വ്യാപാരം ആരംഭിച്ച ഉടനെ തകര്‍ച്ച നേരിട്ട വിപണി പിന്നീട് നഷ്ടം കുറച്ച് നിക്ഷേപകരുടെ ആത്മവിശ്വാസം ഉയര്‍ത്തി. വ്യാപാര ദിനത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍നിന്ന് സെന്‍സെക്‌സ് 500 പോയന്റോളം ഉയര്‍ന്നായിരുന്നു ക്ലോസിങ്.
അസംസ്‌കൃത എണ്ണവിലയിലെ ഇടിവും അനുകൂലമായ ആഗോള സൂചനകളും യുഎസ്-ഇന്ത്യ വ്യാപാര ചര്‍ച്ചകള്‍ തുടരുമെന്ന പ്രതീക്ഷയുമാണ് നഷ്ടം കുറയ്ക്കാനിടയാക്കിയത്.
രാവിലത്തെ വ്യാപാരത്തില്‍ 786 പോയന്റ് ഇടിഞ്ഞ് 80,695 നിലവാരത്തിലെത്തിയ സെന്‍സെക്‌സ്, 950ല്‍ അധികം പോയന്റ് തിരിച്ചുകയറി ഉച്ചയോടെ 81,647ലെത്തിയിരുന്നു. ഒടുവില്‍ 296 പോയന്റ് നഷ്ടത്തില്‍ 81,185ലും നിഫ്റ്റി 86 പോയന്റ് താഴ്ന്ന് 24,768ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ട്രംപിന്റെ ഉയര്‍ന്ന താരിഫ് ചില മേഖലകളെയും ഓഹരികളെയും മാത്രമാണ് ബാധിക്കുകയെന്ന വിലയിരുത്തലാണ് വിപണിക്ക് ആശ്വാസം പകര്‍ന്നത്.
സെക്ടറല്‍ സൂചികകളില്‍ എഫ്എംസിജി 1.4 ശതമാനം ഉയര്‍ന്നു. ഐടി, മെറ്റല്‍, ഓയില്‍ ആന്‍ഡ് ഗ്യാസ്, പൊതുമേഖല ബാങ്ക്, ഫാര്‍മ, റിയല്‍റ്റി, ടെലികോം തുടങ്ങിവ 0.5 മുതല്‍ 1.8 ശതമാനംവരെ ഇടിവ് രേഖപ്പെടുത്തി.
ഇന്ത്യുടെ കയറ്റുമതി രാജ്യത്തെ ജിഡിപിയുടെ രണ്ട് ശതമാനം മാത്രമായതിനാല്‍ മൊത്തത്തില്‍ വിപണിയിലെ ബാധിക്കാനിടയില്ലെന്ന വിലയിരുത്തല്‍ ഉച്ചയോടെ വിപണിയില്‍ പ്രതിഫലിച്ചു. എങ്കിലും നേട്ടവും നഷ്ടവും വിപണിയില്‍ മാറിമാറി പ്രതിഫലിച്ചു.
രൂപയുടെ മൂല്യത്തില്‍ വര്‍ധനവുണ്ടായതും വിപണി നേട്ടമാക്കി. റിസര്‍വ് ബാങ്കിന്റെ ഇടപെടലുണ്ടായേക്കാമെന്ന പ്രതീക്ഷയില്‍ 14 പൈസ് മെച്ചപ്പെടുത്തി ഡോറളിനെതിരെ 86.77 നിലവാരത്തിലെത്തി രൂപയുടെ മൂല്യം. ഏഷ്യന്‍ വിപണികള്‍ മികച്ച നേട്ടത്തിലായിരുന്നു. ജപ്പാന്റെ നിക്കി 225 ശതമാനം ഉയര്‍ന്നതും രാജ്യത്തെ സൂചികള്‍ക്ക് ആത്മവിശ്വാസം പകര്‍ന്നു.
