ട്രംപിന്റെ താരിഫും വിപണിയിലെ ഇടിവും ഈ ഇ.വി ഓഹരിയെ ബാധിച്ചില്ല. അധിക പിഴ ഈടാക്കിയ ദിവസംതന്നെ ഓഹരി വിലയില്‍ അഞ്ച് ശതമാനം മുന്നേറ്റം രേഖപ്പെടുത്തി. സൂചികകളില്‍ ഹ്രസ്വകാലയളവില്‍ സമ്മര്‍ദമുണ്ടാകുമെന്ന വിലയിരുത്തലുകള്‍ക്കിടെയാണ് മുന്നേറ്റമെന്നതും ശ്രദ്ധേയമാണ്.
മെര്‍ക്കുറി ഇ.വി ടെക്കിന്റെ ഓഹരിയാണ് വിപണിയിലെ താരം. 48.50 രൂപ നിലവാരത്തിലാണ് കമ്പനിയുടെ ഓഹരിയില്‍ വ്യാപാരം നടക്കുന്നത്. അഞ്ച് വര്‍ഷത്തിനിടെ ഓഹരി വിലയിലെ മുന്നേറ്റം 8,600 ശതമാനമാണ്. ഈ കാലയളവില്‍ നിക്ഷേപകര്‍ക്ക് മള്‍ട്ടിബാഗര്‍ നേട്ടമാണ് ഓഹരി സമ്മാനിച്ചത്.
അഞ്ച് വര്‍ഷം മുമ്പ് 2020 ജൂലായ് 31ന് ഒരു ലക്ഷം രൂപ നിക്ഷേപിച്ചിരുന്നുവെങ്കില്‍ നിലവിലെ മൊത്തം മൂല്യം 39.75 ലക്ഷമാകുമായിരുന്നു.
980 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂല്യം. വാര്‍ഷിക അറ്റ വില്പനയില്‍ 12.69 ശതമാനവും പ്രവര്‍ത്തന ലാഭത്തില്‍ 84.22 ശതമാനവും വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. പിന്നിട്ട ആറ് മാസത്തെ കണക്കുകള്‍ പ്രകാരം അറ്റ വില്പന 53.25 കോടി രൂപയാണ്. 464.09 ശതമാനമാണ് വളര്‍ച്ച. നികുതി കിഴിച്ചുള്ള ലാഭമാകട്ടെ 390.28 ശതമാനം വര്‍ധിച്ച് 3.53 കോടി രൂപയായി.
നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ 23.07 കോടി രൂപയാണ് കമ്പനിയുടെ വരുമാനം. അറ്റാദായമാകട്ടെ 1.63 കോടി രൂപയും. അതേസമയം, കമ്പനിയുടെ ഉയര്‍ന്ന കടാനുപാതവും കുറഞ്ഞ ഇക്വിറ്റി റിട്ടേണും ഭാവിയില്‍ സ്ഥിരതയുള്ള നേട്ടംനല്‍കുന്നതിനെ ബാധിച്ചേക്കാമെന്ന് വിലയിരുത്തലുണ്ട്.
ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ആവശ്യമായ ഘടകഭാഗങ്ങള്‍ നിര്‍മിക്കുന്ന കമ്പനിക്ക് വൈവിധ്യമാര്‍ന്ന ഉത്പന്ന നിരതന്നെയുണ്ട്. ഇവികള്‍ക്ക് ആവശ്യമായ ബാറ്ററികള്‍, ഷാസികള്‍, മോട്ടോര്‍ കണ്‍ട്രോളറുകള്‍ തുടങ്ങിയവ നിര്‍മിക്കുന്നു. ഇരുചക്രവാഹനങ്ങള്‍, ബസ്സുകള്‍, യാത്രാ വാഹനങ്ങള്‍ എന്നിങ്ങനെ വിപുലമാണ് ഉത്പന്ന നിര.
ഒരാഴ്ചക്കിടെ ഓഹരിയില്‍ 1.09 ശതമാനം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ പാദത്തിലാകട്ടെ 16.17 ശതമാനവും ഒരു വര്‍ഷത്തിനിടെ 31.66 ശതമാനവും നഷ്ടത്തിലാണ് ഓഹരിയെന്നകാര്യം പ്രത്യേകം ശ്രദ്ധിക്കുക.
മുന്നറിയിപ്പ്: കഴിഞ്ഞ കാലത്തെ പ്രകടനം ഭാവിയില്‍ ആവര്‍ത്തിക്കണമെന്നില്ല എന്നകാര്യം പ്രത്യേകം ശ്രദ്ധിക്കുക. മുകളില്‍ നല്‍കിയിട്ടുള്ള വിവരങ്ങള്‍ ബ്രോക്കിങ് കമ്പനികളും വ്യക്തിഗത അനലിസ്റ്റുകളും നല്‍കിയിട്ടുള്ളതാണ്. നിക്ഷേപിക്കും മുമ്പ് സ്വന്തമായി വിലയിരുത്തുകയോ വിദഗ്ധരുടെ ഉപദേശം സ്വീകരിക്കുകയോ ചെയ്യുക.
Content Highlights: Mercury EV Tech Stock Soars 8,600% Despite Market Volatility.
![]()
മാതൃഭൂമി.കോം വാട്സാപ്പിലും








English (US) ·