പാകിസ്താനിലെയും പാക് അധിനിവേശ കശ്മീരിലെയും ഭീകരവാദി കേന്ദ്രങ്ങള്‍ ആക്രമിച്ച ശേഷവും അസാമാന്യ കരുത്ത് പ്രകടിപ്പിച്ച് ഓഹരി വിപണി. വ്യാപാരം ആരംഭിക്കുന്നതിന് മുമ്പ്, സൈനിക നടപടിയെക്കുറിച്ചുള്ള അഭ്യൂഹങ്ങളില്‍ താത്കാലികമായി പരിഭ്രാന്തി പ്രകടിപ്പിച്ചെങ്കിലും വിപണി കാര്യമായി കുലുങ്ങിയില്ല. നിമിഷങ്ങള്‍ക്കകം നേട്ടത്തിലേയ്ക്ക് തിരിച്ചെത്തുകയും ചെയ്തു.
വിദേശ നിക്ഷേപകരുടെ വാങ്ങല്‍ താത്പര്യം തന്നെയാണ് വിപണിയിലെ കരുത്തിന് പിന്നില്‍. പിന്നിട്ട 14 വ്യാപാര ദിനങ്ങളിലായി 43,940 കോടി രൂപയുടെ നിക്ഷേപമാണ് അവര്‍ നടത്തിയത്. ദുര്‍ബലമായ ഡോളര്‍, യുഎസിലെയും ചൈനയിലെയും വളര്‍ച്ചാ വേഗക്കുറവ്, അസംസ്‌കൃത എണ്ണ വിലയിലെ ഇടിവ് തുടങ്ങിയവയും വിപണിക്ക് അനുകൂല ഘടകങ്ങളായി.
അതുമാത്രമല്ല, ഇത്തരത്തില്‍ ഒരു തിരിച്ചടി വിപണി പ്രതീക്ഷിച്ചിരുന്നതുമാണ്. മുന്‍കാലഘട്ടങ്ങളില്‍നിന്ന് വ്യത്യസ്തമാണ് വിപണിയുടെ ഇപ്പോഴത്തെ ഘടനയെന്നതും ശ്രദ്ധേയമാണ്. റീട്ടെയില്‍ നിക്ഷേപകരുടെ ഇടപെടല്‍ മുമ്പത്തേക്കാള്‍ ശക്തമാണ്. ആഗോളതലത്തില്‍ രാജ്യങ്ങള്‍ തളര്‍ച്ച നേരിടുമ്പോള്‍ ഇന്ത്യപോലുള്ള ശക്തമായ സമ്പദ്ഘടന തേടി വിദേശ നിക്ഷേപകര്‍ എത്തുകയും ചെയ്യുന്നു.
ചരിത്രം പറയുന്നത്
ഇന്ത്യ-പാക് സംഘര്‍ഷങ്ങളുടെ ചരിത്രം പരിശോധിച്ചാല്‍ ഇന്ത്യന്‍ ഓഹരി വിപണി പലപ്പോഴും പ്രതിരോധശേഷി പ്രകടിപ്പിച്ചിട്ടുള്ളതായി കാണാം. 1999 മെയ് മൂന്നു മുതല്‍ ജൂലായ് 26വരെ നടന്ന കാര്‍ഗില്‍ യുദ്ധ സമയത്ത് 0.8 ശതമാനമെന്ന നേരിയ ഇടിവ് മാത്രമാണ് ഉണ്ടായത്. 2008ലെ മുംബൈ ഭീകരാക്രമണം നടന്ന രണ്ട് ദിവസങ്ങളിലാകട്ടെ സെന്‍സെക്‌സ് 400 പോയന്റും നിഫ്റ്റി 100 പോയന്റും ഉയരുകയായിരുന്നു. അതേസമയം, 2019ലെ പുല്‍വാമ ആക്രമണത്തില്‍ വിപണി പ്രതികൂലമായാണ് പ്രതികരിച്ചത്. ഫെബ്രുവരി 14 മുതല്‍ മാര്‍ച്ച് ഒന്നുവരെ സൂചികകള്‍ 1.8 ശതമാനം ഇടിവ് നേരിട്ടു.
ഇന്ത്യ-പാക് സംഘര്‍ഷ കാലയളവില്‍ വിപണി പൊതുവെ പെട്ടെന്ന് പ്രതികരിക്കാറില്ല. കാരണം, പാകിസ്ഥാനുമേല്‍ ഇന്ത്യയ്ക്ക് വ്യക്തമായ മുന്‍തൂക്കമുണ്ടെന്നതുതന്നെ. അനിശ്ചിതാവസ്ഥ എങ്ങനെയായിരിക്കും മുന്നോട്ടുപോകുകയെന്നതിലാണ് ഇനി ജാഗ്രതവേണ്ടത്. അടുത്ത സൈനിക നീക്കം, ആഗോള താരിഫ് ചര്‍ച്ചകള്‍, ഫെഡിന്റെ പണ നയ പ്രഖ്യാപനം എന്നിവയാകും വരുംദിവസങ്ങളില്‍ വിപണിയെ സ്വാധീനിക്കുക. ഒറ്റപ്പെട്ട കാരണങ്ങള്‍ക്കപ്പുറം ആഗോളതല ചലനങ്ങളാകും വിപണിയില്‍ വലിയ പ്രതിഫലനങ്ങള്‍ സൃഷ്ടിക്കുക. ഇന്ത്യ-യുകെ വ്യാപാര കരാറും പലിശ നിരക്ക് താഴ്ത്തലുമെല്ലാം വിപണിയില്‍ ചലനങ്ങളുണ്ടാക്കും.
അനിശ്ചിതത്വങ്ങളുടേത് വീണ്ടുവിചാരങ്ങളുടെ കാലയളവുകൂടിയാണ്. ഈ കാലയളവിലും കരുത്തു പ്രകടിപ്പിക്കാന്‍ ശേഷിയുള്ളതും കുറഞ്ഞ മൂല്യത്തിലുള്ളതുമായ ഓഹരികള്‍ തിരിച്ചറിയുകയെന്നതാണ് പ്രധാനം. വന്‍കിട ഓഹരികള്‍ തിരഞ്ഞെടുക്കാന്‍ എപ്പോഴും ശ്രദ്ധിക്കുക. പ്രതിരോധ മേഖലയിലെ കമ്പനികള്‍, മികച്ച മൂലധന അടിത്തറയുള്ള ബാങ്കുകള്‍, എഫ്എംസിജി, അടിസ്ഥാന സൗകര്യം, ടെലികോം തുടങ്ങിയ മേഖലകളിലെ ഓഹരികള്‍ക്ക് തുടര്‍ന്നും കരുത്ത് നിലനിര്‍ത്താനാകും.
Content Highlights: Stock Market Stays Resilient Amid Military Action; FII Investment and Global Cues Drive Stability.
![]()
മാതൃഭൂമി.കോം വാട്സാപ്പിലും








English (US) ·