കണക്കും സയന്‍സും മാത്രമല്ല, പണത്തിന്റെ വിനിയോഗവും കുട്ടികള്‍ പഠിക്കണം

7 months ago 9

ഭാവി സുരക്ഷിതമാക്കാന്‍ രാപകലില്ലാതെ പഠിക്കാന്‍ കുട്ടികളെ നിര്‍ബന്ധിക്കുമ്പോള്‍ സാമ്പത്തിക വൈദഗ്ധ്യം പോലുള്ള അടിസ്ഥാന ജീവിത നൈപുണ്യങ്ങള്‍ പകര്‍ന്നുനല്‍കാന്‍ രക്ഷിതാക്കളും അധ്യാപകരും മുന്നോട്ടുവരാത്തത് എന്തുകൊണ്ടാണ്?

വിദ്യാഭ്യാസത്തോടൊപ്പം മാനസിക വളര്‍ച്ചക്ക് യോജിച്ച രീതിയില്‍ സാമ്പത്തികകാര്യങ്ങളും കുട്ടികള്‍ക്ക് പകര്‍ന്നുകൊടുക്കേണ്ടത് കാലത്തിന്റെ അനിവാര്യതയായിരിക്കുന്നു. ചെറുപ്പം മുതലേ അതിന് തുടക്കമിടാം. അതിനായി നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ അടിയന്തരമായ പുനഃക്രമീകരണം ആവശ്യമാണ്. സ്‌കൂളുകളിലും കോളേജുകളിലും പഠിപ്പിക്കുന്ന വിഷയങ്ങള്‍ക്കപ്പുറം കുട്ടികള്‍ സ്വായത്തമാക്കേണ്ട മറ്റ് പ്രധാന ജീവിത നൈപുണ്യങ്ങളുടെ കാര്യത്തിലും മറിച്ചൊരു ചിന്ത അനിവാര്യമായിരിക്കുന്നു. ഇക്കാര്യത്തില്‍ പുതിയ തലമുറ അവഗണിക്കപ്പെടാതെ പോകരുത്.

സമ്പത്തുണ്ടാക്കാനും അത് ഭാവിയിലേയ്ക്ക് കരുതിവെയ്ക്കാനും അറിയാത്തതിനാല്‍ അത്യാവശ്യത്തിനും അനാവശ്യത്തിനും വായ്പയെ ആശ്രയിക്കുന്ന വലിയൊരു സമൂഹമാണ് ഇവിടെ രൂപംകൊള്ളുന്നത്. കടക്കെണിയിലേക്കുള്ള വഴിയാണതെന്ന് അധികമാരും ചിന്തിക്കുന്നില്ല. സാമ്പത്തിക ആസൂത്രണത്തിന്റെ പിഴവുകാരണം എത്രയധികംപേരാണ് സമൂഹത്തില്‍ സമ്മര്‍ദം അനുഭവിക്കുന്നതെന്ന് ചുറ്റുപാടും നോക്കിയാല്‍ മനസിലാകും. വിവിധ പഠനങ്ങളും സര്‍വെകളും ഇതിന് അടിവരയിടുന്നു.

ആസൂത്രണത്തിന്റെ അഭാവം
ജീവിതത്തിനായുള്ള കരുതലായി ലൈഫ് ഇന്‍ഷുറന്‍സും ആരോഗ്യ ഇന്‍ഷുറന്‍സും ആദ്യമേ കരുതാന്‍ പഠിപ്പിക്കണം. സ്വര്‍ണത്തിലും റിയല്‍ എസ്റ്റേറ്റിലും ബാങ്കിലുംമാത്രമല്ല, മറ്റ് സാധ്യതകള്‍കൂടി ഉള്‍പ്പെടുത്തി ആസ്തികളുടെ വൈവിധ്യവത്കരണത്തിന്റെ ആവശ്യവും കുട്ടികളെ പഠിപ്പിക്കണം. ശരിയായ അറിവില്ലാത്തതിനാലാണ് മറ്റ് സാമ്പത്തിക ആസ്തികളെക്കുറിച്ച് ഭയംജനിക്കുന്നത്. അതുകൊണ്ടുതന്നെയാണ് സുരക്ഷിത ഇടംതേടി മിക്കവാറുംപേര്‍ പോകാനിടയാകുന്നതും.