25 ശതമാനം താരിഫ് ഭീഷണി ഒരു ടിപ്പിക്കല്‍ ട്രംപിയന്‍ സ്ട്രാറ്റജിയാണ്. പ്രസിഡണ്ട് ട്രംപിന്റെ പൊതുവെയുള്ള 'വടിയും കാരറ്റും' തന്ത്രമാണിത്. വടികൊണ്ട് ചെറുതായി അടിക്കുക അതേസമയം ഒരു ഇന്‍സെന്റീവായി ഒരു കാരറ്റ് കൊടുക്കുക. അങ്ങനെ കൂടിയാലോചനകളിലൂടെ ഒരു ഡീലില്‍ എത്തുക. ചുരുക്കത്തില്‍ ഇന്ത്യയുമായി കൂടുതല്‍ വിലപേശല്‍ നടത്താനാണ് ട്രംപ് ശ്രമിക്കുന്നത്. ഓഗസ്റ്റ് പകുതിയോടെ വീണ്ടും തുടങ്ങുന്ന ഇന്ത്യ-യുഎസ് കൂടിയാലോചനകളുടെ ഫലമായി കുറേക്കൂടി കുറഞ്ഞ താരിഫിലുള്ള അതായത് ഏകദേശം 20 ശതമാനം താരിഫിലുള്ള ഒരു ട്രേഡ് ഡീല്‍ ഉണ്ടാകാനാണ് സാധ്യത. ഇന്ത്യയും മറ്റു രാജ്യങ്ങളെ പോലെ ഇളവുകള്‍ നല്‍കി ഒരു ഇടക്കാല വ്യാപാര കരാറിന് തയ്യാറായിരുന്നു. എന്നാല്‍ കാര്‍ഷിക മേഖലയില്‍, പ്രത്യേകിച്ച് ക്ഷീര മേഖലയില്‍ ഒരു ഇളവും നല്‍കാന്‍ ഇന്ത്യ തയ്യാറായില്ല. ഇതാണ് അനുകൂലമായൊരു വ്യാപാക കരാര്‍ ഉണ്ടാകാതിരിക്കാന്‍ പ്രധാന കാരണം. ഈ മേഖലകളില്‍ ഇന്ത്യ കൂടുതല്‍ ഇളവുകള്‍ നല്‍കുന്നത് രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധവുമാണ്. എന്നാല്‍ റഷ്യന്‍ ഇന്ധന ഇറക്കുമതി കുറയ്ക്കാന്‍ ഇന്ത്യക്ക് നിഷ്പ്രയാസം സാധിക്കും. യൂറോപ്യന്‍ യൂണിയന്‍ അടക്കം മറ്റ് പ്രദേശങ്ങളൊക്കെ ഇത് ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് മറ്റു ചില കൂടിയാലോചനകള്‍ക്ക് സാധ്യതയുണ്ട്. ഇതിന്റെ വിശദാംശങ്ങള്‍ അറിയാനിരിക്കുന്നതേയുള്ളൂ. ഓഹരി നിക്ഷേപകരുടെ കാഴ്ചപ്പാടില്‍ ഈ ഹ്രസ്വകാല തിരിച്ചടി ഒരു ദീര്‍ഘകാല അവസരമാണ്. നിഫ്റ്റി 24,500 എന്ന സപ്പോര്‍ട്ട് ലെവലില്‍ നിന്ന് താഴോട്ട് പോകാനുള്ള സാധ്യതയില്ല. വിപണി വീഴുമ്പോള്‍ ആഭ്യന്തര സ്ഥാപന നിക്ഷേപകര്‍ വന്‍തോതില്‍ വാങ്ങിക്കൂട്ടാന്‍ ശ്രമിക്കും. വന്‍കിട നിക്ഷേപകരും ചില്ലറ നിക്ഷേപകരും ഈ അവസരത്തില്‍ വലിയതോതിലുള്ള വാങ്ങല്‍ നടത്തും. ബാങ്കിംഗ്, ധനകാര്യ ടെലികോം ഹോട്ടല്‍ ഓട്ടോമൊബൈല്‍ ഡിജിറ്റല്‍ കമ്പനികള്‍, സിമന്റ്, ക്യാപിറ്റല്‍ ഗുഡ്‌സ് മേഖലകളില്‍ വലിയ തിരിച്ചടിക്ക് സാധ്യതയില്ല. എന്നാല്‍ കയറ്റുമതി മേഖല ഹ്രസ്വകാല തിരിച്ചടി നേരിടേണ്ടി വരും. ഫാര്‍മസ്യൂട്ടിക്കല്‍സ് മേഖലക്ക് തിരിച്ചടിയെ പ്രതിരോധിക്കാനുള്ള കെല്‍പുണ്ട്. 25 ശതമാനം നികുതിയില്‍ നിന്നും ഈ മേഖലയെ ഒഴിവാക്കിയിട്ടുണ്ടെങ്കിലും ഫാര്‍മസി മേഖലക്ക് പ്രത്യേക താരിഫ് ഉണ്ടാകുമെന്നതിനാല്‍ ഈ മേഖലയെ ബാധിക്കും.
ഡോ. വി.കെ. വിജയകുമാര്‍
(ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ്, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്)
Content Highlights: Market Rebounds After Initial Fall: Crude Oil Prices, Global Cues Drive Recovery
![]()
മാതൃഭൂമി.കോം വാട്സാപ്പിലും








English (US) ·