മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം രാജ്യത്തെ ഓഹരി വിപണിയെയും സമ്മര്‍ദത്തിലാക്കി. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് ആയിരം പോയിന്റിലേറെ ഇടിവ് നേരിട്ടു. നിഫ്റ്റിയാകട്ടെ 268 പോയന്റ് താഴ്ന്ന് 24,600 നിലവാരത്തിലുമെത്തി. ഏഷ്യല്‍ സൂചികകളിലും ഇടിവ് പ്രകടമാണ്. ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം വിപണിമൂല്യം 5.52 ലക്ഷം കോടി താഴ്ന്ന് 444.06 ലക്ഷം കോടിയായി.
നിഫ്റ്റി ഓയില്‍ ആന്‍ഡ് ഗ്യാസ് സൂചിക ആണ് തിരിച്ചടിയില്‍ മുന്നില്‍. മഹാനഗര്‍ ഗ്യാസ്, ഐജിഎല്‍, ബിപിസിഎല്‍, ഐഒസി എന്നിവയുടെ ഓഹരികള്‍ രണ്ട് ശതമാനത്തോളം താഴ്ന്നു. നിഫ്റ്റി ബാങ്ക്, ഐടി, ഓട്ടോ, മെറ്റല്‍, പൊതുമേഖല ബാങ്ക് സൂചികകളും നഷ്ടം നേരിട്ടു.
ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കമാന്‍ഡര്‍ ഹൊസൈന്‍ സാലാമിയുടെ മരണം സ്ഥിരീകരിച്ചതോടെ സംഘര്‍ഷ ഭീതി രൂക്ഷമായിട്ടുണ്ട്. ഇതോടെ ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവിലയിലും കുതിപ്പുണ്ടായി.
ഭൗമരാഷ്ട്രീയ സംഘര്‍ഷം മറ്റൊരുതലത്തിലേയ്ക്ക് വ്യാപിച്ചതോടെ ആഗോള തലത്തില്‍ വിപണിയില്‍ കനത്ത വില്പന സമ്മര്‍ദം രൂപപ്പെട്ടു. ജപ്പാന്റെ നിക്കിയും, ദക്ഷിണ കൊറിയയുടെ കോസ്പിയും ഹോങ്കോങിന്റെ ഹാങ്‌സെങും സമ്മര്‍ദത്തിലാണ്.
വിപണിയില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍ നിക്ഷേപകര്‍ സുരക്ഷിത ആസ്തികളിലേയ്ക്ക് തിരിഞ്ഞതും ഓഹരി വിപണിക്ക് തിരിച്ചടിയായി. ഇതോടെ യുഎസിലെ പത്ത് വര്‍ഷത്തെ ട്രഷറി ആദായം 4.31 ശതമാനത്തിലേയ്ക്ക് താഴന്നു.
Content Highlights: Market Volatility: Middle East Crisis Shakes Indian Stock Markets, Global Indices Decline
![]()
മാതൃഭൂമി.കോം വാട്സാപ്പിലും








English (US) ·