Published: July 16, 2026 06:35 PM IST
1 minute Read
നിർണായക മത്സരത്തിൽ രണ്ട് അസിസ്റ്റുകൾ നൽകി, തകർപ്പൻ ഗോളടിപ്പിച്ച ലയണൽ മെസ്സിയെ, വിജയ് ചിത്രത്തിലെ ഗാനത്തിന്റെ വരികൾ കടമെടുത്ത് ഫിഫയുടെ വിശേഷണം. ജനനായകനിലെ ‘ഒരേ പേരേ വരലാറു..’ എന്ന ഗാനത്തിന്റെ വരികളുമായാണ്, അർജന്റീന ഫൈനൽ ഉറപ്പാക്കിയത് ടീമിനൊപ്പം ആഘോഷിക്കുന്ന മെസ്സിയുടെ ചിത്രം ഫിഫ സമൂഹമാധ്യമ പേജിൽ പോസ്റ്റ് ചെയ്തത്. ആ പേരു തന്നെ ചരിത്രമാണ് എന്നാണ് ഈ തമിഴ് വരികളുടെ അർഥം. മെസ്സിയുടെ ഓരോ ചുവടും ചരിത്രമാകുന്നു. 39 ാം വയസ്സിലും പ്രായത്തെ തോൽപ്പിക്കുന്ന കളിമികവുകൊണ്ട് എതിരാളികളെ വട്ടം കറക്കുന്ന മാന്ത്രികൻ.
What you should work next
അതുപോലൊരു മായരാത്രിയ്ക്കാണ് ലോകകപ്പിലെ രണ്ടാം സെമിഫൈനൽ സാക്ഷ്യം വഹിച്ചതും. കാൽപന്തുകളിയിലെ മായാജാലക്കാരന്റെ മാന്ത്രിക കാലുകളിൽ ചരിത്രം വീണ്ടും തിരുത്തിയെഴുതപ്പെട്ടു. അവസാന വിസിൽ മുഴങ്ങുന്നതുവരെ നിങ്ങളുടെ അവസരങ്ങൾ പൂർണമായി നഷ്ടപ്പെട്ടിട്ടില്ലെന്ന് മിശിഹയും കൂട്ടരും വീണ്ടും വീണ്ടും ഓർമിപ്പിക്കുന്നു. 85, 92 മിനിറ്റുകളിലെ ഗോളുകളോടെ മത്സരത്തിന്റെ വിധി മാറ്റിയെഴുതപ്പെട്ടു. ഇംഗ്ലീഷ് പടയെ ആധികാരികമായി കീഴടക്കി അർജന്റീന ഫൈനലിൽ പ്രവേശിച്ചു.
ടീമിലെ മായാജാലക്കാരൻ
രണ്ടു മാസം മുൻപു നടന്ന തിരഞ്ഞെടുപ്പിൽ ഇളയ ദളപതിയും ടീമും നേടിയതും ഇതുപോലൊരു കിടിലൻ വിജയമായിരുന്നു. ആരും ഒരു സാധ്യതയും കൽപ്പിക്കാതിരുന്ന രാഷ്ട്രതന്ത്രത്തിൽ മിന്നും വിജയം നേടിയത് ജനനായകന്റെ മിടുക്കുകൊണ്ടാണ്. അക്ഷരാർഥത്തിൽ മെസ്സിയും പടയാളികളും ഫുട്ബോൾ ഭൂമിയിൽ നടപ്പാക്കിയതും അതുതന്നെ. തോൽക്കുമെന്നു തോന്നിപ്പിച്ച നിമിഷങ്ങളിൽ സർവസൈന്യാധിപന്റെ നേതൃത്വത്തിൽ വർധിതവീര്യത്തോടെ അർജന്റീന പൊരുതി നേടിയ വിജയം. വേറൊരു ടീമിനും അവകാശപ്പെടാനില്ലാത്ത ഒരേയൊരു കാര്യം അർജന്റീനയ്ക്ക് ആ 10 നമ്പറുകാരൻ ഉണ്ട് – അവരുടെ മിശിഹ! ടീമിന്റെ നെടുംതൂൺ!
What you should work next
ഇതാദ്യമായല്ല ഫിഫ തമിഴ് സിനിമയിലെ സൂപ്പർ ഹിറ്റ് ഡയലോഗുകൾ ചേർത്ത് പോസ്റ്റുകൾ പങ്കുവയ്ക്കുന്നത്. ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായി റെക്കോർഡ് കുറിച്ച മെസ്സിയുടെ നേട്ടം ഫിഫ ആഘോഷിച്ചത് മലയാളത്തിൽ പോസ്റ്റിട്ടുകൊണ്ടാണ് – ‘ഇവനെ പടച്ച് വിട്ട കടവുളുക്ക് പത്തിൽ 10’. മലയാളത്തിൽ സൂപ്പർ ഹിറ്റായ ആവേശം സിനിമയിൽ ഡയലോഗ് ഉപയോഗിച്ചാണ് മലയാളത്തിൽ പോസ്റ്റിട്ടത്. ഫ്രഞ്ച് നായകൻ എംബാപെയുടെ നേട്ടവും തമിഴ് ഭാഷയിൽ ആഘോഷിച്ചിരുന്നു. ഒരു പ്രത്യേക പ്രദേശത്തെ മാത്രം കേന്ദ്രീകരിച്ചു ചെയ്യുന്ന പോസ്റ്റുകളാണിവ. പ്രദേശിക ഭാഷകൾ ഉപയോഗിക്കുമ്പോൾ, ആ ഭാഷ കൈകാര്യം ചെയ്യുന്നവരിലേക്ക് ഈ പോസ്റ്റ് കൂടുതലായി എത്തുന്നു. പ്രത്യേകിച്ചും ഫുട്ബോൾ ചർച്ചചെയ്യുന്നവരെ ലക്ഷ്യമിട്ടാണ് ഇത്തരം പോസ്റ്റുകൾ ഫിഫ പങ്കുവയ്ക്കുന്നത്. പ്രദേശിക തലത്തിലുള്ളതാണെങ്കിലും ഈ പോസ്റ്റ് ലോകത്തിന്റെ എല്ലായിടുത്തുനിന്നും കാണാം.
ജനനായകൻ 23ന്
ഈ മാസം 23ന് റിലീസ് ചെയ്യാൻ പോകുന്ന, തമിഴ്നാട് മുഖ്യമന്ത്രിയുടെ ഏറ്റവും പുതിയ സിനിമയായ ജന നായകനിലെ ഹിറ്റ് പാട്ടാണ് ‘ഒരേ പേരേ വരലാറു..’ രാഷ്ട്രീയത്തിൽ വിജയ് നടത്തിയ പോരാട്ടത്തെ പ്രിതിഫലിപ്പിക്കുന്ന സിനിമ ആയിട്ടാണ് ജന നായകൻ വിലയിരുത്തുന്നത്. അതുപോലെയാണ് മെസ്സിയുടെ പടയോട്ടവും. മെസ്സി എന്തുകൊണ്ട് ടീമിനും രാജ്യത്തിനും ആരാധകർക്കും ഏറ്റവും പ്രിയപ്പെട്ടവനാകുന്നതെന്ന് ഓരോ മത്സരങ്ങൾ കഴിയുന്തോറും തെളിയിച്ചുകൊണ്ടിരിക്കുകയാണ്.
English Summary:





English (US) ·