ഒരു ലക്ഷം രൂപ രണ്ട് കോടിയായി: നേട്ടം 20,500%: ഈ ഓഹരി നിക്ഷേപത്തിന് പരിഗണിക്കാമോ? 

5 months ago 5

വിപണിയില്‍ കനത്ത ചാഞ്ചാട്ടം തുടരുമ്പോഴും വന്‍കുതിപ്പ് നടത്തുന്ന ഓഹരികളുണ്ട്. ഉത്തരേന്ത്യയിലെ ചെറുകിട കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് റീട്ടെയ്‌ലറായ ആദിത്യ വിഷനാണ് ഇപ്പോള്‍ താരം. അഞ്ച് വര്‍ഷത്തിനിടെ അമ്പരപ്പിക്കുന്ന നേട്ടമാണ് ഈ ഓഹരി നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്. അഞ്ച് വര്‍ഷം മുമ്പ് ഒരു ലക്ഷം രൂപ നിക്ഷേപിച്ചിരുന്നുവെങ്കില്‍ നിലവില്‍ അതിന്റെ മൂല്യം രണ്ട് കോടിയാകുമായിരുന്നു.

ഉത്തര്‍പ്രദേശ്, ബിഹാര്‍, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ എയര്‍ കണ്ടീഷണറുകള്‍, റഫ്രിജറേറ്ററുകള്‍, വാഷിങ് മെഷീനുകള്‍ എന്നിങ്ങനെയുള്ള ഗൃഹോപകരണങ്ങള്‍ വില്‍ക്കുന്ന കമ്പനി സമീപകാലയളവിലാണ് കുത്തനെ ഉയരാന്‍ തുടങ്ങിയത്.

നടപ്പ് സാമ്പത്തിക വര്‍ഷം ഒന്നാം പാദത്തില്‍ ഉത്പന്ന ഡിമാന്റില്‍ കാര്യമായ വര്‍ധനവില്ലാത്ത സാഹചര്യത്തിലും ആദിത്യ വിഷന്‍ നേട്ടമുണ്ടാക്കി. തിങ്കളാഴ്ചമാത്രം എട്ട് ശതമാനം ഓഹരി വില ഉയര്‍ന്നു. 424 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

എംകെ ഗ്ലോബല്‍ ഓഹരി വാങ്ങാന്‍ ഈയിടെ ശുപാര്‍ശ നല്‍കി. ലക്ഷ്യ വില 22 ശതമാനം ഉയര്‍ത്തി 550 രൂപയാക്കി. ഇത്തവണ മഴ നേരത്തെയെത്തിയതിനാല്‍ എ.സി വില്പനയെ ബാധിച്ചത് കണക്കിലെടുത്ത് എംകെ ഗ്ലോബല്‍ ലക്ഷ്യവില മെയില്‍ പരമിതപ്പെടുത്തിയിരുന്നു.

വലിയൊരു വിപണിയല്ലാതിരുന്നിട്ടും തന്ത്രപരമായ നീക്കത്തിലൂടെയാണ് ആദിത്യ വിഷന്‍ ഉത്തരേന്ത്യ പിടിച്ചത്. ജാര്‍ഖണ്ഡിലെ വന്‍കിട ഇലക്ട്രോണിക് ഉത്പന്ന വിതരണക്കാരായി ഇതിനകം കമ്പനി മാറിക്കഴിഞ്ഞു. ബിഹാറിലാകട്ടെ 50 ശതമാനം വിപണി വിഹിതവുമുണ്ട്. ഉത്തര്‍പ്രദേശിലും സാന്നിധ്യം വിപുലമാക്കിക്കഴിഞ്ഞു. നൂറിലധികം ബ്രാന്‍ഡുകളില്‍നിന്നായാണ് കമ്പനി 85 ശതമാനം ഉത്പന്നങ്ങളും സംഭരിച്ച് വിതരണം ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഈ മേഖലയിലെ ഭീമന്മാരെ അപേക്ഷിച്ച് കൂടുതല്‍ മാര്‍ജിന്‍ നേടാന്‍ കഴിഞ്ഞുവെന്നതാണ് ശ്രദ്ധേയം.