കൃത്യമായ ആസൂത്രണമില്ലാതെവരുമ്പോഴാണ് കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിനായി മിക്കവാറും രക്ഷിതാക്കള്‍ക്ക് വായ്പയെ ആശ്രയിക്കേണ്ടിവരുന്നത്. രാജ്യത്തെ പണപ്പെരുപ്പനിരക്കിനെ അതിജീവിക്കുന്ന ആദായം നേടാനുള്ള ആസൂത്രണം സ്വായത്തമാക്കാന്‍ ഒരോരുത്തര്‍ക്കും കഴിയണം.

ക്രെഡിറ്റ് കാര്‍ഡുകളുടെ അമിത ഉപയോഗമാണ് മറ്റൊന്ന്. അനാവശ്യ പര്‍ച്ചെയ്സുകളും ഇഎംഐ പ്രയോജനപ്പെടുത്താമെന്ന സൗകര്യവും മിതത്വത്തില്‍നിന്ന് അകറ്റാന്‍ ഉപഭോക്താവിനെ പ്രേരിപ്പിക്കുന്നു. നഗരങ്ങളില്‍ മാത്രമല്ല, ഗ്രാമീണ ജനങ്ങള്‍ക്കിടയില്‍പോലും കിട്ടുന്നതെല്ലാം ചെലവഴിക്കാനുള്ളതാണെന്ന ചിന്തയാണ്. പുതിയതായി ഇറങ്ങുന്ന ഗാഡ്ജറ്റുകള്‍ക്ക് പുറകെ പോകുന്ന ചെറുപ്പക്കാരുടെ എണ്ണത്തിലെ വര്‍ധന കാണാം.

വിരമിക്കലിനെകുറിച്ച് ആരും അത്രതന്നെ ചിന്തിക്കാറില്ലെന്നതാണ് വാസ്തവം. 60വയസ്സ് പിന്നിടുമ്പോള്‍ ബാക്കിയുള്ള 20-30 വര്‍ഷം ജീവിക്കാന്‍ നയാപൈസ കയ്യിലില്ലാത്ത അവസ്ഥ ഒന്ന് ആലോചിച്ചുനോക്കൂ.

ഈ സാഹചര്യത്തില്‍ സുപ്രധാന ജീവിത വൈദഗ്ധ്യം കുട്ടികളെ ശീലിപ്പിക്കാന്‍ അധ്യയനവര്‍ഷത്തിന്റെ തുടക്കത്തില്‍തന്നെ ശ്രമം ആരംഭിക്കാം. നല്ല ജോലിയോ വരുമാനമോ മാത്രമല്ല, സാമ്പത്തിക ആസൂത്രണത്തിന്റെ ആവശ്യകതയെക്കുറിച്ചും കുട്ടികളില്‍ അവബോധം സൃഷ്ടിക്കാം. കൂടുതല്‍ സമ്പല്‍ സമൃദ്ധവും കട ബാധ്യതയുമില്ലാത്ത ജീവിതം ഉറപ്പാക്കാന്‍ അതിലൂടെ കഴിയും.

(കുട്ടികളില്‍ സാമ്പത്തിക സാക്ഷരത വളര്‍ത്തുന്നതിനുള്ള ഭാഗമായി മാതൃഭൂമി ഓണ്‍ലൈനില്‍ 2023 നവംബര്‍ 14ന് ശിശുദിനത്തിത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം)

Content Highlights: Financial Literacy for Children: A Crucial Life Skill Beyond Academics

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article