വാള്‍സ്ട്രീറ്റായിരുന്നു പ്രഭവകേന്ദ്രം. യൂറോപ്യന്‍ വിപണികള്‍ കടന്ന് ഏഷ്യന്‍ സൂചികകളിലേയ്ക്കും ഭൂചലനം വ്യാപിച്ചു. യുഎസിലെ മാന്ദ്യഭീതി നിക്ഷേപകരെ പ്രകമ്പനംകൊള്ളിച്ചു. തിങ്കളാഴ്ച വ്യാപാരം ആരംഭിച്ചയുടനെ ഏഷ്യന്‍ സൂചികകളെല്ലാം കടപുഴകി. സെന്‍സെക്‌സിന് 4,000 പോയന്റ് നഷ്ടമായി. 71,500 നിലവാരത്തിലേയ്ക്ക് താഴുകയും ചെയ്തു. നിഫ്റ്റിയാകട്ടെ നാല് ശതമാനത്തിലധികം ഇടിഞ്ഞ് 21,750ന് താഴെയുമെത്തി.
1968ന് ശേഷമുള്ള ഏറ്റവും വലിയ നികുതി വര്‍ധനയെന്ന് വിശേഷിപ്പിച്ചുകൊണ്ട് ജെപി മോര്‍ഗന്‍ യുഎസിലെ മാന്ദ്യസാധ്യത 60 ശതമാനത്തിലേയ്ക്ക് ഉയര്‍ത്തിയത് തിരിച്ചടിയുടെ ആഘാതംകൂട്ടി. മാതൃ വിപണിയെന്ന് വിശഷണമുള്ള നാസ്ദാക്ക് ഇതോടെ ഔഗ്യോഗികമായി കരടി വിപണിയിലേയ്ക്ക് പ്രവേശിച്ചു. ഡിസംബറിലെ ഉയര്‍ന്ന നിലവാരത്തില്‍നിന്ന് 23 ശതമാനമാണ് ഇതുവരെയുള്ള ഇടിവ്. ഡൗ ജോണ്‍സും പിന്നിലല്ല. 15 ശതമാനം തിരുത്തലില്‍ ഇതിനകം എത്തിക്കഴിഞ്ഞു. നിഫ്റ്റിയാകട്ടെ ഉയര്‍ന്ന നിലവാരത്തില്‍(സെപ്റ്റംബര്‍ 2024)നിന്ന് 17 ശതമാനം തകര്‍ന്നു. സാങ്കേതികമായി പറഞ്ഞാല്‍ കടരി വിപണിയിലേയ്ക്ക് പ്രവേശിക്കാന്‍ വെറും 700 പോയന്റ് മാത്രം അകലെ. 20 ശതമാനം മുതല്‍ 40 ശതമാനംവരെയുള്ള ഇടിവിനെയാണ് കരടി വിപണി(ബെയര്‍ മാര്‍ക്കറ്റ്)യായി കണക്കാക്കുന്നത്. അതിന് മുകളിലാണെങ്കില്‍ 'ക്രാഷ്' ആണ്.
താരിഫുകള്‍ പ്രതീക്ഷിച്ചതിലും വലുതാണെന്ന് യുഎസിലെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ മേധാവി ജെറോം പവല്‍ പ്രതികരിച്ചുകഴിഞ്ഞു. പണപ്പെരുപ്പം ക്രമാതീതമായി വര്‍ധിക്കുമെന്നും സാമ്പത്തിക വളര്‍ച്ചയെ ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.
ട്രംപിന്റെ താരിഫ് നേരിട്ട് ഇന്ത്യന്‍ വിപണിയെ ബാധിക്കില്ലെങ്കിലും യുഎസിലെ തകര്‍ച്ച പ്രതിരോധിക്കാനുള്ള ശേഷിയില്ലെന്ന വസ്തുത കാണാതെ പോകരുത്. കരടികള്‍ അതിര്‍ത്തിയ്ക്കടുത്ത് എത്തിക്കഴിഞ്ഞു. എപ്പോള്‍ പ്രവേശിക്കുമെന്നതില്‍ മാത്രമാണ് താത്ക്കാലിക അനിശ്ചിതത്വം. നാടകീയമായൊരു നീക്കം ഉണ്ടായിക്കൂടെന്നില്ല. അതിന്റെ ആദ്യവെടിയാണ് തിങ്കളാഴ്ച പൊട്ടിയത്. യുഎസില്‍ ഉണ്ടാകുന്ന ഓരോ തിരിച്ചടിയും ഏഷ്യന്‍ വിപണികളിലേയ്ക്ക് വ്യാപിക്കുമെന്നതില്‍ സംശയമില്ല.
