കച്ചവടം തകർന്ന് നാടുവിട്ടു: തിരിച്ചുവരവിൽ വൻ വ്യവസായി

4 months ago 5

മാള: അച്ഛന്റെ വിരമിക്കൽസമ്പാദ്യംകൊണ്ട് തുടങ്ങിയ കച്ചവടം തകർന്നപ്പോൾ നാടുവിടേണ്ടിവന്നു രഘുനാഥന്. മുംബൈയിൽ തുണിമില്ലിലും ക്രഷറിലും സഹായിയായി ജീവിതം തുടങ്ങി.
ഇന്ന് കോടികളുടെ വിറ്റുവരവുള്ള സ്ഥാപനമുടമയാണ് രഘുനാഥൻ. 135 ജീവനക്കാർ. 12 കോടിയുടെ വിറ്റുവരവ്. വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്തിന്റെ, വിഐപികൾ താമസിക്കുന്ന മുറികളുടെ ഫർണിച്ചർ വരെ സജ്ജീകരിക്കുന്നനിലയിലേക്ക്‌ സ്ഥാപനം വളർന്നു.

വലിയപറമ്പ് തൈവാലത്ത് ടി.എസ്. രഘുനാഥൻ 1989-ൽ ചാലക്കുടിയിൽ തുടങ്ങിയ പ്ലാസ്റ്റിക് വിൽപ്പന ഏജൻസി ആറുമാസത്തിനുള്ളിൽ പൂട്ടിയപ്പോൾ കടബാധ്യതയായി. മുംബൈയിലെ തുണിമില്ലിൽ ജോലിചെയ്യുന്നതിനിടയിൽ 1990-ൽ അവിടത്തെ എൻജിനീയറുമായി സൗഹൃദത്തിലായതാണ് വഴിത്തിരിവായത്.

തുണിമില്ലുകളിലെ യന്ത്രഭാഗങ്ങളുടെ നിർമാണവും സ്ഥാപിക്കലും പഠിച്ച രഘുനാഥന് എൻജിനീയർ അയാളുടെ വർക്‌ഷോപ്പ് നടത്താൻ കൈമാറി. 2000-ൽ നാട്ടിൽ തിരിച്ചെത്തിയ രാഘുനാഥൻ ഫർണിച്ചറിനുള്ള തുണികളുടെ ഏജന്റായി പ്രവർത്തിച്ചുതുടങ്ങി. കേരളത്തിലും പുറത്തും ബൈക്കിൽ വിൽപ്പന നടത്തി.

2001-ൽ ഇരിങ്ങാലക്കുടയിൽ ‘അച്ചൂസ്’ എന്ന പേരിൽ ഒറ്റമുറിയിൽ കച്ചവടം തുടങ്ങി. 2002-ൽ കൊടുങ്ങല്ലൂരിൽ മറ്റൊരു സ്ഥാപനം. ഇതിനിടയിൽ തുണിക്കൊപ്പം ഫർണിച്ചറും നിർമിച്ച് വിൽപ്പന തുടങ്ങി. 2016-ൽ മുംബൈയിലെ ആങ്കർ ഓഫ് ഷോർ കമ്പനിയുടെ കപ്പലിന്റെ ഫർണിച്ചർ നിർമാണത്തിനുള്ള അവസരം സുഹൃത്തുവഴി ലഭിച്ചു. ആദ്യ അവസരത്തിൽ വലിയ നഷ്ടം. അതിൽനിന്ന് പാഠം പഠിച്ചു. ഐഎൻഎസ് ആദിത്യയുടെ പുനർനിർമാണം, മാറിനോർ ഇന്ത്യ, ജി വൺ ഓഫ് ഷോർ ഇന്ത്യ കമ്പനി എന്നിവയുടെ കപ്പലിന്റെ ഇന്റീരിയർ ചെയ്തത് രഘുനാഥനാണ്.

ഇന്ത്യൻ നേവിയുടെ എല്ലാ കപ്പലുകളുമായും ധാരണാപത്രം ഉണ്ട്. ഇതുവരെ 22 കപ്പലുകളുടെ ഫർണിച്ചർ ചെയ്തു. വലിയപറമ്പിലെ വീടിനോടു ചേർന്നുള്ള രണ്ടര ഏക്കർ സ്ഥലത്ത് അച്ചൂസ് ഇന്റീരിയേഴ്സ്, പ്രോമിസ് മറൈൻ ആൻഡ് ഓഫ്‌ഷോർ എന്നീ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നു. വാഹനങ്ങളുടെ കണ്ടെയ്‌നർ നിർമിക്കുന്ന യൂണിറ്റും അടുത്തിടെ ഇവിടെ ആരംഭിച്ചു.

താങ്ങും തണലുമായിരുന്ന 99-കാരനായ അച്ഛൻ സുരേന്ദ്രൻ മകന്റെ വളർച്ചയിലും കൂടെയുണ്ട്. ഭാര്യ: പ്രീതയും മക്കളായ രൂപയും പവനും സഹായത്തിനുണ്ട്.

Content Highlights: From Bankruptcy to Billions: The Remarkable Rise of T.S. Raghunathan

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article