്ടുപോകുകയും ചെയ്യുക. വരുമാനത്തിന്റെ 30 ശതമാനമെങ്കിലും നിക്ഷേപത്തിനായി നീക്കിവെക്കുക. ആറ് മാസത്തെ ചെലവുകള്‍ക്ക് തുല്യമായ തുക എമര്‍ജന്‍സി ഫണ്ടായി സേവിങ്സ് അക്കൗണ്ടിലോ ഹ്രസ്വകാല ഡെറ്റ് ഫണ്ടുകളിലോ കരുതുക. ദീര്‍ഘകാലയളവിലെ നിക്ഷേപത്തിന് തടസ്സമുണ്ടാകാതിരിക്കാനും പണലഭ്യത ഉറപ്പാക്കാനും എമര്‍ജിന്‍സി ഫണ്ട് ഉപകരിക്കും. ആവശ്യത്തിന് ആരോഗ്യ ഇന്‍ഷുറന്‍സും ഉറപ്പാക്കുക.
നിക്ഷേപം വിലയിരുത്തുക
വര്‍ഷത്തിലൊരിക്കലെങ്കിലും നിക്ഷേപ പോര്‍ട്ട്ഫോളിയോ അവലോകനം ചെയ്യുക. ലക്ഷ്യ കാലയളവിനോട് അടുക്കുമ്പോള്‍ എക്സിറ്റ് പ്ലാനും തയ്യാറാക്കുക.
മികച്ച ആസൂത്രണത്തോടൊപ്പം അച്ചടക്കത്തോടെ നിക്ഷേപം തുടര്‍ന്നാല്‍ 15 വര്‍ഷത്തിനുള്ളില്‍ 1.50 കോടി രൂപ സമാഹരിക്കുകയെന്നത് ബുദ്ധിമുട്ടുള്ളകാര്യമല്ല. വിപണിയിലെ സാഹചര്യങ്ങളും സാമ്പത്തിക ലക്ഷ്യങ്ങളും അടിസ്ഥാനമാക്കി നിക്ഷേപതന്ത്രം ക്രമീകരിക്കാന്‍ ശ്രദ്ധിക്കുക. ആവശ്യമെങ്കില്‍ വിദഗ്ധോപദേശം തേടുക.
Content Highlights: Plan to Save ₹1.5 Crore successful 15 Years? Discover SIP Strategies, Top Funds & Smart Risk Management
![]()
മാതൃഭൂമി.കോം വാട്സാപ്പിലും








English (US) ·