കരിപ്പൂരില്‍ പുതുതായി എത്തുന്നത് മൂന്ന് കമ്പനികള്‍: സര്‍വീസുകള്‍കൂട്ടി മറ്റു വിമാനക്കമ്പനികള്‍

4 months ago 5

കരിപ്പൂർ (മലപ്പുറം): വീണ്ടും പ്രതാപത്തിന്റെ ചിറകു വിരിക്കുന്നു കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം. ഇവിടെനിന്ന് പറക്കാനൊരുങ്ങി എത്തുന്നു പുതിയ മൂന്നു വിമാനക്കമ്പനികൾ. നിലവിലുള്ളവ സർവീസുകൾ കൂട്ടാനും തയ്യാറെടുക്കുന്നു. വിമാനാപകടത്തെത്തുടർന്ന് നിറംമങ്ങിയ സർവീസ് കാലം കടന്ന് കരിപ്പൂർ കുതിക്കാനൊരുങ്ങുകയായി.

എഫ്. 19, ആകാശ എയർ എന്നീ വിമാനക്കമ്പനികൾ ആഭ്യന്തര സെക്ടറിലാണ് സർവീസ് തുടങ്ങുന്നത്. 2020-ലെ അപകടത്തെത്തുടർന്ന് ഇവിടംവിട്ട സൗദി എയർ ഒക്ടോബറിൽ മടങ്ങിയെത്തും. ശ്രീലങ്കൻ എയർലൈൻസ് കോഴിക്കോട് സർവീസിന്റെ സാമ്പത്തികസർവേ തുടങ്ങി.

പുതിയ സർവീസ് ഇങ്ങനെ

എഫ്. 19: ഗോവ-കോഴിക്കോട്-അഗത്തി മേഖലയിലും തിരിച്ചുമാണ് സർവീസ്. കോഴിക്കോട്ടുനിന്ന് ദുബായ്, സൗദി മേഖലയിൽ സർവീസിനും പദ്ധതി. ഒക്ടോബറിൽ കമ്പനി കോഴിക്കോട്ടെത്തും.

ആകാശ എയർ

മുംബൈ-കോഴിക്കോട്-മുംബൈ മേഖലയിലാണ് സർവീസ്. ഒക്ടോബർ ഒന്നുമുതൽ ഇവർ കോഴിക്കോടുനിന്ന് പറക്കും.

സമയക്രമം: വൈകീട്ട് 5.30-ന് മുംബൈ വിടും. 7.20-ന് കോഴിക്കോട്ടെത്തും. തിരിച്ച് 7.55-ന് കോഴിക്കോട് വിടും. 9.40-ന് മുംബൈയിൽ.

സൗദി എയർ

മടങ്ങിയെത്തുന്നത് ഒക്ടോബർ അവസാനത്തോടെ. ആദ്യ സർവീസ് കോഴിക്കോട് -റിയാദ് മേഖലയിൽ. വലിയ വിമാനത്തിന് അനുമതി ലഭിക്കുന്നതോടെ ജിദ്ദ സർവീസും തുടങ്ങും.

കൂടുതൽ സർവീസുകൾ

ഇൻഡിഗോ എയർ: കോഴിക്കോട്-കൊച്ചി-അഗത്തി സർവീസ് 11-ന് പുനരാരംഭിക്കും.

എയർ ഇന്ത്യ എക്സ്പ്രസ്: കോഴിക്കോട് -ബെംഗളൂരു-ഹൈദരാബാദ് മേഖലയിൽ കൂടുതൽ സർവീസുകൾ തുടങ്ങും. ബെംഗളൂരു-കോഴിക്കോട് മേഖലയിൽ വെള്ളി, ശനി, ചൊവ്വ ദിവസങ്ങളിൽ മൂന്നു സർവീസുകളും മറ്റ് ദിവസങ്ങളിൽ രണ്ട് സർവീസും ഉണ്ടാകും. ഹൈദരാബാദ് -കോഴിക്കോട് മേഖലയിൽ വെള്ളി, ചൊവ്വ, ബുധൻ ദിവസങ്ങളിൽ രണ്ട് സർവീസുകൾ. മറ്റു ദിവസങ്ങളിൽ ഒരെണ്ണം.

സ്പൈസ് ജെറ്റ്: കോഴിക്കോട്-ഫുജൈറ മേഖലയിൽ നടത്തിയ ചാർട്ടേഡ് സർവീസ് സ്ഥിരപ്പെടുത്തിയേക്കും.

ഫ്ലൈനാസ്: കോഴിക്കോട് -റിയാദ് സർവീസുകൾ കൂട്ടി. സെപ്റ്റംബറിൽ ശനി ഒഴികെയുള്ള ദിവസങ്ങളിലും ഒക്ടോബർ ഒന്നു മുതൽ എല്ലാ ദിവസങ്ങളിലും സർവീസ് ഉണ്ടാകും.