ട്രംപ് താരിഫിന്റെ ആഘാതം വിപണി മനസിലാക്കിയതോടെ ഡോളര്‍ സൂചികയിലേയ്ക്കും വ്യാപിച്ചു. യുഎസിലെ പത്ത് വര്‍ഷത്തെ ട്രഷറി ആദായം നാല് ശതമാനത്തിന് താഴെയായി. ബ്രെന്റ് ക്രൂഡ് ബാരലിന് 66 ഡോളറിലെത്തി. സ്വര്‍ണം 2.4ശതമാനവും വെള്ളി 7.3 ശതമാനവും തിരിച്ചടി നേരിട്ടു. അടിസ്ഥാന ലോഹങ്ങളുടെ വിലയിലും തകര്‍ച്ചയുണ്ടായി. ചെമ്പ് 6.5ശമതാനം, അലുമിനിയം 3.2 ശതമാനം, സിങ്ക് 2 ശതമാനം എന്നിങ്ങനെ.
സാധാരണ സാഹചര്യമാണെങ്കില്‍ ഇവയെല്ലാം ഇന്ത്യയ്ക്ക് നേട്ടമാകേണ്ടതാണ്. ക്രൂഡ് ഇറക്കുമതിയിലെ കമ്മി കുറയ്ക്കാം. പണപ്പെരുപ്പം നിയന്ത്രണവിധേയമാകുകയും ചെയ്യും. എല്ലാറ്റിലുമുപരി വിദേശ നിക്ഷേപത്തിന്റെ ഒഴുക്കും രാജ്യത്തേയ്ക്കുണ്ടാകും. എന്നാല്‍ വിപരീത സാഹചര്യത്തില്‍ ഇതൊന്നും പ്രവര്‍ത്തിക്കില്ല. മാന്ദ്യഭീതി പടരുമ്പോള്‍ സുരക്ഷിത സാധ്യതകള്‍തേടി നിക്ഷേപകരുടെ പലായനമുണ്ടാകും.
ഇന്ത്യയുടെ ഭീതി സൂചിക(ഇന്ത്യ വിഐഎക്‌സ്) 59 ശതമാനം കുതിച്ച് 21.94ല്‍ എത്തിയിരിക്കുന്നു. സമീപ വര്‍ഷങ്ങളില്‍ ഒരൊറ്റ ദിവസം ഇത്രയും കുതിക്കുന്നത് ഇതാദ്യമായാണ്. ആഗോള വിപണികളിലെ സംഘര്‍ഷം രാജ്യത്തെ സൂചികകളിലേയ്ക്കും വ്യാപിച്ചതിന്റെ സൂചന. കനത്ത വില്പന സമ്മര്‍ദമാണ് ഈ ഉത്കണ്ഠ സൂചികയിലെ കുതിപ്പ് നല്‍കുന്ന മുന്നറിയിപ്പ്. അതിന്റെ അനുരണനങ്ങള്‍ വിവിധ സെക്ടറുകളിലേയ്ക്ക് വ്യാപിച്ചിക്കുന്നു. എല്ലാ പ്രധാന സെക്ടറല്‍ സൂചികകളും തിങ്കളാഴ്ച കനത്ത തിരിച്ചടി നേരിട്ടു. നിഫ്റ്റി മെറ്റല്‍ എട്ട് ശതമാനവും ഐടി ഏഴ് ശതമാനവും ഓട്ടോ, റിയാല്‍റ്റി, ഓയില്‍ ആന്‍ഡ് ഗ്യാസ് എന്നിവ അഞ്ച് ശതമാനവും ഇടിഞ്ഞു. സ്‌മോള്‍ ക്യാപ് സൂചികയിലെ നഷ്ടം 10 ശതമാനമാണ്. മിഡ് ക്യാപ് ആകട്ടെ 7.3 ശതമാനവും നഷ്ടത്തിലായി.