ഒന്നാം പാദത്തില്‍ അത്രതന്നെ വില്പന രേഖപ്പെടുത്താത്ത സമയത്ത് മിക്കവാറും ഗൃഹോപകരണ നിര്‍മാതാക്കളുടെ വരുമാനത്തില്‍ 15-30 ശതമാനം ഇടിവാണുണ്ടായത്. അതേസമയം ആറ് ശതമാനം കൂടുതല്‍ നേടാന്‍ ആദിത്യയ്ക്കായി. പ്രതീക്ഷിച്ചതിനേക്കാള്‍ രണ്ട് ശതമാനം കൂടുതലാണിതെന്നാണ് വിലയിരുത്തല്‍. വരാനിരിക്കുന്ന ഉത്സവ സീസണില്‍ കൂടുതല്‍ നേട്ടമുണ്ടാക്കാമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ വിപുലീകരണ പദ്ധതികളുമായി കമ്പനി മൂന്നോട്ടുപോകുകയാണ്. ഒന്നാം പാദത്തില്‍ നാലും രണ്ടാം പാദത്തില്‍ മൂന്നു സ്റ്റോറുകള്‍ എവിഎല്‍ തുറന്നു. ഇതോടെ മൊത്തം സ്‌റ്റോറുകളുടെ എണ്ണം 182 ആയി. 2026ല്‍ 30 സ്‌റ്റോറുകള്‍കൂടി തുറക്കാനാണ് പദ്ധതി. ഇതോടെ മൊത്തം എണ്ണം 200ലേറെയാകും.

2016ല്‍ ബിഎസ്ഇ എസ്എംഇ പ്ലാറ്റ്‌ഫോമില്‍ ലിസ്റ്റ് ചെയ്താണ് തുടക്കം. 2021 ജനുവരിയില്‍ ബിഎസ്ഇയുടെ പ്രധാന പ്ലാറ്റ്‌ഫോമിലേയ്ക്ക് മാറിയതോടെയാണ് ഓഹരിയുടെ ജൈത്രയാത്ര ആരംഭിച്ചത്.

ഗൃഹോപകരണങ്ങളുടെയും മറ്റ് ഉത്പന്നങ്ങളുടെയും പ്രചാരം കുറഞ്ഞ വിപണിയായ ജാര്‍ഖണ്ഡ്, ബിഹാര്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ആദിത്യ സാന്നിധ്യം ശക്തമാക്കിയത്. ഈ പ്രദേശങ്ങളില്‍ ദേശീയ തലത്തില്‍ സ്വാധീനമുള്ള ഏതാനും ശൃംഖലകള്‍ മാത്രമാണുള്ളത്.

സമീപ കാലയളവിലെ ചാഞ്ചാട്ടത്തിനിടെയും അനലിസ്റ്റുകള്‍ ഈ കമ്പനിയില്‍ മുന്നേറ്റ സാധ്യത കാണുന്നുണ്ട്. എവിഎലിന്റെ വരുമനത്തിലും അറ്റാദായത്തിലും യഥാക്രമം 17.3 ശതമാനം, 19.2 ശതമാനം വര്‍ധനവാണ് ഐസിഐസിഐ സെക്യൂരീറ്റീസ് പ്രതീക്ഷിക്കുന്നത്. വളര്‍ച്ചാ സാധ്യതയില്‍ കുറവുവരുത്തിയെങ്കിലും വാങ്ങല്‍ റേറ്റിങ് നുവാമ നിലനിര്‍ത്തിയിട്ടുണ്ട്. 503 രൂപയാണ് ഇവര്‍ നിശ്ചയിച്ചിട്ടുള്ള ലക്ഷ്യവില.

പ്രവര്‍ത്തന ലാഭം, വരുമാനം എന്നിവ മാറ്റമില്ലാത തുടര്‍ന്നപ്പോഴും ഒന്നാം പാദത്തില്‍ കമ്പനി അറ്റാദായത്തില്‍ 3.9 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു.

മുന്നറിയിപ്പ്: ഓഹരിയിലെ നിക്ഷേപ സാധ്യത വിലയിരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഈ വിശകലനം തയ്യാറാക്കിയിട്ടുള്ളത്. അതീവ നഷ്ടസാധ്യതയുള്ളതാണ് ചെറുകിട ഓഹരികളിലെ നിക്ഷേപം. ഇക്കാര്യങ്ങള്‍ കണക്കിലെടുത്ത് സ്വന്തമായി വിശകലനം ചെയ്ത് മാത്രം നിക്ഷേപ തീരുമാനമെടുക്കുക.

Content Highlights: Aditya Vision: From ₹1 Lakh to ₹2 Crore – A 20,500% Return connected Investment?

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article