96 സർവീസുകൾ

നിലവിൽ 80 മുതൽ 86 സർവീസുകൾ വരെയാണ് കോഴിക്കോടുനിന്നുള്ളത്. 40 ആഗമന സർവീസുകളും 40 നിർഗമന സർവീസുകളും. ഇവയിൽ ഏറെയും അന്താരാഷ്ട്ര സർവീസുകളാണ്. ഷാർജ, ദുബായ്, അബുദാബി, ദമാം, ഖത്തർ, സൗദി അറേബ്യ, അൽ ഐൻ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് സർവീസുകൾ ഏറെയും. പൂർവേഷ്യയിലേക്ക് എയർ ഏഷ്യ ആഴ്ചയിൽ നാലു സർവീസ് നടത്തുന്നുണ്ട്. ആഭ്യന്തരമേഖലയിൽ ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, ന്യൂഡൽഹി, മുംബൈ എന്നിവിടങ്ങളിലേക്കാണ് സർവീസുകൾ ഉള്ളത്.

വിമാനാപകടത്തിനുമുൻപ് നൂറിലധികം സർവീസുകൾ കോഴിക്കോട്ടുനിന്ന് ഉണ്ടായിരുന്നു. പുതിയ വിമാനക്കമ്പനികൾ എത്തുന്നതോടെ ഇത് 96 ആയി ഉയരും.

പറക്കാം, രാജ്യത്തെവിടേക്കും

പുതിയ ആഭ്യന്തര വിമാനകമ്പനികൾ എത്തുന്നതോടെ രാജ്യത്തെവിടേക്കും കോഴിക്കോട്ടുനിന്ന് പറക്കാനാകും. രാജ്യത്തെ മുഴുവൻ കേന്ദ്രങ്ങളിലേക്കും കണക്ടിവിറ്റി വാഗ്ദാനംചെയ്താണ് എയർ ഇന്ത്യ ബെംഗളൂരു- ഹൈദരാബാദ് സർവീസുകൾ കൂട്ടുന്നത്. ചെറിയ സമയം ലേ ഓഫ് ഉണ്ടാകുമെന്നുമാത്രം.

ഇൻഡിഗോയും ഇതേ സൗകര്യം വാഗ്ദാനംചെയ്യുന്നു. ആകാശ എയർ, എഫ് 19 എന്നിവ ആഭ്യന്തര മേഖലയിൽ ബജറ്റ് എയർ ലൈൻ കുത്തക ഉള്ളവരാണ്. ഇവരുടെ സർവീസുകളും ഇത്തരം കണക്ടിവിറ്റി മുൻപിൽകണ്ടാണ്. ഗോവ, ലക്ഷദ്വീപ് എന്നിവിടങ്ങളിലേക്കുള്ള ടൂറിസം സാധ്യത പ്രയോജനപ്പെടുത്താനാണ് എഫ് 19 എയർ ഇൻഡിഗോ എന്നിവ ശ്രമിക്കുന്നത്.

ഹജ്ജും ഉംറയും

സൗദി എയർ മടങ്ങിയെത്തുന്നതോടെ ഹജ്ജ്, ഉംറ തീർത്ഥാടകർക്ക് ഏറെ സഹായമാവും. വലിയ വിമാനങ്ങൾക്ക് വിലക്കുള്ളതിനാൽ ജിദ്ദ സർവീസ് ഇവർ ഉടൻ തുടങ്ങാൻ സാധ്യതയില്ല. എങ്കിലും റിയാദിൽനിന്ന് ജിദ്ദയിലേക്ക് യാത്രാസൗകര്യം ഇവർ ലഭ്യമാക്കും. റെസ നിർമ്മാണം പൂർത്തിയാകുന്നതോടെ വലിയ വിമാനങ്ങൾ ഉപയോഗിക്കാനാകും.

പിന്നെയും സാധ്യതകൾ

ചരക്കുനീക്കത്തിനും ടൂറിസംമേഖലയ്ക്കും വലിയ സാധ്യതകളാണ് പുതിയസർവീസുകൾ തുറന്നിടുന്നത്.

കോഴിക്കോടിന്റെ മുഖഛായ മാറ്റും

പുതിയ സർവീസുകൾ വിമാനത്താവളത്തിന്റെ മുഖഛായ മാറ്റും. ആഭ്യന്തരമേഖലയ്ക്ക് കൂടുതൽ പ്രാധാന്യം ലഭിക്കുന്നതോടെ മലബാറിലെ യാത്രക്കാർക്ക് ബുദ്ധിമുട്ടുകൾ ഇല്ലാതാകും.

-എ.കെ.എ. നസീർ

എയർപോർട്ട് അഡ്വൈസറി ബോർഡ് അംഗം

Content Highlights: Calicut International Airport Set for Expansion with New Airlines and Increased Services

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article