തിങ്കളാഴ്ചയിലെ തിരിച്ചടിയില്‍ വന്‍കിട ഓഹരികളും കടപുഴകി. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി വില 7.4 ശതമാനം ഇടിഞ്ഞ് 52 ആഴ്ചയിലെ താഴന്ന നിലവാരമായ 1,115.55 രൂപയിലെത്തി. ഇതോടെ വിപണി മൂല്യം 2.26 ലക്ഷം കോടി കുറഞ്ഞ് 15.49 ലക്ഷം കോടിയായി. ടാറ്റ മോട്ടോഴ്‌സാകട്ടെ 10 ശതമാനം ഇടിവ് നേരിട്ടു. രാവിലത്തെ വ്യാപാരത്തിനിടെ ലോവര്‍ സര്‍ക്യൂട്ട് ഭേദിച്ച് 552.50ലെത്തുകയും ചെയ്തു. യുകെയിലെ സബ്‌സിഡിയറിയായ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ യുഎസിലെയ്ക്കുള്ള കയറ്റുമതി ഏപ്രിലില്‍ തത്കാലത്തേയ്ക്ക് നിര്‍ത്തിവെച്ചതാണ് കാരണം. ടിസിഎസ്, ഇന്‍ഫോസിസ്, എല്‍ആന്റ്ടി എന്നീ ഓഹരികളെല്ലാം തകര്‍ച്ച നേരിടുകയാണ്.
തകര്‍ച്ചയില്‍ മുന്നിലുള്ള ലോഹ ഓഹരികളില്‍ എന്‍എംഡിസിയും ടാറ്റ സ്റ്റീലും യഥാക്രമം 18 ശതമാനവും 11.50 ശതമാനവും ഇടിവ് നേരിട്ടു. ജിന്‍ഡാലും നാല്‍കോയും ഹിന്ദുസ്ഥാന്‍ സിങ്കും വേദാന്തയുമൊക്കെ 10 ശതമാനത്തോളം താഴുകയും ചെയ്തു.
വാള്‍സ്ട്രീറ്റിനെ ദലാള്‍സ്ട്രീറ്റ് ഇനിയും പിന്തുടരുമോയെന്നാണ് അറിയേണ്ടത്. ഇന്ത്യയുടെ പ്രതിരോധം വിജയിക്കുമോ എന്നതിലാണ് പ്രസക്തി. അനുകൂലമല്ലാത്ത സ്ഥിതിക്ക് തിരിച്ചടി എത്രത്തോളം തുടര്‍ന്നും ഉണ്ടാകുമെന്ന് കാത്തിരുന്ന് കാണാം.
മികച്ചവയിലേയ്ക്ക് മാറാം
തിരിച്ചടിയുടെ കാലങ്ങള്‍ വീണ്ടുവിചാരത്തിന്റേതുകൂടിയാണ്. മികച്ചതല്ലാത്തവ ഒഴിവാക്കാനും മികവിന്റെ പുറകെ പോകാനുമുള്ള കാലം. കൈവശമുള്ള ഓഹരികളില്‍ ഇടിവുണ്ടാകുമ്പോള്‍ അവ വീണ്ടും വാങ്ങിക്കൂട്ടാന്‍ തിരിക്കുകൂട്ടാതിരിക്കുക. പ്രധാന കാറ്റഗറികളിലെ മികച്ച അടിസ്ഥാനമുള്ള വന്‍കിട കമ്പനികളുടെ ഓഹരികള്‍ തിരിഞ്ഞെടുത്ത് നിക്ഷേപിക്കാന്‍ ശദ്ധിക്കുക. പോര്‍ട്‌ഫോളിയോ പ്രതിരോധശേഷിയുള്ളതാക്കാന്‍ അതാണ് എളുപ്പവഴി. മാരുതി സുസുകി, ഹിന്‍ഡാല്‍കോ, സിപ്ല, ഐസിഐസിഐ ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എസ്ബിഐ, ഇന്‍ഫോസിസ്, സണ്‍ ഫാര്‍മ, ഭാരിത എയര്‍ടെല്‍, ബജാജ് ഓട്ടോ, ടാറ്റ സ്റ്റീല്‍ എന്നിവ ആകര്‍ഷകമായ മൂല്യത്തില്‍ ഇപ്പോള്‍ ലഭ്യമാണ്. പ്രമുഖ അനലിസ്റ്റുകളും ഇവ ശുപാര്‍ശ ചെയ്യുന്നുണ്ട്. സ്വന്തമായി വിലയിരുത്തി, ദീര്‍ഘകാലം ലക്ഷ്യമിട്ട് വിപണിയില്‍ പണംമുടക്കാന്‍ ശ്രദ്ധിക്കുക.
Content Highlights: Wall Street`s downturn triggers a planetary marketplace crash, impacting Asian indices.
![]()
മാതൃഭൂമി.കോം വാട്സാപ്പിലും








English (US) ·